നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാതുക്കളും - ഒന്നുചേർന്ന് കാണണമെങ്കിൽ വീട്ടുതൊടിയിലെ മുരിങ്ങയിലയെ അടുത്തറിയണം.
പ്രോട്ടീൻ സന്പന്നം
പ്രോട്ടീനുകൾ കൊണ്ടാണ് ശരീരം നിർമിച്ചിരിക്കുന്നത്. പ്രോട്ടീനുകൾ രൂപപ്പെടുന്നത് അമിനോ ആസിഡിൽ നിന്നും. സാധാരണഗതിയിൽ മുട്ട, പാൽ, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങൾ. അപ്പോൾ സസ്യാഹാരം കഴിക്കുന്നവർ
എന്തു ചെയ്യും? അവർക്കു മുരിങ്ങയില കഴിക്കാം. ഇതിൽ പ്രോട്ടീൻ കടലോളം. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീൻ ഇതിലുണ്ട്.
വിറ്റാമിൻ സി
ഓറഞ്ചിൽ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിൻ സി മുരിങ്ങയിലയിലുണ്ട്.രോഗങ്ങളെ അടിച്ചോടിക്കാനുളള ആയുധമാണ് വിറ്റാമിൻ സി. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാൽ പ്രതിരോധവും ഭദ്രം.
മുരിങ്ങയില കറിവയ്ക്കാം
മുരിങ്ങയില അടർത്തി പൊടിയും പൊട്ടുമൊക്കെ തിരിഞ്ഞു മാറ്റുക. പിന്നെ കടുവറുത്ത് ഇല അതിലിട്ടിളക്കി വഴറ്റിയെടുക്കണം. അതിന്റെ പച്ചചുവ മാറി വരുന്നതു വരെ ഇളക്കിക്കൊടുക്കണം.
പാത്രത്തിന്റെ അടിയിൽ പിടിക്കാതിരിക്കാനും ഇലകൾ ഒന്നുചേർന്നു കട്ടയാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇല വയട്ടിയതു പാകമാകുന്പോൾ തേങ്ങ ചിരകിയത്്, വെളുത്തുളളി, ജീരകം, മുളക് എന്നിവ ചേർത്ത് അരച്ചത് അതിലേക്കു ചേർത്തിളക്കുക. ആവശ്യത്തിനു വെളളവും ഉപ്പും ചേർക്കുക. തിളയ്ക്കുന്നതു വരെ കാത്തു നില്ക്കേണ്ട. പതഞ്ഞു വരുന്പോൾ വാങ്ങി വയ്ക്കണം. അതാണു പരുവം. മുരിങ്ങയിലക്കറി റെഡി. രുചികരം, പോഷകസന്പന്നം, ആരോഗ്യദായകം.
കാൽസ്യത്തിന്റെ കലവറ
എല്ലുകളുടെയും പല്ലുകളുടെയും കരുത്തിനു കാൽസ്യം അവശ്യം. വീട്ടുപറന്പിൽ മുരിങ്ങയുളളപ്പോൾ എന്തിനാണു ഗുളിക? മുരിങ്ങയില കാൽസ്യത്തിന്റെ കലവറയാണ്. പാലിലുളളതിന്റെ നാലിരട്ടി കാൽസ്യം മുരിങ്ങയിലയിലുണ്ട്്്.
പൊട്ടാസ്യം വേണ്ടുവോളം
ഏത്തപ്പഴത്തിൽ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികൾ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. ഉയർന്ന ബിപി, സ്ട്രോക്ക് എന്നിവ തടയാൻ സഹായകം.
വിറ്റാമിൻ എ
കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിൻ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചർമം, ഹൃദയം എന്നിവയെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വിറ്റാമിൻ എ സഹായകം.
ഓട്സിലും ചേർക്കാം - ഓട്സ് കാച്ചുന്പോൾ അതിലും ഒരു പിടി മുരിങ്ങയില ചേർക്കാം. ഗോതന്പുപൊടി കുഴച്ച് അപ്പമുണ്ടാക്കുന്പോൾ അതിൽ തേങ്ങ ചിരകിയത്, ഉളളി, ഇഞ്ചി, കറിവേപ്പില എന്നിവയ്ക്കൊപ്പം അല്പം മുരിങ്ങയില കൂടി ചേർത്ത് ആരോഗ്യദായകമാക്കാം.
മുരിങ്ങയില തോരൻ വയ്ക്കാം
കടുവറുക്കുക. മുരിങ്ങയില അതിലിട്ട് നന്നായി ഇളക്കിക്കൊടുക്കണം. തുടർച്ചയായി ഇളക്കിയില്ലെങ്കിൽ തോരൻ പാത്രത്തിന്റെ അടിക്കു പിടിക്കാനും തോരൻ കട്ടകളായി രൂപപ്പെടാനും സാധ്യത ഏറെയാണ്. ഇലയുടെ പച്ചചുവ മാറിക്കിട്ടിയാൽ തേങ്ങ ചിരകിയത്്, വെളുത്തുളളി, ജീരകം, മുളക് എന്നിവ ചേർത്ത് അരച്ചെടുത്തതു ചേർത്ത് ഇളക്കിക്കൊടുക്കണം. തോരനാക്കുന്പോൾ അതിനൊപ്പം ചെറുപയർ വേവിച്ചതു കൂടി ചേർത്താൽ കയ്പ്പു കുറയും. മറ്റു പച്ചക്കറികൾ ചേർക്കുന്നതും നന്ന്. കാരറ്റും ചക്കയുടെ സീസണിൽ ചക്കക്കുരുവും വേവിച്ചു ചേർക്കുന്നതു കയ്പു കുറയ്ക്കാനും രുചി കൂട്ടാനും സഹായകം.
മൾട്ടിവിറ്റാമിൻ ചെടി!
മൾട്ടിവിറ്റാമിൻ ഗുളികകൾക്കു പിന്നാലെ പായുന്നവർ സ്വന്തം പറന്പിൽ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിൻ എ, ബി1, ബി2, ബി3, സി, കാൽസ്യം, ക്രോമിയം, കോപ്പർ, നാരുകൾ, ഇരുന്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ, സിങ്ക് എന്നിവയുടെ അക്ഷയപാത്രമായ മുരിങ്ങയിലയെ മൾട്ടിവിറ്റാമിൻ ഇല എന്നല്ലാതെ എന്താണു വിളിക്കേണ്ടത്!