നല്ല ചൂടോടെ രാവിലെ ഒരു ഗ്ലാസ് കാപ്പി കിട്ടിയാല്‍ കാര്യങ്ങള്‍ ഉഷാറായി... അല്ലേല്‍ അന്നത്തെ ദിവസം പോക്കാ... ഈ മാനസിക അവസ്ഥയുള്ളവരാണോ നിങ്ങള്‍...? നമ്മളെല്ലാം രാവിലെ എഴുന്നേറ്റുവരുന്നപാടേ വെറുവയറ്റില്‍ കാപ്പി കുടിക്കാറുണ്ടായിരിക്കും.
എന്നാല്‍, വെറും വയറ്റില്‍ കാപ്പി കുടിക്കരുത് എന്നാണ് വിദഗ്ധരുടെ നിര്‍ദേശം. എന്ത് വിദഗ്ധര്‍, ഏത് വിദഗ്ധര്‍ എന്നായിരിക്കാം മറുചോദ്യം. അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ രാവിലെ കടുംകട്ടനടിക്കുന്നവരാണ് ഞങ്ങളെന്ന് അഹങ്കാരത്തോടെ പറയുന്നവരുമായിരിക്കാം...
സംഭവം ശരിയായിരിക്കും. പക്ഷേ, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അത്ര നല്ല ശീലം അല്ല... രാവിലെ കാപ്പി കുടിച്ചാല്‍ സംഭവം കറളാകാനുള്ള കാരണം അതില്‍ അടങ്ങിയിരിക്കുന്ന കഫീനാണ്.
കഫീന്‍ നമുക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്കുന്നു. പക്ഷേ, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കഫീന്‍ ഗുണകരമല്ല. കഫീന്‍ ഓരോ വ്യക്തികളിലും വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടാണ് ചിലര്‍ക്ക് എരിച്ചില്‍ പോലുള്ള അസുഖങ്ങള്‍ കാപ്പി കുടിയിലൂടെ വന്നുചേരുന്നത്. കാരണം, കാപ്പിയില്‍ അസിഡിറ്റി ഉണ്ട്. വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാകാറുമുണ്ട്.
വെറും വയറ്റില്‍ കാപ്പി കുടിക്കുമ്പോള്‍ സംഭവിക്കുന്ന ദോഷങ്ങള്‍ ഇവയാണ്:
ദഹന പ്രശ്നങ്ങള്‍
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാപ്പി കാരണമാകാറുണ്ട്. കാപ്പിയിലെ അസിഡിറ്റിയാണ് ഇത് ദൂരെവ്യാപകമായ ദോഷമുണ്ടാക്കുന്നത്. കഫീനിലെ അസിഡിറ്റി വയറുവേദനയിലേക്ക് നയിച്ചേക്കാം.
ഇറിറ്റബിള്‍ ബോവല്‍ സിന്‍ഡ്രോം(ഐബിഎസ്) പോലുള്ള കുടല് രോഗങ്ങള്‍ വഷളാക്കുകയും നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് മുതലായവയ്ക്ക് കാരണമാവുകയും ചെയ്യും.
ചില ആളുകളിലാണ് ഈ പ്രശ്നങ്ങള്‍ കാണുന്നത്. മറ്റു ചിലര്‍ക്ക് വെറുവയറ്റില്‍ കട്ടന്‍ കാപ്പി ചെന്നാല്‍ മാത്രമേ വിസര്‍ജനങ്ങള്‍ സാധ്യമാകൂ എന്നതാണ് ശീലം.
ഉത്കണ്ഠ, ചര്‍മ ആരോഗ്യം
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഉത്കണ്ഠ, സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകുകയും അത് വര്‍ധിപ്പിക്കുകയും ചെയ്യും.
സ്ഥിരമായ ശാരീരിക അസ്വസ്ഥതയിലേക്ക് ഇതിലൂടെ എത്തിപ്പെട്ടേക്കാം. മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിന് കാപ്പി നല്ലതല്ല.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സമ്മര്‍ദവും മുഖക്കുരു, ചുളിവ്, വരള്‍ച്ച തുടങ്ങിയ ചര്‍മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഉറക്കക്കുറവ്, നിര്‍ജലീകരണം
കഫീന്‍ ശരീരത്തില്‍ ഒരു പരിധികഴിഞ്ഞാല്‍ ഉറക്കക്കുറവ് ഉണ്ടാകും. ഉറക്കം വരുമ്പോള്‍ സാധാരണ കാപ്പി കുടിക്കുന്ന ശീലം നമ്മുടെ ഇടയിലുണ്ട്. ഉറക്കക്കുറവ് ഉത്കണ്ഠയുടെ മറ്റൊരു ഫലമായും വിലയിരുത്താം.
പഠനങ്ങള്‍ അനുസരിച്ച് അമിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ, അസ്വസ്ഥത, ഹൃദയമിടിപ്പ്, കൂടുതല്‍ പരിഭ്രാന്തി എന്നിവയ്ക്ക് കാരണമാകുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.
കഫീന്‍ ഡൈയൂററ്റിക് ആണ്. അതുകൊണ്ടുതന്നെ മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. അമിതമായ മൂത്രമൊഴിക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. മറ്റ് ശാരീരിക പ്രശ്നങ്ങള്‍ക്കും ഇതിലൂടെ വഴിതെളിയും.
ചുരുക്കത്തില്‍ കാപ്പി വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് ഗുണകരം. ഭക്ഷണത്തിനു ശേഷം കാപ്പി ആകാം. എന്നുകരുതി അമിതമായാല്‍ കാപ്പിയും വിഷമെന്നതിലേക്ക് കാര്യങ്ങള്‍ എത്തും.
ഭക്ഷണ കാര്യങ്ങള്‍ പുനക്രമീകരിക്കുമ്പോഴും പുതിയത് ആരംഭിക്കുമ്പോഴും ന്യൂട്രീഷനെയും ഡോക്ടറിനെയും കണ്ട് അഭിപ്രായം തേടുന്നതാണ് ഉത്തമം.