സമീപനാളിൽ മംപ്സ് (മുണ്ടിനീര്) കേസുകളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കോട്ടയം കാരിത്താസ് മാതാ ആശുപത്രിയിലെ ഡോ. സുനുവിന്റെ ക്ലിനിക്കൽ നിരീക്ഷണങ്ങളിലും ഇക്കാര്യം വ്യക്തമാകുകയുണ്ടായി.
2016ൽ സർക്കാർ മേഖലയിൽ മംപ്സ് വാക്സിനേഷൻ നിർത്തലാക്കിയതും നിലവിൽ എംആർ വാക്സിൻ മാത്രം നൽകുന്നതുമാണ് ഇത്തരം കേസുകളുടെ ക്രമാതീതമായ വളർച്ചയ്ക്കുള്ള ഒരു കാരണമെന്ന് വിലയിരുത്താം.
രോഗം പ്രധാനമായും നാലു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഉയർന്ന പനി, പരോട്ടിഡ് ഗ്രന്ഥി വീക്കം (ഇരുവശത്തും ഉണ്ടാകാം), തലവേദന, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. മിക്ക കേസുകളും ഭേദമാകുന്പോൾ, 10 ശതമാനത്തിൽ താഴെ രോഗികൾക്കു മാത്രമേ സങ്കീർണതകൾ ഉണ്ടാകുന്നുള്ളൂ. പൂർണമായി വാക്സിനേഷൻ എടുത്തവരിൽ ബ്രേക്ക്ത്രൂ അണുബാധകൾ വളരെ അപൂർവമാണ്, ഇത്തരം സന്ദർഭങ്ങളിൽ സമാനമായ ലക്ഷണങ്ങൾ നേരിയ രൂപത്തിൽ കാണപ്പെടുന്നു.
പ്രതിരോധ നടപടികളിൽ വൃത്തിയും വ്യക്തിശുചിത്വവും പ്രധാനമാണ്. പ്രത്യേകിച്ച് എസ്എംഎസ് പ്രോട്ടോകോൾ, സാനിറ്റൈസർ ഉപയോഗം, മാസ്ക് ധരിക്കൽ, സുരക്ഷിത അകലം പാലിക്കൽ എന്നിവ നിർണായകമാണ്. ഇതിനു പുറമെ അണുബാധ പടരുന്നത് നിയന്ത്രിക്കുന്നതിൽ രോഗികളുടെ ഐസൊലേഷനും അനിവാര്യമാണ്. മംപ്സ് കേസുകൾക്ക് പ്രത്യേക ചികിത്സാ പ്രോട്ടോകോൾ ഇല്ലാത്തതിനാൽ പ്രതിരോധമാണ് പ്രധാനം. സ്കൂളുകൾ, പ്ലേസ്കൂളുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ, വിനോദ കേന്ദ്രങ്ങളിൽ രോഗബാധിതരായ കുട്ടികളെ ഫലപ്രദമായി ഐസൊലേറ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി.
ക്രമമായ വാക്സിനേഷന്റെ അഭാവം ഗുരുതരമായ ആശങ്ക ഉയർത്തുന്നു. പ്രതിരോധ നടപടികൾ, രോഗബാധിതരായ കുട്ടികളുടെ ഫലപ്രദമായ ഐസൊലേഷൻ, കൂടുതൽ ഗുരുതരമായ സങ്കീർണതകളോടെ പ്രത്യക്ഷപ്പെടുന്ന മുതിർന്നവരുടെ കേസുകൾ എന്നിവ കൈകാര്യം ചെയ്യൽ എന്നിവ രോഗബാധ തടയുന്നതിനു കൂടിയേ തീരൂ. ആജീവനാന്ത സംരക്ഷണം നൽകുന്ന വാക്സിനുകൾ വികസിപ്പിക്കുന്നതിനും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശൈശവകാല എംഎംആർ വാക്സിനേഷന്റെ ദീർഘകാല സംരക്ഷണ നിരക്കുകൾ സംബന്ധിച്ച് പഠനം നടത്തുന്നതിനും ഗവേഷണ മുൻഗണനാ ക്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
മംപ്സ് നിയന്ത്രണത്തിന് സമഗ്രമായ സമീപനമാണ് ആവിഷ്കരിക്കേണ്ടത്. വാക്സിനേഷൻ പരിപാടികൾ ശക്തിപ്പെടുത്തൽ, ഐസൊലേഷൻ പ്രോട്ടോകോളുകൾ സംബന്ധിച്ച സാമൂഹ്യ അവബോധം വർധിപ്പിക്കൽ, നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട തന്ത്രങ്ങൾ വികസിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുത്തണം. സമൂഹത്തിൽ മംപ്സിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രാഥമിക പ്രതിരോധ നടപടിയായി എംഎംആർ വാക്സിന്റെ ഉപയോഗമാണ് സ്വീകാര്യമായിട്ടുള്ളത്.
-മരിയ മാത്യു, ജസ്റ്റിൻ മാത്യു, സി.എസ്. സുമിനാമോൾ
(കാരിത്താസ് മാതാ ആശുപത്രി)