അജിത് മാത്യു
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം വളർത്താൻ ആരംഭിച്ച താമരകൾ ഇന്ന് പ്രജിഷയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മികച്ചയിനം താമരകൾ തേടിയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്.
താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നിരവധി പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. സമയവും കുറച്ച് സ്ഥലസൗകര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിലേക്ക് വരാൻ കഴിയും. ഒന്നു മനസുവച്ചാൽ ഒരു മികച്ച താമരപ്പാടംതന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാനും കഴിയും.
നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് നൽകുന്നത്. മികച്ച പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത.
തുടക്കക്കാർക്ക് പറ്റിയ ഇനം മുതൽ മാസങ്ങൾ എടുത്ത് പൂക്കുന്ന താമരകൾ വരെ ഇവിടെ ലഭ്യമാണ്. നട്ട് 12 ദിവസങ്ങൾക്കൊണ്ട് ഇല വരുന്നതിനൊപ്പം മൊട്ടും വരുന്ന മികച്ചയിനം താമരകൾ ശേഖരത്തിലുണ്ട്.
റോസ് ഏഞ്ചൽ എന്ന പേരിൽ അറിയപ്പെടുന്ന ബൗൾ ലോട്ടസ് ഇതിൽ മികച്ചു നിൽക്കുന്നു. സൂര്യപ്രകാശം ഏൽക്കുന്നത് അനുസരിച്ച് പൂക്കളുടെ വലിപ്പവും നിറവും എണ്ണവും ഒക്കെ വ്യത്യസ്തപ്പെട്ടിരിക്കും.
ചായക്കപ്പിൽ വരെ വളർത്താൻ കഴിയുന്ന ലിയാങ് ലി ഒരു മികച്ചയിനമാണ്. നാണയത്തിന്റെ വലിപ്പംമാത്രമേ ഇതിന്റെ ഇലകൾക്കുള്ളു. മികച്ച പൂക്കളും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല രീതിയിൽ പുഷ്പിക്കുന്ന ഇനമാണ് വിനായക. ചെടി പൂർണ വളർച്ചയെത്തിയാൽ നല്ല രീതിയിൽ പുഷ്പിക്കാൻ ആരംഭിക്കും.
കൂടുതൽ ഇതളുകളുള്ള താമരകളുടെ മൊട്ടുകൾ വിരിഞ്ഞുവരാൻ ബുദ്ധിമുട്ടുണ്ട്. കൈകൾക്കൊണ്ട് ഇതളുകൾ വിരിയിച്ചെടുക്കുക മാത്രമാണ് ഇതിന്റെ ഏക പ്രതിവിധി. ചായക്കപ്പിൽ വരെ വളർത്താൻ പറ്റുന്ന മറ്റൊരു ഇനം താമരയാണ് മൈക്രോ ലോട്ടസ്.
ഇതും കാഴ്ചയ്ക്ക് മനോഹരമാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത വിവിധയിനം താമരകളും ഇവിടെയുണ്ട്. മികച്ച ഇതളുകളും നിറവും വലിപ്പവുമെല്ലാം ഇവയ്ക്കുണ്ട്. വിരിഞ്ഞുകഴിഞ്ഞാൽ ദിവസങ്ങളോളം ഇവ വാടാതെ നിൽക്കുകയും ചെയ്യും.
ആദ്യം ഇറക്കുമതി
തായ്ലൻഡിൽനിന്നാണ് പ്രധാനമായും തൈകൾ വരുത്തിയിരുന്നത്. മികച്ചയിനം ലഭ്യമായിരുന്നതും അവിടെയായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടത്തെ കാലാവസ്ഥയിൽ വളരുന്ന ചെടികളെ ഒന്നോ രണ്ടോ വർഷം വളർത്തി ഇവിടെതന്നെ തൈകൾ ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു പ്രജിഷ പറഞ്ഞു..
രണ്ട് വ്യത്യസ്ത ഇനം താമരകളെ ക്രോസ് പോളിനേഷൻ ചെയ്താണ് പുതിയ ഇനം വളർത്തിയെടുക്കുന്നത്. ഇത്തരത്തിൽ 300 ഓളം തൈകൾ വളർത്തിയെടുത്തതിൽ മികച്ചതെന്ന് തോന്നിയ 20 ഓളം തൈകൾ ഇപ്പോൾ പ്രജിഷ തന്റെ ശേഖരത്തിൽ പരിപാലിച്ചുപോരുന്നു.
ചെറിയ രീതിയിൽ അലങ്കാര ആവശ്യങ്ങൾക്കായി പൂക്കൾ പുറത്ത് നൽകാറുണ്ട്. ഓർക്കിഡ്, റോസ് പോലെ പൂക്കളുടെ വലിയ വിപണി ഇതുവരെ താമരയ്ക്ക് വന്നിട്ടില്ല. കൂടാതെ ഏക്കർ കണക്കിന് പാടങ്ങളിൽ കൃഷിയുണ്ടെങ്കിൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള പൂവിപണി സാധ്യമാകു.
