റെജി ജോസഫ്
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട്ടാറുകൾ നിറഞ്ഞൊഴുകുന്ന ദിവസങ്ങളിലും പഠനം മുടങ്ങും. സംസ്ഥാനത്തെ ഏക ഗോത്രവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ഈ ട്രൈബൽ എൽപി സ്കൂളാണ്. പരിമിതികളിൽ മാത്രമല്ല കുട്ടികളുടെ കൊഴിഞ്ഞുപോക്കിലും ഒന്നാം നിരയിലാണ് ആനമുടി വനത്തിനു നടുവിലെ ഈ പാഠശാല.
ഒന്നാം ക്ലാസിലെത്തുന്ന കുരുന്നുകൾക്ക് മലയാളഭാഷ മനസിലാകില്ല. അതിനാൽ അവരെ എഴുത്തും വായനയും പഠിക്കുക സാഹസംതന്നെ. ഊരുകളിൽ ഇവർ കേട്ടുവളരുന്നത് ലിപിയില്ലാത്ത മുതുവാൻ ഗോത്രഭാഷയാണ്. തികച്ചും അപരിചിതമായൊരു ഭാഷയാണ് സ്കൂൾ നവാഗതർക്ക് മലയാളം. മുതുവാൻ ഗോത്രഭാഷ നാട്ടിൽനിന്ന് സർക്കാർ നിയമനം ലഭിച്ചെത്തുന്ന അധ്യാപകർക്കും പരിചിതമല്ല.
എണ്ണത്തിൽ നൂറിലേറെ കുട്ടികളാണ് സ്കൂൾ രജിസ്റ്ററിലുണ്ടാവുക. എന്നാൽ ഇവരിൽ നാലാം ക്ലാസിൽനിന്ന് അഞ്ചിലേക്ക് കടക്കുന്നവർ നന്നേ വിരളം. ട്രൈബൽ സ്കൂൾ യുപി സ്കൂളായി ഉയർത്തി ഇക്കൊല്ലം അഞ്ചാം ക്ലാസ് തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം. അടുത്ത ഘട്ടമായി അടുത്ത വർഷം ആറാം ക്ലാസും തുടർന്ന് ഏഴാം ക്ലാസും.
അത്തരത്തിൽ അഞ്ചാം ക്ലാസിലേക്ക് കടക്കാൻ കഴിഞ്ഞ വർഷം 12 കുട്ടികൾ കാത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ അഞ്ചാം ക്ലാസിൽ പഠിക്കാൻ ഇടമലക്കുടിക്കു പുറത്തുള്ള സ്കൂളുകളിലേക്കു പോയ കുട്ടികളുടെ എണ്ണം എട്ടായി ചുരുങ്ങി.
നിരക്ഷരരായ രക്ഷിതാക്കൾക്ക് മക്കൾ സ്കൂളിൽ എന്ത് പഠിപ്പാണ് നടത്തുന്നതെന്നുപോലും തിട്ടമില്ല. കുട്ടികൾ മലയാളവും ഇംഗ്ലീഷും കണ്ടുംകേട്ടും പഠിച്ചാൽ തന്നെ ഊരുകളിലെത്തിയാൽ സംസാരം മുതുവാൻഭാഷമാത്രം. ഇടമലക്കുടി പഞ്ചായത്തിലെ 80 ശതമാനം ജനങ്ങൾക്കും ഇപ്പോഴും മലയാളം എഴുതാനും വായിക്കാനും അറിയില്ല.
മൂന്നാറിൽനിന്ന് 40 കിലോമീറ്റർ അകലെ ഉൾവനമാണ് ഇടമലക്കുടി. ഇരവികുളം ദേശീയ ഉദ്യാനത്തിലൂടെ വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമല കടന്ന് പെട്ടിമുടിയിലെത്തി അവിടെനിന്നും 18 കിലോമീറ്റർ വനംതാണ്ടിവേണം ഇടമലക്കുടിയിലെത്താൻ.
