ഇന്ത്യൻ താരങ്ങളെ ആക്രമിച്ച് ഓസീസ് മാധ്യമങ്ങൾ
മെൽബണ്: ഓസ്ട്രേലിയൻ പര്യടനം എക്കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കഠിനമാണ്. അതു കളത്തിലും കളത്തിനു പുറത്തും... മങ്കി ഗേറ്റ്, സ്ലെഡ്ജിംഗ് എന്നു തുടങ്ങി ഇന്ത്യക്കാരെ ആക്രമിക്കാൻ എവിടെ അവസരം ലഭിച്ചാലും ഓസ്ട്രേലിയക്കാർ അതു കൃത്യമായി ഉപയോഗിക്കുമെന്നതു ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്.
ടീം ഇന്ത്യയുടെ ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിലും അതിനു മാറ്റമില്ല. കഴിഞ്ഞ ദിവസം തന്റെ കുട്ടികളുടെ വീഡിയോ അനുവാദമില്ലാതെ എടുത്തതിനു വിരാട് കോഹ്ലി മെൽബണ് വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകയോട് തട്ടിക്കയറിയിരുന്നു.
കുട്ടികളുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജുകളിൽപോലും പങ്കുവയ്ക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ് കോഹ്ലി എന്നതാണ് വാസ്തവം. കോഹ്ലിയുടെ മക്കളുടെ വീഡിയോ വിവാദത്തിനു പിന്നാലെ, രവീന്ദ്ര ജഡേജയുടെ ഹിന്ദി വിവാദം തലപൊക്കി.
ജഡേജയുടെ ഹിന്ദി
രവീന്ദ്ര ജഡേജ പത്രസമ്മേളനത്തിൽ ഹിന്ദിയിൽ മാത്രമാണ് മറുപടി നൽകിയതെന്നും ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചില്ലെന്നുമാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആക്ഷേപിച്ചത്. ഇംഗ്ലീഷ് മറുപടി നൽകാൻ ജഡേജ വിസമ്മതിച്ചെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആരോപിച്ചു. ക്ഷണം സ്വീകരിച്ചാണ് മെൽബണിൽ ജഡേജയുടെ പത്രസമ്മേളനത്തിന് എത്തിയതെന്നും ഇംഗ്ലീഷിൽ മറുപടി നൽകാതെ അപമാനിച്ചു വിട്ടെന്നുമായിരുന്നു ഓസീസ് മാധ്യമങ്ങളുടെ ആരോപണം.
യാഥാർഥ്യം ഇങ്ങനെ രവീന്ദ്ര ജഡേജയുടെ പത്രസമ്മേളനത്തിനെത്തിയത് ക്ഷണിക്കപ്പെട്ടാണെന്ന ഓസ്ട്രേലിയൻ മാധ്യമ റിപ്പോർട്ട് തെറ്റാണെന്നാണ് ടീം ഇന്ത്യൻ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഓസ്ട്രേലിയയിൽ എത്തിച്ചേർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ജഡേജയുടെ പത്രസമ്മേളനത്തെക്കുറിച്ചുള്ള അറിയിപ്പ് എത്തിയത്. എന്നാൽ, ഗ്രൂപ്പിലുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പ്രതിനിധികൾ അത് ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകർക്കു ഫോർവേഡ് ചെയ്യുകയായിരുന്നു.
ഹിന്ദിയിൽ മാത്രമാണ് ജഡേജ മറുപടി നൽകിയതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം. ജഡേജയ്ക്കു മുന്നിലെത്തിയ ചോദ്യങ്ങളെല്ലാം ഹിന്ദിയിലായിരുന്നതിനാലായിരുന്നു മറുപടിയും ഹിന്ദിയിൽ നൽകിയത്.
ടീം ബസ് എത്തിയതിനാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സാധിക്കില്ല എന്നതായിരുന്നു മറ്റൊരു ആരോപണം. ടീം ബസിനെക്കുറിച്ച് ജഡേജ ഒരു പരാമർശവും നടത്തിയില്ല. ഇന്ത്യൻ ടീമിനൊപ്പം ട്രാവൽ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കു മാത്രമുള്ള മുഖാമുഖമാണെന്ന് അധികൃതർ അറിയിച്ചെങ്കിലും അതു തമസ്കരിച്ചാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആക്രമണം അഴിച്ചുവിട്ടത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ നാലാം മത്സരം ഡിസംബർ 26ന് മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആദ്യ മൂന്നു ടെസ്റ്റ് പൂർത്തിയായപ്പോൾ ഓരോ ജയം വീതം നേടി ഇന്ത്യയും ഓസ്ട്രേലിയയും 1-1 സമനിലയിലാണ്.
സന്തോഷ് ട്രോഫിയിൽ കേരളം ഇന്നു ഡൽഹിക്കെതിരേ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിലെ നാലാം മത്സരത്തിനു കേരളം ഇന്നു ഡൽഹിക്കെതിരേ ഇറങ്ങും. ഡക്കാർ അരീനയിൽ രാത്രി 7.30നാണ് ഇന്ത്യ x ഡൽഹി പോരാട്ടം.
ഗ്രൂപ്പ് ബിയിൽനിന്ന് ഇന്ത്യ ഇതിനോടകം ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചതാണ്. നിലവിൽ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ കേരളം ഗ്രൂപ്പ് ബിയിൽ ഒന്പതു പോയിന്റ് സ്വന്തമാക്കി.
ഡൽഹിക്ക് മൂന്നു മത്സരങ്ങളിൽ ആറ് പോയിന്റുണ്ട്. ക്വാർട്ടറിലേക്കുള്ള വഴിയിലാണ് ഡൽഹി. നാലു പോയിന്റുള്ള മേഘാലയയാണ് മൂന്നാം സ്ഥാനത്ത്. ഗോവ, ഒഡീഷ ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. നിലവിൽ കേരളം മാത്രമാണ് ബി ഗ്രൂപ്പിൽനിന്ന് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
ലക്ഷ്യം നാലാം ജയം
ഗോവയെ 3-4നു കീഴടക്കിയാണ് കേരളം 78-ാമതു സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടത്തിനു തുടക്കമിട്ടത്. മേഘാലയയ്ക്കും (1-0) ഒഡീഷയ്ക്കും (2-0) എതിരേ ഗോൾ വഴങ്ങാതെ കേരളം ജയിച്ചു കയറി. തുടർച്ചയായ നാലാം ജയമാണ് ബിബി തോമസിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന കേരളത്തിന്റെ ലക്ഷ്യം. 24നു തമിഴ്നാടിന് എതിരേയാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ അവസാന മത്സരം.
സർവീസസ് ക്വാർട്ടറിൽ
നിലവിലെ ചാന്പ്യന്മാരായ സർവീസസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ സർവീസസ് 2-0നു രാജസ്ഥാനെ കീഴടക്കി.
ഇതോടെ നാലു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു തോൽവിയുമായി ഒന്പത് പോയിന്റ് നേടിയാണ് സർവീസസ് ക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കിയത്. എ ഗ്രൂപ്പിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജമ്മു കാഷ്മീർ 3-0നു തെലുങ്കാനയെ തോൽപ്പിച്ചു.
സർവീസസിനു പിന്നാലെ ഗ്രൂപ്പ് എയിൽനിന്ന് വെസ്റ്റ് ബംഗാൾ, മണിപ്പുർ ടീമുകളും ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.
ചരിത്ര കപ്പിന് ഇന്ത്യ
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ചരിത്രം കുറിക്കാൻ ഇന്ത്യൻ കൗമാരസംഘം ഇന്നു ബംഗ്ലാദേശിനെതിരേ.
ഇന്ത്യൻ സമയം രാവിലെ ഏഴിനാണ് ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ പോരാട്ടം. സൂപ്പർ ഫോറിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
സൂപ്പർ ഫോറിൽ രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും കിരീട പോരാട്ടത്തിനു ടിക്കറ്റെടുത്തു.
കോട്ടയം: ഓൾ ഇന്ത്യ അന്തർ സർവകലാശാല പുരുഷ-വനിതാ 3x3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് 27 മുതൽ 31വരെ കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക്സ് കോളജ് ആതിഥേയത്വം വഹിക്കും.
ദേശീയ അന്തർ സർവകലാശാലാ മത്സരങ്ങളിൽ ആദ്യമായാണ് 3x3 ബാസ്കറ്റ് ഉൾപ്പെടുത്തുന്നത്.
വിശ്വേശ്വര, അണ്ണാ പ്രീക്വാർട്ടറിൽ
ചങ്ങനാശേരി: സൗത്ത് സോണ് ഇന്റർ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പൽ വിശ്വേശ്വര, അണ്ണാ സർവകലാശാലകൾ പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. വിശ്വേശ്വര ബെൽഗാവ് 62-64നു കേരള സർവകലാശാലയെ തോൽപ്പിച്ചു.
അണ്ണാ സർവകലാശാല 58-55നു ഭാരതിയാറിനെ കീഴടക്കി. തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് 67-66നു ചെന്നൈ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരു സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയെയും (52-16) എപിജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റി തിരുവനന്തപുരം അണ്ണാമലൈ യൂണിവേഴ്സിറ്റിയെയും (46-17) ഒസ്മാനിയ യൂണിവേഴ്സിറ്റി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെയും (45-7) പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ ഇടം നേടി.
ആതിഥേയരായ എംജി സർവകലാശാല 49-7നു ജഐൻടിയു കാക്കിനടയെ കീഴടക്കി.
കേരള ബ്ലാസ്റ്റേഴ്സ് രാത്രി 7.30നു മുഹമ്മദന് എതിരേ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ.
മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് മിഖായേൽ സ്റ്റാറെയെ പുറത്താക്കിയശേഷം കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്ന ആദ്യ മത്സരമാണ്. കോൽക്കത്തൻ പാരന്പര്യ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് ഇന്നു രാത്രി 7.30നു നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
2023-24 സീസണ് ഐ ലീഗ് ചാന്പ്യന്മാരായ മുഹമ്മദൻ സ്ഥാനക്കയറ്റം നേടിയാണ് ഐഎസ്എല്ലിൽ എത്തിയത്. മുഹമ്മദൻ 2024-25 സീസണിൽ താരതമ്യേന ദുർബലരാണ്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ മുഹമ്മദന് ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചത്. അഞ്ചു പോയിന്റുമായി ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് മുഹമ്മദൻ.
2020-21 സീസണിനുശേഷം ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കാഴ്ചവയ്ക്കുന്നത്. 12 റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു ജയവും രണ്ടു സമനിലയും നൽകിയ 11 പോയിന്റാണ് സന്പാദ്യം. ലീഗ് ടേബിളിൽ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തോൽവിയിൽനിന്നു കരകയറാനാകാതെ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി.
ഇന്നലെ നടന്ന എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-2ന് ആസ്റ്റണ് വില്ലയോടു പരാജയപ്പെട്ടു. ലീഗിൽ ഈ സീസണിൽ സിറ്റി വഴങ്ങുന്ന ആറാം തോൽവിയാണ്.
ഹോണ് ഡുറാനിലൂടെ (16’) വില്ല ലീഡ് നേടി. മോർഗൻ റോജേഴ്സ് (65’) ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ ഫിൽ ഫോഡൻ (90+3’) നേടിയ ഗോളാണ് സിറ്റിയുടെ തോൽവിഭാരം കുറച്ചത്.
മെൽബണ്: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യാത്രയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇരുടീമും തമ്മിൽ നടക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ടൂർണമെന്റിന്റെ ഫലമനുസരിച്ചായിരിക്കും ഇവരുടെ ഫൈനൽ പ്രവേശം. ഓസ്ട്രേലിയയ്ക്ക് ഈ പരന്പരയ്ക്കുശേഷം ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുണ്ട്. ലോക ചാന്പ്യൻഷിപ്പ് ഫൈനലിനു മുന്പ് ഇന്ത്യക്കു മറ്റൊരു പരന്പരയില്ല.
ഇന്ത്യ x ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഡിസംബർ 26നു മെൽബണിൽ നടക്കും. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റാണിത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ പരന്പര നിലവിൽ 1-1ൽ ടൈ കെട്ടിനിൽക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റിൽ ജയിച്ച് 2-1നു ലീഡ് സ്വന്തമാക്കാനാണ് രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം. ആർ. അശ്വിന്റെ വിരമിക്കിലിനുശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റാണ് ബോക്സിംഗ് ഡേ.
