Tuesday, August 23, 2022 12:09 PM IST
ഡോ. ഷർമദ് ഖാൻ BAMS, MD
വേനൽക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്. അല്പമൊന്നു ശ്രദ്ധിച്ചാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്ന് മാത്രമല്ല രോഗം വരാതിരിക്കാനും പകരാതിരിക്കാനും കൂടി സാധ്യതയുണ്ട്. മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും...
മറ്റ് പല ശാരീരിക രോഗങ്ങളോടനുബന്ധിച്ചും കണ്ണിന്റെ തന്നെ ചില കുഴപ്പങ്ങൾ കാരണവും കാലാവസ്ഥാജന്യമായ കാരണങ്ങൾ കൊണ്ടും കണ്ണിൽ ചുവപ്പ് വരാം. കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും ചെങ്കണ്ണാണെന്ന് വിചാരിക്കരുത്. കാഴ്ചയ്ക്ക് സാധാരണയായി ഒരു തകരാറുമുണ്ടാക്കാത്ത, താരതമ്യേന ദോഷം കുറഞ്ഞ ഒന്നാണ് ഇപ്പോൾ കാണുന്ന ചെങ്കണ്ണ്. എന്നാൽ, വേഗത്തിൽ പകരുമെന്നതിനാൽ ശ്രദ്ധിക്കുകയും വേണം.
ലക്ഷണങ്ങൾ
കൺപോളകളുടെ അകത്തും കൃഷ്ണമണിക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ച് നല്ല ചുവപ്പുനിറത്തിൽ കാണും. വേദനയും കണ്ണിൽ നിന്നു വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള പ്രയാസവും രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് പീള നിറഞ്ഞ് മൂടിക്കെട്ടിയുമിരിക്കുന്ന അവസ്ഥയുമാ ണ് പ്രധാന ലക്ഷണങ്ങൾ.
കണ്ണിൽ വീക്കം കൂടുതലുള്ളവർക്ക്
കണ്ണിൽ വീക്കം കൂടുതലുള്ളവർക്ക് വേദന കുറവും ചൊറിച്ചിൽ കൂടുതലുമായിരിക്കും. അങ്ങനെയുള്ളവർ കണ്ണിൽ തണുപ്പുള്ള മരുന്നുകൾ ഒഴിക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുത്തവ കഴിക്കുന്നതും ഒഴിവാക്കണം. അതുപോലെ കണ്ണിൽ നീരുവന്ന് വീർത്തത് പോലെയില്ലെങ്കിൽ കണ്ണിന് കുളിർമ നൽകുന്ന മരുന്നുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.
പകരുന്ന വഴികൾ
രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയിണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കണ്ട്രോൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഒരാഴ്ചയോളം ശ്രദ്ധിക്കണം.
പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലോ സ്കൂളിലോ പോകാതിരിക്കുകയും വേണം. പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേയ്ക്കടിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്.
ഇതൊന്നും അരുത്
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്.
ചികിത്സ
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതില്ല. മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം. ആയുർവേദ മരുന്നുകൾ മാത്രം മതിയാകും ചെങ്കണ്ണ് ശമിപ്പിക്കുന്നതിന്. എന്നാൽ, സ്വയം ചികിത്സയിലൂടെ ചെങ്കണ്ണ് അപകടാവസ്ഥയിലേക്കും മാറാം.
ചെങ്കണ്ണ് പിടിപെടാതിരിക്കണമെങ്കിൽ എരിവും പുളിയും ഉപ്പും ചൂടും മാംസാഹാരവും കുറയ്ക്കുക. ശരിയായ മലശോധന ലഭിക്കുന്ന വിധം ഭക്ഷണം കഴിക്കുക. രോഗമുള്ളവരിൽ നിന്ന് അകന്നിരിക്കുക,തുളസിയിലയുടെ നീര് കണ്ണിലൊഴിക്കുക എന്നിവ കൂടി ശ്രദ്ധിക്കണം.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481