കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇളനീരിൽ(കരിക്കിൻവെള്ളം) പഞ്ചസാരയും സോഡിയവും കുറവ്. എന്നാൽ പൊട്ടാസ്യവും കാൽസ്യവും ധാരാളം. ആരോഗ്യപാനീയം. ഉൗർജദായകം. ഏതു പ്രായത്തിലുളളവർക്കും കഴിക്കാം. കൊളസ്ട്രോളും കൊഴുപ്പുമില്ല. നിർജലീകരണം തടയുന്നതിനാൽ വയറിളക്കം, പനി എന്നിവ മൂലം ക്ഷീണം അനുഭവപ്പെടുന്നവർക്ക് ഉത്തമപാനീയം.
ശരീരത്തിൽ ജലാംശം കൂട്ടുന്നു. അതിലടങ്ങിയ ഇലക്ട്രോളൈറ്റുകൾ ക്ഷീണമകറ്റുന്നു. ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ഇളനീരിലുണ്ട്. ഇളനീരിലുളള ഇലക്ട്രോളൈറ്റുകൾ നാഡിവ്യവസ്ഥയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിനും സഹായകം.
പൊട്ടാസ്യം സന്പന്നം...
ഒരു കപ്പ് ഇളനീരിൽ ഏകദേശം 295 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. ഒരു ഏത്തപ്പഴത്തിലുളളതിലും കൂടുതലാണിത്. പേശികളുടെ പ്രവർത്തനം, ഹൃദയമിടിപ്പിന്റെ തോത് എന്നിവ നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യത്തിനു നിർണായകപങ്കുണ്ട്. പേശികളുടെ വലിയൽ- muscle cramps- തടയുന്നതിനും പൊട്ടാസ്യം സഹായകം.
വൃക്കയിലെ കല്ലുകൾ അലിയിച്ചുകളയുന്നതിനു പൊട്ടാസ്യത്തിന്റെ ആൽക്കലൈൻ സ്വഭാവം സഹായകം. ഇളനീർ ശീലമാക്കുന്നത് മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ഇളനീരിനു ഡൈയൂറിറ്റിക് സ്വഭാവമുളളതിനാൽ മൂത്രവിസർജനം ത്വരിതപ്പെടുത്തുന്നു.
ചെറുപ്പം നിലനിർത്തുന്നതിന്...
ഇളനീരിലുളള സൈറ്റോകിനിൻസ് എന്ന ഹോർമോണ് ശരീരകോശങ്ങളുടെ നാശം തടയുന്നു. അവയുടെ ചെറുപ്പം നിലനിർത്തുന്നു.
ഇളനീരിൽ അടങ്ങിയ സൈറ്റോകൈൻസ്, ല്യൂറിക് ആസിഡ് എന്നീ പോഷകങ്ങൾ ചർമകോശങ്ങളുടെ വളർച്ച, ആരോഗ്യം എന്നിവയ്ക്കു സഹായകം. വേനൽക്കാലത്തും മഞ്ഞുകാലത്തും ചർമത്തിൽ പുരട്ടാം; ഈർപ്പം നിലനിർത്തുന്നതിനു സഹായകം. ചർമത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. ചർമത്തിന്റെ ഓയ്ലി (എണ്ണമയമുളള) സ്വഭാവം കുറയ്ക്കുന്നതിനും സഹായകം.
ചർമകോശങ്ങൾക്കു മതിയായ തോതിൽ ഓക്സിജൻ കിട്ടാതെയാകുന്പോഴാണ് അവയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത്.
രക്തത്തിലെ ഹീമോഗ്ലോബിനാണ് എല്ലാ ചർമകോശങ്ങളിലും ഓക്സിജൻ എത്തിക്കുന്നത്. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് ഇളനീർ സഹായകം. രക്തസഞ്ചാരം മെച്ചപ്പെടുന്പോൾ എല്ലാ ചർമകോശങ്ങളിലും മതിയായ തോതിൽ ഓക്സിജൻ ലഭ്യമാകുന്നു; ചർമാരോഗ്യം മെച്ചപ്പെടുന്നു.
ഇളനീരിലെ സൈറ്റോകൈൻസ് ചർമത്തിന്റെ സ്വഭാവിക സൗന്ദര്യം നിലനിർത്തുന്നു. പ്രായം, അന്തരീക്ഷമലിനീകരണം എന്നിവയെ അതിജീവിച്ച് ചർമത്തിനു സ്വാഭാവിക തിളക്കവും ആരോഗ്യവും നിലനിർത്താനാകുന്നു. അതിനാൽ പതിവായി ഇളനീർ കുടിക്കുന്നതു സൗന്ദര്യസംരക്ഷണത്തിന് ഉത്തമം.
അണുബാധ തടയുന്നു
ഇളനീരിന് ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടാനുളള കഴിവുണ്ട്. ചർമത്തെ വിവിധതരം അണുബാധകളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കുന്നു. അതിനാൽ ചർമത്തിൽ നേരിട്ടു പുരട്ടാം. കുളിക്കാനുളള വെളളത്തിൽ ചേർക്കാം.
