കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്... അതെ, കണ്ണാണ് എല്ലാം, കളയാതെ സൂക്ഷിക്കേണ്ടത് അവരവരുടെ ആവശ്യമാണ്. ആഗോളതലത്തില്‍ 43 ദശലക്ഷം ആളുകള്‍ അന്ധരും 295 ദശലക്ഷം പേര് ചെറുതും വലുതുമായ കാഴ്ച വൈകല്യമുള്ളവരാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇതില്‍ 77% പൂര്‍ണമായും തടയാന്‍ കഴിയുന്നതും ചികിത്സിക്കാന്‍ കഴിയുന്നതുമായ പ്രശ്നങ്ങളാണ്. 100 ദശലക്ഷം ആളുകളാണ് തിമിരം മൂലം കഷ്ടപ്പെടുന്നത്. ചുരുങ്ങിയത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ തിമിരം മാറ്റാവുന്നതാണെന്നതും വാസ്തവം.
മനുഷ്യ ശരീരത്തില്‍ ഏറ്റവും പരിപാലനം ആവശ്യമായ ഒന്നാണ് കണ്ണ്. ദിവസവുമുള്ള പൊടിയും പുകയുമെല്ലാം കണ്ണിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എങ്കിലും നമ്മളില്‍ പലരും കണ്ണിനെ വേണ്ടവിധത്തില്‍ പരിപാലിക്കാറില്ല എന്നതാണ് വാസ്തവം.
കണ്ണിന്റെ ആരോഗ്യത്തിന് ഇവ
കണ്ണിന്റെ ആരോഗ്യത്തിനു ചില ഭക്ഷണപദാര്‍ഥങ്ങള്‍ ഉപകാരപ്രദമാണ്. വിറ്റാമിന്‍ സി ആണ് കണ്ണിന്റെ ആരോഗ്യത്തില്‍ പ്രധാനം. വിറ്റാമിന്‍ സി അടങ്ങിയ ചുവന്ന കാപ്സികം കണ്ണുകളിലെ രക്തക്കുഴലുകള്‍ക്ക് നല്ലതാണ്.
തിമിരം വരാനുള്ള സാധ്യത ഇതു കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. കോളിഫ്ളവര്‍, പപ്പായ, സ്ട്രോബെറി എന്നിവയുള്‍പ്പെടെ നിരവധി പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിന്‍ സി ധാരാളമുണ്ട്.
സൂര്യകാന്തി വിത്തുകളും നട്ട്സും ഇരുണ്ട ഇലക്കറികള്‍, സാല്‍മണ്‍, ട്യൂണ, ട്രൌട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍, മധുരമുള്ള ഉരുളക്കിഴങ്ങ്, കാരറ്റ്, മാമ്പഴം, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിനു സഹായകമായ ഭക്ഷണങ്ങളാണ്.
കണ്ണടയും ലെന്‍സും
കാഴ്ചയില്‍ പ്രശ്നമുള്ളവര്‍ സാധാരണയായി കണ്ണട ധരിക്കാറുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസേന കണ്ണട ഉപയോഗിക്കുന്നവരാണ്. സിംഗിള്‍ വിഷന്‍ അല്ലെങ്കില്‍ മള്‍ട്ടിഫോക്കല്‍ ലെന്‍സുകള്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഗ്ലാസുകള്‍ ഉള്ളത്.
ദൂരങ്ങളില്‍ നിന്ന് വ്യക്തമായി കാണാന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കില്‍, മള്‍ട്ടിഫോക്കല്‍ ലെന്‍സുകള്‍ അനുയോജ്യമാണ്. നിങ്ങളുടെ കണ്ണിന്റെ ആവശ്യം അനുസരിച്ച് ബൈഫോക്കല്‍, ട്രൈഫോക്കല്‍ അല്ലെങ്കില്‍ പ്രോഗ്രസീവ് എന്നിങ്ങനെ ലെന്‍സുകള്‍ ലഭിക്കും.
കണ്ണട ഉപയോഗിക്കാന്‍ എളുപ്പമാണ്. അവയ്ക്ക് പണം മുടക്കുള്ള ശുചീകരണങ്ങളൊന്നും ആവശ്യമില്ല, മൊത്തത്തിലുള്ള അറ്റകുറ്റപ്പണി കുറവാണ്. കണ്ണിന് അല്പം വിശ്രമം നല്‍കണമെന്നു തോന്നിയാല്‍ കണ്ണട ഊരിമാറ്റവുന്നതാണ്.
കണ്ണടയ്ക്കു പകരമായി ആളുകള്‍ ധാരാളമായി ലെന്‍സ് ഉപയോഗിക്കാറുണ്ട്. കാഴ്ച പ്രശ്നമുണ്ടെന്നു അപരിചിതര്‍ക്ക് മനസിലാകാതിരിക്കാന്‍ ലെന്‍സ് ഉപയോഗം സഹായകമാണ്. കണ്ണില്‍ നേരിട്ടാണ് ലെന്‍സ് ഉപയോഗിക്കുന്നത്.
കാഴ്ചയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ആവശ്യമായ ലെന്‍സ് കണ്പ്രതലത്തില് ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുക. കോണ്ടാക്റ്റ് ലെന്‍സുകള്‍ക്ക് കൂടുതല്‍ സ്വാഭാവിക കാഴ്ച നല്കാന് കഴിയും. ഗ്ലാസ് ഫ്രെയിമുകളെപോലെ നിങ്ങളുടെ കാഴ്ചയെ തടയാന്‍ ലെന്സിനു കഴിയില്ല.
അതായത് 180 ഡിഗ്രിയില്‍ കൂടുതല്‍ കാഴ്ച നല്കാന് ലെന്സിനു സാധിക്കും. കണ്ണടയില്‍ മൂടല്മഞ്ഞുകയറിയുണ്ടാകുന്ന കാഴ്ച പ്രശ്നം ലെന്‍സ് ഉപയോഗത്തില്‍ ഇല്ലെന്നതും വസ്തുത.
എന്നാല്‍, ദിവസേന വൃത്തിയാക്കുക, ഉണരുമ്പോള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, മെയ്ന്റനന്‍സിനായി ചെറിയ തുക മുടക്കേണ്ടതായും വരും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണിന്റെ പരിപാലനം ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ്. ഇടയ്ക്കിടെ തണുത്ത ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകുന്നതും കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കും.