അമേരിക്കന് വെല്ലുവിളികൾ നേരിടാൻ സമുദ്രോത്പന്ന കയറ്റുമതി മേഖല
അജി വള്ളിക്കീഴ്
കൊല്ലം: സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്ക് 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്ക്കുകൂടി യൂറോപ്യന് യൂണിയന് (ഇയു) അംഗീകാരം നല്കിയതോടെ അമേരിക്കന് ചുങ്കം അടക്കമുള്ള കടുത്ത വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് വഴി തുറക്കും.
യൂറോപ്യന് യൂണിയന് അംഗീകാരമുള്ള ഇന്ത്യന് സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ തീരുമാനത്തോടെ 538ല്നിന്ന് 604 ആയി ഉയര്ന്നിരിക്കുകയാണ്. യൂറോപ്യന് യൂണിയനിലേക്ക് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്തു വരുന്ന ഇനങ്ങള് ശീതീകരിച്ച ചെമ്മീന്, കണവ, കൂന്തല് എന്നിവയാണ്. ശീതീകരിച്ച ചെമ്മീന്, ഫ്രോസണ് സെഫലോപോഡുകള്, മൂല്യവര്ധിത ഉത്പന്നങ്ങളായ ചെമ്മീന്, ട്യൂണ എന്നിവയുടെ കയറ്റുമതി വര്ധിപ്പിക്കാന് ഇന്ത്യക്ക് വലിയ സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല് വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെയും എക്സ്പോര്ട്ട് ഇന്സ്പെക്ഷന് കൗണ്സിലിന്റെയും ശ്രമങ്ങളാണ് ഇക്കാര്യത്തിൽ സഹായകമായത്. സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല് കയറ്റുമതി വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് ഇക്കാര്യത്തിൽ ഗുണകരമായെന്ന് എംപിഇഡിഎ ചെയര്മാന് ഡി.വി. സ്വാമി പറയുന്നു.
വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന് സമുദ്രോത്പന്ന വിപണിയില് ഇന്ത്യയുടെ സാന്നിധ്യം വര്ധിക്കാനിടയാക്കുന്ന പുതിയ തീരുമാനം വിദേശനാണ്യ വര്ധനയ്ക്ക് വാതായനങ്ങൾ തുറക്കുന്നതും മത്സ്യത്തൊഴിലാളി സമൂഹത്തിനു പ്രതീക്ഷകൾ നൽകുന്നതുമാണ്.
യൂറോപ്യന് യൂണിയന് അംഗീകാരമുള്ള ഫിഷറീസ് സ്ഥാപനങ്ങളുടെ കുറവ് മത്സ്യ കയറ്റുമതിക്കാര്ക്ക് ഇന്നലെ വരെ കടുത്ത പ്രതിബന്ധങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കരാര്, ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന് വിപണിയില് സാന്നിധ്യം വര്ധിപ്പിക്കാന് രാജ്യത്തെ കയറ്റുമതിക്കാര്ക്ക് വലിയ അവസരം നൽകും.
സ്പെയിന്, ബെല്ജിയം, ഇറ്റലി എന്നിവയാണ് യൂറോപ്യന് യൂണിയന് അംഗരാജ്യങ്ങളില് ഇന്ത്യയുടെ പ്രധാന വിപണി. ഇന്ത്യയുടെ പുതിയ ഇഎഫ് ടിഎ വ്യാപാരക്കരാര് 2025 ഒക്ടോബര് ഒന്നുമുതൽ പ്രാബല്യത്തില് വരുന്നതോടെ സ്വിറ്റ്സര്ലന്ഡ്, നോര്വേ, തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്ക് കൂടി വിപണിപ്രവേശനം സാധ്യമാവുകയാണ്.
ഇയു അംഗീകാരത്തിനായി നിരവധി നാളുകളായുള്ള ശ്രമത്തിന്റെ ഫലപ്രാപ്തിയില് എംപിഇഡിഎയുടെയും ഇഐസിയുടെയും നിരന്തരമായ ശ്രമങ്ങള്ക്കു വലിയ പങ്കുണ്ടെന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള ഐലന്ഡ് എക്സ്പോര്ട്സിലെ സന്തോഷ് പ്രഭു പ്രതികരിച്ചിട്ടുള്ളത്. 102 കൊഞ്ച് സംസ്കരണ പ്ലാന്റുകള്ക്കുകൂടി ഇയു അംഗീകാരം നേടിയെടുക്കാന് നടത്തിയ ശ്രമങ്ങൾക്ക് എംപിഇഡിഎക്ക് നന്ദി അറിയിച്ചുകൊണ്ട് മയങ്ക് അക്വാകള്ച്ചര് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. മനോജ് ശര്മ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോല്ക്കത്തയിലെ ബസു ഇന്റര്നാഷണലിലെ വിജയ് ഗോപാല്, തൂത്തുക്കുടിയിലെ ദേവ സീഫുഡ്സിലെ ജ്ഞാനരാജ, ഫ്രണ്ടൈന് എക്സ്പോര്ട്സിലെ നിയാസ് കോയ, ഗുജറാത്തിലെ വേരാവലിലുള്ള നിഷിന്ഡോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര് ദുര്ഗേഷ് ഖൊരാവ തൂത്തുക്കുടിയിലെ എസ്.വി. സീഫുഡ്സിലെ കേശവന്, ഭുവനേശ്വറിലെ ആശാദീപ് അക്വാകള്ച്ചര് പ്രൈവറ്റ് ലിമിറ്റഡിലെ പവന് തിവാരി എന്നിവരും തങ്ങളുടെ കമ്പനികള്ക്ക് ഇയു ലിസ്റ്റിംഗില് ഇടം നേടാന് സഹായിച്ചതിന് എംപിഇഡിഎയുടെയും ഇഐസിയുടെയും ശ്രമങ്ങളെ പ്രശംസിച്ചിട്ടുണ്ട്.
പോയ വർഷം 62,408.45 കോടി രൂപയുടെ (7.45 ബില്യണ് യുഎസ് ഡോളര്) മൂല്യമുള്ള 16,98,170 മെട്രിക് ടണ് സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്. ഈ കാലയളവില് അളവിലും മൂല്യത്തിലും മുന്നിട്ടു നിന്നത് ശീതീകരിച്ച ചെമ്മീനായിരുന്നു.
ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ എന്ന വിശേഷണത്തോടെ ടിവിഎസ് എൻടോർക്ക് 150 വിപണിയിലെത്തി. ന്യൂ ജെൻ റൈഡർമാരെ ലക്ഷ്യമിട്ടാണ് എൻടോർക്ക് നിരയിലെ ഏറ്റവും പുതിയ മോഡൽ എൻടോർക്ക് 150 എത്തിച്ചിരിക്കുന്നത്.
സ്റ്റെൽത്ത് വിമാനങ്ങളുടെ രൂപകൽപ്പനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വാഹനം രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. എൻടോർക്ക് 150 സ്റ്റാൻഡേർഡ് വേരിയന്റിന് 1.19 ലക്ഷം രൂപയും എൻടോർക്ക് 150 ടിഎഫ്ടി വേരിയന്റിന് വില 1.29 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
ടിവിഎസ് എൻടോർക്ക് 125നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ അവതരിപ്പിച്ചെതെങ്കിലും പുതുമയിലും സ്റ്റൈലിംഗിലും ഫീച്ചറുകളുടെ കാര്യത്തിലും എൻടോർക്ക് 150 ശ്രദ്ധേയമാണ്. സുരക്ഷയ്ക്കായി എബിഎസ്, ക്രാഷ് ആൻഡ് തെഫ്റ്റ് അലർട്ടുകൾ, ഹസാർഡ് ലാന്പുകൾ, എമർജൻസി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ മീ ഹെഡ്ലാന്പുകൾ തുടങ്ങിയവ വാഹനത്തിലുണ്ട്. സെഗ്മെന്റിൽ ആദ്യമായി അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മൾട്ടി പോയിന്റർ പ്രോജക്ടർ ഹെഡ്ലാന്പുകൾ, സ്പോർട്ടി ടെയിൽ ലാന്പുകൾ, എയറോഡൈനാമിക് വിംഗ് ലൈറ്റുകൾ എന്നിവ പുതിയ എൻടോർക്കിനെ ആകർഷകമാക്കുന്നുണ്ട്. ഹൈ റെസലൂഷൻ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാർട്ട് കണക്ടും ഉൾക്കൊള്ളുന്ന ഇതിൽ അലക്സ സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ടേണ് ബൈ ടേണ് നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, കോൾ/മെസേജ്/സോഷ്യൽ മീഡിയ അലർട്ടുകൾ എന്നിവയുൾപ്പെടെ അന്പതിലധികം കണക്ടഡ് ഫീച്ചറുകളുമുണ്ട്.
13.2 പിഎസ് പവറും 14.2 എൻഎം ടോർക്കും നൽകുന്ന 149.7 സിസി, എയർ കൂൾഡ്, 3 വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ് എൻടോർക്ക് 150ന് കരുത്തേകുന്നത്. സ്ട്രീറ്റ്, റേസ് എന്നീ രണ്ട് റൈഡ് മോഡുകൾ എൻടോർക്ക് 150ൽ ലഭ്യമാണ്. 6.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാനും പരമാവധി 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും ഇതിനാകുമെന്ന് കന്പനി അവകാശപ്പെടുന്നു.
22 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും മുന്നിലും പിന്നിലുമായി 12 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് സംവിധാനത്തിൽ മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും സ്റ്റാൻഡേർഡായി സിംഗിൾ ചാനൽ എബിഎസും കന്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെൽത്ത് സിൽവർ, റേസിംഗ് റെഡ്, ടർബോ ബ്ലൂ, നൈട്രോ ഗ്രീൻ എന്നീ നിറങ്ങളിൽ എൻടോർക് 150 ലഭ്യമാകും.
ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചാൽ; 70 ലക്ഷം തൊഴിലവസരം
ന്യൂഡൽഹി: രാജ്യത്തെ ഉപയോഗ ശൂന്യവും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ പൊളിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ചരക്കുസേവന നികുതി ഇനത്തിൽ 40,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ഇതിലൂടെ 70 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത്തരത്തിൽ 97 ലക്ഷം വാഹനങ്ങൾ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം മൂന്ന് ലക്ഷം വാഹനങ്ങളാണ് പൊളിച്ചത്. ഇതിൽ 1.41 ലക്ഷവും സർക്കാർ വാഹനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ പ്രകൃതിസൗഹൃദമായ രീതിയിൽ ഒഴിവാക്കുന്നതിനാണ് വോളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡണൈസേഷൻ പ്രോഗ്രാം (വിവിഎംപി) കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
മോട്ടോർ വാഹന നിയമപ്രകാരം വാണിജ്യ വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം വരെ ഓരോ രണ്ട് വർഷത്തിലും പിന്നീട് വാർഷികാടിസ്ഥാനത്തിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സ്വകാര്യ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കേണ്ട 15 വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ ഓരോ അഞ്ച് വർഷത്തിനിടയിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സർക്കാർ ആവശ്യങ്ങൾക്കുള്ള ഒൗദ്യോഗിക വാഹനങ്ങൾക്ക് സാധാരണ 15 വർഷമാണ് കാലാവധി. ഇത് കഴിഞ്ഞാൽ പൊളിക്കുകയാണു പതിവ്.
അഞ്ച് ശതമാനം ഡിസ്കൗണ്ട്
പുതിയ വാഹനം വാങ്ങുന്പോൾ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞത് അഞ്ച് ശതമാനം കിഴിവെങ്കിലും പരിഗണിക്കണമെന്ന് മന്ത്രി വാഹന കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവകാരുണ്യപ്രവർത്തനമല്ല, ഇങ്ങനെ ചെയ്താൽ ആവശ്യകത വർധിക്കും. ജിഎസ്ടി പരിഷ്കാരം വാഹന വിപണിക്ക് ഏറെ ഗുണം ചെയ്യും. വാഹനങ്ങൾ പൊളിക്കുന്നതിലൂടെ വാഹനഘടക ഉത്പന്നങ്ങളുടെ ചെലവ് 25 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹനവിപണി ലോകത്തിലെ ഏറ്റവും വലുതാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നിലവിൽ 22 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യൻ വാഹന വിപണി ലോകത്തിലെ മൂന്നാമത്തെതാണ്. 78 ലക്ഷം കോടി രൂപ മൂല്യമുള്ള യുഎസ് വാഹന വിപണി ഒന്നാമതും 47 ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് വാഹന വിപണി രണ്ടാമതുമാണ്.
ഇ27 പെട്രോൾ വരും
ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതിക്കായി രാജ്യം ഓരോ വർഷവും 22 ലക്ഷം കോടി രൂപ ചെലവാക്കുന്നു. ഈ ഇന്ധനങ്ങളാൽ നമ്മൾ മലിനീകരണപ്രശ്നം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയെ ഉൗർജത്തിലേക്ക് വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി ഉൗന്നിപ്പറഞ്ഞു. കരിന്പ്, അരി, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ.
27 ശതമാനം എഥനോൾ ചേർത്ത ഇ27 പെട്രോൾ രാജ്യത്ത് നടപ്പിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. ബ്രസീൽ പോലുള്ള രാജ്യങ്ങൾ കഴിഞ്ഞ 49 വർഷമായി 27 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഒരുക്കമല്ല. ആവശ്യമായ പരീക്ഷണങ്ങൾക്കുശേഷം ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പെട്രോളിയം മന്താലയത്തിന് ഇതുസംബന്ധിച്ച ശിപാർശ നൽകും. മന്ത്രാലയത്തിന്റെ ശിപാർശ ലഭിച്ചാൽ കേന്ദ്രമന്ത്രിസഭ ഇ27 സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023ൽ 20 ശതമാനം എഥനോൾ കലർത്തന്ന പെട്രോൾ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഇ20 പെട്രോൾ മാത്രം വിൽക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. എൻജിനുകൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നാശപ്രതിരോധം സാധ്യമാക്കി നിലവിൽ വാഹന എൻജിനുകൾക്ക് ഇ20ൽ പ്രവർത്തിക്കാൻ കഴിയും.
സ്വര്ണം മികച്ച സമ്പാദ്യം ; മലയാളിയുടെ കൈവശം 2,000ത്തിലധികം ടണ്
സീമ മോഹന്ലാല്
കൊച്ചി: എക്കാലത്തെയും മികച്ച സമ്പാദ്യം എന്നനിലയില് സ്വര്ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില് വര്ധന. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല് ശേഖരത്തേക്കാള് രണ്ടിരട്ടിയിലധികം സ്വര്ണമാണു കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. 2,000ത്തിലധികം ടണ് സ്വര്ണം മലയാളികളുടെ കൈവശമുണ്ടെന്നാണു കണക്കുകള്.
വര്ഷംതോറും സ്വര്ണത്തിന്റെ മൂല്യം വര്ധിക്കുന്നതിനാല് വിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടായാലും മികച്ച സമ്പാദ്യമായി കണ്ടു സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണിപ്പോൾ. സങ്കീര്ണമായ ഡിസൈനുകള്, കരകൗശല വൈദഗ്ധ്യം എന്നിവയുള്ള സ്വര്ണാഭരണങ്ങള് കാലക്രമേണ മൂല്യം വര്ധിപ്പിക്കുകയും മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും.
സ്വര്ണാഭരണങ്ങള്ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്റെയും ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്ക്ക് പണിക്കൂലി കൂടുതലായിരിക്കും. എത്ര കാലപ്പഴക്കമുണ്ടായാലും മാറ്റമനുസരിച്ചുള്ള വിപണിവിലയ്ക്കനുസൃതമായി വില ലഭിക്കുകയും ചെയ്യും.
തിരികെ വില്ക്കുമ്പോള് പണിക്കൂലി മാത്രമാണു നഷ്ടപ്പെടുക. സംസ്ഥാനത്തു സ്വര്ണാഭരണങ്ങള് വില്ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്കുമ്പോള് പരമാവധി രണ്ടു ശതമാനം മാത്രമേ അതില് കുറവ് വരുന്നുള്ളൂ. മറ്റൊരു വസ്തുവിനും ലഭിക്കാത്ത രീതിയിലുള്ള ബൈ ബാക്കാണ് സ്വര്ണത്തിനു ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില് കേരളം ഈടാക്കുന്നതിനേക്കാള് വലിയ പണിക്കൂലിയാണ് സ്വര്ണാഭരണങ്ങള്ക്ക് ഈടാക്കുന്നത്.
രാജ്യാന്തര സ്വര്ണാഭരണ ബ്രാന്ഡുകള് കേരളത്തില് വില്ക്കുന്നതിനേക്കാള് കുറഞ്ഞ കാരറ്റുകളിലുള്ള ആഭരണങ്ങള്ക്കുപോലും വലിയ കൂലിയിലും പീസ് റേറ്റിലുമാണ് വില്പന നടത്തുന്നത്.
കഴിഞ്ഞ വര്ഷത്തേക്കാള് 25,000ത്തിലധികം രൂപയുടെ വര്ധനയാണ് ഒരു പവനില് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല് നികുതി വരുമാനം ലഭിക്കുന്നത് സ്വര്ണവ്യാപാര മേഖലയില്നിന്നാണ്. രാജ്യത്തിന്റെ ജിഡിപിയില് 67 ശതമാനത്തിലധികം സ്വര്ണവ്യാപാര മേഖലയില്നിന്നാണ്.
