സ്ത്രീകള്‍ക്ക് ആരോഗ്യം ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങളില്‍ ഒന്നാണ് യോഗര്‍ട്ട്(തൈര്). പാല് ഉത്പന്നമായ യോഗര്‍ട്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
രുചികരമായ വിഭവം എന്നതിലുപരി ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരു സൂപ്പര്‍ ഫുഡാണിത്. ദഹനം, പ്രതിരോധശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നിത്യവും യോഗര്‍ട്ട് കഴിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്നു.
കാരണം, യോഗര്‍ട്ട് ഗുണകരമായ ബാക്ടീരിയകളാല്‍ സമ്പന്നമാണ്. സ്ത്രീകള്‍ ദൈനംദിന ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്:
ദഹനം, രോഗപ്രതിരോധം
പ്രോബയോട്ടിക്സ് അടങ്ങിയ തൈര് കുടലിന്റെ ആരോഗ്യത്തിന് സുപ്രധാനമാണ്. സുഗമമായ ദഹനം ഉറപ്പാക്കുകയും മലബന്ധം, വീക്കം തുടങ്ങിയ അവസ്ഥകള്‍ കുറയ്ക്കുകയും ചെയ്യും.
മറ്റു പാല് ഉത്പന്നങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരിലും യോഗര്‍ട്ട് പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനും യോഗര്‍ട്ടിന്റെ സ്ഥിരമായ ഉപയോഗത്തിലൂടെ സാധിക്കും.
പതിവായി തൈര് കഴിക്കുന്നത് ജലദോഷം, പനി തുടങ്ങിയ ദൈനംദിന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ സിങ്കിന്റെയും വിറ്റാമിന്‍ ഡിയുടെയും സാന്നിധ്യമാണ് രോഗപ്രതിരോധ സംവിധാനത്തെ പരിപോഷിപ്പിക്കുന്നത്.
ശരീരഭാര നിയന്ത്രണം, എല്ലിന്റെ ആരോഗ്യം
സ്ത്രീകള്‍ക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് യോഗര്‍ട്ട്. അതുപോലെ എല്ലിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. യോഗര്‍ട്ടിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
പതിവായി തൈര് കഴിക്കുന്നവര്‍ അല്ലാത്തവരേക്കാള്‍ ശരീരഭാരം നിയന്ത്രണത്തില്‍ വിജയിക്കുന്നതായാണ് കണ്ടുവരുന്നത്. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ യോഗര്‍ട്ട് അസ്ഥികളുടെ ആരോഗ്യത്തിനും ഫലപ്രദമാണ്.
ഇത് സ്ത്രീകളുടെ ശരീരത്തില്‍ ഓസ്റ്റിയോപൊറോസിസിനെ ചെറുക്കുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ആര്‍ത്തവ വിരാമത്തിനുശേഷമാണ് ഓസ്റ്റിയോപൊറോസിസ് വര്‍ധിക്കുന്നത് കണ്ടുവരുന്നത്.
ഹൃദയാരോഗ്യം, ചര്‍മ്മ സംരക്ഷണം
ദിവസേന തൈര് കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. ഈ അവസ്ഥകള്‍ക്കു കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദം ചെറുക്കാന്‍ യോഗര്‍ട്ടിലെ പോഷകങ്ങളും പ്രോബയോട്ടിക്കുകളും ശരീരത്തെ സഹായിക്കും.
മാത്രമല്ല, പ്രോബയോട്ടിക്കുകളുടെയും പോഷകങ്ങളുടെയും ഗുണം ചര്‍മ്മ സംരക്ഷണത്തിനും സഹായകമാണ്. പതിവായി യോഗര്‍ട്ട് കഴിക്കുന്നത് കുടലില്‍ ബാക്ടീരിയകളെ സന്തുലിതമാക്കാന്‍ സഹായിക്കും. അതിലൂടെ മുഖക്കുരുവും ചര്‍മ്മ പ്രശ്നങ്ങളും കുറയും.
ആരോഗ്യകമായ മാനസികാവസ്ഥ
ആരോഗ്യകരമായ മാനസികാവസ്ഥ നല്കാന് യോഗര്‍ട്ടിനു സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും ശമനം ലഭിക്കും. കാരണം, യോഗര്‍ട്ടിലെ പ്രോബയോട്ടിക്സ് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള വിറ്റാമിനുകളും ധാതുക്കളും പൂര്‍ണമായി ഉപയോഗിക്കാന്‍ ശരീരത്തിന് ഇതിലൂടെ സാധിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കും.
മൂത്രനാളിയിലെ അണുബാധ
മൂത്രനാളത്തില്‍ അണുബാധ ചെറുക്കാന്‍ സ്ഥിരമായി യോഗര്‍ട്ട് കഴിക്കുന്നതിലൂടെ സാധിക്കും. പ്രീമെന്‍സ്ട്രല്‍ സിംട്രംസ് ലഘൂകരിക്കാനും ഇത് സഹായിക്കും. ചുരുക്കത്തില്‍ സ്ഥിരമായി യോഗര്‍ട്ട് കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും.
എന്നിരുന്നാലും, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുമുമ്പ് ഒരു ഡയറ്റീഷനെയോ ഡോക്ടറെയോ സമീപിക്കുന്നത് ഉചിതമായിരിക്കും.