വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം(custard apple) പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ധാരാളം ഉൗർജമടങ്ങിയ ഫലം. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. മധുരം കൂടുതലായതിനാൽ ശരീരത്തിെൻറ മെറ്റബോളിക് നിരക്ക് (നാം കഴിക്കുന്ന ആഹാരം ദഹിച്ച് പോഷകങ്ങൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്ന പ്രവർത്തനമാണ് മെറ്റബോളിസം.) കൂട്ടുന്നു. വിശപ്പുണ്ടാക്കുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനിടയാകുന്നു. മെലിഞ്ഞവർ തടികൂട്ടാൻ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദം.
ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം, പക്ഷേ, കുരു കഴിക്കരുത്; ആരോഗ്യത്തിനു നന്നല്ല. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം.
ആന്റി ഓക്സിഡന്റ് സമൃദ്ധം
വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. സീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. അവയിലുളള അസെറ്റോജെനിന്, ആൽക്ക ലോയ്ഡുകൾ എന്നിവ ആരോഗ്യമുളള കോശങ്ങൾക്കു കേടുവരുത്താതെ കാൻസർകോശങ്ങളെ മാത്രം നശിപ്പിക്കുന്നു. അതിലുള്ള ആന്റി ഓക്സിഡന്റുകളും കാൻസറിനെതിരേ പോരാടുന്നു. ശരീരകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ ഇവ നിർവീര്യമാക്കുന്നു.
സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. ഇതു കാഴ്ചശക്തി മെച്ചമോടെ നിലനിർത്തുന്നതിനും സഹായകം.
സീതപ്പഴത്തിൽ നാരുകൾ ധാരാളം. അതു കുടലുകൾക്കു സംരക്ഷണം നല്കുന്നു. വിഷമാലിന്യങ്ങൾ കുടലിൽ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടൽ, കരൾ എന്നിവയെ സംരക്ഷിക്കുന്നു. സ്തനാർബുദത്തിൽ നിന്നു സംരക്ഷണം നല്കുന്നു.
ഹൃദയാരോഗ്യത്തിനു സീതപ്പഴം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിത നിലയിലാണ്. അത് രക്തസമ്മർദ വ്യതിയാനങ്ങൾ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ഹൃദയ പേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാതം, സ്ട്രോക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
സീതപ്പഴത്തിലുളള നാരുകളും നിയാസിൻ എന്ന ആന്റിഓക്സിഡൻറും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ(എച്ച്ഡിഎൽ) കൂട്ടുന്നതിനും സഹായകം. കുടലിൽ നിന്നു കൊളസ്ട്രോൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും സഹായകം. ശരീരത്തിലേക്കു ഷുഗർ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു സീതപ്പഴത്തിലെ നാരുകൾ ഗുണപ്രദം. ഇതു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാൽ മധുരം ഏറെയായതിനാൽ പ്രമേഹബാധിതർ സീതപ്പഴം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തിൽ കുടുംബ ഡോക്ടർ, ഡയറ്റീഷൻ എന്നിവരുടെ നിർദേശം സ്വീകരിക്കാവുന്നതാണ്.
പ്രായമായവരുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയ മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. പേശികളുടെ തളർച്ച കുറയ്ക്കുന്നതിനു സഹായകം. സീതപ്പഴത്തിലുളള കാൽസ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.
ആമാശയത്തിന്റെ ആരോഗ്യത്തിന്
ദഹനക്കേടു മൂലമുളള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. കുടലിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തിൽ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകൾ സഹായകം. ബി കോപ്ലക്സ് വിറ്റാമിനുകൾ സീതപ്പഴത്തിൽ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാൽ സ്ട്രസ്, ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയ മാനസിക വിഷമതകൾ കുറയ്ക്കുന്നതിനു സഹായകം. പാർക്കിൻസണ്സ് രോഗ സാധ്യത കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.
സ്ത്രീകളുടെ ആരോഗ്യജീവിതത്തിന്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ചയിൽ നിന്നു സംരക്ഷിക്കുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.
ഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗർഭകാലത്തുണ്ടാകുന്ന മനംപിരട്ടൽ, ഛർദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം.
മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം.
ചർമസംരക്ഷണത്തിന്
സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം. സീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തികത കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു തടയുന്നു. യുവത്വം നിലനിർത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളിൽ നിന്നു ചർമം സംരക്ഷിക്കുന്നു. പുതിയ ചർമകോശങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്സിഡന്റുകൾ സഹായകം.
മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേർത്തു കുഴന്പുരൂപത്തിലാക്കി ആഴ്ചയിൽ മൂന്നുതവണ മുഖത്തു പുരുക. മുഖക്കുരുവിന്റെ ആക്രമണം കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ സ്വഭാവഗുണവും ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ തടയുന്നു: