വിവാഹപൂർവ വൈദ്യപരിശോധന അനിവാര്യം
Monday, January 11, 2016 7:37 AM IST
വിവാഹം സ്വർഗത്തിൽ നടന്നാലും ജീവിതം ഭൂമിയിൽത്തന്നെ ജീവിച്ചു തീർക്കണമല്ലോ. നമ്മുടെ നാട്ടിൽ ഏറെയും, മാതാപിതാക്കൾ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങാളാണ്. വളരെയധികം തിരച്ചിൽ നടത്തി, മതവും, ജാതിയും, കണക്കിലെടുത്ത്, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച് ഉറപ്പിക്കുന്ന വിവാഹത്തിൽ വരന്റെ അല്ലങ്കിൽ വധുവിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവുമായ ആശങ്കകളെ അകറ്റിനിർത്തി വേണം വിവാഹവേദിയിലേക്കു കാൽവയ്ക്കാൻ. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ വിവാഹത്തിൽ നിന്നു പിന്തിരിയണം എന്നല്ല, മറിച്ച് അത് വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്.

ഭാവിയിൽ ഒരു വിവാഹ മോചനത്തിലേക്കുതന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്നങ്ങളെങ്കിലും വിവാഹ പൂർവ്വ കൗൺസലിംഗിലൂടെയും വൈദ്യ പരിശോധനയിലൂടെയും പരിഹരിക്കാൻ കഴിയും.

വിവാഹ പൂർവ ആരോഗ്യ പരിശോധനയുടെയും കൗൺസിലിങ്ങിന്റേയും പ്രാധാന്യം വളരെയധികമാണ്. വിവാഹത്തിലേക്കു കടന്നുവരുന്ന വ്യക്‌തിക്കു സാധാരണയായി രോഗലക്ഷണങ്ങൾ ഒന്നും കാണുകയില്ല. എന്നാൽ ഗർഭധാരണത്തിശേഷം ഇവ മറനീക്കി പുറത്തുവരാം. ഉദാഹരണത്തിനു പ്രമേഹം, ഗർഭിണിയായതിനു ശേഷമാവും ചിലപ്പോൾ പ്രമേഹത്തിന്റെ സാമീപ്യം മനസിലാക്കുന്നത്. അപ്പോഴേക്കും ചിലപ്പോൾ വളരെ വൈകിയെന്നുമിരിക്കും.

നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ഇപ്പോൾ അടുത്ത രക്‌തബന്ധത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം അപൂർവമാണ്. എങ്കിലും പൂർണമായി തുടച്ചു മാറ്റപ്പെട്ടിട്ടുമില്ല. ജനിതകമായ പല വൈകല്യങ്ങളും ഇങ്ങനെ ഒരേ കുടുംബത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിൽ കൂടുതലായി പ്രതിഫലിക്കാറുണ്ട്. വിശദമായ ജനിറ്റിക് കൗസലിങ്ങ് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രയോജനപ്പെടാം.

ഈ വൈദ്യപരിശോധനയിൽ ആദ്യമായി ചെയ്യുന്നത് വ്യക്‌തിയുടേയും കുടുംബത്തിന്റെയും മെഡിക്കൽ ചരിത്രം പരിശോധിക്കുകയാണ്. പെൺകുട്ടിയുടെ ആർത്തവ ചക്രവും, ക്രമവും വിശകലനം ചെയ്യും. അതുവഴി, അണ്ഡവിസർജ്‌ജനത്തിൽ അപാകതകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാനും പരിഹരിക്കാനും സാധിക്കുന്നു. പ്രാഥമിക ശരീര പരിശോധനയോടൊപ്പം തന്നെ രക്‌ത പരിശോധനയുമുണ്ട്. ശരീ ഭാരം, രക്‌തസമ്മർദ്ദം, വിളർച്ച തുടങ്ങിയസാമാന്യ കാര്യങ്ങളും, ആവശ്യാനുസരണം മറ്റു പരിശോധനകളും ഉണ്ടായിരിക്കും.


രക്‌ത പരിശോധനയിൽ, ഹീമോഗ്ലോബിന്റെ അളവ്, പഞ്ചസാരയുടെ അളവ്, വൃക്കകളുടെ പ്രവർത്തനം എന്നിവ പരിശോധിക്കും. അതോടൊപ്പം തന്നെ ചില വൈറാണു ബാധകം, ഉദാഹരണത്തിന്, ഹെപ്പറ്ററ്റെറ്റിസ് ബി പരിശോധിക്കും.

രക്‌ത ഗ്രൂപ്പ് അറിയാത്തവർ വിരളമാണ്. എങ്കിൽ തന്നെയും ചിലപ്പോഴെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അറിയാതെ പോവാറുണ്ട്. ഇത് ചിലപ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

അൾട്രാസൗണ്ട് സ്കാൻ വഴി ഗർഭപാത്രത്തെയും അണ്ഡാശയത്തെയും പഠിക്കാൻ സാധിക്കും. ഗർഭാശയമുഴകൾ അണ്ഡാശയത്തിൽ കാണപ്പെടുന്ന സിസ്റ്റ് എന്നിവ കണ്ടു പിടിച്ച് തക്കസമയത്ത് ചികിത്സ നേടുന്നതു നന്നായിരിക്കും.

ചില മരുന്നുകൾ ഗർഭസ്‌ഥ ശിശുവിനു ഹാനികരമായേക്കാം. ഉദാഹരണത്തിന് അപസ്മാരത്തിനുകഴിക്കുന്ന ചില ഗുളികകൾ ഗർഭിണി ആകുന്നതിനു മുൻപു തന്നെവിദഗ്ധ നിർദ്ദേശപ്രകാരം മാറ്റി പകരം കൂടുതൽ സുരക്ഷിതമായ മരുന്നുകൾ തുടുങ്ങാവുന്നതാണ്.

ഉടനെ കുട്ടികൾ വേണ്ട എന്നകരുതുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുവാൻ സാധിക്കും. ഗർഭനിരോധന ഗുളികൾ ഉപയോക്കുന്നതിനു മുൻപ് അത് ഉപയോഗിക്കുവാൻ പാടില്ലാത്ത എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

ലൈംഗിക ജീവിതത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും ഉള്ള അനാവശ്യമായ ആശങ്കകൾ നീക്കി, ആത്മ വിശ്വാസത്തോടെ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ വിവാഹപൂർവ്വ മെഡിക്കൽ ചെക്കപ്പും കൗൺസലിംഗും വളരെ അധികം സഹായകമാണ്. ****

ഡോ. അജിതാകുമാരി, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കിംസ് ആശുപത്രി കോട്ടയം