ഉപ്പ് കുറയ്ക്കാം
Thursday, January 2, 2025 1:28 PM IST
പല വട്ടം ഉപ്പ് ചേർക്കരുത്

പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

തൈരിലും സാലഡിലും..?

തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​

അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

മിതമായി

വി​ഭ​വ​ങ്ങ​ൾ തയാറാക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

അ​യ​ഡി​ൻ ചേ​ർത്ത ക​റി​യു​പ്പ്

അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം.

അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്. പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ അ​യ​ഡി​ൻ കൊ​ണ്ടു മാ​ത്ര​മ​ല്ല.


സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കുട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തു നി​ക​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ അ​യ​ഡി​ൻ ഡെ​ഫി​ഷ്യ​ൻ​സി ഡി​സോ​ഡ​ർ ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം.

അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത് അ​തിന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​യ​ഡൈ​സ്ഡ് ഉ​പ്പ് ക​ഴി​ച്ചാ​ൽ കൊ​ച്ചു​കുട്ടിക​ളി​ൽ ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ.

ഉ​പ്പു​ചേ​ർത്തു വ​റു​ത്ത വി​ഭ​വ​ങ്ങൾ..?

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.

അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്