കടുക് വറുത്തതു ചേർക്കാത്ത വിഭവങ്ങൾ നന്നേ കുറവ്. കടുകു വറുത്താൽ രുചിയേറും. പക്ഷേ, പാചകത്തിനു മലയാളികൾ കടുകെണ്ണ കാര്യമായി ഉപയോഗിക്കാറില്ല. അതിന്റെ രൂക്ഷഗന്ധമാണ് അടുക്കളയിൽനിന്ന് അതിനെ അകറ്റി നിർത്തുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവും കൂടുതൽ അളവിൽ അടങ്ങിയ പാചകഎണ്ണയാണു കടുകെണ്ണ. ഒൗഷധഗുണമുള്ള സുഗന്ധദ്രവ്യങ്ങളിലൊന്നാണ്് കടുക്.
നീർവീക്കം കുറയ്ക്കുന്നു
അവശ്യപോഷകങ്ങളായ ഇരുന്പ്, മാംഗനീസ്, കോപ്പർ തുടങ്ങിയവ കടുകിൽ ധാരാളം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഇവ സഹായകം. കടുകിൽ സെലിനിയം, മഗ്നീഷ്യം എന്നീ പോഷകങ്ങൾ ധാരാളം. ശ്വസനവ്യവസ്ഥയിലെ നീർവീക്കം കുറയ്ക്കുന്നതിനുളള
ശേഷി (anti inflammatory property) ഈ പോഷകങ്ങൾക്ക് ഉളളതിനാൽ ആസ്ത്്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും കടുകു ചേർത്ത ഭക്ഷണം സഹായകം.
നാരുകൾ ധാരാളം
പനി, നെഞ്ചിൽ കഫക്കെട്ട് എന്നിവ കുറയ്ക്കുന്നതിനും കടുക് ഗുണപ്രദം. കടുകിലുളള മഗ്നീഷ്യം മൈഗ്രേൻ കുറയ്ക്കുന്നതിനും സഹായകം. മൈഗ്രേൻ തലവേദന കുറയ്ക്കാൻ കടുകെണ്ണ പുരട്ടാം. ദഹനവും ആഹാരത്തിൽ നിന്നുളള പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്ന ഡയറ്ററി നാരുകൾ കടുകിൽ ധാരാളം.
സന്ധിവാതത്തിന് ആശ്വാസം
സന്ധിവാതം, പേശിവേദന, പുറംവേദന, നടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസമേകാൻ കടുക് സഹായകം. കടുകിലുളള സെലിനിയവും മഗ്നീഷ്യവുമാണ് അതിനു സഹായിക്കുന്നത്. വേദനയുളളിടത്ത് കടുക് അരച്ചുപുരട്ടാം. അതു പേശികളെ അയവുളളതാക്കി വേദനയിൽ നിന്ന് ആശ്വാസമേകും. കടുകെണ്ണ പുരട്ടുന്നതും ഗുണപ്രദം. റുമാറ്റിക് ആർത്രൈറ്റിസ് രോഗികൾക്ക് ആശ്വാസമേകാനും കടുക് സഹായകം.
കൊളസ്ട്രോൾ നിയന്ത്രണത്തിന്
കടുകിലുളള നിയാസിൻ (വിറ്റാമിൻ ബി3)എന്ന പോഷകം കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം.
രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടി പ്ലേക്ക് രൂപപ്പെട്ടു രക്തസഞ്ചാരം തടസപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും കടുക് സഹായകം. രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനും ഹൈപ്പർ ടെൻഷൻ(ഉയർന്ന ബിപി) സാധ്യത കുറയ്ക്കുന്നതിനും അത് ഉപകരിക്കും. ചുരുക്കത്തിൽ ഹൃദയാരോഗ്യത്തിന് കടുകെണ്ണ ഗുണപ്രദം.
കടുകെണ്ണയിൽ മോണോ അണ്സാച്ചുറേറ്റഡ് കൊഴുപ്പ്, പോളി അണ്സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ ധാരാളം. ഇവ ധമനീഭിത്തിക്കുളളിൽ അടിഞ്ഞുകൂടില്ല. അതിനാൽ എച്ച്ഡിഎൽ, എൽഡിഎൽ കൊളസ്ട്രോളുകളുടെ തോത് സംതുലനം ചെയ്തു നിർത്താൻ സഹായകം. അതു ഹൃദയരോഗസാധ്യത കുറയ്ക്കുന്നു.
