പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രോപോളുകളിൽ ഒന്നാണ്. പാരീസ് ഫ്രാൻസിന്റെ ഹൃദയമാണ് - ഫ്രാൻസ് പാരീസ് കേന്ദ്രീകൃതമാണ്, അതായത് ഫ്രാൻസിന്റെ പൊളിറ്റിക്കൽ തലസ്ഥാനം എന്നതിലുപരി ഫ്രാൻസിന്റെ സാന്പത്തിക, സാംസ്കാരിക കേന്ദ്രം കൂടിയാണ്. എന്നാൽ ഇന്ത്യ, ജർമനി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇത് കുറച്ചുകൂടി വികേന്ദ്രീകൃതമാണ്.
പാരീസ് എന്ന നഗരത്തിന് ഒരേസമയം ലക്ഷക്കണക്കിന് ആളുകൾക്ക് ആതിഥ്യമരുളാനുള്ള ശേഷി ഉണ്ട്. വലിയ ഫാഷൻ ഷോകളും ന്യൂ ഇയർ പോലുള്ള ആഘോഷങ്ങളും എയർ ഷോകളും മറ്റനവധി എക്സ്പോകളും സ്ഥിരമായി പാരീസിൽ വച്ചു നടക്കുന്നുണ്ട്.
ലോകത്തിനു മുന്പിൽ അതിശയിപ്പിക്കുന്ന സംഭാവനകൾ നൽകിയ നാടാണ് ഫ്രാൻസ്. അതിൽ തത്വചിന്ത, സാഹിത്യം, ശാസ്ത്രം, സിനിമ, ഫോട്ടോഗ്രഫി, പാചകം, കല, ഫാഷൻ, വാസ്തുവിദ്യ മുതൽ ആധുനിക ജനാധിപത്യ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവ വരെ ഉൾപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന രാജ്യവും ഫ്രാൻസ് തന്നെ.
ചരിത്രത്തിൽ ഇതുവരെ ഒരു ഒളിന്പിക്സിന്റെയും മുഖ്യസ്റ്റേഡിയത്തിനു പുറത്തുവച്ച് ഉദ്ഘാടനച്ചടങ്ങ് നടന്നിട്ടില്ല. ഈ ചരിത്രം ഇത്തവണ വഴിമാറും. പാരീസിന്റെ ജീവനാഡിയായ സെയ്ൻ നദിയിലാണ് 33-ാം ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനച്ചടങ്ങിൽ കായികതാരങ്ങൾ സെയ്ൻ നദിയിലൂടെ ബോട്ടിൽ ആറു കിലോമീറ്റർ പരേഡ് നടത്തും.
ഈ പരേഡ് കിഴക്കുനിന്നു പടിഞ്ഞാറിലേക്ക് ഓസ്റ്റർലിറ്റ്സ് പാലത്തിൽനിന്ന് ആരംഭിച്ച് യേന പാലത്തിൽ അവസാനിക്കും. ഇത് ഈഫൽ ടവറിനും ട്രൊക്കദേരോ ഉദ്യാനത്തിനുമടുത്താണ്. പ്രാദേശിക സമയം രാത്രി 7.30നു പാരീസിന്റെ കിഴക്കുഭാഗത്തുള്ള ഓസ്റ്റർലിറ്റ്സ് പാലത്തിൽനിന്നാണ് ചടങ്ങിന്റെ ആരംഭം.
1807ൽ പൂർത്തിയായ ഓസ്റ്റർലിറ്റ്സ് പാലം പാരീസിലെ 12-ാമത്തെയും 13-ാമത്തെയും ജില്ലകളെ ബന്ധിപ്പിക്കുന്നു. ബൊട്ടാണിക്കൽ ഗാർഡൻ, ഓസ്റ്റർലിറ്റ്സ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളും ഇവിടെയാണ്.
ഒളിന്പിക്സിനെത്തുന്ന പതിനായിരത്തിലധികം കായികതാരങ്ങൾ പ്രകാശനഗരമായ പാരീസിന്റെ ജീവനാഡിയായ സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ ഈഫലിനു സമീപത്തേക്കു നീങ്ങും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള കലാപരിപാടികളും പ്രദർശനങ്ങളും ബോട്ടുകളിൽ അരങ്ങേറും. തോമസ് ജോളിയാണ് ഓപ്പണിംഗ് സെറിമണിയുടെ കലാസംവിധായകൻ.
ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ വൈഭവവും സാംസ്കാരിക പൈതൃകവും പ്രഫലിപ്പിക്കുന്നതാവും പരേഡിന്റെ മനോഹര പശ്ചാത്തലം. യേന പാലത്തിൽ യാത്ര അവസാനിക്കും. ഈഫൽ ടവറിനെയും ട്രൊക്കദേരോ ഉദ്യാനത്തെയും ബന്ധിപ്പിക്കുന്ന ഈ പാലം പരേഡിന്റെ സമാപനത്തിനും ഗെയിംസിന്റെ തുടക്കത്തിനും വേദിയാകും. ഇവിടെവച്ചാണ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
ഒളിന്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന പശ്ചാത്തലത്തിൽ സെയ്ൻ നദിയുടെ ഇരുകരകളിൽനിന്നു ചടങ്ങു കാണാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. മൂന്നു ലക്ഷം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. സെയ്ൻ നദിയോട് ഏറ്റവും അടുത്തുള്ള സീറ്റുകളിൽ ഇരുന്ന് ഉദ്ഘാടന ചടങ്ങിനു സാക്ഷ്യംവഹിക്കാൻ 90 യൂറോ മുതൽ 2700 യൂറോ ടിക്കറ്റിനു മുടക്കണം. ഏറ്റവും മുകളിലായി രണ്ടു ലക്ഷത്തോളം ആളുകൾക്കു സൗജന്യമായി കാണാം.
ഏകദേശം 10 കിലോമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള പാരീസ് നഗരം 20 ജില്ലകളായി തിരിച്ചിരിക്കുന്നു. 13 കിലോമീറ്റർ ആണ് പാരീസിനുള്ളിൽ സെയ്ൻ നദിയുടെ നീളം. പാരീസിന്റെ ഉള്ളിൽ മാത്രം സെയ്ൻ നദിക്കു കുറുകേ 37 പാലങ്ങളുണ്ട്. ഇരുവശങ്ങളിലുള്ള നദിക്കര കല്ലുവിരിച്ച് മനോഹരമാക്കിയതാണ്. ഈ നദിയുടെ ഇരുകരയിലുമായാണ് പ്രധാന സ്മാരകങ്ങളും കത്തീഡ്രലും കൊട്ടാരങ്ങളും.
സെയ്ൻ നദി പാരീസിനെ പ്രധാനമായും വലതുകര, ഇടതുകര, സിറ്റെ ദ്വീപ് എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നു. പരന്പരാഗതമായി വലതുകരയിലാണ് ഭരണവും വാണിജ്യവും നടന്നിരുന്നത്. പഴയ ഭരണസിരാകേന്ദ്രമായ ലൂവ്റ് മ്യൂസിയവും ഇപ്പോഴത്തെ പാരീസിന്റെ സിറ്റി ഹാളും, പ്രസിഡന്റിന്റെ എലിസെയ് കൊട്ടാരവും എല്ലാം വലതുകരയിലാണ്.
പാരീസിന്റെ നടുവിൽ സ്ഥിതിചെയുന്ന സിറ്റെ ദ്വീപിൽ ആണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ നോത്ര്ദാം കത്തീഡ്രലും കോടതിയും. പാരീസിന്റെ ആത്മീയ-നീതിന്യായ വ്യവസ്ഥകളുടെ കേന്ദ്രമാണ് ഈ ദ്വീപ്.
വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികജീവിതത്തിന്റെയും പര്യായമാണ് ഇടതുകര. ഇവിടെയാണ് പുരാതനമായ യൂണിവേഴ്സിറ്റി.
ഒളിന്പിക്സിൽ കേരളം
പാരീസ് ഒളിന്പിക്സിൽ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഏഴു മലയാളികൾ. ടോക്കിയോ ഒളിന്പിക്സിൽ ഹോക്കിയിൽ വെങ്കലം നേടിയ പി.ആർ. ശ്രീജേഷാണ് ഇന്ത്യൻ മലയാളി സംഘത്തിലെ സൂപ്പർ ഹീറോ.
എന്നാൽ, ഒളിന്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയാരെന്ന ചോദ്യത്തിനുത്തരമാണ് കണ്ണൂർ സ്വദേശിയായ സി.കെ. ലക്ഷ്മണൻ. 1924 പാരീസ് ഒളിന്പിക്സിലാണ് ലക്ഷ്മണൻ പങ്കെടുത്തത്. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിലായിരുന്നു മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല.