രോഹിത്, ഗിൽ ഫോം
ക്യാപ്റ്റൻ രോഹിത് ശർമ, മൂന്നാം നന്പർ ബാറ്റർ ശുഭ്മാൻ ഗിൽ എന്നിവർ സ്കോർബോർഡിലേക്കു കൂടുതൽ സംഭാവന നൽകിയില്ലെങ്കിൽ ഇന്ത്യയുടെ നില പരുങ്ങലിലാകും. ഈ പരന്പരയിൽ ഇതുവരെ ക്ലിക്ക് ആകാത്ത സ്പെഷലിസ്റ്റ് ബാറ്റർമാരാണ് ഇവർ. യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും പെർത്ത് ടെസ്റ്റിലും കെ.എൽ. രാഹുൽ പെർത്തിലും ബ്രിസ്ബെയ്നിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
ഏഷ്യക്കു പുറത്തുള്ള ശുഭ്മാൻ ഗില്ലിന്റെ ഫോമില്ലായ്മ ഓസ്ട്രേലിയൻ പര്യടനത്തിലും തുടരുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഷ്യക്കു പുറത്ത് ശുഭ്മാൻ ഗില്ലിന്റെ ടോപ് സ്കോർ 36 ആണെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ഇക്കാലയളവിൽ ഏഷ്യക്കു പുറത്തെ 16 ഇന്നിംഗ്സിൽനിന്ന് ഗിൽ നേടിയത് വെറും 267 റണ്സും.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായി കളിച്ചതിൽ ഗില്ലിന്റെ ശരാശരി 17.80 മാത്രവും. എത്രമികച്ച തുടക്കം ലഭിച്ചാലും വേഗത്തിൽ പുറത്താകുക, അല്ലെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തുക എന്നതാണ് ഏഷ്യക്കു പുറത്ത് ഗില്ലിന്റെ ദുഃശീലം.
ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്കു നയിക്കാൻ രോഹിത് ശർമയ്ക്കു സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിൽ രോഹിത് ഇല്ലായിരുന്നു. രണ്ടും മൂന്നും ടെസ്റ്റിൽ മധ്യനിരയിലേക്ക് ഇറങ്ങിയെങ്കിലും രോഹിത്തിന്റെ സ്കോർ 3, 3, 6, 10 എന്നതാണ്.
നാല് ഇന്നിംഗ്സിലായി നേടിയത് വെറും 22 റണ്സ് മാത്രം. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തിലാണ് മിക്കപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എന്നാൽ, പരിമിത ഓവർ ക്രിക്കറ്റിൽ അസാധ്യ ഷോട്ട് രോഹിത് പായിക്കുന്നതും ഇതേ പൊസിഷനിലാണ്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ധർമശാല ടെസ്റ്റിലാണ് രോഹിത് ശർമ അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടിയത്.
ബോക്സിംഗ് ഡേ ചരിത്രം
ഡിസംബർ 26നു നടത്തപ്പെടുന്ന മത്സരങ്ങളാണ് ബോക്സിംഗ് ഡേ പോരാട്ടമായി കണക്കാക്കപ്പെടുന്നത്. ഓസ്ട്രേലിയ അടക്കമുള്ള മിക്ക വിദേശ രാജ്യങ്ങളിലും ഈദിനം പൊതുഅവധി ദിവസമാണ്. പാരന്പര്യമായി ബോക്സിംഗ് ഡേ മെൽബണിലെ എംസിജി മൈതാനത്താണ് നടത്തുന്നത്.
ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് രാജ്യങ്ങളിലും ഈ പാരന്പര്യം പിൻചെന്ന് ബോക്സിംഗ് ഡേ ക്രിക്കറ്റ് പോരാട്ടങ്ങൾ നടത്താറുണ്ട്. മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഒരു ലക്ഷം ആരാധകർ ഗാലറിയിൽ എത്താറുള്ളതാണ്.
ബോക്സിംഗ് ഡേ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്കു മിശ്രഫലമാണ്. ഇന്ത്യയും ഓസ്ട്രേലിയയും 14 ബോക്സിംഗ് ഡേ ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതിൽ ഇന്ത്യ നാലു ജയവും രണ്ടു സമനിലയും സ്വന്തമാക്കി. എട്ട് എണ്ണത്തിൽ പരാജയപ്പെട്ടു.
2020ൽ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ എട്ടു വിക്കറ്റിനു ജയിച്ചതാണ് ബോക്സിംഗ് ഡേയിൽ ഇന്ത്യയുടെ ഏറ്റവും ആവേശസ്മരണ.
ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ
ക്വാലാലംപുർ: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി-20 ഏഷ്യ കപ്പിൽ ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ. പുരുഷ അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു ഏറ്റുമുട്ടിയത്.
ഡിസംബർ എട്ടിനു നടന്ന ഫൈനലിൽ ഇന്ത്യയെ 59 റണ്സിനു കീഴടക്കി ബംഗ്ലാദേശ് ചാന്പ്യന്മാരായി. പുരുഷ വിഭാഗത്തിലെ ഫൈനൽ തോൽവിക്ക് വനിതകളിലൂടെ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ ശ്രമം.
സൂപ്പർ ഫോറിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യൻ യുവതികൾ ഫൈനലിലേക്കു മുന്നേറിയത്. രണ്ടാം സ്ഥാനത്തോടെ ബംഗ്ലാദേശും കലാശപ്പോരാട്ടത്തിനെത്തി. നാളെ രാവിലെ ഏഴിനാണ് ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ.
തോൽക്കാതെ ഇന്ത്യ
സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്നലെ ഇന്ത്യൻ വനിതകൾ ശ്രീലങ്കയെ നാലു വിക്കറ്റിനു കീഴടക്കി. 31 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.
ആയുഷി ശുക്ലയുടെ (4/10) ബൗളിംഗ് മികവിൽ ഇന്ത്യ ശ്രീലങ്കയെ 20 ഓവറിൽ 98/9 എന്ന നിലയിൽ ഒതുക്കി. തുടർന്നു ക്രീസിലെത്തിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. ഗോങ്കടി തൃഷ (32), ജി. കമാലിനി (28) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. മിഥില വിനോദ് 12 പന്തിൽ 17 റണ്സുമായി പുറത്താകാതെ നിന്നു.
ഇന്നലെ നടന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ നേപ്പാളിനെ ഒന്പതു വിക്കറ്റിനു കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.
സ്കോർ: നേപ്പാൾ 11 ഓവറിൽ 54/8. ബംഗ്ലാദേശ് 9.5 ഓവറിൽ 58/1. മഴയെത്തുടർന്നു മത്സരം 11 ഓവറാക്കി നിജപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ഫൈനൽ സാധ്യത
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജയിച്ചാൽ ഇന്ത്യക്കു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ശതമാനം 60.52ൽ എത്തിക്കാം. അങ്ങനെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ടിക്കറ്റും കരസ്ഥമാക്കാം.
ഇന്ത്യ 3-1നു പരന്പര ജയിച്ചാൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര പരന്പര ഓസ്ട്രേലിയ 2-0നു സ്വന്തമാക്കിയാൽപോലും ഇന്ത്യയുടെ ഫൈനൽ സാധ്യതയ്ക്കു ഭീഷണിയാകില്ല. നിലവിൽ മൂന്നു ടെസ്റ്റ് അവസാനിച്ചപ്പോൾ 1-1 സമനിലയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും.
ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ഒരെണ്ണം സമനിലയിലാകുകയും ഒരെണ്ണത്തിൽ ജയിക്കുകയും ചെയ്താൽ, ശ്രീലങ്കയ്ക്കെതിരായ പരന്പരയിൽ ഓസ്ട്രേലിയ ഒരു സമനില വഴങ്ങിയാൽ മാത്രമേ ഇന്ത്യയുടെ ഫൈനൽ മോഹം സഫലമാകൂ.
ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടാൽ, ശ്രീലങ്ക 2-0ന് ഓസ്ട്രേലിയയെ കീഴടക്കിയാൽ മാത്രമേ ഇന്ത്യക്കു ഫൈനൽ ടിക്കറ്റ് ലഭിക്കൂ. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഫൈനൽ ബെർത്ത് ഉറപ്പാക്കാനാണ് സാധ്യത.
കോണ്സ്റ്റാസ് ഓസീസിന്റെ പുതിയ ആയുധം
മെൽബണ്: ഇന്ത്യക്കെതിരായ അവസാന രണ്ടു ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ വൻ അഴിച്ചുപണി. പത്തൊന്പതുകാരനായ ഓപ്പണർ സാം കോണ്സ്റ്റാസിനെ ഉൾപ്പെടുത്തിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ടീമിനെ പ്രഖ്യാപിച്ചത്.
കാൻബറയിൽ രോഹിത് ശർമയുടെ ഇന്ത്യൻസിനെതിരേ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി സെഞ്ചുറി (107) നേടിയ ഓപ്പണറാണ് സാം കോണ്സ്റ്റാസ്.
ഡേവിഡ് വാർണർ വിരമിച്ചതിനുശേഷം മികച്ച ഒരു ഓപ്പണറിനായുള്ള ഓസ്ട്രേലിയയുടെ അന്വേഷണമാണ് കോണ്സ്റ്റാസിൽ എത്തി നിൽക്കുന്നത്. പരന്പരയിലെ ആദ്യ മൂന്നു ടെസ്റ്റിലും ഓപ്പണർ റോളിലെത്തിയ നഥാൻ മക്സ്വീനിയെ ഒഴിവാക്കിയാണ് കോണ്സ്റ്റാസിനെ ഉൾപ്പെടുത്തിയത്.
പേസർമാരായ സീൻ ആബട്ട്, ജെയ് റിച്ചാർഡ്സണ്, ബ്യൂ വെബ്സ്റ്റർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ റിച്ചാർഡ്സണിനു മാത്രമാണ് ടെസ്റ്റ് മുൻപരിചയമുള്ളത്. പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിനെ ഒഴിവാക്കി. ഹെയ്സൽവുഡിനു പകരം ആബട്ട് ബോക്സിംഗ് ഡേ ടെസ്റ്റിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
സെപക്താക്രോ: അക്വിനോ, റിംഷ നയിക്കും
തൃക്കരിപ്പുർ: നാളെ മുതൽ 26 വരെ തൃക്കരിപ്പുർ ജിവിഎച്ച്എസ്എസ് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സബ്ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ അക്വിനോ ഫ്രാൻസിസും (തൃശൂർ) റിംഷ അബ്ദുൾ കബീറും (കാസർഗോഡ്) നയിക്കും.
ആൺകുട്ടികളുടെ ടീം: കെ. അക്ഷജ്, സി. തേജസ്, ആർ. നിവേദ്, ബി. രഞ്ജിത് (പാലക്കാട്) കെ. പ്രബിത്, ആർ. നവനീത്, അദിത് പ്രഭാകർ (തൃശൂർ) എസ്. അജയ്, റയ്ഹാൻ, ആദിദേവ് (കാസർഗോഡ്) എൻ.എച്ച്. മുഹമ്മദ് സിനാൻ, അശ്വിൻ സോളമൻ (എറണാകുളം) ഫാദി മുഹമ്മദ്, ശാദുലി (മലപ്പുറം). പരിശീലകർ: ആദിൽ അമീർ, കെ. രതീഷ് കുമാർ.
പെൺകുട്ടികളുടെ ടീം: അലോണ ജോയ്, ജീൻ മരിയ ജിജു, ക്രിസ്റ്റല്ല മരിയ ഡോറോംസ്, അക്ഷയ വി. നായർ (തൃശൂർ), അനൗഷിക അനിൽ, എം.എൻ. നയന, എം.ബി. ലക്ഷ്മി (എറണാകുളം) എം.എ. ഷംന, കെ.പി. നിധി (പാലക്കാട്), ഹെന്ന ഷെറിൻ (മലപ്പുറം), എം. അഷിമ, എ.കെ. തീർഥ (കാസർഗോഡ്), ജുവൽ ഷാജൻ (വയനാട്), അഭിയ ഷിബു (കൊല്ലം). പരിശീലകർ: എം.ടി.പി. ബഷീർ, തീർഥ രാമൻ. മാനേജർ: വൈ. റഷീന.
ഇന്ത്യ 126-ാം റാങ്കിൽ
മുംബൈ: ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 126-ാം സ്ഥാനത്ത്. ഒരു സ്ഥാനം മുന്നേറിയാണ് ഇന്ത്യ 126ൽ എത്തിയത്. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യക്ക് ഒരു ജയം പോലും നേടാൻ സാധിച്ചില്ല.
ലോകകപ്പ് ജേതാക്കളായ അർജന്റീനയാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഇന്റര് യൂണിവേഴ്സിറ്റി ബാസ്കറ്റ് തുടങ്ങി
ചങ്ങനാശേരി: വനിതകള്ക്കായുള്ള സൗത്ത് സോണ് ഇന്റര് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള് ചാമ്പ്യന്ഷിപ്പിന് ചങ്ങനാശേരയില് തുടക്കമായി. അസംപ്ഷന് കോളജ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി, എസ്എച്ച് ഹയര് സെക്കന്ഡറി സ്കൂള് ഇന്ഡോര് കോര്ട്ടുകളിലാണ് മത്സരം നടക്കുന്നത്.
ഇന്നലെ നടന്ന മത്സരങ്ങളില് കേരള സര്വകലാശാല, കര്ണാടക സര്വകലാശാലയ്ക്കെതിരെ (59-25) വിജയം നേടി. കണ്ണൂര് സര്വകലാശാല ഗുണ്ടൂര് കെഎല്ഇഎഫ് ഡീംഡ് സര്വകലാശാലയോട് (51-58) പരാജയപ്പെട്ടു.
മൈസൂര് സര്വകലാശാല, ആന്ധ്ര വിക്രമ സിംഹപുരി സര്കലാശാലയെ (56-3)ന് തോല്പിച്ചു. രാവിലെ തമിഴ്നാട് ഭാരതിദാസന് യൂണിവേഴ്സിറ്റി (53-33) മച്ചിലപാളയം കൃഷ്ണ യൂണിവേഴ്സിറ്റിയേയും വൈകിട്ട് മംഗലാപുരം നിറ്റി ഡീംഡ് യൂണിവേഴ്സിറ്റിയേയും (49-28) പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്ക് നീങ്ങി.