ആദായനികുതി റിട്ടേണ് ഫയലിംഗിന് രണ്ടു ദിവസം മാത്രം
ന്യൂഡൽഹി: 2024-25 സാന്പത്തികവർഷത്തെ ആദായ നികുതി റിട്ടേണ് ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15.
നേരത്തേ ജൂലൈ 31 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചത്. പുതുക്കിയ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ആദായനികുതി പോർട്ടലിലെ തകരാറുകൾ, ഐടിആർ പ്രോസസിംഗിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.
അവസാന അപ്ഡേറ്റ് പ്രകാരം 5.47 കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാലിത് കഴിഞ്ഞ വർഷം 2024 ജൂലൈ 31 വരെ 7.28 കോടി ഐടിആറുകളെക്കാൾ കുറവാണ്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഒൗദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
നിശ്ചിത സമയത്തിനകം ഐടിആർ ഫയൽ ചെയ്തില്ലായെങ്കിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമുള്ള പിഴകൾക്ക് കാരണമാകും.
കൊച്ചി: സംസ്ഥാനത്ത് റിക്കാര്ഡ് കുതിപ്പിലെത്തിയ സ്വര്ണവിലയില് നേരിയ ഇടിവ്. ഇന്നലെ ഗ്രാമിന് പത്തുരൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,190 രൂപയും പവന് 81,520 രൂപയുമായി.
കെസിബിഎംഎ ടെക്നിക്കൽ സെമിനാർ നാളെ
കൊച്ചി: കേരളത്തിലെ കോറഗേറ്റഡ് ബോക്സ് നിർമാതാക്കൾക്കായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) ഒരുക്കുന്ന ടെക്നിക്കൽ സെമിനാർ നാളെ എറണാകുളം നോർത്ത് കോറൽ ഐൽ ഹോട്ടലിൽ നടക്കും.
വ്യവസായ സംരംഭകർക്കും സൂപ്പർവൈസർമാർക്കും തൊഴിലാളികൾക്കും പ്രയോജനകരമാകുന്ന സെമിനാറിൽ ബിഐഎസ് ആൻഡ് സ്കിൽ സബ് കമ്മിറ്റി ചെയർമാൻ കെ.പി. സിംഗ്, കെ.എസ്. ഹരിഹരൻ എന്നിവർ ക്ലാസുകൾ നയിക്കും.
99.60 ശതമാനം ക്ലെയിമുകൾ തീർപ്പാക്കി ഐസിഐസിഐ
കൊച്ചി: ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷ്വറന്സ് കഴിഞ്ഞ ഏപ്രില് മുതല് ജൂണ് വരെയുള്ള കാലയളവില് ഏറ്റവും ഉയര്ന്ന ക്ലെയിം സെറ്റില്മെന്റ് നിരക്ക് (99.60 ശതമാനം) രേഖപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡെത്ത് ക്ലെയിമുകള് കന്പനി തീര്പ്പാക്കി.
2026 സാമ്പത്തികവര്ഷത്തിന്റെ ആദ്യപാദത്തില് ഈ പദ്ധതിയിലൂടെ 74.72 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനി തീര്പ്പാക്കിയത്. ക്ലെയിം ഫോര് ഷുവര് എന്ന പദ്ധതിയുടെ ഭാഗമായി ആവശ്യമായ എല്ലാ രേഖകളും ലഭിച്ചശേഷം ഒരു ദിവസത്തിനുള്ളില് അര്ഹതയുള്ള എല്ലാ ക്ലെയിമുകളും തീര്പ്പാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 10,782 കോടി രൂപയുടെ ഓഹരികൾ
മുംബൈ: ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള പിന്മാറ്റം തുടരുന്നു.
സെപ്റ്റംബറിൽ ഇതുവരെ 10,782 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ സമ്മർദത്തിനിടെയിലും നിഫ്റ്റി എട്ടാം സെഷനിലും പരാജയപ്പെടാതെനിന്നു.
129.6 കോടിയുടെ ഓഹരികൾ വാങ്ങി വെള്ളിയാഴ്ച എഫ്ഐഐകൾ വാങ്ങലുകാരായി. ഇതേ ദിവസം ഡൊമസ്റ്റിസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐകൾ) 1556 കോടിയുടെ ഓഹരികൾ വാങ്ങി.
പണപ്പെരുപ്പം ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ ഉയർന്നു.
