മഞ്ഞളിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അനവ ധിയാണ്. മഞ്ഞൾ മരുന്നാണ്. ധാരാളം അലോപ്പതി മരുന്നുകൾ മഞ്ഞളിൽ നിന്നു തയാറാക്കുന്നുണ്ട്. മഞ്ഞൾച്ചെടി വീട്ടുമുറ്റത്തോ ഗ്രോ ബാഗിലോ ചട്ടിയിലോ നട്ടുപിടിപ്പിക്കണം. പണ്ടൊക്കെ വളർത്തു കോഴികളെ നായ ഓടിച്ചിട്ടു പിടിക്കുന്നതു പതിവായിരുന്നു. ചിലപ്പോൾ കോഴിക്കു മുറിവുപറ്റും. ഒരു കഷണം പച്ചമഞ്ഞൾ നന്നായി അരച്ചു മുറിവിൽ പുരട്ടും, കുറച്ച് വെളിച്ചെണ്ണ ചേർത്ത് അകത്തു നല്കും. അതായിരുന്നു പ്രതിവിധി. അതു നാട്ടറിവ്. അതിൽ ശാസ്ത്രമുണ്ട്. ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊളളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞൾ ഫലപ്രദം.
നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. വിവിധതരം കാൻസറുകൾ തടയാൻ മഞ്ഞൾ ഫലപ്രദമെന്നു വിവിധ പഠനങ്ങൾ പറയുന്നു. ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവയ്ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാൻ മഞ്ഞൾ സഹായകം. കാൻസർ വ്യാപനം തടയുന്നു. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദമെന്നു പഠനങ്ങളും അടിവരയിടുന്നു. മഞ്ഞൾ കോളിഫ്ളവറുമായി ചേർത്ത് ഉപയോഗിക്കുന്നതു പ്രോസ്റ്റേറ്റ് കാൻസറിനെ തടയുമെന്നു ചില പഠനങ്ങൾ പറയുന്നു.
ചർമത്തിന്റെ ആരോഗ്യത്തിനു മഞ്ഞൾ ഗുണം ചെയ്യുമെന്നു പണ്ടേ നാം തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ ഇതു ഗുണപ്രദം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ത്വക്ക് രോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. സോറിയാസിസ് പോലെ പല ചർമരോഗങ്ങളുടെയും ചികിത്സയ്ക്കു മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞളരച്ചുചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ മുഖത്തിന്റെ തിളക്കം കൂടുമത്രേ. പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും. മഞ്ഞൾപ്പൊടി തേനിൽ ചേർത്തു ദിവസവും കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം അടങ്ങിയിരിക്കുന്നു.
കരളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാൻ മഞ്ഞൾ സഹായകം. മാനസികപിരിമുറുക്കവും വിഷാദരോഗവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു. ഡിപ്രഷൻ കുറയ്ക്കാനുളള ചൈനീസ് മരുന്നുകളിൽ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. ആൽസ് ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ചില പഠനങ്ങൾ പറയുന്നു.
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണത്രേ. മുഴകൾക്കുളളിൽ പുതിയ രക്തക്കുഴലുകൾ രൂപപ്പെടുന്നതു തടയാനുളള കഴിവ്
മഞ്ഞളിനുളളതായി ചില പഠനങ്ങൾ പറയുന്നു.
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. അതുപോലെതന്നെ ഹൃദയാരോഗ്യത്തിനും മഞ്ഞൾ ശമനമേകും.
മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഉപയോഗിക്കുന്നു.
പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ സുലഭം. എന്നാൽ ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല അധികൃതർക്കുണ്ട്, ഒപ്പം, വാങ്ങുന്നവരും വില്ക്കുന്നവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.