പാരാ അത്ലറ്റിക്സ് ഡൽഹിയിൽ
ന്യൂഡൽഹി: 2025 ലോക പാരാ അത്ലറ്റിക്സ് ഗ്രാൻപ്രി, പാരാ ലോക ചാന്പ്യൻഷിപ്പ് പോരാട്ടങ്ങൾ ഡൽഹിയിൽ. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ചുവരെയാണ് പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് അരങ്ങേറുക.
ഹൈദരാബാദ്: 49-ാമത് ദേശീയ സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ പെണ്കുട്ടികൾ സെമിയിൽ.
ക്വാർട്ടറിൽ ഹരിയാനയെയാണ് കേരളം കീഴടക്കിയത് (93-38). സെമിയിൽ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ. ആണ്കുട്ടികളുടെ ക്വാർട്ടറിൽ കേരളം പരാജയപ്പെട്ടു.
സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പിൽ മൂന്നു റൗണ്ട് മത്സരം പൂർത്തിയായപ്പോൾ മുഴുവൻ ജയം സ്വന്തമാക്കിയ ഏകടീമാണ് കേരളം.
ഹൈദരാബാദിലെ ഡെക്കാണ് അരീനയിൽ ഇന്നലെ രാവിലെ ഒന്പതിനു നടന്ന മത്സരത്തിൽ കേരളം 2-0നു ഒഡീഷയെ തോൽപ്പിച്ചു. പ്രതിരോധത്തിൽ കോട്ട തീർത്ത കേരളത്തിന്റെ പ്രകടനമാണ് ജയത്തിന് ആധാരം. സെന്റർ ഡിഫെൻസിൽ കളിച്ച ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധമാണ് കേരളത്തിന്റെ വല കുലുങ്ങാതിരിക്കാൻ കാരണം. സഞ്ജുവാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഗോവ 1-0നു തമിഴ്നാടിനെ കീഴടക്കിയതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. പോയിന്റ് തുല്യമായാൽ നേർക്കുനേർ പോരാട്ടം കണക്കാക്കിയാണ് ക്വാർട്ടർ ബെർത്ത് നൽകുന്നത്. നിലവിൽ മൂന്നു പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഗോവയേയും ഒഡീഷയെയും കേരളം തേൽപ്പിച്ചതാണ്.
41-ാം മിനിറ്റിൽ ആദ്യ ഗോൾ
കേരളത്തിന്റെ ഗോൾ ശ്രമങ്ങളെ 41-ാം മിനിറ്റുവരെ ഒഡീഷ ചെറുത്തു നിന്നു. എന്നാൽ, 41-ാം മിനിറ്റിൽ മുഹമ്മജ് അജ്സൽ ഒഡീഷയുടെ വലയിൽ പന്ത് നിക്ഷേപിച്ചു. അതോടെ ഒരു ഗോളിന്റെ മുൻതൂക്കവുമായി കേരളം ആദ്യപകുതിക്കു പിരിഞ്ഞു.
മുഹമ്മദ് അജ്സലിനെ പിൻവലിച്ച് ടി. സിജിനെ ആക്രമണത്തിനു നിയോഗിച്ചാണ് കേരള കോച്ച് ബിബി തോമസ് രണ്ടാം പകുതിക്കു തുടക്കമിട്ടത്. 48-ാം മിനിറ്റിൽ സിജിനു മഞ്ഞക്കാർഡ് ലഭിച്ചു. 54-ാം മിനിറ്റിൽ നസീബ് റഹ്മാൻ കേരളത്തിന്റെ ജയം ഉറപ്പിച്ച് രണ്ടാം ഗോൾ സ്വന്തമാക്കി. 60-ാം മിനിറ്റിൽ കേരളം ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. പി.പി. മുഹമ്മദ് റോഷലിനു പകരം വി. അർജുനും മുഹമ്മദ് മുഷറഫിനു പകരം നിജോ ഗിൽബർട്ടും മൈതാനത്തെത്തി.
ഗോൾ മടക്കാനുള്ള ഒഡീഷയുടെ ശ്രമങ്ങളും ലീഡ് വർധിപ്പിക്കാനുള്ള കേരളത്തിന്റെ ആക്രമണങ്ങളും പിന്നീടു വലയിൽ പന്ത് എത്തിച്ചില്ല. അതോടെ 2-0ന്റെ ജയവുമായി കേരളം ആഹ്ലാദനൃത്തം ചവിട്ടി.
ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മേഘാലയ 2-0നു ഡൽഹിയെ തോൽപ്പിച്ചു. മേഘാലയയുടെ ആദ്യ ജയമാണ്. ഡൽഹിയുടെ ആദ്യ തോൽവിയും.
ബംഗാൾ ക്വാർട്ടറിൽ
ഗ്രൂപ്പ് എയിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗാൾ ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഫൈനൽ റൗണ്ടിലെ ഇരു ഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്കു മുന്നേറുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ ബംഗാളാണ് ഒന്നാമത്.
ഗ്രൂപ്പ് ബിയിൽ മൂന്നു ജയത്തിലൂടെ ഒന്പതു പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തുണ്ട്. ആറു പോയിന്റുമായി ഡൽഹി, നാലു പോയിന്റുമായി മേഘാലയ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഗ്രൂപ്പ് ബിയിൽ കേരളത്തിനു രണ്ടു മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്. 22നു ഡൽഹിയെയും 24നു തമിഴ്നാടിനെയുമാണ് കേരളം ഇനി നേരിടുക.
ഫിഫ 2024 ഇന്റർകോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി
ദോഹ: ഫിഫ 2022 ഖത്തൽ ലോകകപ്പ് ഫുട്ബോൾ വേദികളിലൊന്നായ ലൂസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡ് സ്വന്തമാക്കി. മെക്സിക്കൻ ക്ലബ്ബായ പച്ചൂക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് റയൽ മാഡ്രിഡ് ചാന്പ്യന്മാരായത്.
റയൽ മാഡ്രിഡിനുവേണ്ടി സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെ (37’), റോഡ്രിഗൊ (53’), വിനീഷ്യസ് (84’ പെനാൽറ്റി) എന്നിവർ ഗോൾ സ്വന്തമാക്കി. 2024 ഫിഫ ദ ബെസ്റ്റ് പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം വിനീഷ്യസ് കളത്തിൽ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു.
ആൻസിലോട്ടിക്കു റിക്കാർഡ്
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024 ട്രോഫി സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകമായ കോച്ച് എന്ന റിക്കാർഡ് കാർലോ ആൻസിലോട്ടി സ്വന്തമാക്കി.
മിഗ്വേൽ മുനോസിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് ഇറ്റാലിയൻ മാനേജരായ ആൻസിലോട്ടി തിരുത്തിയത്. ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ റയൽ മാഡ്രിഡിന്റെ 15-ാം ട്രോഫിയാണ്.
ഓഗസ്റ്റിൽ യൂറോപ്യൻ സൂപ്പർ കപ്പ് സ്വന്തമാക്കി മിഗ്വേൽ മുനോസിന്റെ 14 ട്രോഫി എന്ന റിക്കാർഡിന് ഒപ്പം ആൻസിലോട്ടി എത്തിയിരുന്നു. 2024 ഫിഫ ദ ബെസ്റ്റിൽ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം ആൻസിലോട്ടിക്കായിരുന്നു.
ഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനനുസരിച്ച് ഐസിസി പുതിയ ഫോർമാറ്റ് മുന്നോട്ടുവച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൻ അയവില്ലാത്തതോടെയാണ് ഐസിസിയുടെ പുതിയ നീക്കം.
2024-27 ഐസിസി ക്രിക്കറ്റ് സൈക്കിളിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർവരുന്ന മത്സരങ്ങൾ ഇരു രാജ്യത്തുവച്ചും നടത്തേണ്ട എന്നതാണ് ഐസിസിയുടെ തീരുമാനം. ഇക്കാലയളവിൽ ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ടൂർണമെന്റുകളിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ അരങ്ങേറും. ഐസിസി ബോർഡ് വോട്ടിംഗിലൂടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം.
ബിസിസിഐക്ക് തിരിച്ചടി
പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിൽ കോടികളുടെ നഷ്ടം ബിസിസിഐക്കും ഉണ്ടാകുമെന്നതിൽ തർക്കമില്ല. കാരണം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 16 വർഷമായി പരന്പരകൾ ഒന്നും കളിച്ചിട്ടില്ല.
എന്നാൽ, ഐസിസി ലോകകപ്പ് ഉൾപ്പെടെയുള്ള പോരാട്ടങ്ങൾക്കുവേണ്ടി പാക്കിസ്ഥാൻ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമായ ഇന്ത്യ x പാക് പോരാട്ടത്തിന് ഇതുവരെ ആതിഥേയത്വം വഹിച്ചതിലൂടെ ബിസിസിഐയുടെ അക്കൗണ്ടിൽ കോടികൾ വരുമാനമായി എത്തി. ഏറ്റവും ഒടുവിലായി 2023 ഐസിസി ഏകദിന ലോകകപ്പിൽ അഹമ്മദാബാദിലായിരുന്നു ഇന്ത്യ x പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ മണ്ണിൽവച്ച് അരങ്ങേറിയത്.
ഹൈബ്രിഡ്/നിഷ്പക്ഷ വേദിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം നടത്താമെന്ന് ഐസിസി ബോർഡ് യോഗം വോട്ടിംഗിലൂടെ തീരുമാനിച്ചത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങൾക്കൊന്നും പാക്കിസ്ഥാൻ എത്തില്ലെന്ന് ഇതോടെ ഉറപ്പായി.
ചാന്പ്യൻസ് ട്രോഫി ഹൈബ്രിഡ്
പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനമായി.
ഇന്ത്യയുടെ മത്സരങ്ങൾ നിഷേപക്ഷ വേദിയിലായിരിക്കും നടക്കുക. ഫെബ്രുവരി 19 മുതലാണ് ചാന്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. നിലവിൽ ഹൈബ്രിഡ് അല്ലെങ്കിൽ നിഷ്പക്ഷ വേദിയിൽ മത്സരം നടത്താമെന്നു മാത്രമാണ് ഐസിസി ബോർഡ് യോഗ തീരുമാനം.
2008നുശേഷം ഇന്ത്യയും പാക്കിസ്ഥാനം തമ്മിൽ പരന്പരകൾ ഒന്നും നടന്നിട്ടില്ല. 16 വർഷം മുന്പാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനിൽ പര്യടനം നടത്തിയത്. അതേസമയം, ഇക്കാലയളവിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഐസിസി പോരാട്ടങ്ങൾക്കുവേണ്ടി പാക്കിസ്ഥാൻ എത്തിയിരുന്നു.
യുഎഇ, ശ്രീലങ്ക
നിഷ്പക്ഷ വേദി എവിടെയായിരിക്കണം എന്നതു തീരുമാനിക്കാനുള്ള അധികാരം ആതിഥേയ രാജ്യത്തിനാണ്. 2025 ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലൊന്നിൽ നടക്കാനാണ് സാധ്യത.
ലിവർപൂൾ, ആഴ്സണൽ സെമിയിൽ
ലണ്ടൻ: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളിൽ ലിവർപൂൾ, ആഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് ടീമുകൾ സെമി ഫൈനലിൽ.
ക്വാർട്ടറിൽ ആഴ്സണൽ 3-2നു ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക്ക് ഗണ്ണേഴ്സിനു ജയം സമ്മാനിച്ചു. ലിവർപൂൾ 2-1നു സതാംപ്ടണിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. ന്യൂകാസിൽ 3-1നു ബ്രെന്റ്ഫോഡിനെ കീഴടക്കി.
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്കു സമനില. രാജസ്ഥാൻ എഫ്സിയുമായുള്ള മത്സരത്തിൽ ഗോകുലം കേരള ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
പോഗ്ബയുടെ ജ്യേഷ്ഠൻ ജയിലിൽ
പാരീസ്: ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ ജ്യേഷ്ഠൻ മത്തിയാസിന് പാരീസ് കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു.
അതിൽ ഒരു വർഷം ഇലക്ട്രോണിക് ബ്രേസ്ലെറ്റ് അണിഞ്ഞു കഴിഞ്ഞാൽ മതി. 2022ൽ പോൾ പോഗ്ബയിൽനിന്ന് 13 മില്യണ് യൂറോ തട്ടിയെടുക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ശിക്ഷ.
ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു
ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കൽ.
മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് രോഹിത്തിനൊപ്പം പത്രസമ്മേളനത്തിൽ ചേർന്ന അശ്വിൻ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 2011 ഏകദിന ലോകകപ്പ് ട്രോഫിയും 2013 ഐസിസി ചാന്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
അപ്രതീക്ഷിത പ്രഖ്യാപനം
തികച്ചും അപ്രതീക്ഷിതമായാണ് അശ്വിൻ വിരമിക്കിൽ പ്രഖ്യാപിച്ചത്. ഡേ-നൈറ്റ് ടെസ്റ്റ് നടന്ന അഡ്ലെയ്ഡിൽ മാത്രമായിരുന്നു അശ്വിൻ ഈ പരന്പരയിൽ ഇന്ത്യക്കുവേണ്ടി കളിച്ചത്. 53 റണ്സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമായിരുന്നു അഡ്ലെയ്ഡിൽ അശ്വിന്റെ പ്രകടനം.
ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റിൽ (115) രണ്ടാം സ്ഥാനവും അശ്വിനു സ്വന്തം. 14 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് അശ്വിൻ വിരാമമിട്ടത്. 2010 ജൂണ് അഞ്ചിനു ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിലൂടെയായിരുന്നു അശ്വിന്റെ രാജ്യാന്തര അരങ്ങേറ്റം. 2011 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഡൽഹിയിൽവച്ച് ടെസ്റ്റിൽ അരങ്ങേറി.
വിക്കറ്റ് വേട്ടയിൽ രണ്ടാമൻ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തോടെയാണ് അശ്വിൻ മൈതാനം വിട്ടത്. 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്. 2011 മുതൽ 2024 വരെ നീണ്ട കരിയറിൽ 106 ടെസ്റ്റിൽനിന്ന് 537 വിക്കറ്റ് അശ്വിൻ സ്വന്തമാക്കി. 7/59 ആണ് മികച്ച പ്രകടനം. 37 അഞ്ചു വിക്കറ്റ് പ്രകടനവും 25 നാലു വിക്കറ്റ് പ്രകടനവും കാഴ്ചവച്ചു.
ബാറ്റിംഗിലും അശ്വിൻ മോശക്കാരനല്ലായിരുന്നു. ആറ് സെഞ്ചുറിയും 14 അർധസെഞ്ചുറിയും ഉൾപ്പെടെ 3503 റണ്സ് ടെസ്റ്റിൽ അശ്വിന്റെ പേരിലുണ്ട്. 124 ആണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ 116 മത്സരങ്ങളിൽനിന്ന് 156 വിക്കറ്റും ഒരു അർധസെഞ്ചുറി ഉൽപ്പെടെ 707 റണ്സും നേടി. 65 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 72 വിക്കറ്റും 184 റണ്സും ഉണ്ട്. ടെസ്റ്റിൽ എക്കാലത്തെയും വിക്കറ്റ് വേട്ടയിൽ ഏഴാം സ്ഥാനവും അശ്വിനുണ്ട്. 800 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
റിക്കാർഡുകളുടെ തോഴൻ
ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണെങ്കിലും ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ, ടെസ്റ്റിൽ 50, 100, 200, 300, 400, 500 വിക്കറ്റുകൾ വേഗത്തിൽ നേടിയ കളിക്കാരൻ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ്, ഇന്ത്യക്കായി ഏറ്റവും കൂടുൽ അഞ്ചു വിക്കറ്റ് നേട്ടം (37) തുടങ്ങിയ റിക്കാർഡുകളെല്ലാം അശ്വിനു സ്വന്തം. ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സഖ്യത്തിലും അശ്വിന്റെ പേരുണ്ട്. അശ്വിൻ-രവീന്ദ്ര ജഡേജ സഖ്യം 58 മത്സരങ്ങളിൽനിന്ന് 587 വിക്കറ്റ് വീഴ്ത്തി. അനിൽ കുംബ്ലെ-ഹർഭജൻ സിംഗ് (501 വിക്കറ്റ്) സഖ്യമാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് ഒപ്പം പങ്കിടുകയാണ് അശ്വിൻ. ഇരുവർക്കും 11 പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരങ്ങളുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അതിവേഗം 350 വിക്കറ്റ് തികച്ചതിന്റെ റിക്കാർഡും അശ്വിൻ മുരളീധരന് ഒപ്പം പങ്കിടുകയാണ്. ഇരുവരും 66 മത്സരങ്ങളിൽ 350 വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ചു വിക്കറ്റും സെഞ്ചുറിയുമുള്ള കളിക്കാരുടെ പട്ടികയിലും അശ്വിനുണ്ട്. സെഞ്ചുറിയും അഞ്ചു വിക്കറ്റ് പ്രകടനവും നാലു ടെസ്റ്റിൽ അശ്വിൻ നടത്തി.
വിരമിക്കാൻ കാരണം
സമീപനാളിലെ മോശം പ്രകടനമാണ് അശ്വിന്റെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ. 38 വർഷവും 92 ദിനവും പ്രായമുള്ള അശ്വിൻ, ഇന്ത്യയുടെ വിദേശ ടെസ്റ്റ് മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ സ്ഥിരം സാന്നിധ്യമല്ല. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും പിങ്ക് ടെസ്റ്റിൽ മാത്രമാണ് കളിച്ചത്.
നേടിയത് ഒരു വിക്കറ്റ് മാത്രവും. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരന്പര ഇംഗ്ലണ്ടിനെതിരേ എവേ ഗ്രൗണ്ടിലാണ്. അടുത്ത ഹോം ടെസ്റ്റ് പരന്പര ആകുന്പോഴേക്കും അശ്വിന്റെ പ്രായം മുപ്പത്തൊന്പതാകും. മാത്രമല്ല, ന്യൂസിലൻഡിന് എതിരായ ഹോം പരന്പരയിലും അശ്വിനു തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യ 0-3നു പരാജയപ്പെട്ട പരന്പരയിൽ 41.22 ശരാശരിയിൽ ഒന്പതു വിക്കറ്റ് മാത്രമായിരുന്നു അശ്വിന്റെ സന്പാദ്യം.
രവിചന്ദ്രൻ അശ്വിൻ
മത്സരം, വിക്കറ്റ്, ശരാശരി, റണ്സ്, ബാറ്റ് ശരാശരി
ടെസ്റ്റ് 106 537 24.00 3503 25.75
ഏകദിനം 116 156 33.20 707 16.44
ട്വന്റി-20 52 72 23.22 184 26.28
ഇന്ത്യക്കായി ടെസ്റ്റ് വിക്കറ്റ്
താരം, മത്സരം, വിക്കറ്റ്
അനിൽ കുംബ്ലെ 132 619
ആർ. അശ്വിൻ 106 537
കപിൽ ദേവ് 131 434
ഹർഭജൻ സിംഗ് 103 417
രവീന്ദ്ര ജഡേജ 78 319
ടെസ്റ്റിൽ വിക്കറ്റ് വേട്ടക്കാർ
താരം, മത്സരം, വിക്കറ്റ്
മുത്തയ്യ മുരളീധരൻ 133 800
ഷെയ്ൻ വോണ് 145 708
ആൻഡേഴ്സണ് 188 704
അനിൽ കുംബ്ലെ 132 619
സ്റ്റൂവർട്ട് ബ്രോഡ് 167 604
ഗ്ലെൻ മഗ്രാത്ത് 124 563
ആർ. അശ്വിൻ 106 537
നഥാൻ ലിയോണ് 132 533
കോട്ണി വാൽഷ് 132 519
ഡെയ്ൻ സ്റ്റെയിൻ 93 439
ഓപ്പണിംഗ് ബാറ്റർ & മീഡിയം പേസർ; ഒടുവിൽ ഓഫ് സ്പിന്നർ
ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്ന് അറിയിച്ചപ്പോൾ മാധ്യമങ്ങൾക്കു മുന്നിലുണ്ടായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓർത്തെടുത്തത് മറ്റൊരു കാര്യം; “ആഷിനെ (അശ്വിൻ) കൗമാര കാലഘട്ടത്തിൽ ആദ്യം കാണുന്പോൾ ഓപ്പണിംഗ് ബാറ്ററായിരുന്നു അദ്ദേഹം. പിന്നീട് നാളുകൾക്കുശേഷമാണ് തമിഴ്നാട്ടിൽനിന്ന് സ്പിന്നറായുള്ള അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച് അറിഞ്ഞത്”.
ഓപ്പണിംഗ് ബാറ്റർക്ക് അഡ്മിഷൻ
ചെന്നൈ ചെപ്പോക്ക് സ്റ്റെഡിയത്തിന്റെ സമീപത്തായുള്ള സെന്റ് ബേഡ്സ് സ്കൂളിൽ ആർ. അശ്വിന് അഡ്മിഷൻ ലഭിക്കാൻ കാരണം അവൻ ഓപ്പിംഗ് ബാറ്റിംഗിലെയും മീഡിയം പേസ് ബൗളിംഗിലെയും കഴിവിലൂടെയായിരുന്നു. ക്രിക്കറ്റ് ഫെസിലിറ്റിക്കു പേരുകേട്ട സ്കൂളായിരുന്നു അത്. സി.കെ. വിജയ കുമാർ എന്ന മികച്ച ക്രിക്കറ്റ് കോച്ചും അന്നു സ്കൂളിനുണ്ടായിരുന്നു. സ്കൂളിനുവേണ്ടി മീഡിയം പേസ് എറിയുന്നതിനിടെ മടുപ്പ് അനുഭവപ്പെട്ട അശ്വിൻ, കോച്ചിനോട് ഓഫ് സ്പിൻ എറിഞ്ഞോട്ടെ എന്നു ചോദിച്ചു. ആ ചോദ്യമാണ് ഇന്നത്തെ അശ്വിനിലേക്കുള്ള വഴിത്തിരിവായത്.
പിന്നീട് ഒരിക്കൽപ്പോലും മീഡിയം പേസ് എറിയാൻ അശ്വിനെ കോച്ച് അനുവദിച്ചില്ല. ആദ്യം അശ്വിന് ഓഫ് സ്പിന്നറാകാൻ സമ്മതമല്ലായിരുന്നു. എന്നാൽ, അശ്വിന്റെ അച്ഛനുമായി സംസാരിച്ച കോച്ച്, അദ്ദേഹത്തിന്റെ ഭാവിതന്നെ വരച്ചുണ്ടാക്കി. ആദ്യം അശ്വിന് ഓഫ് സ്പിന്നറാകാൻ സമ്മതമല്ലായിരുന്നു. എന്നാൽ, അശ്വിന്റെ അച്ഛനുമായി സംസാരിച്ച കോച്ച്, അദ്ദേഹത്തിന്റെ ഭാവിതന്നെ വരച്ചുണ്ടാക്കി.
വായന, പാണ്ഡിത്യം
സ്കൂൾ കാലഘട്ടം മുതൽ അശ്വിൻ വായനാശീലമുള്ള കുട്ടിയായിരുന്നു. ഇന്ത്യൻ ടീമിനൊപ്പം പര്യടനം നടത്തുന്പോഴും അതിന് ഇന്നുവരെ ഒരു കുറവും അശ്വിൻ വരുത്തിയിട്ടില്ല. നല്ല ഉയരമുള്ളതിനാൽ സ്പിൻ ബൗളിംഗിൽ ആദ്യം അശ്വിനു നിയന്ത്രണം ലഭിച്ചില്ല.
പുസ്തകങ്ങൾ വായിച്ചു ലഭിച്ച തന്ത്രങ്ങൾ പരീക്ഷിച്ചും കൂടുതൽ അധ്വാനിച്ചുമാണ് രാജ്യാന്തര തലത്തിലേക്ക് ഉയർന്നത്. സഖ്ലൈൻ മുഷ്താഖിനെപ്പോലെ ദൂസരയോ ഇ. പ്രസന്നയെപ്പോലെ ഫ്ളോട്ടറോ അശ്വിന്റെ കൈവശമില്ലായിരുന്നു. കാരം ബോൾ എന്ന തന്ത്രമായിരുന്നു അശ്വിൻ വികസിപ്പിച്ചത്.
ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ക്രിക്കറ്റിനെക്കുറിച്ചുള്ള അഗാധ പാണ്ഡിത്യവും അശ്വിനുണ്ട്. ലോകത്തിന്റെ ഏതൊരു കോണിലെയും ലീഗിനെക്കുറിച്ചും അതിലെ കളിക്കാരെക്കുറിച്ചുംവരെ അശ്വിന് അറിവുണ്ടെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ടെസ്റ്റ് സമനിലയിൽ
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം സമനിലയിൽ. മഴയെത്തുടർന്ന് അഞ്ചാംദിനമായ ഇന്നലെ പൂർണമായി മത്സരം നടന്നില്ല. സ്കോർ: ഓസ്ട്രേലിയ 445, 89/7 ഡിക്ലയേർഡ്. ഇന്ത്യ 260, 8/0.
ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 252 റണ്സ് എന്ന നിലയിൽ അഞ്ചാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 260നു പുറത്തായി. ആകാഷ് ദീപിനെ (31) പുറത്താക്കി ട്രാവിസ് ഹെഡാണ് ഇന്ത്യൻ ഇന്നിംഗ്സിനു വിരാമമിട്ടത്.
തുടർന്നു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വൻ തിരിച്ചടിയേറ്റു. 18 ഓവറിൽ 7/89 റണ്സ് എന്ന നിലയിൽ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
അലക്സ് കാരെ (20 നോട്ടൗട്ട്), പാറ്റ് കമ്മിൻസ് (22) എന്നിവരായിരുന്നു ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
275 റണ്സ് എന്ന വിജയ ലക്ഷ്യത്തിനായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (4), കെ.എൽ. രാഹുൽ (4) എന്നിവർ സ്കോർബോർഡിൽ എട്ടു റണ്സ് എത്തിച്ചപ്പോൾ മഴയെത്തി.