ജൂലൈയിലെ എട്ടു വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽനിന്നു 46 ബേസിസ് പോയിന്റ് ഉയർന്ന് 2.07 ശതമാനമാണ് ഓഗസ്റ്റിലേത്. എങ്കിലും റിസർവ് ബാങ്കിന്റെ കണക്കായ നാലു ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം. പച്ചക്കറികൾ, മാംസം, മത്സ്യ, എണ്ണകൾ, മുട്ട, പേഴ്സൺ കെയർ ഉത്പന്നങ്ങൾ എന്നിവയിലുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമായത്.
ഭക്ഷ്യ പണപ്പെരുപ്പം കുറച്ച് പുരോഗതി കാണിച്ചെങ്കിലും നെഗറ്റീവ് സോണ് വിട്ടില്ല. ഭക്ഷ്യപണപ്പെരുപ്പം നെഗറ്റീവ് ആകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. ജൂലൈയിലെ -1.76 ശതമാനത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ -0.69 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഭക്ഷ്യവിഭാഗത്തിലെ വിലക്കയറ്റപ്രവണതകൾ സമ്മിശ്രമായിരുന്നു.
ധാന്യങ്ങളുടെ വിലക്കയറ്റം 2.7 ശതമാനമായി കുറഞ്ഞു. പാൽ, പാലുത്പന്നങ്ങൾ ജൂലൈയിലെ 2.74 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 2.63 ആയി നേരിയ കുറവുണ്ടായി. പഴങ്ങളുടെ വിലക്കയറ്റം 14.42 ശതമാനത്തിൽനിന്ന് 11.65 ശതമാനമായി കുറഞ്ഞു.
പച്ചക്കറികളുടെ വിലക്കയറ്റം -20.69 ശതമാനത്തിൽനിന്ന് -15.92 ശതമാനത്തിലേക്കു താഴ്ന്നു. എന്നാൽ ഇതേ സമയത്ത് പ്രോട്ടീൻ സംപുഷ്ടമായ ആഹാര സാധനങ്ങളുടെ വിലയിൽ ഗണ്യമായി വർധനവുണ്ടായി.
ഗ്രാമീണ, നഗര മേഖലകളിൽ മൊത്ത പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ പണപ്പെരുപ്പം ജൂലൈയിലെ 1.18 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 1.69 ശതമാനത്തിലെത്തി. ഭക്ഷ്യ പണപ്പെരുപ്പം -1.74 ശതമാനത്തിൽനിന്ന് -0.70 ശതമാനത്തിലേക്ക് ഉയർന്നു.
നഗരങ്ങളിലെ പണപ്പെരുപ്പം കുത്തനെയാണ് ഉയർന്നത്. ജൂലൈയിൽ രേഖപ്പെടുത്തിയ 2.10 ശതമാനത്തിൽനിന്ന് 2.47 ശതമാനത്തിലേക്കെത്തി.ഇതോടൊപ്പം ഭക്ഷ്യപണപ്പെരുപ്പം -1.90 ശതമാനത്തിൽനിന്ന് -0.58 ശതമാനമായി വർധിച്ചു.
അടുത്ത പ്രധാന മേഖലകളിൽ വിദ്യാഭ്യാസ പണപ്പെരുപ്പം 3.60 ശതമാനമായി ചുരുങ്ങി. ജൂലൈയിൽ 4.11 ശതമാനമാണ് രേഖപ്പെടുത്തിയത്. ആരോഗ്യരംഗത്തെ പണപ്പെരുപ്പത്തിലും താഴ്ചയുണ്ടായി. ജൂലൈയിലെ 4.57 ശതമാനത്തേക്കാൾ താഴ്ന്ന് ഓഗസ്റ്റിൽ 4.40 ശതമാനത്തിലെത്തി.
ഉയർന്ന പണപ്പെരുപ്പം: കേരളം മുന്നിൽ
രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും ഉയർന്ന സംസ്ഥാനമെന്ന സ്ഥാനം കേരളം തുടർച്ചയായ എട്ടാം മാസവും നിലനിർത്തി. ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. ഓഗസ്റ്റിൽ 8.89 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കിൽ ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കുയർന്നു.
വിലക്കയറ്റത്തോതിൽ രണ്ടാം സ്ഥാനത്തുള്ള കർണാടയുടെ പണപ്പെരുപ്പം 3.81 ശതമാനമാണ്. ജമ്മു കാഷ്മീർ 3.75%, പഞ്ചാബ് 3.51%, തമിഴ്നാട് 2.93% എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങൾ.
