പഞ്ചകർമ്മ ചികിത്സയ്ക്ക് പകരമായി കർക്കടകത്തിൽ നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് കർക്കടക കഞ്ഞി. പഞ്ചകർമ്മ ചികിത്സ ചെയ്യുവാൻ സാമ്പത്തിക ശേഷി ഇല്ലാത്തവരും കോവിഡ് പോലുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ഇത് ചെയ്യുവാൻ പാടില്ലാത്തതിനാലും കർക്കടക കഞ്ഞി ഉപയോഗിക്കുകയെങ്കിലും വേണം.
ഒരു നേരത്തെ സാധാരണ ഭക്ഷണത്തിനുപകരം...
ഒരു നേരത്തെ സാധാരണ ഭക്ഷണത്തിനുപകരം കർക്കടകക്കഞ്ഞി ഉപയോഗിക്കാം. 7, 14, 21 ദിവസങ്ങൾ വരെയാണ് ഉപയോഗിക്കാവുന്നത്. ഒരു നേരമാണ് കഴിക്കുന്നതെങ്കിൽ പ്രഭാതത്തിൽ ആയിരിക്കുന്നതാണ് നല്ലത്. രണ്ട് നേരമായാൽ അത്രയും നല്ലത്.
ഞവരയരിക്കൊപ്പവും...
പോഷണം ആവശ്യമുള്ളവർ ഞവരയരിയ്ക്കൊപ്പവും അല്ലാത്തവർ ഉണക്കലരിയ്ക്കൊപ്പവും ചെറുപയറും ആശാളിയും കൂടാതെ പഞ്ചകോല ചൂർണ്ണമോ (തിപ്പലി, തിപ്പലിവേര്, കാട്ടുമുളകിൻ വേര്, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, ചുക്ക് ) ദശപുഷ്പങ്ങളോ (മുക്കുറ്റി,ചെറൂള അഥവാ ബലിപ്പൂവ്, ഉഴിഞ്ഞ,തിരുതാളി,പൂവാംകുറുന്നൽ, കറുക, നിലപ്പന, വിഷ്ണുക്രാന്തി, കയ്യുണ്യംഅഥവാ കയ്യോന്നി, മുയൽചെവിയൻ)ചേർത്ത് കഞ്ഞിയുണ്ടാക്കി ഉപയോഗിക്കാം.
റെഡിമെയ്ഡായി പായ്ക്കറ്റിൽ...
ദശപുഷ്പങ്ങളിൽ ഏതെങ്കിലും ഒന്നു വീതം ചേർത്ത് കഞ്ഞി വയ്ക്കുന്നവരും ഒന്നിൽ കൂടുതൽ മരുന്നുകൾ ചേർക്കുന്നവരും പത്തെണ്ണവും ചേർത്ത് കഞ്ഞി വയ്ക്കുന്നവരുമുണ്ട്.
ഇതിന് സൗകര്യമില്ലാത്തവർക്ക് മാർക്കറ്റിൽ റെഡിമെയ്ഡായി പായ്ക്കറ്റിൽ ലഭിക്കുന്നതും അതിലുള്ള നിർദ്ദേശമനുസരിച്ച് ഉപയോഗിക്കാം. ചിലയിടങ്ങളിൽ കഞ്ഞി തന്നെ റെഡിമെയ്ഡായി കിട്ടാറുണ്ട്.
മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ്...
തേങ്ങാപ്പാൽ ചേർത്തോ അല്പം നെയ്യ് താളിച്ച് ചേർത്തോ ചെറു ചൂടോടെ വേണം കഞ്ഞി കുടിക്കുവാൻ. ചുവന്നുള്ളി, ജീരകം തുടങ്ങിയവ കൂടി ചേർത്താൽ ദഹനം വർദ്ധിക്കും.
കർക്കടക കഞ്ഞിക്കൊപ്പമോ അവ സേവിക്കുന്ന ദിവസങ്ങളിലോ മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് നല്ലത്.
എളുപ്പം ദഹിക്കുന്നതു കഴിക്കാം
കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതും ആയിരിക്കണം.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481