ഇന്ത്യയുടെ ലോക ടെസ്റ്റ് ഫൈനൽ സാധ്യത
ഇന്ത്യ x ഓസ്ട്രേലിയ ബ്രിസ്ബെയ്ൻ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞെങ്കിലും, ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യതഅവസാനിച്ചിട്ടില്ല.
അഞ്ചു മത്സര പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജയിച്ചാൽ ഇന്ത്യക്കു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ശതമാനം 60.52ൽ എത്തിക്കാം. അതോടെ ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര പരന്പര ഓസ്ട്രേലിയ 2-0നു സ്വന്തമാക്കിയാൽപോലും ഇന്ത്യക്കു ഫൈനൽ കളിക്കാം.
അതേസമയം, ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ ഒരെണ്ണം കൂടി സമനിലയിൽ ആകുകയും ഒരെണ്ണത്തിൽ ജയിക്കുകയും ചെയ്താൽ, ശ്രീലങ്കയ്ക്കെതിരായ പരന്പരയിൽ ഓസ്ട്രേലിയ ഒരു സമനിലയെങ്കിലും വഴങ്ങണം. രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടാൽ, ശ്രീലങ്ക 2-0ന് ഓസ്ട്രേലിയയെ കീഴടക്കിയാൽ മാത്രമേ ഇന്ത്യ ഫൈനൽ കളിക്കൂ.
ദേശീയ പുരുഷ സീനിയര് ഹാന്ഡ്ബോള്
കോട്ടയം: 53-ാമത് ദേശീയ സീനിയര് മെന് ഹാന്ഡ്ബോള് ചാമ്പ്യന്ഷിപ്പ് ചങ്ങനാശേി എസ്ബി, അസംപ്ഷന് കോളജുകളില് 26 മുതല് 29 വരെ നടക്കും. ചാമ്പ്യന്ഷിപ്പ് കേരളത്തില് അരങ്ങേറുന്നത് ആദ്യമാണ്.
വോളി ടീമിനെ നിസ്റ്റിന് നയിക്കും
കൊച്ചി: തെലുങ്കാനയില് നടക്കുന്ന ദേശീയ സ്കൂള് ഗെയിംസില് ആണ്കുട്ടികളുടെ അണ്ടര് 19 വോളിബോള് മത്സരത്തിനുള്ള കേരള ടീമിനെ മുത്തൂറ്റ് വോളിബോള് അക്കാഡമി താരം സി.ബി. നിസ്റ്റിന് നയിക്കും. 22 മുതല് 26 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്.
ടീം: വി.സി. അഭിഷേക്, ബി. അല്സബിത്ത്, ആര്. ആന്റോ അഭിഷേക്, അഷിന് ഷാജു, സി.എം. ഫിദുല് ഹഖ്, ജെയ്ക് ഷിനോയ്, മുഹമ്മദ് ഫര്ഹാന്, സഞ്ജയ് രഞ്ജന്, സുബോധ് ചൗധരി, ബിജോ വി. വര്ഗീസ്. കോച്ച്: കെ. ശിവദാസന്, മാനേജര്: വി. ഡാനി.
സൂപ്പർ താരം വിനീഷ്യസ്
സൂറിച്ച്: മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ദ ബെസ്റ്റ് ഫിഫ 2024 പുരസ്കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂണിയർ സ്വന്തമാക്കി.
ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ബ്രസീൽ താരമാണ് വിനീഷ്യസ്. മികച്ച വനിതാ താരത്തിനുള്ള ഫിഫ പുരസ്കാരം സ്പെയിനിന്റെ ഐറ്റാന ബോണ്മാറ്റിക്കാണ്. മികച്ച പുരുഷ ടീം കോച്ച് കാർലോ ആൻസിലോട്ടിയാണ്. മികച്ച ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസും.
ഫോളോ ഓണ് ഒഴിവാക്കി ബ്രിസ്ബെയ്നിൽ ഇന്ത്യൻ പോരാട്ടം
ബ്രിസ്ബെയ്ൻ: “എന്റെ ബാറ്റിംഗ് കഴിവിനെക്കുറിച്ച് സംശയമുള്ളവർക്കു ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്സ് നേടിയ റിക്കാർഡ് ആരുടെ പേരിലാണെന്ന്’’: ഇതു പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനം അവസാനിച്ചപ്പോൾ തനിക്കുനേരേ ഉയർന്ന ഒരു ചോദ്യത്തിനുള്ള ബുംറയുടെ മറുപടിയായിരുന്നു ഇത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 445ൽ അവസാനിച്ചപ്പോൾ ബുംറയുടെ പേരിൽ ആറു വിക്കറ്റ് ഉണ്ടായിരുന്നു.
പന്തുകൊണ്ടു മാത്രമല്ല, ബാറ്റുകൊണ്ടും ആക്രമിക്കാൻ തനിക്കറിയാമെന്നു പത്രസമ്മേളനത്തിൽ പറഞ്ഞു തടിതപ്പിയില്ല ബുംറ. മൂന്നാംദിനം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്, നാലാം ദിനം ലോകത്തിനു മുന്നിൽ ബുംറ പ്രാവർത്തികമാക്കി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ സിക്സർ പറത്തിയ ബുംറ 27 പന്തിൽ 10 റണ്സുമായി നാലാംദിനം അവസാനിച്ചപ്പോൾ ക്രീസിൽ തുടരുന്നു. ഒപ്പമുള്ളത് 11-ാം നന്പർ ബാറ്ററായ ആകാശ് ദീപ്. ആകാശ് ദീപും കമ്മിൻസിനെ സിക്സർ പറത്തി. 31 പന്തിൽ രണ്ടു ഫോറും ഒരു സിക്സും അടക്കം ആകാശ് 27 റണ്സുമായും പുറത്താകാതെനിന്നു.
കമ്മിൻസിന്റെ പന്തിൽ ഗള്ളിക്കു മുകളിലൂടെ ആകാശ് ഫോർ അടിച്ചപ്പോൾ പവലിയനിൽ വിരാട് കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും അർമാദിച്ചാഘോഷിച്ചു. ഇന്ത്യയുടെ ഇതിഹാസ ആരാധകൻ സുധീർ കുമാർ ശംഖൊലി മുഴക്കി, ദേശീയ പതാക വീശി. ജയം കുറിച്ച ഫോർ അല്ലായിരുന്നു അത്, പക്ഷേ, ഫോളോ ഓണ് എന്ന നാണക്കേടിൽനിന്ന് ഇന്ത്യയെ കരകയറ്റിയ ബൗണ്ടറിയായിരുന്നു.
തുടർന്ന് ഒരു പന്തിന്റെ ഇടവേളയിൽ ആകാശ് മിഡ് വിക്കറ്റിനു മുകളിലൂടെ കമ്മിൻസിനെ സിക്സറും പറത്തി. നാലാംദിനം ഇന്ത്യയുടെ സ്കോർബോർഡിലെത്തിയ അവസാന റണ്സായിരുന്നു ആ സിക്സ്. 252/9 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ആകാശും ബുംറയും ക്രീസിലെത്തുന്പോൾ ഇന്ത്യൻ സ്കോർ 213/9. ഫോളോ ഓണ് ഒഴിവാക്കാൻ ഇന്ത്യക്ക് അപ്പോൾ 33 റണ്സ് കൂടി വേണമായിരുന്നു. ഇന്ത്യയെ ഫോളോ ഓണിലേക്കു തള്ളിവിടാമെന്ന ഓസീസ് മോഹം തല്ലിക്കെടുത്തി ബുംറയും ആകാശും 10-ാം വിക്കറ്റിൽ അഭേദ്യമായ 39 റണ്സ് കൂട്ടുകെട്ടുമായി നാലാംദിനത്തിലെ മത്സരം അവസാനിപ്പിച്ചു.
ജയിച്ചശേഷം പാവലിയനിലേക്കു മടങ്ങിയെത്തുന്നതിനേക്കാൾ ഉജ്വല സ്വീകരണമായിരുന്നു സഹതാരങ്ങളും ഗാലറിയിലെ ഇന്ത്യൻ ആരാധകരും ഇരുവർക്കും നൽകിയത്. ബ്രിസ്ബെയിനിലെ ഗാബ സ്റ്റേഡിയത്തിൽ ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്പിനു ചുക്കാൻപിടിച്ച ബുംറയും ആകാശും ആരാധകരുടെ മനസിൽ സൂപ്പർ ഹീറോകൾക്കും മുകളിലേക്കുയർന്നു.
രാഹുൽ, ജഡേജ പോരാട്ടം
ബുംറയും ആകാശുമായിരുന്നു ഫോളോ ഓണ് ഒഴിവാക്കാനുള്ള വാലറ്റപ്പോരാട്ടം നടത്തിയതെങ്കിലും അതിനായുള്ള അടിത്തറയിട്ടത് ഓപ്പണർ കെ.എൽ. രാഹുലും (139 പന്തിൽ 84) ഏഴാമനായെത്തിയ രവീന്ദ്ര ജഡേജയും (123 പന്തിൽ 77) ആയിരുന്നു.
മൂന്നാംദിനം 33 റണ്സുമായി ക്രീസിൽ തുടരുകയായിരുന്ന രാഹുൽ, നാലാംദിനം 51 റണ്സ്കൂടി കൂട്ടിച്ചേർത്ത് 84 റണ്സ് നേടിയാണ് പുറത്തായത്. അതും സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ അത്യുജ്വല ഡ്രൈവിംഗ് ക്യാച്ചിലൂടെ. മൂന്നാംദിനം പൂജ്യം റണ്സുമായി ക്രീസിലുണ്ടായിരുന്ന രോഹിത് ശർമയെ (10) നാലാംദിനത്തിന്റെ തുടക്കത്തിൽത്തന്നെ പാറ്റ് കമ്മിൻസ് പുറത്താക്കി.
രാഹുലിനു ലൈഫ് ലഭിച്ചതിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. തുടർന്നു ക്രീസിൽ ജഡേജയ്ക്കൊപ്പം ഒന്നിച്ച രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. 74/5 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 141വരെ ഇവർ എത്തിച്ചു. ആറാം വിക്കറ്റിൽ 67 റണ്സ് കൂട്ടുകെട്ട് ഇരുവരും ചേർന്നു സ്ഥാപിച്ചു. രാഹുൽ പുറത്തായെങ്കിലും നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം (16) 53 റണ്സ് കൂട്ടുകെട്ടും ജഡേജ ഉണ്ടാക്കി.
അവസാന 7.30 മണിക്കൂർ
അഞ്ചാംദിനമായ ഇന്ന് 30 ഓവർ വീതമുള്ള മൂന്നു സെഷൻ അധികം പരിക്കില്ലാതെ കരകയറാൻ സാധിച്ചാൽ മത്സരം ഇന്ത്യക്കു സമനിലയിൽ അവസാനിപ്പിക്കാം. അഞ്ചാംദിനമായ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
അങ്ങനെയെങ്കിൽ ഇന്നും പൂർണമായി മത്സരം നടക്കില്ല. നാലാംദിനമായ ഇന്നലെ 57.5 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും 1-1 സമനിലയിലാണ്. പരന്പര 3-1നു ജയിച്ചാൽ ഇന്ത്യക്കു ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 445 (117.1)
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി മാർഷ് ബി സ്റ്റാർക്ക് 4, രാഹുൽ സി സ്മിത്ത് ബി ലിയോണ് 84, ഗിൽ സി മാർഷ് ബി സ്റ്റാർക്ക് 1, കോഹ്ലി സി കാരെ ബി ഹെയ്സൽവുഡ് 3, പന്ത് സി കാരെ ബി കമ്മിൻസ് 9, രോഹിത് സി കാരെ ബി കമ്മിൻസ് 10, ജഡേജ സി മാർഷ് ബി കമ്മിൻസ് 77, നിതീഷ് കുമാർ ബി കമ്മിൻസ് 16, സിറാജ് സി കാരെ ബി സ്റ്റാർക്ക് 1, ബുംറ നോട്ടൗട്ട് 10, ആകാശ് ദീപ് നോട്ടൗട്ട് 27, എക്സ്ട്രാസ് 10, ആകെ 74.5 ഓവറിൽ 252/9.
വിക്കറ്റ് വീഴ്ച: 1-4, 2-6, 3-22, 4-44, 5-74, 6-141, 7-194, 8-201, 9-213.
ബൗളിംഗ്: സ്റ്റാർക്ക് 24-3-83-3, ഹെയ്സൽവുഡ് 6-2-22-1, കമ്മിൻസ് 20.5-2-80-4, ലിയോണ് 21-0-54-1, ഹെഡ് 1-0-1-0. മിച്ചൽ മാർഷ് 2-0-6-0.
മറക്കില്ല, ലോഡ്സിലെ ബുംറ-ഷമി പോരാട്ടം
ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേർന്ന് ഓസ്ട്രേലിയയ്ക്കെതിരേ ബ്രിസ്ബെയ്നിൽ അഭേദ്യമായ 39 റണ്സ് കൂട്ടുകെട്ടുമായി ഇന്ത്യയെ ഫോളോ ഓണിൽനിന്നു രക്ഷിച്ചപ്പോൾ മറ്റൊരു ചരിത്ര നിമിഷം ക്രിക്കറ്റ് ആരാധകരുടെ മനസിലേക്കെത്തി.
