കുട്ടികളില്‍ ജങ്ക് ഫുഡ് ആസക്തി കൂടുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാതാപിതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കുട്ടികളെ ജങ്ക് ഫുഡില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
ജങ്ക് ഫുഡ് ഭാവി ജീവിതത്തില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാന്സറിനുംവരെ കാരണമാകും. ജങ്ക് ഫുഡ് കുട്ടികളെ അമിത വണ്ണത്തിലേക്ക് തള്ളിവിടുന്നു എന്നതും മറ്റൊരു വാസ്തവം. ഹൃദ്രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയവയ്ക്കും ജങ്ക് ഫുഡ് വഴിതെളിക്കുന്നു.
1990 മുതല്‍ ആഗോളതലത്തില്‍ അമിതവണ്ണത്തിന്റെ നിരക്ക് കുട്ടികളില്‍ നാലിരട്ടിയായും മുതിര്‍ന്നവരില്‍ ഇരട്ടിയായും വര്‍ധിച്ചെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതവണ്ണം ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ജങ്ക് ഫുഡില്‍ പോഷകങ്ങള്‍ ഇല്ലെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന പ്രശ്നം.
ജങ്ക് ഫുഡിന്റെ പ്രശ്നങ്ങള്‍
ജങ്ക് ഫുഡ് അമിതവണ്ണത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നു. അതോടെ പ്രമേഹം, വൃക്ക, കരള്‍ പ്രശ്നങ്ങള്‍, ഹൃദ്രോഗം, ഭാവിയില്‍ ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകും. നാരുകള്‍ കുറവുള്ളതും ധാരാളം പഞ്ചസാരയും ഉപ്പും അടങ്ങിയതുമാണ് ജങ്ക് ഫുഡ്.
ഇത് കുടലിന്റെ ആരോഗ്യത്തെ തടസപ്പെടുത്തുകയും രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും കൊച്ചുകുട്ടികളിലും കൗമാരക്കാരിലും പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ഈ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് മൂലം വിഷാദം, ഉത്കണ്ഠ, ആക്രമണാത്മകത എന്നിവ വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ജങ്ക് ഫുഡ് ഒഴിവാക്കാനുള്ള വഴി
വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെറുപ്പം മുതല്‍ കുട്ടികളെ ബോധവത്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിന് ഇത് നിര്‍ണായകമാണ്.
ഒറ്റയടിക്ക് പൂര്‍ണമായി ജങ്ക് ഫുഡ് ഒഴിവാക്കാന്‍ പ്രയാസമാണെങ്കില്‍ പടിപടിയായി കുറച്ച് കൊണ്ടുവരാവുന്നതാണ്. പിടിവാശിക്കാരായ കുട്ടികളാണെങ്കില്‍ വല്ലപ്പോഴും മാത്രം ജങ്ക് ഫുഡ് നല്‍കുകയും ബാക്കി സമയങ്ങളില്‍ അല്ലാത്ത ഭക്ഷണം നല്‍കുകയും വേണം.
കുട്ടികള്‍ ഒരിക്കലും ജങ്ക് ഫുഡ് മാത്രം കഴിച്ച് വളരുന്നതല്ല, മാതാപിതാക്കള്‍ വാങ്ങി നല്കി ശീലിപ്പിക്കുന്നതാണ് എന്നതാണ് പ്രധാന പ്രശ്നം. കുട്ടികളെ നിയന്ത്രിക്കുന്നതിനൊപ്പം മാതാപിതാക്കളും ജങ്ക് ഫുഡിനോട് നോ പറയേണ്ടത് അത്യാവശ്യമാണ്.
കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുക
ഭക്ഷണം ഉണ്ടാക്കുന്നതില്‍ കുട്ടികളെ പങ്കാളികളാക്കുക എന്നതാണ് ജങ്ക് ഫുഡില്‍നിന്ന് അവരെ അകറ്റാനുള്ള മറ്റൊരു മാര്‍ഗം. സ്വന്തം അടുക്കളയില്‍ കുട്ടികള്‍ക്ക് പാകം ചെയ്യാനുള്ള അവസരം നല്‍കുകയും അവരെ കൊണ്ട് ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിപ്പിച്ച് അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
കുട്ടികള്‍ ഉണ്ടാക്കുന്നതിനെ പ്രശംസിക്കുകയും അത് ഒന്നിച്ചിരുന്ന് കഴിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് അതൊരു ഹരമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജങ്ക് ഫുഡ് ഓണ്‍ലൈനായി വാങ്ങുന്നത് ഒഴിവാക്കി, മുഴുവന്‍ ഭക്ഷണവും വീട്ടില്‍ പാകം ചെയ്ത് കഴിക്കുന്നതിന് മാതാപിതാക്കളും മുന്‍ഗണന നല്‍കണം.
ആകര്‍ഷകമാക്കുക
കുട്ടികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്കുമ്പോള് അതില്‍ ആകര്‍ഷകമായ ഡിസൈനുകള്‍ പരീക്ഷിച്ചാല്‍ അവരെ ആകര്‍ഷിക്കാം എന്നാണ് മനശാസ്ത്രം. പഴങ്ങളും പച്ചക്കറികളും എല്ലാം ഇങ്ങനെ നല്‍കാവുന്നതാണ്.
ഒപ്പം മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. കുട്ടികള്‍ പലപ്പോഴും അവരുടെ മാതാപിതാക്കളെ അനുകരിക്കുന്നു. അതിനാല്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും അനാരോഗ്യകരമായവ ഒഴിവാക്കുകയും ചെയ്യുന്നത് കുട്ടികളെയും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കും.
ലഘുഭക്ഷണങ്ങള്‍ പരീക്ഷിക്കാം
മൊബൈല്‍, ടിവി, കംപ്യൂട്ടര്‍ തുടങ്ങിയവ കാണുന്നതിന്റെ സമയം കുട്ടികളില്‍ കുറയ്ക്കേണ്ടതും ആവശ്യമാണ്. ഇത് കൂടുന്നതിന് അനുസരിച്ച് അവരിലെ ജങ്ക് ഫുഡ് ആകര്‍ഷകത്വവും വര്‍ധിക്കും. ഇവ കാണുമ്പോഴാണ് കുട്ടികളില്‍ ഉരുളക്കിഴങ്ങ് ചിപ്സ് ഉള്‍പ്പെടെയുള്ള കൊറിക്കല്‍ ശീലമുണ്ടാകുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, ബദാം, നട്ട്സ് തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുക. കുട്ടികളെ ഇത് ശീലിപ്പിക്കാനായി മാതാപിതാക്കളും സ്ക്രീനിംഗ് സമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുക.