1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഇവ ഉത്പാദിപ്പിക്കുന്ന ’സെബം’ എന്ന പദാർഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളിൽനിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചർമത്തിന്റെ ഉപരിതലത്തിൽ എത്താറാണു പതിവ്.
സെബത്തിന്റെ ഒഴുക്കിലുണ്ടാവുന്ന ഏതൊരു തടസവും മുഖക്കുരുവിന് കാരണമാവും. അഡ്രീനൽ ഗ്രന്ഥികൾ, ഓവറി, വൃഷണങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന ആൻഡ്രോജനുകളുടെ പ്രവർത്തനഫലമായി സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങൾക്കു കട്ടികൂടുകയും അതിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നു. മുഖക്കുരുവുള്ള വ്യക്തികളിൽ ആൻഡ്രോജനുകളുടെ അളവ് രക്തത്തിൽ കൂടുതലായിരിക്കും.
അതുമാത്രമല്ല, സെബേഷ്യസ് ഗ്രന്ഥികളിലെ ആൻഡ്രോജൻ റിസപ്റ്ററുകളുടെ എണ്ണവും കൂടുതലായിരിക്കും, അതുമല്ലെങ്കിൽ ഗ്രന്ഥികൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. അതായത് വളരെ കുറഞ്ഞ അളവിൽപ്പോലും ആൻഡ്രോജനുകൾ സെബേഷ്യസ് ഗ്രന്ഥികളെ കൂടുതലായി ഉത്തേജിപ്പിക്കും.
2. കൊഴുപ്പ് കൂടിയ ഭക്ഷണം മുഖക്കുരുവിന് കാരണമാവുമെന്ന് കേട്ടിട്ടുണ്ട്. ഇതെത്രത്തോളം ശരിയാണ്?
മുന്പ് മുഖക്കുരുവിനെപ്പറ്റി ഇത്തരം ഒരു തെറ്റിദ്ധാരണ വ്യാപകമായി നിലവിലുണ്ടായിരുന്നു. എന്നാൽ കൊഴുപ്പ് കൂടിയ ഭക്ഷണപദാർഥങ്ങൾ മുഖക്കുരുവിന് കാരണമാവുന്നില്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ മുഖക്കുരുവുള്ളവർ ഒഴിവാക്കേണ്ടതു മധുരപലഹാരങ്ങളാണ്. ഇവ ധാരാളമായി കഴിക്കുന്പോൾ നമ്മുടെ ശരീരത്തിൽ 1ജിഎഫ്-1 എന്ന രാസപദാർഥം ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വർധിപ്പിക്കുകയും മുഖക്കുരുവിന് കാരണമായിത്തീരുകയും ചെയ്യുന്നു.
3. സാധാരണയായി ടീനേജുകാർക്കിടയിലാണല്ലോ മുഖക്കുരു കണ്ടുവരുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നവജാത ശിശുക്കളിലും മുഖക്കുരു കാണപ്പെടാറുണ്ടല്ലോ? എന്താണിതിനു കാരണം?
അമ്മയുടെ രക്തത്തിലെ ഉയർന്ന അളവിലുള്ള ആൻഡ്രോജനുകൾ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നതുമൂലമാണിത്.
4. എന്താണ് ബ്ലാക്ക് ഹെഡ്സ്?
രോമകൂപങ്ങളിൽ സെബവും സെബം വഹിക്കുന്ന കുഴലുകളിലെ കോശങ്ങളും ചേർന്നു കറുത്ത നിറത്തിലുള്ള ഒരു പദാർഥം ഉണ്ടാവുന്നു. അതാണ് ബ്ലാക്ക് ഹെഡ്സ്. ഇവ ചർമത്തിന്റെ ഉപരിതലത്തിലേക്കുള്ള സെബത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും സെബേഷ്യസ് ഗ്രന്ഥിയിൽ വീക്കം വയ്ക്കുന്നതിനു കാരണവുമാവുന്നു.
5. മാസമുറയോടനുബന്ധിച്ചുള്ള മുഖക്കുരു പൊതുവേ പെണ്കുട്ടികളെ വല്ലാതെ വിഷമിപ്പിക്കുന്ന ഒന്നാണല്ലോ? എന്താണിതിന് കാരണം?
സ്ത്രീഹോർമോണുകളായ പ്രൊജസ്റ്റിറോണിന്റെ സ്വാധീനമാണിതിനു കാരണം
6. രോഗാണുക്കൾ മുഖക്കുരുവിന് എത്രമാത്രം കാരണമാവാറുണ്ട്?