ഇളനീരിലെ പോഷകങ്ങൾ
ഫോളിക്കാസിഡ്, ഫോസ്ഫേറ്റെയ്സ്, കാറ്റലെയ്സ്, ഡിഹൈഡ്രോജെനേസ്, ഡയാറ്റെയ്സ് തുടങ്ങിയ ബയോ ആക്ടീവ് എൻസൈമുകൾ, വിറ്റാമിനുകൾ, ഫൈറ്റോന്യൂട്രിയൻറുകൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ ഇളനീരിൽ ഇഷ്ടംപോലെ. ഇളനീരിലെ എൻസൈമുകൾ ദഹനം വേഗത്തിലാക്കുന്നു.
പഞ്ചസാരയുടെയും ഇലക്ട്രോളൈറ്റുകളുടെയും രൂപത്തിലുളള എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റാണ് ഇളനീരിലുളളത്. ഓറഞ്ചിലുളളതിലുമധികം കാൽസ്യം, സിങ്ക്, മാംഗനീസ് എന്നിവ ഇളനീരിലുണ്ട്. വിറ്റാമിൻ ബിയും ധാരാളം.
ഹൃദയാരോഗ്യത്തിന്
ഇളനീരിലുളള പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ഉയർന്നരക്തസമ്മർദം(ബിപി) കുറയ്ക്കുന്നതിനു സഹായകം. രക്തസഞ്ചാരം സുഗമമാക്കുന്നു.
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതു തടയുന്നു. രക്തസഞ്ചാരം സുഗമമാക്കുന്നു. ആർട്ടീരിയോ സ്ളീറോസിസ് സാധ്യത കുറയ്ക്കുന്നു. നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കൂട്ടുന്നു. പ്രമേഹം നിയന്ത്രിതമാക്കുന്നു.
അമിതഭാരം കുറയ്ക്കുന്നതിന്
പ്രഭാതങ്ങളിൽ പതിവായി ഇളനീർ കുടിക്കുന്നത് അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. നെഞ്ചെരിച്ചിൽ, മലബന്ധം എന്നിവ കുറയ്ക്കുന്നതിനും ഗുണപ്രദം. ഇളനീരിൽ കാൽസ്യം ധാരാളമുണ്ട്. ഇത് എല്ലുകളുടെയും പേശികളുടെയും കോശസമൂഹങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകം.
ആന്റിഓക്സിഡന്റുകൾ
ഇളനീരിലെ മിക്ക പോഷകങ്ങളും ആന്റി ഓക്സിഡൻറുകളാണ്. ഇവ കാൻസർസാധ്യത കുറയ്ക്കുന്നു. ചർമത്തിനു നാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ നീക്കുന്നു.രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വിവിധതരം സ്ട്രസുകളുടെ(മാനസികസമ്മർദം) ഫലമായും ചർമകോശങ്ങളിൽ ഫ്രീ റാഡിക്കലുകൾ ഉണ്ടാകുന്നു. വൈകാരികസമ്മർദം നേരിടുന്പോൾ ചർമത്തിലേക്കുളള രക്തസഞ്ചാരം കുറയുന്നു. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. ഇളനിരിലെ ആന്റി ഓക്സിഡൻറുകൾക്ക് ഇത്തരം ഫ്രീ റാഡിക്കലുകളെ നീക്കാനുളള ശേഷിയുണ്ട്.
ആൻറി ഓക്സിഡൻറുകൾ കൈകാലുകളിൽ നീരുണ്ടാകുന്നതു തടയുന്നു. ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കുന്നതിനും സഹായകം. ആൻറി ബയോട്ടിക്, സൾഫ മരുന്നുകളുടെ വിഷസ്വഭാവം തരണം ചെയ്യുന്നതിനും സഹായകം. രോഗങ്ങൾക്കു ചികിത്സ തേടുന്നവർ ഇളനീർ ശീലമാക്കുന്നത് ഉത്തമം. കരിക്കിൻവെളളത്തിലുളള വിറ്റാമിൻ ബിയുടെ വകഭേദങ്ങളായ റൈബോഫ്ലാവിൻ, തയമിൻ, പാന്റോതെനിക് ആസിഡ് എന്നിവ മാനസിക സർദം, അമിതമായ ഉത്കണ്ഠ, ഡിപ്രഷൻ എന്നിവ കുറയ്ക്കുന്നതിനു ഫലപ്രദം.
പതിവായി ഇളനീർ കുടിക്കുന്നത് ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിനു സഹായകം. അത് അണുബാധകളിൽ നിന്നു സംരക്ഷണം നല്കുന്നു. ഗർഭിണികളുടെ നെഞ്ചെരിച്ചിലും അസിഡിറ്റിയും കുറയ്ക്കുന്നതിനു സഹായകം.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യസംരക്ഷണത്തിനും ഇളനീർ ഗുണപ്രദം. മുടികൊഴിച്ചിൽ കുറയ്ക്കുന്നു. മുടി പൊട്ടുന്നതു തടയുന്നു. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടിവളർച്ച മെച്ചപ്പെടുത്തുന്നു. ഇളനീരിലുളള വിറ്റാമിൻ കെ, ഇരുന്പ് എന്നീ പോഷകങ്ങൾ മുടിയുടെ തിളക്കവും മൃദുലതയും മെച്ചപ്പെടുത്തുന്നു.