ഇ. അനീഷ്
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്‍വാസുകളില്‍ ആരുടെ മനസിനെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ക്ക് ആസ്വാദകരും ഏറെയാണ്. പ്രൈതൃക നഗരമായ കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം എല്ലാകാലത്തും ചിത്രകാരന്മാരെ അതിരറ്റ് പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു.
പരീക്ഷണങ്ങളാണ് ചിത്രകലകളെ ആസ്വാദക മനസുകളില്‍ കുടിയേറ്റുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഭാരതീയ ചിത്രകലാശൈലിയില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയുമാണ് ജയറാം ചിത്രപ്പറ്റ എന്ന കോഴിക്കോട്ടുകാരന്.
പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്ക്കെ മികച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയു. അതിലൂടെ പ്രകൃതിയുടെ പരിച്ഛേദനം തന്നെയാണ് അവര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതില്‍ നൂറുശതമാനം വിജയിച്ചിരിക്കുകയാണ് ജയറാം ചിത്രപറ്റ.
വൃത്തങ്ങളാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിസ്ഥാനം. അതില്‍ തന്നെ ഒരു വ്യത്യസ്തത ഉണ്ടല്ലോ.. പ്രകൃതി കനിഞ്ഞു നല്കുന്ന മഴത്തുള്ളികള്‍ക്ക് പോലും വൃത്തത്തിന്റെ രൂപമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
എല്ലാ ജീവികളുടെയും മുട്ടകള്‍ നോക്കൂ.. എല്ലാം ഗോളാകൃതിയിലല്ലേ... ചതുരത്തിലോ ത്രികോണത്തിലോ ഉണ്ടോ...അവിടെയാണ് വൃത്തങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധം. ഭൂമി, സൂര്യന്, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ എല്ലാം വൃത്തത്തോട് സമരസപ്പെട്ടുകിടക്കുന്നു. മരങ്ങളെല്ലാം വികാസം പ്രാപിക്കുന്നത് ഗോളാകൃതിയിലാണ്...
നൂറുകണക്കിന് ചിത്രകാരന്മാര് വ്യത്യസ്ത തലങ്ങളിലൂടെ ചായവും ബ്രഷും പ്രമേയവുമായി രംഗം കൊഴുപ്പിക്കുമ്പോള്‍ ജയറാം അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായി ചിന്തിക്കുന്നു. ചിത്രങ്ങളിലൂടെ നൂതനമായ ആശയം നമുക്ക് പകരുന്നു.
ചിത്രകാരനെന്നതിലുപരി പ്രപഞ്ചത്തെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു ചിന്തകന്‍ കൂടിയാണ് ഈ പ്രതിഭ. പ്രകൃതിയിലെ ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന വൃത്തങ്ങളെ ഭാവനയിലൂടെ രൂപപ്പെടുത്തുമ്പോള്‍ നാമോരോരുത്തരും പറയും.. ഈ ചിത്രകാരന് തികച്ചും വ്യത്യസ്തന് തന്നെയെന്ന്.
ഒരു ചിത്രത്തിനായി ആറുമാസം...
ആറുമാസം വരെ എടുത്ത് വരച്ച ചിത്രങ്ങളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍. 6 -6 സൈസിലുള്ള ഗാന്ധി ചിത്രങ്ങള്‍ ആറുമാസമെടുത്താണ് വരച്ചതെന്ന് ജയറാം ചിത്രപറ്റ പറയുന്നു. മഹാത്മാഗാന്ധിജിയുടെ ചിത്രങ്ങള്‍ നമ്മള് ഏറെ കണ്ടിട്ടുണ്ടാകും.
നിരവധി പേര് വരച്ചിട്ടുമുണ്ട്. എന്നാല്‍ ചിത്രപറ്റ അത് വരയ്ക്കുമ്പോള്‍ അതിനും പ്രത്യേകത ഏറെയാണ്. ഗാന്ധിജിയുടെ പിന്‍ഭാഗം, മുന്‍ഭാഗം, വശങ്ങളുടെ കാഴ്ച എന്നിങ്ങനെ. ഇത് മൂന്നും ഇന്ത്യയുടെ മൂന്ന് അവസ്ഥകളെയാണ് വരച്ചുകാട്ടുന്നത്.
ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെയാണത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു അത്. അത്തോളിയിലെ വീട്ടില്‍ വച്ചുതന്നെയാണ് വര. വലിയൊരുശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. എല്ലാ ജീവികളുടെയും ബാഹ്യരൂപഘടനയിലെ വൃത്തത്തിന്റെ സ്വാധീനത്തെ ഇദ്ദേഹം വരച്ചുകാട്ടുന്നു.
വൃത്തമടങ്ങിയിരിക്കുന്നതിനെ പ്രമേയമാക്കുന്ന ചിത്രങ്ങള്‍ 'സര്‍ക്കിളിസം' എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിക്കുന്നത്. മനുഷ്യര്‍ ഒഴിച്ച് എല്ലാ ജീവികളും അവരവരുടെ കൂടുണ്ടാക്കുന്നത് വൃത്താകൃതിയിലാണ്.
എല്ലാ പൂവിതളുകളും ക്രോഡീകരിച്ചിരിക്കുന്നത് വൃത്താകൃതിയിലാണ്. ഒരു നദിയിലേക്ക് ചെറിയൊരു കല്ലിട്ടാല്‍ വൃത്താകൃതിയിലാണ് അത് അലകള്‍ തീര്‍ക്കുന്നത്.
അങ്ങനെ പ്രപഞ്ചത്തിലെ ഓരോന്നിലുമുള്ള വൃത്തത്തെ ചിത്രീകരിക്കുന്ന ജയറാം ചിത്രപ്പറ്റയുടെ ഈ വീക്ഷണമാണ് ചിത്രകാരന്മാരില് നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ഒരേയൊരു ആകൃതി വൃത്തമാണെന്നും ചിത്രകാരന് പറയുന്നു.
25 ലേറെ പ്രദര്‍ശനങ്ങള്‍
സര്‍ക്കിളിസം ചിത്രങ്ങള്‍ക്ക് ആസ്വാദകരേറെയാണെന്ന് ഇദ്ദേഹം പറയുന്നു. മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിനുശേഷം പ്രശസ്ത ചിത്രകാരനായ എ.ബി. ഉമ്മറില്‍ നിന്നും ചിത്രകല പഠിച്ചുകൊണ്ടാണ് ജയറാം ഈ രംഗത്ത് സജീവമാകുന്നതും ജയിക്കുന്നതും.
തനിക്ക് തന്റെതായ ഒരിടം ചിത്രകലയില്‍ ഉണ്ടായിരിക്കണമെന്ന ദൃഢനിശ്ചയത്തില്‍ നിന്നുമാണ് ജയറാം വൃത്തങ്ങള്‍ തേടിപ്പോകുന്നതും ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതും. അങ്ങനെ അന്വേഷണവും നിരീക്ഷണവുമായി പരന്ന വായന കൂടിയായപ്പോള്‍ നമ്മുടെ പുരാണങ്ങളിലെ വൃത്തമാഹാത്മ്യവും തിരിച്ചറിഞ്ഞു.
കോഴിക്കോട് ബാലുശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി ഗോപാലന് നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ. അത്തോളിയിലാണ് താമസം.
ത്രി ഏംഗിള്‍സ് ഓഫ് ഗാന്ധി, മൂണ്‍ ആൻഡ് ലില്ലി, കുതിരമുഖ, മദര്‍ മങ്കി, സണ്‍ ആൻഡ് സണ്‍ ഫല്വര്, ഗോപാലകന്, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ പേരുകളിലായി നൂറുകണക്കിന് ചിത്രങ്ങള്‍.. 25 ലേറെ ചിത്രപ്രദര്‍ശനങ്ങള്‍.
ചിത്രപറ്റയുടെ കാഴ്ചകളും അതു കാന്‍വാസിലേക്ക് പകരുമ്പോള്‍ ലഭിക്കുന്ന മനോഹാരിതയും വേറിട്ടു തന്നെ നില്ക്കുന്നു.