2021 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ലോഡ്സിൽ ഇന്ത്യ 151 റണ്സിന്റെ ചരിത്ര ജയം നേടിയത്. അന്ന് ബുംറയും മുഹമ്മദ് ഷമിയും ചേർന്നു രണ്ടാം ഇന്നിംഗ്സിലെ ഒന്പതാം വിക്കറ്റിൽ അഭേദ്യമായ 89 റണ്സ് കൂട്ടുകെട്ടുണ്ടാക്കി.
ഷമി 70 പന്തിൽ 56 റണ്സുമായും ബുംറ 64 പന്തിൽ 34 റണ്സുമായി അന്നു പുറത്താകാതെ നിന്നു. ഇംഗ്ലീഷ് പേസ് ആക്രമണം അതിജീവിച്ചായിരുന്നു ബുംറയും ഷമിയും ക്രീസിൽ ഒന്നിച്ചത്.
ഇന്ത്യയുടെ ചരിത്രപരമായ വാലറ്റ കൂട്ടുകട്ടുകളിൽ രണ്ടിലും ബുംറ പങ്കാളിയാണെന്നതാണ് ശ്രദ്ധേയം.
ഹാമിൽട്ടണ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ന്യൂസിലൻഡിനു മിന്നും ജയം. ആദ്യ രണ്ടു ടെസ്റ്റിലും പരാജയപ്പെട്ട ന്യൂസിലൻഡ് മൂന്നാം മത്സരത്തിൽ 423 റണ്സിന്റെ ജയമാഘോഷിച്ചു. 658 റണ്സായിരുന്നു ഇംഗ്ലണ്ടിനു മുന്നിലെ വിജയ ലക്ഷ്യം. സ്കോർ: ന്യൂസിലൻഡ് 347, 453. ഇംഗ്ലണ്ട് 143, 234.
രണ്ട് ഇന്നിംഗ്സിലും ഓൾ റൗണ്ട് പ്രകടനം (3/7, 76 & 4/85, 49) നടത്തിയ ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്നറാണ് മൂന്നാം ടെസ്റ്റിലെ പ്ലെയർ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ജേക്കബ് ബിഥെൽ (76), ജോ റൂട്ട് (54), ഗസ് അറ്റ്കിൻസണ് (43) എന്നിവർ മാത്രമാണ് തിളങ്ങിയത്.
ബൈ ബൈ സൗത്തി
ന്യൂസിലൻഡ് പേസർ ടിം സൗത്തിയുടെ അവസാന ടെസ്റ്റായിരുന്നു. ജയത്തോടെ വിരമിക്കാൻ സൗത്തിക്കു സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റും സൗത്തി സ്വന്തമാക്കി. ടെസ്റ്റിൽ ന്യൂസിലൻഡിന്റെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തോടെയാണ് സൗത്തിയുടെ വിരമിക്കൽ, 107 ടെസ്റ്റിൽനിന്ന് 391 വിക്കറ്റ്. റിച്ചാർഡ് ഹാഡ്ലി (431) മാത്രമാണ് മുന്നിൽ.
ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള കിവീസ് ബൗളറാണ്. 234 വിക്കറ്റ് സ്വന്തം നാട്ടിൽ സൗത്തിക്കുണ്ട്. ഹാഡ്ലിയാണ് (201) രണ്ടാം സ്ഥാനത്ത്. ടെസ്റ്റിൽ 2245 റണ്സും ഉണ്ട്. 77 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. 7/64 മികച്ച ബൗളിംഗ്. 17 വർഷത്തെ കരിയറിനാണ് മുപ്പത്താറുകാരനായ സൗത്തി വിരാമമിട്ടത്.
സന്തോഷ് ട്രോഫി : കേരളത്തിനു തുടർച്ചയായ രണ്ടാം ജയം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിൽ കേരളത്തിനു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കേരളം 1-0 ന് മേഘാലയയെ കീഴടക്കി.
ആദ്യ പകുതിയിൽ മുഹമ്മദ് അജ്സൽ നേടിയ വണ്ടർ കിക്ക് ഗോളിൽ ആയിരുന്നു കേരളം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം 4-3ന് ഗോവയെ കീഴടക്കിയിരുന്നു.
കളിച്ച രണ്ടു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ കേരളം ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആറു പോയിന്റുള്ള ഡൽഹി ഗോൾ വ്യത്യസത്തിന്റെ ബലത്തിൽ ഒന്നാം സ്ഥാനത്തുണ്ട്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഡൽഹി 2-0 ന് തമിഴ്നാടിനെയും ഒഡീഷ അതേ വ്യത്യാസത്തിൽ ഗോവയെയും തോൽപ്പിച്ചു.
ഹെയ്സൽവുഡ് പുറത്ത്
ബ്രിസ്ബെയ്ൻ: പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റു പുറത്തായത് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഓസ്ട്രേലിയയെ സാരമായി ബാധിച്ചു. നാലാംദിനം തുടക്കത്തിൽ ഒരു ഓവർ മാത്രമാണ് ഹെയ്സൽവുഡ് പന്തെറിഞ്ഞത്.
ഹെയ്സൽവുഡിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന്റെ ഭാരം മുഴുവനായി പാറ്റ് കമ്മിൻസിലും മിച്ചൽ സ്റ്റാർക്കിലും വന്നുചേർന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 74.5 ഓവറിൽ 60 ശതമാനവും കമ്മിൻസും സ്റ്റാർക്കും ചേർന്നാണ് എറിഞ്ഞത്.
പരന്പരയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റിലും ജോഷ് ഹെയ്സൽവുഡ് ഉണ്ടായേക്കില്ലെന്നാണു വിവരം.
വിജയ് ഹസാരെ: കേരള ടീം
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ ആണ് ക്യാപ്റ്റൻ. ഹൈദരാബാദിൽ 23നു ബറോഡയ്ക്കെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ടീം: സൽമാൻ നിസാർ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ഷോണ് റോജർ, മുഹമ്മദ് അസറുദീൻ, ആനന്ദ് കൃഷ്ണൻ, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാൻ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവറ്റെ, സിജോമോൻ ജോസഫ്, ബേസിൽ തന്പി, എൻ.പി. ബേസിൽ, എം.ടി. നിധീഷ്, ഏദൻ ആപ്പിൾ ടോം, എൻ.എം. ഷറഫുദീൻ, അഖിൽ സ്കറിയ, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ, എം. അജ്നാസ് (വിക്കറ്റ് കീപ്പർ).
ഇന്ത്യ സൂപ്പർ ഫോറിൽ
ക്വാലാലംപുർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ്യൻ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് ബി ചാന്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചത്.
ഇന്ത്യയുടെ രണ്ടാം മത്സരം ഉപേക്ഷിച്ചു. നേപ്പാളിനെതിരേ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 94 റണ്സ് നേടി. നേപ്പാൾ 3.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്സ് എടുത്തിരിക്കേയായിരുന്നു മഴയെത്തിയത്.
കോച്ച് മിഖായേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി
കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടര്ന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന് മിഖായേല് സ്റ്റാറെ, സഹപരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. മൂവരും ചുമതലകള് ഒഴിഞ്ഞതായി ക്ലബ് സ്ഥിരീകരിച്ചു. 12 കളിയില്നിന്നുള്ള 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില് പത്താം സ്ഥാനത്താണ്. സീസണില് ജയിക്കാനായത് മൂന്നു കളികള് മാത്രം.
ടീമിന്റെ പുതിയ പരിശീലകനെ ക്ലബ് ഉടന് പ്രഖ്യാപിക്കും. കെബിഎഫ്സി റിസര്വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന് ടി.ജി. പുരുഷോത്തമന് എന്നിവര്ക്കായിരിക്കും പുതിയ നിയമനം സ്ഥിരീകരിക്കുന്നതുവരെ പ്രധാന ടീമിന്റെ പരിശീലക ചുമതല.
ഇവാന് വുകോമനോവിച്ചിനെ പുറത്താക്കിയതിനു പിന്നാലെ 2024 മേയ് 23നാണ് സ്വീഡിഷ് മുന് താരം മിഖായേല് സ്റ്റാറെയെ പുതിയ കോച്ചായി നിയമിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 11-ാം പരിശീലകനായി എത്തിയ സ്റ്റാറേക്ക് 2026 വരെ കരാറുണ്ടായിരുന്നു. എന്നാല്, ടീമിന്റെ ദയനീയ പ്രകടനം സീസണ് അവസാനിക്കുംമുമ്പേ കോച്ചിന്റെ പുറത്താക്കലിനു വഴിയൊരുക്കി. ഐഎസ്എല് ക്ലബ് നിയന്ത്രിക്കുന്ന ആദ്യ സ്വീഡിഷ് താരമെന്ന സവിശേഷതയോടെ എത്തിയ സ്റ്റാറെക്കു കീഴില് മൂന്നു മത്സരങ്ങളില് മാത്രമാണ് ബ്ലാസ്റ്റേഴ്സിനു ജയിക്കാനായത്.
കലിപ്പിൽ
ടീമിന്റെ മോശം പ്രകടനത്തെത്തുടര്ന്ന് ആരാധകക്കൂട്ടവും ടീമിനെ കൈവിട്ട നിലയിലാണ്. കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്, സ്വന്തം കഴിവുകേടില്നിന്നു ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫാന്സ് കൂട്ടായ്മയായ മഞ്ഞപ്പട പ്രതികരിച്ചു.
“സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം, ഒരു പരിശീലകനെ ബലിയാടാക്കാനാണ് ടീം തീരുമാനിച്ചത്. കോച്ചിനെ പുറത്താക്കുന്നത് ടീമിലെ ആഴത്തിലുള്ള പ്രശ്നങ്ങള്ക്കു പരിഹാരമാകില്ല, മാനേജ്മെന്റിന്റെ ബലിയാടാക്കല് തന്ത്രങ്ങളിലൂടെ തങ്ങളെ കബളിപ്പിക്കാനാകില്ലെ”ന്നും മഞ്ഞപ്പട സമൂഹമാധ്യമങ്ങളില് കുറിച്ചു.
ബലിയാട്...!
മിഖായേല് സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകനായപ്പോൾ സ്റ്റാർ പ്രകടനമായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, വെറും 16 മത്സരങ്ങൾ മാത്രം ക്ലബ്ബിനൊപ്പം ചെലവിട്ടശേഷം സ്റ്റാറെ കൊച്ചി വിടുന്നു.
സ്റ്റാറെയെ ബലികഴിപ്പിച്ച് മുഖം രക്ഷിക്കുകയാണ് ടീം അധികൃതർ ചെയ്തതെന്ന് മഞ്ഞപ്പട ആരാധകർ തുറന്നടിച്ചു. ശരിയാണ്, 2024-25 സീസണ് ആരംഭിക്കുന്നതിനു മുന്പുതന്നെ കേരള ബ്ലാസ്റ്റേഴ്സ് റിക്രൂട്ടിംഗിനെതിരേ മഞ്ഞപ്പട ആരാധകർ രംഗത്ത് എത്തിയതാണ്. നല്ല റിക്രൂട്ടിംഗ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയില്ല എന്നതായിരുന്നു ആരാധകരുടെ ആരോപണം.
മഞ്ഞപ്പട ആരാധകരുടെ അന്നത്തെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള പ്രകടനം. 2020-21 സീസണിനുശേഷം ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടമാണ് നിലവിലെ സീസണിൽ ഇതുവരെ കണ്ടത്. 2020-21 സീസണിൽ 17 പോയിന്റുമായി 10-ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 2024-25 സീസണിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 11 പോയിന്റുമായി 10-ാം സ്ഥാനത്താണ് കൊച്ചി ക്ലബ്.
കോച്ച് കുറ്റക്കാരനോ...?
ആയുധമില്ലാതെ അഭ്യാസം കാണിക്കാൻ കോച്ചിനല്ല, ലോകത്തിൽ ഒരു അഭ്യാസിക്കും സാധിക്കില്ല എന്നത് വാസ്തവം. എങ്കിലും മിഖായേല് സ്റ്റാറെയെ ബലിദാനം നൽകി ബ്ലാസ്റ്റേഴ്സ് അധികൃതർ കൈകഴുകി. എന്നാൽ, ഈ നീക്കം അംഗീകരിക്കാൻ മഞ്ഞപ്പട ആരാധകർ തയാറായില്ലെന്നതും ശ്രദ്ധേയം. സ്റ്റാറെയെ പുറത്താക്കിയാൽ തീരുന്നതല്ലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമെന്ന് ആരാധക കൂട്ടായ്മ സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു.
നല്ല ടീം ഇല്ല എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രശ്നം. അഡ്രിയാൻ ലൂണയെ മുൻനിർത്തിയായിരുന്നു മുൻസീസണുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ഇവാൻ വുകോമനോവിച്ച് കെട്ടിപ്പടുത്തത്. എന്നാൽ, 2024-25 സീസണിൽ നോഹ് സദൗയിയും ജെസ്യൂസ് ഹിമെനെസും എത്തിയതോടെ ലൂണയുടെ റോൾ കുറഞ്ഞു. അപ്പോഴും ഗോൾ വലയ്ക്കു മുന്നിൽ കൈചോരാത്ത ഒരു കീപ്പർ ഇല്ലെന്ന പ്രശ്നം മുഴച്ചുനിന്നു.
