ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ് ഉത്പാദിപ്പിച്ച ് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും.
ലക്ഷണങ്ങൾ അവഗണിച്ചാൽ..?
കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശരീരം കടുതൽ തടിക്കുന്നതും രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം.
ആഹാരത്തിൽ വേണ്ടവിധം ശ്രദ്ധിക്കാതെയും ശാസ്ത്രീയമായ ചികിത്സ ചെയ്യാതെയുമിരുന്നാൽ രോഗം മൂർഛിക്കുന്നതിനും അനുബന്ധ രോഗങ്ങളായ വൃക്കാശ്രിത രോഗങ്ങൾ, നാഡീവ്യൂഹത്തെ ആശ്രയിച്ചുണ്ടാകുന്ന (ന്യൂറോപ്പതി) രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും കാരണമായി വരുന്നു. ലൈംഗിക ശേഷിയും താത്പര്യവും നഷ്ടപ്പെടുന്നു.വാതവ്യാധി തുടങ്ങിയ മഹാരോഗങ്ങളെ വർധിപ്പിക്കുന്നു.
വ്യായാമം ഫലപ്രദമാണോ?
മരുന്നുകൾ ഉപയോഗിച്ച് ഷുഗറിനെ നിയന്ത്രിക്കുന്പോൾ പാൻക്രിയാസിലെ ബിറ്റാസെല്ലുകൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുകയും ക്രമേണ ശരീരത്തിലെ സ്വാഭാവികമായ ഇൻസുലിൻ പരിപൂർണമായി നിലയ്ക്കുകയും ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പുകളെയും മറ്റ് ഒൗഷധങ്ങളെയും ആശ്രയിക്കേണ്ടതായും വരുന്നു.
പ്രമേഹ നിയന്ത്രണത്തിനു പ്രധാനമാണ് ശരിയായ വ്യായാമക്രമം. എല്ലാവർക്കും അനുഷ്ഠിക്കാവുന്ന ലളിതമായ ഒരു വ്യായാമക്രമം പറയാം. രണ്ടു കൈയുടെയും മുഷ്ടി ചുരുട്ടി ശരീരത്തിലെ ബലം രണ്ടു കൈയിലും കൊടുത്ത് നെഞ്ചിനടുത്തായി മടക്കിക്കൊണ്ടു വരിക, അതുപോലെ നിവർത്തുക. ഇപ്രകാരം അഞ്ചു പ്രാവശ്യം ചെയ്യുകയും ക്രമേണ വർധിപ്പിക്കുകയും ചെയ്യുക. അതുപോലെ രണ്ടു കൈയും വെളിയിലേക്ക് വിരിച്ച് മുഷ്ടി ചുരുട്ടി ബലം രണ്ടു കൈയിലും കൊണ്ടുവന്ന് ക്രോസായി കൊണ്ടുവരികയും നിവർത്തുകയും ചെയ്യുക. ഇപ്രകാരം അഞ്ചു പ്രാവശ്യം ചെയ്യുക യും ക്രമേണ വർധിപ്പിക്കുകയും ചെയ്യുക. ഇത് രാവിലെ എണീറ്റ് ഉടനെ ചെയ്യേണ്ടതാണ്. ഇത് പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.
അരിയേക്കാൾ ഭേദം ഗോതന്പാണോ?
പലരുടെയും ധാരണ ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയും, അരിയാഹാരം കഴിച്ചാൽ ഷുഗർ കൂടും എന്നതാണ്. എന്നാൽ, ഇത് തെറ്റാണ്. രണ്ടിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവ് ഒന്നുതന്നെയാണ്. പച്ചക്കറികൾ ധാരാളം ഉപയോഗിക്കുക, കുറച്ചു പഴവർഗങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. ആപ്പിൾ, ഓറഞ്ച്, പേരയ് ക്ക, ഞാവൽപ്പഴം എന്നിവ ശീലിക്കണം. മത്സ്യം, ചിക്കൻ എന്നിവ ഉപയോഗിക്കാം. മധുരം തീർത്തും ഒഴിവാക്കണം. പഞ്ചസാര ചേർന്ന പാൽ, ചായ, ശർക്കര, മദ്യം, പുകവലി എന്നിവ തീർത്തും ഒഴിവാക്കണം. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ വർജിക്കണം.
ആയുർവേദത്തിലെ ചില പ്രമേഹ ഒൗഷധങ്ങൾ
പച്ചനെല്ലിക്കാനീര് മഞ്ഞൾപ്പൊടി ചേർത്ത് അതിരാവിലെ കഴിക്കുക. മൂന്ന് കൂവളത്തില ചവച്ച് കഴിക്കുക. രണ്ട് വെണ്ടക്കായ് വട്ടം ചെത്തി തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാവിലെ വെണ്ടയ്ക്ക നീക്കിയശേഷം കഴിക്കുക. നിശാകതകാദി കഷായം വിധിപ്രകാരം കഴിക്കുക. ആഹാരത്തോടൊപ്പം ഉലുവ ശീലമാക്കുക. ഈ ഒൗഷധങ്ങളെല്ലാം തന്നെ ഷുഗറിന്റെ അളവിനെ കുറയ്ക്കുന്നതോടൊപ്പം പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു പാർശ്വതലങ്ങൾ ഒന്നുംതന്നെ ഇല്ല. രക്തപരിശോധന കൃത്യമായി ചെയ്യേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട് : പ്രഫ. ഡോ: വി. ശ്രീകുമാർ
സീനിയർ കൺസൾട്ടന്റ്, ആയുർവേദ ഡിപ്പാർട്മെന്റ്, സെന്റ് ജയിംസ് ഹോസ്പിറ്റൽ, ചാലക്കുടി.