ചിലര്‍ തിരക്കുകൊണ്ട്, മറ്റു ചിലര്‍ തടിയും തൂക്കവും കുറയ്ക്കാന്‍... പല കാരണങ്ങള്‍ പറഞ്ഞു പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ നമുക്കിടയിലുണ്ട്. മറ്റുചിലരുണ്ട്, "ബ്രേക്ക്ലഞ്ചിന്റെ' ആള്‍ക്കാരാണവര്‍. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ചേര്‍ത്ത് ഒരുപിടിപിടിക്കും... അതാണ് ബ്രേക്ക്ലഞ്ച്.
കാര്യങ്ങള്‍ എന്തുതന്നെയാണെങ്കിലും തുടര്‍ച്ചയായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്കു കാരണമാകും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. കാരണം, പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
ശരീരത്തിന് ഇന്ധനം നല്‍കുന്നതിലും മെറ്റബോളിസം ആരംഭിക്കുന്നതിലും നിര്‍ണായക പങ്ക് ബ്രേക്ക് ഫാസ്റ്റിനുണ്ട്. മാത്രമല്ല, നല്ല പ്രഭാതഭക്ഷണം ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും സഹായിക്കുന്നു.
ഇത് ഒഴിവാക്കുന്നത് ശരീരത്തിന് അവശ്യ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുകയും ക്ഷീണം, ക്ഷോഭം, ബുദ്ധിപരമായ പ്രവര്‍ത്തനം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ചില പാര്‍ശ്വഫലങ്ങള്‍ ഇവയാണ്...
ഏകാഗ്രതയും ഉപ്താദനക്ഷമതയും കുറയും
സന്തുലിതമായ പ്രഭാതഭക്ഷണം തലച്ചോറിന് മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ ഗ്ലൂക്കോസ് നല്കുന്നു. എണ്ണയില്ലാതെ രാവിലെ വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ് പ്രഭാതഭക്ഷണം ഇല്ലാതെ ജോലിക്കു പുറപ്പെടുന്നത്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഏകാഗ്രത, ഓര്‍മശക്തി, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനം എന്നിവയെ തടസപ്പെടുത്തും. അതോടെ ജോലിസ്ഥലത്തോ സ്കൂളിലോ നമ്മുടെ പ്രൊഡക്റ്റിവിറ്റിയെ ബാധിക്കും.
പ്രഭാതഭക്ഷണത്തിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ക്കും കാരണമാകും. ക്ഷോഭം, അസ്വസ്ഥത എന്നിവയിലേക്കും ഇതു നയിക്കും. പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും.
ശരീരഭാരം വര്‍ധിക്കും
ഒരുപക്ഷേ, ശരീരഭാരം കുറയ്ക്കാനായിരിക്കാം ചിലര്‍ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത്. എന്നാല്‍, അത് വിപരീതഫലമാണ് നല്‍കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
കാരണം, ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ പിന്നീട് പലപ്പോഴായി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയേക്കും. മാത്രമല്ല, ഉയര്‍ന്ന കലോറി ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ തടസപ്പെടുത്തും. അതോടെ ഭാരം വര്‍ധിക്കും.
പോഷകങ്ങള്‍, മെറ്റബോളിസം കുറയും
ശരിയായ ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ഉള്ളില്‍ ചെല്ലാനുള്ള ദിവസത്തിലെ ആദ്യ അവസരമാണ് പ്രഭാതഭക്ഷണം. ഈ ഭക്ഷണം ഒഴിവാക്കുന്നത് പോഷകങ്ങളുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കും, കാലക്രമേണ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുള്ള സൂചന നല്‍കും, ഇത് മെറ്റബോളിസം മന്ദഗതിയിലാക്കും.
ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുകയും കലോറി കാര്യക്ഷമമായി കത്തിക്കുന്നത് വെല്ലുവിളിയാക്കുകയും ചെയ്യും.
സമ്മർദ്ദം, രോഗങ്ങള്‍ വര്‍ധിക്കും
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഇതു ശരീരത്തിന്റെ സമ്മര്‍ദ്ദ പ്രതികരണത്തെ സജീവമാക്കും. കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുകയും ദിവസം മുഴുവന്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ധിപ്പിക്കുകയും ചെയ്യും.
ദീര്‍ഘ നാളായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ചുരുക്കത്തില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല.
നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ പ്രകടമായ സ്വാധീനം പ്രഭാതഭക്ഷണത്തിനുണ്ട്. ഊര്‍ജ നില കുറയുന്നത് മുതല്‍ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതുവരെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ അനന്തരഫലങ്ങളാണ്.