ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകൾ (ഉത്തേജക ഘടകങ്ങൾ) കണ്ടെത്തണം. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ്
പ്രധാന മുൻകരുതൽ.
പ്രധാന ട്രിഗറുകളെക്കുറിച്ച്...
ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു.
മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
സ്ട്രെസ്, ദേഷ്യം
സ്ട്രെസ്, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ
തലവേദനയുണ്ടാക്കുന്നു.
കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
ചില മരുന്നുകൾ ചിലരിൽ
പല ഗുളികകളും മൈഗ്രേനുണ്ടാക്കുന്നു. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം.
ഏതു മരുന്ന് കഴിക്കുന്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.