ഓൺലൈനിൽ നടീൽ വസ്തുക്കൾ ആവശ്യപ്പെടുന്നവർക്ക് അയച്ചു നൽകാറുണ്ട്. തുടക്കകാലത്ത് 35,000 രൂപവരെ കൊടുത്താണ് തായ്ലൻഡിൽനിന്നും തൈകൾ വാങ്ങിയിരുന്നത്. ഇതിൽ പലതവണ പറ്റിക്കപ്പെട്ടതിനെതുടർന്നാണ് തൈകൾ ഇപ്പോൾ സ്വന്തമായി വികസിപ്പിച്ചെടുക്കാൻ തുടങ്ങിയത്.
കഴിഞ്ഞ വർഷംവരെ ആയിരത്തോളം തൈകൾ താൻ സംരക്ഷിച്ചിരുന്നു. വൈറ്റ് പിയോണി, റെഡ് പിയോണി, യെല്ലോ പിയോണി, അമേരി പിയോണി, അമേരി കമേലിയ, ആൽമണ്ട് സൺഷൈൻ, ന്യൂ സ്റ്റാർ, അഖില, വൈറ്റ് പഫ്, വൈറ്റ് മാസ്കി, റാണീറെഡ്, ജുവാബ 13, അഫക്ഷൻ 16, പിങ്ക് ക്ലൗഡ്, മിറാക്കിൾ, ഗ്രീൻ ആപ്പിൾ അങ്ങനെ നീളുന്നു താമരയുടെ ശേഖരം. നല്ല രീതിയിൽ വളർത്തിയാൽ സ്ഥിരവരുമാനം ഉണ്ടാക്കാനും ഇതിൽനിന്നും കഴിയുമെന്ന് പ്രജിഷ പറയുന്നു.
പൂജ ആവശ്യങ്ങൾക്കല്ലാതെയും താമര പൂക്കൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പെർഫ്യൂം, സോപ്പ് തുടങ്ങിയവയുടെ നിർമാണത്തിനും താമര പൂക്കൾ ആവശ്യമുണ്ട്.
കേരളത്തിന് അനുയോജ്യം
കൂടുതൽ പുഷ്പിക്കുന്ന ഇനങ്ങളിൽ ഒന്നായ പിങ്ക് ക്ലൗഡ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 300 ൽ അധികം ഇതളുകളും മികച്ച നിറവും ഇതിനുണ്ടാകും. സാന്റ പൊങ്കറ്റ്, ഗ്രീൻ ആപ്പിൾ തുടങ്ങിയ ഇനങ്ങളും വീടുകളിൽ വളർത്തുന്നതിന് അനുയോജ്യമാണ്. ഇതു രണ്ടും തായ് ലൻഡിൽ വളർത്തുന്ന നാടൻ താമരകളിൽ പെടുന്നതാണ്.
മഞ്ഞ താമരയിൽപെടുന്ന യെല്ലോ പിയോണി, പുതിയ ഇനങ്ങളിൽപ്പെടുന്ന ലക്ഷമി തുടങ്ങിയവയെല്ലാം കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്. പ്രജിഷ സ്വന്തമായി വികസിപ്പിച്ചെടുത്ത കണ്ണകി, എസ്ആർ 1, എസ്ആർ 2, എസ്ആർ 10, ലളിത, വിനായക മികച്ച പൂക്കൾ തരുന്നവയാണ്.
പരിചരണം
ഗാർഡൻ സോയിൽ, എല്ലുപൊടി, ആട്ടിൻകാഷ്ടം തുടങ്ങിയവയെല്ലാം നല്ല വളമാണ്. ഓരോ ഇനങ്ങൾക്കും വളപ്രയോഗം വ്യത്യസ്തമായിരിക്കും. നല്ല പൂക്കൾ ലഭിക്കുന്നതിന് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലംതന്നെയാണ് അനുയോജ്യം. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ കൂടുതൽ പൂക്കൾ ലഭിക്കും. പകലിന്റെ ദൈർഘ്യം പൂക്കളുടെ നിറത്തെയും എണ്ണത്തെയും സ്വാധീനിക്കും.
മഞ്ഞ താമരകൾ കൂടുതലായും അമേരിക്കൻ കാലാവസ്ഥയിൽ ആണ് മികച്ച പൂക്കൾ നൽകുന്നത്. മറ്റ് കൃഷികൾക്ക് ചെയ്യുന്നതുപോലെ പച്ചച്ചാണകം ഉപയോഗിക്കരുത്. ചാണകം താമരയ്ക്ക് ഗുണത്തേക്കാൾ ഉപരി ദോഷമാണ് ചെയ്യുന്നത്.
എന്നാൽ ഉണങ്ങിയ ചാണകം ഉപയോഗിക്കാം. ചട്ടികളിൽ ആൽഗകളോ അസോള പോലുള്ള പായലുകളോ വളർത്തുന്നത് ഉചിതമല്ല. താമരയോടൊപ്പം ആന്പലുകളും ഇവിടെയുണ്ട്. രാവിലെ എട്ടര-ഒന്പത് ആകുമ്പോഴേക്കും പൂക്കൾ വിടരും.
വൈകിട്ട് നാലുമണി ഒക്കെ ആകുന്പോഴേക്കും വാടി പോവുകയും ചെയ്യും. വലിയ പരിചരണം ഒന്നുംതന്നെ ആന്പലിന് ആവശ്യമില്ല. ഫോൺ- 90747 43976.