വന്യതയുടെ തണലിലെ ചെറിയ മണ്വീടുകളിലും ഏറുമാടങ്ങളിലും പാർക്കുന്ന മുതുവാൻമാരുടെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് സൊസൈറ്റിക്കുടിയിൽ 1978-ൽ സ്ഥാപിതമായ ട്രൈബൽ എൽപി സ്കൂൾ. 45 വർഷം പിന്നിടുന്പോഴും ഇതൊരു യുപി സ്കൂളോ ഹൈസ്കൂളോ ആയി ഉയർന്നിട്ടില്ല. നാലര പതിറ്റാണ്ട് പിന്നിടുന്പോഴും വാതിലുകൾ അഞ്ചാം ക്ലാസിലേക്ക് തുറന്നിട്ടില്ല. ആ കടന്പകൾ കടന്നിട്ടുവേണം ഹൈസ്കൂളുണ്ടായി പത്താം ക്ലാസ് വരെയെത്തിക്കാൻ. ഇക്കൊല്ലം അഞ്ചാം ക്ലാസ് തുടങ്ങുമെന്ന ഉത്തരവ് വിദ്യാഭ്യാസവകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു.
മുതുവാൻമാർ ഒരുമിച്ചു താമസിക്കുന്ന ഒറ്റ കുടിയല്ലിത്. ആനയും കടുവയും പുലിയും കാട്ടുപോത്തും ഒട്ടേറെ വനജീവികളും വിഹരിക്കുന്ന 24 കുടികൾ ചേർന്നതാണ് ഇടമലക്കുടി. എട്ടു ചതുരശ്രകിലോമീറ്ററിനുള്ളിൽ കുടികൾ തമ്മിൽ മൂന്നും നാലും അതിലേറെയും കിലോമീറ്റർ അകലമുണ്ട്. പുഴകളും കാട്ടുചോലകളും നേർത്ത വഴികളും താണ്ടിയാണ് വനവാസികളുടെ സഞ്ചാരം. ഇവർക്ക് ഒരു പകൽ നടക്കണം മൂന്നാറിലെത്താൻ. ഇത്രയും ദൂരം താണ്ടിയാൽ തമിഴ്നാട്ടിലെ വാൽപ്പാറയിലുമെത്താം.
കാട്ടിലെ കുടിയേറ്റം
ചെങ്കുളം അണക്കെട്ട് നിർമാണവേളയിൽ കുടിയൊഴിപ്പിച്ച മുതുവാൻ കുടുംബങ്ങളെ 1951-ലാണ് ആനമുടി വനത്തിൽ പുനരധിവസിപ്പിച്ചത്. പിന്നീട് മറയൂർ, കാന്തല്ലൂർ, കൊട്ടാക്കന്പൂർ പ്രദേശങ്ങളിൽനിന്നുള്ള മുതുവാൻമാരും ഇങ്ങോട്ടെത്തി. നെന്മണൽക്കുടി, മീൻകുത്തിക്കുടി, കീഴ്പ്പത്താംകുടി, മുളകുതറക്കുടി, ഷെഡ്ഡുകുടി, തേൻപ്പാറക്കുടി, നൂറടിക്കുടി, പരപ്പയാർക്കുടി, വടക്കേ ഇടലിപ്പാറക്കുടി, ആണ്ടവൻകുടി, തെക്കേ ഇഡ്ഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, അന്പലപ്പടിക്കുടി തുടങ്ങി വലുതും ചെറുതുമായ കുടികൾ ചേർന്നതാണ് ഇടമലക്കുടി. ഒറ്റപ്പെട്ട കുടികളിൽ രണ്ടോ മൂന്നോ കൂരകളിലായി 10 പേരിൽതാഴെയാണ് വാസം.
കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത് ഇടമലക്കുടിയിൽ പ്രവർത്തനം തുടങ്ങിയത് 2010 നവംബർ ഒന്നിനാണ്. 13 വർഷം പിന്നിടുന്പോഴും പഞ്ചായത്തിന് പരിമിതികൾ മാത്രം. തനതു ഫണ്ടില്ല, നയാപൈസ വരുമാനമില്ല, അടിസ്ഥാനസൗകര്യങ്ങളില്ല. പഞ്ചായത്തിന് ചെറിയൊരു കെട്ടിടവും പ്രൈമറി സ്കൂളും ഹെൽത്ത് സെന്ററും റേഷൻകടയും വനംഓഫീസും ഒഴികെ മറ്റൊരു സ്ഥാപനവുമില്ല.
ഗ്രാമം എന്നൊന്ന് ഇല്ലാത്ത ഈ വനം പഞ്ചായത്തിനെ ഗ്രാമപഞ്ചായത്ത് എന്നു വിശേഷിപ്പിക്കാനേ സാധിക്കില്ല. വനം പഞ്ചായത്തിലെ എല്ലാം മെംബർമാരും ഗോത്രവാസികൾ. ജനപ്രതിനിധികളിൽ പലർക്കും എഴുത്തും വായനയും അറിയില്ല. നിരക്ഷരയായ വനിതകൾ പഞ്ചായത്ത് പ്രസിഡന്റായതും ഇവിടെത്തന്നെ. സ്വന്തമായി ഒപ്പില്ലാത്തതിനാൽ വിരലടയാളം പതിപ്പിക്കുന്ന മെംബർമാർ പലരാണ്. ഒപ്പുവയ്ക്കാൻ മാത്രം പടംവര പഠിച്ചവരും ഇതിൽപ്പെടും.
പഞ്ചായത്തിന്റെ തുടക്കം മുതൽ ഭരണ ആസ്ഥാനം 40 കിലോമീറ്റർ അകലെ ദേവികുളത്താണ്. ഇവിടെനിന്നും ഉദ്യോഗസ്ഥരെത്തിയാണ് പഞ്ചായത്ത് സമിതി യോഗം ചേരുക. ഒരു ജീവനക്കാരൻപോലും ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനത്തിൽ താമസിക്കുന്നില്ല. താമസിക്കാൻ താൽപര്യവുമില്ല, സൗകര്യവുമില്ല.
500 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾ ഒരാൾക്കിമില്ല. കൽഭിത്തിയിൽ മഞ്ഞുതേച്ച ഒരു മുറിയും അടുക്കളയും തിണ്ണയും. ഈ മണ്കൂരകൾ നിന്ന് വീട്ടുകരം പോലും ലഭിക്കാനില്ല. പഞ്ചായത്തിന് വാടക വരുമാനം ലഭിക്കാൻ ഒരു സ്വകാര്യ കെട്ടിടവുമില്ലാത്തതിനാൽ സർക്കാർ ഫണ്ടും ബജറ്റ് വിഹിതവും മാത്രമാണ് ഇടമലക്കുടി പഞ്ചായത്തിന്റെ കരുതൽ. കമ്മിറ്റി കൂടാൻ മാത്രം തുറക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടം കഴിഞ്ഞ ഏപ്രിലിൽ കാട്ടാന തകർക്കുകയും ചെയ്തു.
മൂന്നാറിൽനിന്ന് 36 കിലോമീറ്റർ വടക്കുമാറിയുള്ള ഈ ഗിരിവർഗ മേഖല മുൻപ് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാർഡായിരുന്നു. ഒരു വാർഡ് പിൽക്കാലത്ത് മുതുവാൻമാർക്കു മാത്രമായുള്ള പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നറാൽ നിന്നും രാജമല, പുല്ലുമേട് എന്നിവിടങ്ങളിലൂടെ 15 കിലോമീറ്റർ കയറ്റം ജീപ്പ് യാത്ര ചെയ്തു പെട്ടിമുടിയിൽ വരെയെത്താം.
പിന്നീട് ചെങ്കുത്തായ, കയറ്റവും ഇറക്കവുമുള്ള ദുർഘട വനപാതകളിലൂടെ, ചോലകളും വിഴുക്കലുള്ള പാറകളിൽ ചവിട്ടി, ആനത്താരകൾ പിന്നിട്ടു കാൽനടയായി എട്ട്, പത്തു മണിക്കൂർ നടന്നുവേണം സൊസൈറ്റിക്കുടിയിലെത്താൻ. മിക്കപ്പോഴും വന്യമൃഗങ്ങൾ വഴിത്താരകളിലോ സമീപത്തോ ഉണ്ടാകും. മനുഷ്യരക്തം ഊറ്റിവലിക്കുന്ന അട്ടശല്യം രൂക്ഷം.
പഞ്ചായത്തിലെ 13 വാർഡുകളിലായി 656 വീടുകൾ. വോട്ടർമാർ 1412. പൊതുസാക്ഷരത 20 ശതമാനം. റോഡും വാഹനവും വൈദ്യുതിയും ലാൻഡ് ഫോണും അന്യമായ ഇടം. കാട്ടുചോലകളിലെ സമൃദ്ധി മിക്ക ഊരുകളിലും എട്ടു മാസമേയുണ്ടാകൂ. വേനലിൽ കുടിനീർക്ഷാമം രൂക്ഷമാണ്. മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കുന്ന പ്രദേശങ്ങൾ ഊരുകളിൽ നന്നേ കുറവാണ്. ചില മലഞ്ചരുവുകളിൽ തമിഴ്നാട്ടിലെ മൊബൈൽ ടവർവഴി പുറംലോകവുമായി ബന്ധപ്പെടാമെന്നു മാത്രം.