പ്രമേഹമുണ്ട് എന്നറിഞ്ഞാൽ സ്ഥിരമായി ഗുളികകൾ കഴിച്ചാൽ ചികിത്സ പൂർണമായി എന്നാണ് പലരുടെയും വിശ്വാസം. ചിലരുടെ ഒരു വിശ്വാസം തമാശയാണ്.
അതായത്, അങ്ങനെ ഉള്ളവർ ചിലപ്പോൾ പായസമോ മധുരമുള്ള മറ്റ് എന്തെങ്കിലുമോ കഴിച്ചശേഷം പ്രമേഹത്തിന് കഴിക്കുന്ന ഗുളിക ഒരു പൊട്ട് എടുത്തു കഴിക്കും. മധുരം കഴിച്ചതിനു പരിഹാരമായി എന്നാണ് അവരുടെ വിശ്വാസം.
നിസാരമല്ല
പ്രമേഹമുള്ള പലരും ഇത് ഒരു നിസാര രോഗമാണ് എന്ന മനോഭാവത്തോടെയാണ് സംസാരിക്കാറുള്ളത്. പലരും ഡോക്ടർ ഒരിക്കൽ കുറിച്ചുകൊടുക്കുന്ന ഗുളികകൾ കഴിച്ച് അങ്ങനെ കഴിയും. പിന്നീടു ഡോക്ടറെ പോയി കാണുകയോ പരിശോധനകൾ നടത്തുകയോ ചെയ്യില്ല.
പ്രമേഹ ചികിത്സ ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്നത് ഒരുപാടു സങ്കീർണതകൾക്കു കാരണമാകും.
സങ്കീർണതകൾ
പാദരോഗങ്ങൾ, ശ്വാസകോശത്തിൽ അണുബാധ, വലിയതും ചെറിയതും ആയ രക്തക്കുഴലുകളിൽ സംഭവിക്കുന്ന നാശം, വിരലുകളിലേക്കുള്ള രക്തസഞ്ചാരം നിലച്ചു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഗാംഗ്രീൻ, മോണ രോഗങ്ങൾ, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, കരൾ രോഗങ്ങൾ, വൃക്കയിലെ പ്രശ്നങ്ങൾ, കാഴ്ചയിലെ പ്രശ്നങ്ങൾ, ഓർമക്കുറവ്, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ പലരിലും ഉണ്ടാകുന്നത് അങ്ങനെയാണ്.
മാനസികാരോഗ്യം തകരുന്പോൾ
ഇതിനെല്ലാം പുറമെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം ഉണ്ടാക്കുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് മാനസികാരോഗ്യം തകരുന്നത്. ഇങ്ങനെ പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുകയാണെങ്കിൽ അതിന്റെ ഫലമായി പ്രമേഹം സങ്കീർണമാകുന്നതാണ്.
ലൈംഗികശേഷിയിൽ
പ്രമേഹം ഒരുപാടുപേരിൽ, പ്രത്യേകിച്ച് പുരുഷന്മാരിൽ ലൈംഗികശേഷി കുറയാൻ കാരണമാകാറുണ്ട്. ഉദ്ധാരണത്തിന് കൂടുതൽ സമയം ആവശ്യമായി വരും. കുറേ പേരിൽ ഉദ്ധാരണ ശേഷി ഇല്ലാതാകുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393