ഒഡീഷ -0.55, ആസാം -0.66 എന്നിവയാണ് പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനങ്ങൾ.
സ്വര്ണവിലയില് കുതിപ്പ് തുടരുന്നു ; പവന് 81,600 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിൽ വീണ്ടും മുന്നേറ്റം. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്ധിച്ച് സ്വര്ണവില സര്വകാല റിക്കാര്ഡ ്മുന്നേറ്റം തുടരുകയാണ്.
ഇതോടെ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 60 രൂപ വര്ധിച്ച് 8,375 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന് 6,520 രൂപയും ഒമ്പതു കാരറ്റ് സ്വര്ണത്തിന് 4,205 രൂപയുമാണ് വിപണി വില.
കഴിഞ്ഞദിവസം സ്വര്ണവില 3,620 ഡോളര് വരെ താഴ്ന്നതിനുശേഷമാണ് 3,653 ഡോളറിലേക്കെത്തിയത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന് പലിശനിരക്കുകള്, രാജ്യങ്ങള് തമ്മിലുള്ള സംഘര്ഷങ്ങള്, രാജ്യാന്തര നയങ്ങള്, വന്കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള് ഇവയെല്ലാം സ്വര്ണവിലയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.
ഹൈക്കോണിന്റെ പുതിയ കോർപറേറ്റ് ഓഫീസും ബാറ്ററി ഫാക്ടറിയും കൊച്ചിയിൽ
കൊച്ചി: പവർ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരായ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചിയിലെ പുതിയ കോർപറേറ്റ് ഓഫീസും അത്യാധുനിക ഇലക്ട്രിക് വെഹിക്കിൾ (ഇവി) ലിഥിയം ബാറ്ററി ഫാക്ടറിയും നാളെ ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഉദ്ഘാടനംചെയ്യും.
കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ മന്ത്രി പി. രാജീവ് പുതിയ ഫാക്ടറിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
കിൻഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലെ അഞ്ച് ഏക്കർ സ്ഥലത്താണ് ഹൈക്കോണിന്റെ ആധുനിക നിർമാണ യൂണിറ്റ് യാഥാർഥ്യമാവുന്നത്.
ആദ്യഘട്ടത്തിൽ 52,000 ചതുരശ്ര അടി വിസ്തീർണത്തിൽ കോർപറേറ്റ് ഓഫീസും ബാറ്ററികൾ നിർമിക്കുന്നതിനുള്ള യൂണിറ്റും ഉൾപ്പെടുന്നു. ഫാക്ടറി പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുക.
ഉദ്ഘാടനച്ചടങ്ങിൽ കെ.ജെ. മാക്സി എംഎൽഎ അധ്യക്ഷനായിരിക്കും. ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ക്രിസ്റ്റോ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വികെസി ഗ്രൂപ്പ് ഡയറക്ടർ വി.കെ.സി. റസാഖ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം. ഒ. വർഗീസ്, ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആർ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ഇൻഫോസിസ് ഓഹരികൾ മടക്കിവാങ്ങുന്നു
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കന്പനികളിലൊന്നായ ഇൻഫോസിസ് ‘ഓഹരി ബൈബാക്ക്’ നടപടിയിലേക്ക് കടക്കുന്നു. 18,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങുന്നത്.
നിലവിലെ വിലയേക്കാൾ 19% അധികമായി (പ്രീമിയം) ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക്. ഇങ്ങനെ 10 കോടി ഓഹരികൾ ആകെ 18,000 കോടി രൂപയ്ക്കാണ് തിരികെ വാങ്ങുന്നത്; ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്ക്. ഓഹരി ബൈബാക്കിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. അതിനുമുൻപ് ഓഹരികൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് നിക്ഷേപകർ. നിലവിൽ 26 ലക്ഷം ഓഹരി ഉടമകളാണ് ഇൻഫോസിസിനുള്ളത്.
നിലവിൽ പൊതുവിപണിയിലുള്ള കന്പനിയുടെ ഓഹരികളിൽ 2.41 ശതമാനമാണ് മടക്കിവാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഫോസിസ് വ്യക്തമാക്കി. ഓഹരി തിരികെ വാങ്ങാനുള്ള നീക്കത്തിന് യുഎസ് ഓഹരി വിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) അനുമതി ലഭിച്ചെന്നും കന്പനി അറിയിച്ചു.