രോമകൂപങ്ങളിൽ സാധാരണ കാണപ്പെടുന്ന ബാക്ടീരിയകൾ ലൈപേസ് എന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇവ സെബത്തിലെ ട്രൈഗ്ലിസറൈഡുകളെ വിഘടിപ്പിക്കുന്നു. വിഘടിച്ചുണ്ടാകുന്ന രാസപദാർഥം സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വർധിപ്പിക്കുന്നു.
7. ചൂടുകാലത്ത് മുഖക്കുരു കൂടുമെന്നു കേട്ടിട്ടുണ്ട്. എന്താണിതിനു കാരണം?
സെബം ഒഴുകുന്ന കുഴലുകളിലുള്ള കോശങ്ങൾ ജലം ആഗീരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു. തന്മൂലം സെബത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു.
8. മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ടോ?
ഓയിൽ അധിഷ്ഠിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്പോൾ അതുമൂലം രോമകൂപങ്ങളുടെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതാണു
നല്ലത്.
9. വിറ്റാമിൻ എ മുഖക്കുരുവിന്റെ ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
വിറ്റാമിൻ എയുമായി ഘടനാപരമായും ഗുണപരമായും സാദൃശ്യമുള്ള റെറ്റിനോയിഡുകളാണു മുഖക്കുരുവിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നത്. ഇവ ലേപനങ്ങളായും ഗുളികകളായും ഉപയോഗിക്കാറുണ്ട്. ഇവ ബ്ലാക്ക് ഹെഡുകളുടെ എണ്ണം കുറയ്ക്കുകയും ഗ്രന്ഥികളെ നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.
10. മുഖക്കുരുവിന് ഉള്ളിൽ മരുന്നു കഴിക്കേണ്ടിവരുന്നത് എപ്പോഴാണ്?
നീർക്കെട്ട് മൂലം മുഖത്തു പഴുപ്പുണ്ടാവുന്ന സന്ദർഭങ്ങളിൽ ആന്റിബയോട്ടിക്കുകൾ ഉള്ളിൽ കഴിക്കേണ്ടിവരും. സാധാരണഗതിയിൽ 4-6 ആഴ്ച വരെ തുടർച്ചയായി ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതായി വരാറുണ്ട്. മുഴകളുടെ രൂപത്തിൽ വരുന്ന മുഖക്കുരുവിന് റെറ്റിനോയിഡുകൾ ദീർഘകാലം ഉള്ളിൽ കഴിക്കേണ്ടതായും വരും.
11. മുഖക്കുരു ഉള്ളവർക്ക് ചെയ്യുന്ന ഒരു ചികിത്സാ രീതിയാണല്ലോ കെമിക്കൽ പീലിംഗ്. ഇതിനെക്കുറിച്ചൊന്നു വിശദമാക്കാമോ?
ചില പ്രത്യേകതരം രാസപദാർഥങ്ങൾ ഉയർന്ന വീര്യത്തിൽ ഒരു ചെറിയ സമയത്തേക്ക് പുരട്ടി, ചർമോപരിതലത്തിലുള്ള കോശങ്ങളെ നശിപ്പിക്കുകയും പുതിയ ചർമകോശങ്ങൾ വളരാനനുവദിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കെമിക്കൽ പീലിംഗ്. ഗ്ലൈക്കോളിക് ആസിഡ്, ലാക്ട്രിക് ആസിഡ്, സാലിസിലിക് ആസിഡ് തുടങ്ങിയ രാസപദാർഥങ്ങളാണ് ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.
12. ഹോർമോണൽ തെറാപ്പി മുഖക്കുരു ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
ഈസ്ട്രോജൻ, സൈപ്രോടിറോണ് അസറ്റേറ്റ് മുതലായ ഹോർമോണുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
13. ചില മരുന്നുകൾ മുഖക്കുരു ഉണ്ടാക്കുമെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണവ?
ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡുകൾ, ഐഎൻഎച്ച്, ലിതിയം, ഫെനിറ്റോപ്പിയിൻ, ഡൈസൾഫിറാം, തയോയുറാസിൻ മുതലായ മരുന്നുകളുടെ ഉപയോഗം നിമിത്തം മുഖക്കുരു ഉണ്ടാവാറുണ്ട്.
14. മുഖക്കുരു വന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണല്ലോ പാടുകൾ. പാടുകൾ ഇല്ലാതാക്കാൻ എന്തൊക്കെ ചികിത്സാ മാർഗങ്ങൾ നിലവിലുണ്ട്.
പാടുകൾ ഇല്ലാതാക്കാൻ ഡെർമാബ്രേഷൻ, ലേസർ തെറാപ്പി, കൊളാജൻ ഇൻജക്ഷൻ എന്നീ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299