കടുകെണ്ണയിലും ആൽഫ ലൈപ്പോയിക് ആസിഡ് (എഎൽഎ) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നതിനു സഹായകം. ഒരു ടീ സ്പൂണ് കടുകെണ്ണയിൽ 0.8 ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. പാചക എണ്ണ ഏതുമാകട്ടെ, മിതമായി ഉപയോഗിക്കണം.
കാൻസർ സാധ്യത കുറയ്ക്കുന്നു
കടുകിലുളള ഫൈറ്റോന്യൂട്രിയന്റുകൾ അന്നനാളത്തിലെ കാൻസർവ്യാപനത്തിന്റെ വേഗം കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
കടുകിലുളള ഗ്ലൂക്കോസിനോലേറ്റുകളും മൈറോസിനെയ്സും( glucosinolates and myrosinase)കാൻസറിനു കാരണമാകുന്ന കോശങ്ങളുടെ വളർച്ച തടയുന്നതായി പഠനങ്ങൾ.
ചർമത്തിന്റെ ആരോഗ്യത്തിന്
കറ്റാർവാഴപ്പോളയിലെ ജെല്ലും കടുക് അരച്ചതും ചേർത്തു പുരട്ടിയാൽ ചർമത്തിന് ഈർപ്പം പകരാം. ചർമത്തിലെ മാലിന്യങ്ങൾ നീക്കുന്നതിനും ചർമപോഷണത്തിനും അതു ഗുണപ്രദം. കടുകിലുളള കരോട്ടിൻ, ല്യൂട്ടിൻ, വിറ്റാമിൻ എ, സി, കെ എന്നീ പോഷകങ്ങൾക്ക് ആന്റി ഓക്സിഡൻറ് സ്വഭാവമുണ്ട്. അതു കോശങ്ങൾക്കു ഭീഷണിയായ ഫ്രീ റാഡിക്കലുകളെ തുരത്തി ചർമം സംരക്ഷിക്കുന്നു. ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. കടുകിലുളള സൾഫറിനും allyl isothiocyanate എന്ന രാസഘടകത്തിനും ഫംഗസിനെതിരേ പോരാടാനുളള ശേഷിയുണ്ട്. അതിനാൽ അണുബാധകളിൽ നിന്നു ചർമം സംരക്ഷിക്കുന്നതിനും കടുക് ചേർത്ത ഭക്ഷണം സഹായകം. ബാക്ടീരിയയ്ക്കെതിരേ പോരാടുന്നതിനുളള ശേഷിയും കടുകെണ്ണയ്ക്കുളളതായി ഗവേഷകർ.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യത്തിനും കടുക് സഹായകം. അതിലുളള ബീറ്റ കരോട്ടിനും കടുകെണ്ണയിലെ വിറ്റാമിൻ എയും മുടിവളർച്ചയ്ക്ക് ഉത്തമം. കടുകിലുളള പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഇ, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ മുടിയുടെ കരുത്തു
വർധിപ്പിക്കുന്നു; മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
കടുകിലുളള ഫോളേറ്റുകൾ, നിയാസിൻ, തയമിൻ, റൈബോഫ്ളാവിൻ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെ പോഷണപ്രവർത്തനങ്ങളുടെ വേഗംകൂട്ടുന്നു. അമിതവണ്ണം തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതു സഹായകം. നാരുകൾക്കൊപ്പം കടുകിലുളള മൂസിലേജ് (mucilage) എന്ന ഘടകവും മലബന്ധം കുറയ്ക്കുന്നതിനു സഹായകം. കടുകിന് ഉമിനീർ ഉത്പാദനം കൂട്ടാനുളള കഴിവുണ്ട്. അതു ദഹനശക്തി മെച്ചപ്പെടുത്തുന്നു. കടുകിനു ഗുണങ്ങൾ ധാരാളം. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കടുകെണ്ണ ചിലരിൽ അലർജിക്ക് കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു; ചർമത്തിൽ ചൊറിച്ചിൽ, തടിപ്പ്, പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കടുകെണ്ണയുടെ ഉപയോഗം നിർത്തണം.