ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ. ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു.
കരളിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലടങ്ങിയ കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കും.
അസിഡിറ്റിക്കു പ്രതിവിധി
മലബന്ധം തടയുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. ആമാശയ അൾസറുകൾ മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയയ്ക്കു പ്രതിവിധിയായും ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെളളത്തിൽ കലർത്തി ആഹാരത്തിനു മുന്പ് കഴിക്കുന്നതാണ് ഉചിതം. കറികളിൽ ഉലുവാപ്പൊടി ചേർക്കാം.
പനി, തൊണ്ടപഴുപ്പ് എന്നിവയ്ക്കു പ്രതിവിധിയായി നാരങ്ങാനീര്, തേൻ, ഉലുവാപ്പൊടി എന്നിവ ചേർത്ത് ഉപയോഗിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെളളം ആറിച്ച് കവിൾക്കൊളളുന്നതു തൊണ്ടവേദന കുറയ്ക്കാൻ സഹായകം.
മുടികൊഴിച്ചിൽ, താരൻ, അകാലനര
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം തല കഴുകണം. മുടികൊഴിച്ചിൽ അകറ്റാം. ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതും നല്ലത്. ഉലുവയിലടങ്ങിയ പ്രോട്ടീനുകൾ മുടിവളർച്ചയ്ക്കു സഹായകം.
താരൻ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി കുതിർത്തുവച്ച ഉലുവ നന്നായരച്ചു കുഴന്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുന്പു പറഞ്ഞ പ്രകാരം തയാറാക്കിയ ഉലുവപേസ്റ്റ് തൈരിൽ ചാലിച്ചും തലയിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
താരനും തലയോട്ടിയിലെ ആരോഗ്യപ്രശ്നങ്ങളും പന്പകടക്കും. അകാലനര തടയാനും ഉലുവ സഹായകം. ഉലുവ ചേർത്തു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകിക്കളയുക. അകാലനര തടയാൻ ഗുണകരം.
അമിതവണ്ണം കുറയ്ക്കുന്നതിന്
സൈനസ് , ശ്വസനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. അമിതവണ്ണം കുറയ്ക്കുന്നതിന് ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലെ നാരുകൾ ഭക്ഷണത്തിലെ അമിതകൊഴുപ്പിന്റെ ആഗിരണം കുറയ്ക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്.
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം.