ട്രെൻഡി ഹെയർസ്റ്റൈൽസ്
Wednesday, January 11, 2017 6:59 AM IST
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും മോഡേൺ ഗാൽസ് ഒരുക്കമല്ല. മുടി ഭംഗിയായി സംരക്ഷിക്കാനുള്ള സമയക്കുറവു തന്നെയാണ് ഇതിനെല്ലാം കാരണം. അപ്പോൾ ഉള്ള മുടിതന്നെ ചീവിയൊതുക്കി സ്റ്റൈലാക്കിയാലോ. അതും ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന സ്റ്റൈലിൽ... അതേ ഭംഗിയായ കേശാലങ്കാരം ഒരു വ്യക്‌തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതിൽ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയിൽ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഇതാ മൂന്നു ട്രെൻഡി ഹെയർ സ്റ്റൈൽ പരീക്ഷിക്കൂ...

ഫെതർ കട്ട് ഹെയർ സ്റ്റൈൽ

കൗമാരക്കാർക്ക് ഇണങ്ങുന്ന ഹെയർസ്റ്റൈലാണിത്. മുടി പക്ഷിത്തൂവൽപ്പോലെ തോന്നുംവിധമാണ് ഈ ഹെയർ സ്റ്റൈൽ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവർക്ക് ഈ ഹെയർ സ്റ്റൈൽ പരീക്ഷിക്കാം.


പിക്സി കട്ട് ഹെയർ സ്റ്റൈൽ

എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഹെയർ സ്റ്റൈൽ ആണിത്. ഈ സ്റ്റൈൽ ചെയ്യുമ്പോൾ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിൻഭാഗത്തും ഇരുവശങ്ങളിൽ മുടിക്ക് നീളം കുറഞ്ഞ് മുകൾഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്റ്റൈൽ.

ഫ്രഞ്ച് ഹെയർ സ്റ്റൈൽ

കൗമാരക്കാരാണ് ഈ ഹെയർ സ്റ്റൈലിന്റെ ആരാധകർ. മുടി കൂട്ടിയെടുത്ത് പോണിടെയ്ൽ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയിൽ ഹെയർ ക്ലിപ്പുകൾക്കൊണ്ട് മനോഹരമാക്കാം.

തയാറാക്കിയത്– സീമ

വിവരങ്ങൾക്ക് കടപ്പാട്
ആർ. പ്രജീഷ്
zookie style Lounge
വൈറ്റില