വേനൽക്കാലമെത്തുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു.
ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച
വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.
പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
സൺ സ്ക്രീൻ ലോഷൻ
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക.
ഐസ് മുതലായവ ഉപയോഗിച്ച് ശരീര താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
വെള്ളം, ജ്യൂസ്, പഴങ്ങൾ
കടുത്ത വേനലിൽ പകൽ 11 മണി മുതൽ നാലു വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക.
കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.