ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ഒൗഷധസസ്യമാണു മാതളം. ഇതിന്റെ ഫലമാണു മാതളനാരങ്ങ. ഹിന്ദിയിൽ അനാർ എന്നു പേര്. രുചികരം; പോഷകസമൃദ്ധം. ആന്റി ഓക്സിഡൻറുകളുടെ കലവറ.
ഹീമോഗ്ലോബിൻ വർധിക്കാൻ
കാൻസർ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവർ പതിവായി മാതളനാരങ്ങ കഴിക്കുന്നതു ഗുണപ്രദം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായതോതിൽ(നോർമൽ) നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അദ്്ഭുതകരമായ സിദ്ധിയുണ്ട്. ഹീമോഗ്ലോബിന്റെ തോതു കൂട്ടാനും സഹായകം. രക്താണുക്കളുടെ എണ്ണം നോർമൽ ആണെങ്കിൽ മാത്രമേ കീമോചികിത്സ സാധ്യമാകൂ.
പ്രതിരോധശക്തിക്ക്
വിലമതിക്കാനാകാത്ത ഗുണങ്ങളുള്ള ഫലമാണു മാതളനാരങ്ങ. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിർത്തും. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തി വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.
കാൻസർസാധ്യത കുറയ്ക്കാൻ
വിവിധതരം കാൻസറുകളെ തടയാൻ മാതള നാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. അതിലുളള ആന്റിഓക്സിഡൻറുകൾ കാൻസർവ്യാപനം തടയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശ കാൻസർ എന്നിവയെ തടയും. കാൻസർകോശങ്ങൾ രൂപപ്പെടുന്നതും തടയുന്നു. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാക്കി കഴിക്കുന്നതാണെന്നും ചില പഠനങ്ങൾ പറയുന്നു.
വിളർച്ച തടയാൻ
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുന്പ് അനീമിയ അഥവാ വിളർച്ച അകറ്റാൻ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം. (രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളർച്ചയുളളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നു. വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല. കടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു.)
എല്ലുകളുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകർ പറയുന്നു.
ഓസ്റ്റിയോ പൊറോസിസ് തടയുന്നു. (എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് പലപ്പോഴും ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ, നടുവ്, കാൽമുട്ട്... ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടട്ടേക്കോം. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. 50 വയസിനു മേൽ പ്രായമുളള സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസിനുളള സാധ്യത കൂടുതൽ.)
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. ഗ്രീൻ ടീയിൽ ഉളളതിലും കൂടുതൽ ആന്റി ഓക്സിഡന്റുകളും പോളിഫീനോളുകളും ഒരു ഗ്ലാസ് മാതളനാരങ്ങാ ജ്യൂസിൽ ഉണ്ട്.
രക്തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ആർട്ടീരിയോ സ്ളീറോസിസ് സാധ്യത കുറയ്ക്കുന്നു. ബിപി ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. മാതളജ്യൂസിലെ ഫ്രക്റ്റോസ് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടില്ലെന്നു പഠനങ്ങൾ പറയുന്നു. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം.
കൊളസ്ട്രോൾ നിയന്ത്രണം
മാതളനാരങ്ങാജ്യൂസ് പതിവായി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാമെന്നു വിദഗ്ധർ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടാം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ അളവു കുറയ്ക്കാം.
ആൽസ്ഹൈമേഴ്സ്, പൈൽസ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നു. ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം.
കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളനാരങ്ങാജ്യൂസ് ഫലപ്രദം.
ദഹനം മെച്ചപ്പെടുത്തുന്നു
നാരുകൾ, വിറ്റാമിൻ എ, സി, ഇ, ബി5, ബി3, ഇരുന്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം, നിയാസിൻ, തയമിൻ, റൈബോഫ്ളാവിൻ, ആന്തോസയാനിൻ തുടങ്ങി എത്രയെത്ര പോഷകങ്ങളുടെ ബാങ്കാണു മാതളനാരങ്ങ. വിറ്റാമിൻ സി ധാരാളം. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. നാരുകളും ധാരാളം. മാതളത്തിലെ നാരുകൾ മലബന്ധം ഒഴിവാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. മറ്റു പോഷകങ്ങൾ ഏറെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുന്നതിനും സഹായകം.
സ്ട്രസ് കുറയ്ക്കുന്നതിന്
സ്ട്രസ് കുറയ്ക്കുന്നതിനും മാതളനാരങ്ങ സഹായിക്കുമെന്നു ചില പഠനങ്ങൾ പറയുന്നു. സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്റെ തോതു കുറയ്ക്കുന്നതിനു മാതളജ്യൂസിനു കഴിയുമെന്നു ഗവേഷകർ. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല. അതിലുളള ആന്റി ഓക്സിഡന്റുകൾ ചർകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ചർമത്തിന്റെ തിളക്കം കൂട്ടുന്നു. മുടികൊഴിച്ചിൽ തടയുന്നതിനും ഗുണപ്രദം.