വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡന്റ് സ്വഭാവവും അലിസിനുണ്ട്.
ഗ്യാസിനു പരിഹാരമുണ്ട്!
ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. വെളുത്തുളളി സൂപ്പും സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം.
പച്ചയ്ക്കു കഴിക്കാം
വിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം.
ഹൃദയത്തിനു പ്രിയം
ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദയ രോഗങ്ങൾ, ഹൃദയാഘാതം, ആർട്ടീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉൾവ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം.
വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതിൽ കുറവുണ്ടാകാതെ കരുതുന്നു.
പ്രമേഹബാധിതർക്കും...
രക്തക്കുഴലുകൾ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം. രക്തം കട്ട പിടിക്കുന്നതു തടയുന്നതിൽ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം.
എന്നാൽ ഇത്തരം രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ വെളുത്തുളളി എത്രത്തോളം അളവിൽ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകന്റെ ഉപദേശം തേടാവുന്നതാണ്. ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുള്ളി സഹായകമെന്നു പഠനം.
പ്രായമായവർക്കും
റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗലക്ഷണങ്ങളായ സന്ധിവേദനയും നീർവീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം.
ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ബാക്ടീരിയ, വേദന എന്നിവ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങൾ പല്ലുവേദനയിൽ നിന്ന് താത്കാലിക ആശ്വാസത്തിന് ഉതകും. വെളുത്തുളളി ചതച്ചു വേദനയുളള ഭാഗത്തു വയ്ക്കുക.
രോഗപ്രതിരോധശക്തി
വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടുന്നതിനാൽ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകൾ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം.
ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആൻറിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.
കാൻസർ പ്രതിരോധത്തിന്
വെളുത്തുളളിയിലെ അലൈൽ സൾഫർ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നതായി ഗവേഷകർ. കുടൽ, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.