സ്വാതന്ത്ര്യത്തിനു മുന്പ് ഇന്ത്യ പങ്കെടുത്ത മൂന്നാമത് ഒളിന്പിക്സായിരുന്നു 1924ൽ പാരീസിൽ അരങ്ങേറിയത്. ഏറ്റവും ശ്രദ്ധേയം ഒരു മലയാളി പങ്കെടുത്ത ആദ്യ ഒളിന്പിക് വേദിയിലാണ് ഇത്തവണ ലോക കായിക മാമാങ്കം. അതായത്, ആദ്യമായി ഒരു മലയാളി ഒളിന്പ്യനായതിന്റെ 100-ാം വാർഷികം...
കേരളക്കരയിൽനിന്ന് ഒളിന്പിക്സിൽ പങ്കെടുത്ത ആദ്യ വനിതയാണ് പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി. ഉഷ. 1980 മോസ്കോ ഒളിന്പിക്സിലായിരുന്നു ഉഷ ആദ്യ വനിതാ ഒളിന്പ്യനായത്.
2024 പാരീസ് ഒളിന്പിക്സിലെ ഏഴു മലയാളികൾ അടക്കം ഇതുവരെ ആകെ 59 പേരാണ് കേരളക്കരയിൽ ഒളിന്പ്യന്മാരായത്.
1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ സെക്കൻഡിന്റെ നൂറിൽ ഒരു അംശത്തിന്റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡൽ നഷ്ടപ്പെട്ടത്. 400 മീറ്റർ ഹർഡിൽസ് ഫൈനലിലായിരുന്നു ഇന്ത്യയുടെയും പി.ടി. ഉഷയുടെയും ചരിത്ര മെഡൽ നഷ്ടം.
ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, പുരുഷ ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾജംപിൽ അബ്ദുള്ള അബൂബക്കർ, പുരുഷ 4-400 മീറ്റർ റിലേയിൽ വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിങ്ങനെ ഏഴു മലയാളികളാണ് 2024 പാരീസ് ഒളിന്പിക്സിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. 2020 ടോക്കിയോയിൽ ഒന്പത് മലയാളികളുണ്ടായിരുന്നു.
ഒളിന്പിക്സ് വേദിയിൽനിന്നു ചരിത്രത്തിൽ ഇതുവരെ രണ്ട് വെങ്കലം മാത്രമാണ് മലയാളക്കരയിലേക്ക് എത്തിയത്. രണ്ടും ഹോക്കിയിലൂടെയായിരുന്നു എന്നതും രണ്ടു പേരും ഗോൾ കീപ്പർമാരായിരുന്നു എന്നതും ശ്രദ്ധേയം. 1972 മ്യൂണിക് ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറായിരുന്നു കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഫ്രെഡെറിക്.
2019ൽ ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ചു. 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ ഹോക്കി വെങ്കലം നേടിയത് എറണാകുളം കിഴക്കന്പലത്ത് സ്വദേശിയായ പി.ആർ. ശ്രീജേഷിന്റെ മികവിൽ. ഗോൾവലയ്ക്കു മുന്നിൽ വൻമതിലായ ശ്രീജേഷായിരുന്നു 1980നുശേഷം ഒളിന്പിക്സിൽ ഇന്ത്യക്ക് ഹോക്കിയിലൂടെ ഒരു മെഡൽ ലഭിക്കുന്നതിൽ നിർണായകമായത്.
ഭാഗ്യ ചിഹ്നം ഫ്രീജിയൻ തൊപ്പി
2024 പാരീസ് ഒളിന്പിക്സിന്റെ ഭാഗ്യ ചിഹ്നമാണ് ഫ്രീജിയൻ തൊപ്പി. ഫ്രഞ്ച് വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ തൊപ്പിയുടെ പേരാണ് ഫ്രീജ്. രണ്ട് ഫ്രീജുകളാണ് പാരീസ് ഒളിന്പിക്സിനുള്ളത്.
അവയിൽ ഒരെണ്ണം സമ്മർ ഒളിന്പിക്സിനെയും മറ്റൊന്ന് പാരാലിന്പിക്സിനെയും പ്രതിനിധീകരിക്കുന്നു. പാരാലിന്പിക് ഗെയിംസിനെ പ്രതിനിധീകരിക്കുന്ന ഫ്രീജിന് കൃത്രിമ കാലാണ്.
‘ഞങ്ങൾ ഒറ്റയ്ക്ക് വേഗത്തിൽ പോകുന്നു, പക്ഷേ ഒരുമിച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നു’ എന്നതാണ് 2024 ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ മോട്ടോ. ലിബർട്ടി ക്യാപ് എന്നും ഫ്രീജിയൻ തൊപ്പി അറിയപ്പെടുന്നു.