ഒരുപണിയുമില്ല, വെറുതേ നടക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കളിയാക്കേണ്ട. വെറുതേയാണെങ്കിലും "നടക്കുന്നുണ്ടെങ്കില്‍' അവര്‍ ആരോഗ്യം സംരക്ഷിക്കുകയാണെന്നു പറയാം.
കാരണം, നടത്തം ആരോഗ്യത്തിനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായകമാണ് എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പ്രത്യേക ഉപകരണങ്ങളോ സൗകര്യങ്ങളോ ആവശ്യമില്ല എന്നതാണ് നടത്തത്തിന്റെ പ്രത്യേകത.
ദൈംദിന ജീവിതത്തില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വ്യായാമമാണ് നടത്തം എന്നു ചുരുക്കം. ഹൃദയത്തിനും പേശികള്‍ക്കും അസ്ഥികള്‍ക്കും നടത്തത്തിലൂടെ ഗുണം ലഭിക്കും.
ശരീരഭാരം ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും. ദിവസവും 15,000 ചുവട് നടക്കാന്‍ സാധിച്ചാല്‍ ശരീരത്തിന് വന്‍തോതില്‍ ഗുണങ്ങള്‍ ലഭിക്കും. ദിവസവും 15,000 ചുവട് നടക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്:
ഹൃദയാരോഗ്യം, ശരീരഭാരം
ദിവസേന നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. 15,000 ചുവട് വയ്ക്കാന്‍ സാധിച്ചാല്‍ അത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.
അതിലൂടെ ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കാം. മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും നടത്തം ഫലപ്രദമാണ്. നടക്കുന്നതിലൂടെ ശരീരത്തിലെ കലോറി കത്തുകയും ശരീരഭാരം കുറയ്ക്കാനോ പരിപാലിക്കാനോ സഹായിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായി ശരീരഭാരം നിലനിര്‍ത്തുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രമേഹം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നടത്തം സഹായകമാണ്.
ശ്വസനം, പേശി, എല്ല്
പതിവായി നടക്കുന്നത് ശ്വാസകോശത്തിന്റെ ശേഷിയും പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. അതിലൂടെ മെച്ചപ്പെട്ട ശ്വസനവും ശ്വാസകോശത്തിന്റെ ആരോഗ്യം പരിപാലിക്കാനും സാധിക്കും.
ഇത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. അസ്ഥികളുടെ സാന്ദ്രതയും പേശികളുടെ ശക്തിയും നിലനിര്‍ത്താനും പതിവായുള്ള നടത്തത്തിലൂടെ സാധിക്കും.
പ്രായമാകുമ്പോള്‍ ഓസ്റ്റിയോപൊറോസിസും എല്ലുകളുടെ ബലഹീനതയും ഉണ്ടാകാനുള്ള സാധ്യതയും പതിവായുള്ള നടത്തത്തിലൂടെ കുറയ്ക്കാം.
മാനസികാരോഗ്യം, രക്തചംക്രമണം
നടത്തത്തിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. പതിവായി നടക്കുന്നത് ബുദ്ധിപരമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നടത്തം രക്തചംക്രമണവും ശരീരത്തിലെ ഓക്സിജന്‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഊര്‍ജ്ജ നില വര്‍ധിക്കും. അതോടെ കൂടുതല്‍ ശ്രദ്ധയും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും.
ശരീരത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നതോടെ അണുബാധ, രോഗങ്ങള്‍ എന്നിവയുടെ സാധ്യതയും പതിയെപതിയെ കുറയുന്നു.
ഉറക്കം, ദീര്‍ഘായുസ്
പതിവായുള്ള നടത്തം ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവനായി പരിപോഷിപ്പിക്കും. അതോടെ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ദീര്‍ഘായുസിനും ഇത് നിര്‍ണായകമാണ്.
പതിവായി നടക്കുന്നത് ടൈപ്പ് 2 പ്രമേഹം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ദിവസവും 15,000 ചുവട് നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയികുന്നത്.
ചുരുക്കത്തില്‍ ദിവസവും 15,000 ചുവടുകള്‍ നടക്കുന്നത് ആരോഗ്യവും കരുത്തും മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. എന്നുവച്ച് കഠിനമായ നടപ്പ് പരിക്കേല്‍ക്കാന്‍ വഴിയൊരുക്കും. അത് ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിവായി 15,000 ചുവട് നടക്കുന്ന് ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ശരീരത്തിന്റെ നിലവിലെ സ്ഥിതിഗതി പരിശോധിച്ച് മനസിലാക്കുന്നത് നല്ലതാണ്.