സച്ചിൻ സുരേഷ്, സോം കുമാർ എന്നിവരുടെ കൈകൾ ചോർന്നു മാത്രം കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഇരന്നുവാങ്ങിയ മത്സരങ്ങളുമുണ്ട്. പ്രതിരോധവും ഗോൾ കീപ്പറും മികച്ച നിലവാരം പുർത്താത്തതാണ് ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം. അതിൽ മാറ്റമുണ്ടാകാതെ സാക്ഷാൽ പെപ് ഗ്വാർഡിയോളയെ മുഖ്യപരിശീലകനാക്കിയാലും കേരള ബ്ലാസ്റ്റേഴ്സിനു ജയിക്കാൻ സാധിക്കില്ല. കാരണം, പരിശീലകനു ഡഗ്ഗൗട്ടിൽ നിന്നു നിർദേശവും തന്ത്രവും പറഞ്ഞു നൽകാനേ സാധിക്കൂ, കളത്തിൽ ഇറങ്ങി കളിക്കാൻ കഴിയില്ല. കോച്ച് വാഴാത്ത ക്ലബ് എന്ന വിമർശനം സ്റ്റാറെയെ പുറത്താക്കിയതിലൂടെ ബ്ലാസ്റ്റേഴ്സ് അരക്കിട്ടുറപ്പിച്ചിരിക്കുകയാണെന്നതും മറ്റൊരു വാസ്തവം...
മൂന്നാം ടെസ്റ്റിൽ മൂന്നാംദിനവും മഴ
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ തോൽവിയിൽനിന്നു രക്ഷിക്കാൻ മഴയ്ക്കു മാത്രമേ സാധിക്കൂ എന്നതാണ് നിലവിലെ അവസ്ഥ.
മൂന്നാംദിനം മഴയെത്തുടർന്നു മത്സരം നിർത്തിവയ്ക്കുന്പോൾ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445ന് എതിരേ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റണ്സ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ 394 റണ്സിനു പിന്നിലാണ് ഇന്ത്യ ഇപ്പോൾ. 17 ഓവർ മാത്രമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ഇന്നലെ നടന്നത്.
തുടക്കം മുതൽ വൈകി
മഴയെത്തുടർന്ന് ആദ്യദിനം 13.2 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. എന്നാൽ, രണ്ടാംദിനം പൂർണമായി ലഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നു മൂന്നാദിനം നിശ്ചയിച്ചതിനേക്കാൾ അഞ്ചു മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്.
101 ഓവറിൽ 405/7 എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്കുവേണ്ടി അലക്സ് കാരെയും മിച്ചൽ സ്റ്റാർക്കും ക്രീസിലെത്തി. കാരെ 88 പന്തിൽ 70 റണ്സ് നേടിയശേഷം പത്താമനായാണ് പുറത്തായത്. സ്റ്റാർക്ക് 18 റണ്സ് നേടി. മൂന്നാംദിനം 16.1 ഓവർകൂടി ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് നീണ്ടു. ഓസ്ട്രേലിയൻ ഇന്നിംഗ്സ് അവസാനിക്കുന്നതിനു മുന്പുതന്നെ മത്സരം നിർത്തിവയ്ക്കേണ്ടിവന്നു.
ഇന്ത്യൻ ഇന്നിംഗ്സ് കൃത്യസമയത്ത് ആരംഭിക്കാനും പ്രതികൂല കാലവസ്ഥ സമ്മതിച്ചില്ല. 7.2 ഓവറിൽ 22/3 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോൾ മഴ ശക്തിപ്പെട്ടു. അതോടെ മത്സരം നിർത്തിവച്ചു. ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും മത്സരം ആരംഭിച്ചെങ്കിലും മഴ ഇടയ്ക്ക് തടസം സൃഷ്ടിച്ചു.
ഒടുവിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.43നു മൂന്നാംദിനത്തിലെ മത്സരം അവസാനിച്ചതായി അന്പയർമാർ അറിയിച്ചു. മഴയേക്കാൾ വെളിച്ചക്കുറവായിരുന്നു അപ്പോഴത്തെ പ്രശ്നം.
രാഹുൽ മാത്രം
ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുൽ മാത്രമാണ്. യശസ്വി ജയ്സ്വാളിനെ (4) പുറത്താക്കി മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ വേട്ടയാടാൻ തുടങ്ങിയത്. 64 പന്തിൽ 33 റണ്സുമായി രാഹുൽ ക്രീസിൽ തുടരുന്നു. ആറു പന്തിൽ റണ് എടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയാണ് കൂട്ടിന്. ആറാം നന്പറായാണ് രോഹിത് ക്രീസിലെത്തിയത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 445.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി മാർഷ് ബി സ്റ്റാർക്ക് 4, രാഹുൽ നോട്ടൗട്ട് 33, ഗിൽ സി മാർഷ് ബി സ്റ്റാർക്ക് 1, കോഹ്ലി സി കാരെ ബി ഹെയ്സൽവുഡ് 3, പന്ത് സി കാരെ ബി കമ്മിൻസ് 9, രോഹിത് നോട്ടൗട്ട് 0, എക്സ്ട്രാസ് 1, ആകെ 17 ഓവറിൽ 51/4.
വിക്കറ്റ് വീഴ്ച: 1-4, 2-6, 3-22, 4-44.
ബൗളിംഗ്: സ്റ്റാർക്ക് 8-1-25-2, ഹെയ്സൽവുഡ് 5-2-17-1, കമ്മിൻസ് 2-0-7-1, ലിയോണ് 1-0-1-0, ഹെഡ് 1-0-1-0.
ഡെർബിയിൽ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അരങ്ങേറിയ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനു ജയം.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ അരങ്ങേറിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന്റെ ജയം സ്വന്തമാക്കി. 88-ാം മിനിറ്റുവരെ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സിറ്റിയുടെ തോൽവി. 36-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോളിൽ സിറ്റി ലീഡ് നേടി.
ബ്രൂണോ ഫെർണാണ്ടസിന്റെ (88’) പെനാൽറ്റി ഗോളിലൂടെ യുണൈറ്റഡ് സമനിലയിലെത്തി. തുടർന്ന് അമദ് ഡിയാല്ലോ 90-ാം മിനിറ്റിൽ നേടിയ ഗോളിൽ യുണൈറ്റഡ് ജയം സ്വന്തമാക്കി. പ്രീമിയർ ലീഗിൽ ഈ സീസണിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി വഴങ്ങുന്ന അഞ്ചാം തോൽവിയാണ്.
ടോട്ടൻഹാം, ചെൽസി
മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്ട്സ്പുറും ചെൽസിയും ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ ടോട്ടൻഹാം 5-0നു സതാംപ്ടണിനെ തകർത്തു. ഹോം മത്സരത്തിൽ ചെൽസി 2-1നു ബ്രെന്റ്ഫോഡിനെ കീഴടക്കി.
ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 36 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. ചെൽസി (34) രണ്ടാം സ്ഥാനത്തെത്തി. ആഴ്സണൽ (30), നോട്ടിങാം ഫോറസ്റ്റ് (28), മാഞ്ചസ്റ്റർ സിറ്റി (27) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് 22) 13-ാം സ്ഥാനത്താണ്.
ഹാമിൽട്ടണ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തോൽവിയിലേക്ക്. മൂന്നാംദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 18 റണ്സ് എടുത്തിട്ടുണ്ട്. എട്ടു വിക്കറ്റും രണ്ടുദിനവും ബാക്കിനിൽക്കേ ഇംഗ്ലണ്ടിനു തോൽവി ഒഴിവാക്കണമെങ്കിൽ 640 റണ്സ് എടുക്കണം.
സ്കോർ: ന്യൂസിലൻഡ് 347, 453. ഇംഗ്ലണ്ട് 143, 18/2.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 136 റണ്സ് എന്ന നിലയിൽ മൂന്നാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡിനുവേണ്ടി കെയ്ൻ വില്യംസണ് സെഞ്ചുറി നേടി. 204 പന്തിൽ 156 റണ്സ് വില്യംസണിന്റെ ബാറ്റിൽനിന്നു പിറന്നു.
658 റണ്സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ 18 റണ്സിനിടെ കൂടാരം കയറി. സാക് ക്രൗളിയെ (5) ഈ പരന്പരിയിൽ ആറാം തവണയും മാറ്റ് ഹെൻറി പുറത്താക്കി.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ഹോം തോൽവി. ലെഗനെസിനോട് 1-0നാണ് ബാഴ്സ തോറ്റത്. നാലാം മിനിറ്റിൽ സെർജിയൊ ഗോണ്സാലസായിരുന്നു സന്ദർശകരുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
ലാ ലിഗ സീസണിൽ അവസാന നാലു മത്സരങ്ങളിൽ ബാഴ്സയുടെ രണ്ടാം തോൽവിയാണ്. ഹോം മത്സരത്തിൽ തുടർച്ചയായ രണ്ടാം തോൽവിയാണെന്നതും ശ്രദ്ധേയം.
മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0നു ഗെറ്റാഫയെയും റയൽ ബെറ്റിസ് 2-1നു വിയ്യാറയലിനെയും തോൽപ്പിച്ചു.
സന്തോഷ ടീം കളത്തിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ രണ്ടാം ഗ്രൂപ്പ് പോരാട്ടത്തിനായി കേരളം ഇന്നു കളത്തിൽ.
രാത്രി 7.30നു നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കേരളം 4-3നു ഗോവയെ കീഴടക്കിയിരുന്നു. മേഘാലയ തങ്ങളുടെ ആദ്യ മത്സരത്തിൽ തമിഴ്നാടുമായി (2-2) സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ സർവീസസ് 4-0നു ജമ്മു കാഷ്മീരിനെ തോൽപ്പിച്ചു. വെസ്റ്റ് ബംഗാൾ 3-0നു തെലുങ്കാനയെയും മറികടന്നു. ബംഗാളിന്റെ രണ്ടാം ജയമാണ്.
സന്തോഷാരംഭം; സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനു ജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഗോവയെ 3-4നു കേരളം കീഴടക്കി സന്തോഷാരംഭം കുറിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തമിഴ്നാടും മേഘാലയയും 2-2 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു തമിഴ്നാടിന്റെ രണ്ടു ഗോളും. മേഘാലയയുടെ ഗോളുകൾ രണ്ടാം പകുതിയിലും.
രണ്ടാം മിനിറ്റിൽ ഞെട്ടി
ഗോവയ്ക്കെതിരായ മത്സരത്തിൽ കിക്കോഫിനു ശേഷം രണ്ടാം മിനിറ്റിൽ കേരളത്തിന്റെ വല കുലുങ്ങി. നിഗ്വേൽ ഫെർണാണ്ടസ് ഗോവയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. അതോടെ 1-0നു കേരളം പിന്നിൽ. ഗോൾ മടക്കാനുള്ള കേരള സംഘത്തിന്റെ ശ്രമങ്ങൾ 16-ാം മിനിറ്റിൽ ഫലം കണ്ടു. പി.ടി. മുഹമ്മദ് റിയാസിന്റെ ഗോളിൽ കേരളം കടം വീട്ടി.
27-ാം മിനിറ്റിൽ മുഹമ്മജ് അജ്സലും 33-ാം മിനിറ്റിൽ നസീബ് റഹ്മാനും ഗോവയുടെ വലയിൽ പന്ത് എത്തിച്ചു. അതോടെ 3-1ന്റെ ലീഡുമായി കേരളം ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ മൂന്നു ഗോൾ
ഏഴു ഗോൾ പിറന്ന സൂപ്പർ പോരാട്ടത്തിന്റെ മൂന്നു ഗോൾ രണ്ടാം പകുതിയിലായിരുന്നു. 3-1ന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ കേരളം 69-ാം മിനിറ്റിൽ നാലാം ഗോൾ നേടി. ക്രിസ്റ്റി ഡേവിസിന്റെ വകയായിരുന്നു ഗോൾ. ജയം ഉറപ്പിച്ച് മത്സരത്തിന്റെ അവസാന ഭാഗത്തേക്കു കടന്നപ്പോൾ ഗോവയിൽനിന്ന് കേരളത്തിനു തിരിച്ചടിയേറ്റു. ജോനസ് പെരേരിയയുടെ (78’, 86’) ഇരട്ട ഗോൾ ഗോവയുടെ തോൽവിഭാരം കുറച്ചു.
സ്മൂത്തല്ല... സ്മിത്തിനും ഹെഡിനും സെഞ്ചുറി
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു കാര്യങ്ങൾ അത്ര സ്മൂത്ത് അല്ല. സ്റ്റീവ് സ്മിത്തിന്റെയും (101) ട്രാവിസ് ഹെഡിന്റെയും (152) സെഞ്ചുറി മികവിൽ ആതിഥേയർ രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റണ്സ് നേടി. മഴയെത്തുടർന്ന് ആദ്യദിനം 13.2 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. സ്മിത്തിന്റെയും ഹെഡിന്റെയും സെഞ്ചുറിക്കിടയിൽ രണ്ടാംദിനം ഇന്ത്യക്ക് ഏക ആശ്വാസമായത് ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ്.
സ്മിത്ത് റിക്കാർഡ് ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തിന്റെ 33-ാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതോടെ ഓസ്ട്രേലിയയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിൽ സ്റ്റീവ് വോയെ (32) സ്മിത്ത് മറികടന്നു. റിക്കി പോണ്ടിംഗ് (41) മാത്രമാണ് സ്മിത്തിനു മുന്നിൽ ഇനിയുള്ളത്. ഇന്ത്യക്കെതിരേ സ്മിത്തിന്റെ 10-ാം സെഞ്ചുറിയാണ്. ഇതോടെ രണ്ടു വ്യത്യസ്ത ടീമുകൾക്കെതിരേ 10+ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റിക്കാർഡും സ്മിത്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ സ്മിത്തിനു 12 സെഞ്ചുറിയുണ്ട്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 75 റണ്സ് എന്ന നിലയിലാണ് സ്മിത്തും ഹെഡും നാലാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയത്. 241 റണ്സ് സ്മിത്ത്-ഹെഡ് കൂട്ടുകെട്ടിൽ പിറന്നു. 190 പന്ത് നേരിട്ട് 12 ഫോറിന്റെ സഹായത്തോടെയായിരുന്നു സ്മിത്തിന്റെ 101 റണ്സ്. ന്യൂബോൾ ആക്രമണത്തിനു ബുംറ എത്തിയതോടെയാണ് സ്മിത്ത് പുറത്തായത്.
ഇന്ത്യക്കെതിരായ ഹെഡ്ഡിംഗ് ട്രാവിസ് ഹെഡിനു റണ്സ് വാരിക്കൂട്ടാനുള്ള ടീമാണ് ഇന്ത്യയെന്നു തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. 160 പന്തിൽ 18 ഫോറിന്റെ സഹായത്തോടെ ഹെഡ് 152 റണ്സ് നേടി. ഹെഡിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി.
2023നുശേഷം ഇന്ത്യക്കെതിരേ മൂന്നു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ ഹെഡ് സ്വന്തമാക്കിയത് 808 റണ്സ്. 12 ഇന്നിംഗ്സിൽനിന്നാണിത്. അതേസമയം, ഇക്കാലയളവിൽ മറ്റു ടീമുകൾക്കെതിരായ 23 ഇന്നിംഗ്സിൽ നേടിയത് 701 റണ്സ് മാത്രവും. ബുംറയ്ക്കു മുന്നിലാണ് ഹെഡും തലകുനിച്ചത്.
കപിലിനെ പിന്തള്ളി ബുംറ റിക്കാർഡ് 75 റണ്സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ഏക ആശ്വാസം. അവസാന സെഷനിൽ പാറ്റ് കമ്മിൻസിനെ (20) മുഹമ്മദ് സിറാജ് പുറത്താക്കി. മാർനസ് ലബൂഷെയ്നെ (12) നിതീഷ് കുമാർ റെഡ്ഡിയും വീഴ്ത്തി.
ടെസ്റ്റിൽ ബുംറയുടെ 12-ാം അഞ്ചു വിക്കറ്റ് നേട്ടമാണ്. ഏഷ്യക്കു പുറത്ത് ബുംറ 5+ വിക്കറ്റ് നേടുന്നത് 10-ാം തവണയാണ്. ഏഷ്യക്കു പുറത്ത് ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡും ബുംറ സ്വന്തമാക്കി. കപിൽ ദേവിനെയാണ് (ഒന്പത്) ബുംറ മറികടന്നത്.
മാജിക്കല്ല മന്ത്രമല്ല... ബ്രിസ്ബെയ്ൻ: ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഇടയിൽ രസകരമായ ഒരു സംഭവം അരങ്ങേറി. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബൂഷെയ്നും ആയിരുന്നു കഥാപാത്രങ്ങൾ. ലബൂഷെയ്ൻ ക്രീസിൽ തുടരുന്പോൾ പന്തെറിയുകയായിരുന്ന സിറാജ് ക്രീസിലെത്തി. ലബൂഷെയ്നുമായി തോളുരസിയശേഷം സിറാജ് ബെയ്ൽസ് എടുത്ത് പരസ്പരം തിരിച്ചുവച്ചു. ഇംഗ്ലീഷ് പേസർ സ്റ്റൂവർട്ട് ബ്രോഡ് ഒരിക്കൽ ലബൂഷെയ്ൻ ക്രീസിലുള്ളപ്പോൾ ബെയ്ൽസ് എക്സ്ചേഞ്ച് ചെയ്തു വയ്ക്കുകയും തൊട്ടടുത്ത പന്തിൽ അദ്ദേഹം പുറത്താകുകയും ചെയ്തിരുന്നു.
എന്നാൽ, ബെയ്ൽസ് മാറിവച്ചശേഷം ബൗളിംഗ് എൻഡിലേക്ക് സിറാജ് തിരികെ നടന്നപ്പോൾ ലബൂഷെയ്ൻ ബെയ്ൽസ് ആദ്യം ഇരുന്നതുപോലെ തന്നെ തിരികെവച്ചു. സിറാജിനു മുന്നിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്ന ലബൂഷെയ്ൻ തൊട്ടടുത്ത ഓവറിൽ നിതീഷ് കുമാറിന്റെ പന്തിൽ സെക്കൻഡ് സ്ലിപ്പിൽ വിരാട് കോഹ്ലിക്കു ക്യാച്ച് നൽകി പുറത്തായി. 55 പന്തിൽ 12 റണ്സായിരുന്നു ലബൂഷെയ്ന്റെ സന്പാദ്യം.
സ്കോർ ബോർഡ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഖ്വാജ സി പന്ത് ബി ബുംറ 21, മക്സ്വീനി സി കോഹ്ലി ബി ബുംറ 9, ലബൂഷെയ്ൻ സി കോഹ്ലി ബി നിതീഷ് 12, സ്മിത്ത് സി രോഹിത് ബി ബുംറ 101, ഹെഡ് സി പന്ത് ബി ബുംറ 152, മിച്ചൽ മാർഷ് സി കോഹ്ലി ബി ബുംറ 5, കാരെ നോട്ടൗട്ട് 45, കമ്മിൻസ് സി പന്ത് ബി സിറാജ് 20, സ്റ്റാർക്ക് നോട്ടൗട്ട് 7, എക്സ്ട്രാസ് 33, ആകെ 101 ഓവറിൽ 405/7.
വിക്കറ്റ് വീഴ്ച: 1-31, 2-38, 3-75, 4-316, 5-326, 6-327, 7-385.
ബൗളിംഗ്: ബുംറ 25-7-72-5, സിറാജ് 22.2-4-97-1, ആകാശ് 24.4-5-78-0, നിതീഷ് 13-1-65-1, ജഡേജ 16-2-76-0.
കളത്തിലും ലേലത്തിലും കമാലിനി തരംഗം...
മുംബൈ: 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിനുള്ള മിനി താര ലേലത്തിൽ ശ്രദ്ധിക്കപ്പെട്ട തമിഴ്നാടിന്റെ പതിനാറുകാരി ജി. കമാലിനി.
1.60 കോടി രൂപയ്ക്കാണ് കമാലിനിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പ്രഥമ എസിസി വനിതാ അണ്ടർ 19 ഏഷ്യ കപ്പിൽ കമാലിനിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയതിനു പിന്നാലെയായിരുന്നു ലേലം. 29 പന്തിൽ 44 റണ്സുമായി പുറത്താകാതെ നിന്ന കമാലിനിയായിരുന്നു പ്ലെയർ ഓഫ് ദ മാച്ചു. കളത്തിലും ലേലത്തിലും ഒന്നുപോലെ കമാലിനി ഇന്നലെ താരമായി. 10 ലക്ഷം രൂപ മാത്രമായിരുന്നു കമാലിനിയുടെ അടിസ്ഥാന വില.
സിമ്രാൻ, ഡോട്ടിൻ 2025 മിനി ലേലത്തിൽ ഏറ്റവും വിലയേറിയ താരങ്ങളായത് ഇന്ത്യയുടെ സിമ്രാൻ ഷെയ്ഖും വെസ്റ്റ് ഇൻഡീസിന്റെ ഡിയേന്ദ്ര ഡോട്ടിനും. 1.90 കോടി രൂപയ്ക്കാണ് സിമ്രാനെ ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു സിമ്രാന്റെ അടിസ്ഥാന വില. 1.70 കോടി രൂപ മുടക്കി ഡോട്ടിനെയും ഗുജറാത്ത് തട്ടകത്തിലെത്തിച്ചു.
ഓൾറൗണ്ടർ പ്രേമ റാവത്തിനെ നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 1.20 കോടി രൂപയ്ക്കു സ്വന്തമാക്കി. ഒരു കോടി രൂപയ്ക്കു മുകളിൽ ലേലം ലഭിച്ചത് ഈ നാലു കളിക്കാർക്കായിരുന്നു.
പാക് പടയെ വീഴ്ത്തി ഇന്ത്യ
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ. 73 പന്ത് ബാക്കിനിൽക്കേ ഒന്പതു വിക്കറ്റ് ജയമാണ് ഇന്ത്യൻ കൗമാരസംഘം സ്വന്തമാക്കിയത്.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 67/7. ഇന്ത്യ 7.5 ഓവറിൽ 68/1.
29 പന്തിൽ 44 റണ്സുമായി പുറത്താകാതെ നിന്ന ഇന്ത്യയുടെ കമാലിനിയാണ് പ്ലെയർ ഓഫ് ദ മാച്ച്. സനിക ചൽകെയും (19) പുറത്താകാതെ നിന്നു. കോമൾ ഖാനായിരുന്നു (24) പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഇന്ത്യയുടെ സോനം യാദവ് നാല് ഓവറിൽ ആറു റണ്സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
ഹാമിൽട്ടണ്: ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനു മികച്ച ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 347 റണ്സിനു പുറത്തായ ന്യൂസിലൻഡ്, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 143ൽ അവസാനിപ്പിച്ച് 204 റണ്സിന്റെ ലീഡ് സ്വന്തമാക്കി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ആതിഥേയർ രണ്ടാംദിനം അവസാനിക്കുന്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 136 റണ്സ് എടുത്തു. ഇതോടെ കിവീസിന്റെ ആകെ ലീഡ് 340 ആയി. കെയ്ൻ വില്യംസണ് (50*) ക്രീസിലുണ്ട്. വിൽ യംഗ് (60) അർധസെഞ്ചുറിയുമായി പുറത്തായി.
നാലു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറി, മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയ വിൽ ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. ഏഴു റണ്സ് മാത്രം വിട്ടുനൽകിയായിരുന്നു സാന്റ്നർ മൂന്നു വിക്കറ്റ് നേടിയത്. ജോ റൂട്ട് (32) ആയിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനെ 3-3 സമനിലയിൽ തളച്ച് റയോ വയ്യക്കാനോ. രണ്ടു ഗോളിനു പിന്നിലായശേഷമാണ് റയൽ ഗോൾ തിരിച്ചടിക്കാൻ തുടങ്ങിയത്. വാൽവെർഡെ (39’), ബെല്ലിംങ്ഗം (45’), റോഡ്രിഗൊ (56’) എന്നിവരാണ് റയലിനായി ലക്ഷ്യം നേടിയത്.
ലീഗിൽ 17 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തു തുടരുന്നു. റയൽ രണ്ടാമതാണ് (37). വയ്യക്കാനോയെ തോൽപ്പിച്ചിരുന്നെങ്കിൽ റയലിനു ടേബിളിന്റെ തലപ്പത്ത് എത്താമായിരുന്നു.
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ചാന്പ്യന്മാർ. മധ്യപ്രദേശിനെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണ് മുംബൈ ട്രോഫി സ്വന്തമാക്കിയത്. സ്കോർ: മധ്യപ്രദേശ് 20 ഓവറിൽ 174/8. മുംബൈ 17.5 ഓവറിൽ 180/5. 15 പന്തിൽ 36 റണ്സുമായി പുറത്താകാതെ നിൽക്കുകയും 32 റണ്സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുംബൈയുടെ സൂര്യാൻഷ് ഷെഡ്ഗെയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ആറു റണ്സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ മധ്യപ്രദേശിനെ രജത് പാട്ടിദാറിന്റെ (40 പന്തിൽ 81 നോട്ടൗട്ട്) ഇന്നിംഗ്സാണ് മികച്ച സ്കോറിലെത്തിച്ചത്. മുംബൈക്കുവേണ്ടി സൂര്യകുമാർ യാദവ് (35 പന്തിൽ 48), അജിങ്ക്യ രഹാനെ (30 പന്തിൽ 37), അൻകൊലേക്കർ (ആറു പന്തിൽ 16 നോട്ടൗട്ട്) എന്നിവർ തിളങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മുംബൈ സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണയാണ്. രഹാനെയാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്.
വരുന്നൂ, കാവ നേഷൻസ് കപ്പ്
കാഠ്മണ്ഡു: കാവ നേഷൻസ് കപ്പ് എന്ന പേരിൽ പുതിയ ചാന്പ്യൻഷിപ്പ് ആരംഭിക്കാനുള്ള നീക്കവുമായി സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (കാവ). ഇതിനായി പ്രൈംവോളിബോൾ ലീഗ് സംഘാടകരായ ബേസ്ലൈൻ വെഞ്ച്വേഴ്സുമായി പത്ത് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഏഷ്യൻ വോളിബോൾ കോണ്ഫെഡറേഷന്റെ (എവിസി) സോണൽ അസോസിയേഷനാണ് കാവ.