ഓഹരി തിരികെ വാങ്ങുന്നത് അഞ്ചാം തവണ
ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്കാണ് നടക്കുന്നത്. ഇതിനുമുന്പ് നാലു തവണ ഇൻഫോസിസ് ഓഹരി ബൈബാക്ക് നടത്തി. 2017ലാണ് ഓഹരി മടക്കിവാങ്ങൽ ആരംഭിച്ചത്. അന്ന് 13000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 2019ൽ 8260 കോടി, 2021ൽ 9200 കോടി, 2022ൽ 9300 കോടി രൂപ എന്നിങ്ങനെയായിരുന്നു മടക്കി വാങ്ങലുകൾ.
ജപ്പാൻ മേള ഒക്ടോബർ 16 മുതൽ
കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (ഇൻജാക്) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചിയിൽ നടക്കും. ഒക്ടോബർ 16 മുതൽ 18 വരെ റമദ റിസോർട്ടിലാണു പരിപാടി.
ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുമെന്ന് ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ.വിജു ജേക്കബ്, മേള ജനറൽ കൺവീനർ ഡോ. കെ. ഇളങ്കോവൻ എന്നിവർ അറിയിച്ചു.
മേളയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും.
കയറ്റുമതി നിലവാരം ഉയര്ത്താന് കൊച്ചിയില് മൈക്രോബയോളജി ലബോറട്ടറി
കൊച്ചി: കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിലുള്ള എക്സ്പോര്ട്ട് ഇന്സ്പെക്ഷന് കൗണ്സിലിന്റെ (ഇഐസി) നിയന്ത്രണത്തിലുള്ള കൊച്ചി എക്സ്പോര്ട്ട് ഇന്സ്പെക്ഷന് ഏജന്സിയില് (ഇഐഎ) ആധുനിക മൈക്രോബയോളജി ലബോറട്ടറി പ്രവര്ത്തനമാരംഭിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ അഡീഷണല് സെക്രട്ടറിയും ഇഐസി ഡയറക്ടറുമായ നിതിന് കുമാര് യാദവ് ഉദ്ഘാടനം നിര്വഹിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് ശക്തിപ്പെടുത്തുന്നതിലും കയറ്റുമതിയുടെ ഗുണനിലവാരം വര്ധിപ്പിക്കുന്നതിലും ഈ സൗകര്യം പ്രധാന പങ്ക് വഹിക്കും. കയറ്റുമതി, ഇറക്കുമതി, ആഭ്യന്തര വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കളുടെ വിശദമായ മൈക്രോബയോളജി വിശകലനം നടത്താന് നൂതന സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
ഈ മേഖലയില് സാങ്കേതികവൈദഗ്ധ്യം നേടിയവരെ വളര്ത്തിയെടുക്കുന്നതിന് സാങ്കേതിക പരിശീലനകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
ലബോറട്ടറി ഇതിനകം ദേശീയ അംഗീകാരം നേടിക്കഴിഞ്ഞതായി ഇഐസി അഡീഷണല് ഡയറക്ടര് ഡോ. ജെ.എസ്. റെഡ്ഢി പറഞ്ഞു. പരിസ്ഥിതിമന്ത്രാലയം ഇതിനെ ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെയും സസ്യഉത്പന്നങ്ങളുടെയും(ജിഎംഒ) പരിശോധനയ്ക്കുള്ള ദേശീയ റഫറല് ലബോറട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയില് ഭക്ഷ്യസംസ്കരണ കേന്ദ്രം: ശിലാസ്ഥാപനം നാളെ
കൊച്ചി: അങ്കമാലിയിലെ വ്യവസായ പാര്ക്കിൽ ആര്സിസി ന്യൂട്രാഫില് പ്രൈവറ്റ് ലിമിറ്റഡിന്റെ ആധുനിക ഭക്ഷ്യസംസ്കരണ, ലൈഫ് സയന്സസ് നിര്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിര്വഹിക്കും.
ഭാരത് ബയോടെക് ചെയര്മാനും എംഡിയുമായ കൃഷ്ണ എല്ലയും സംസ്ഥാന സര്ക്കാരിന്റെയും ആര്സിസി ന്യൂട്രോഫിലിന്റെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില് പങ്കെടുക്കും.
ആധുനിക കോള്ഡ് സ്റ്റോറേജ്, വെയര് ഹൗസിംഗ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്സ് ഇന്ഫ്രാസ്ട്രക്ചര് എന്നിവയടക്കമുള്ള ഭക്ഷ്യസംസ്കരണ, ലൈഫ് സയന്സ് സൗകര്യങ്ങള് ഉൾപ്പെട്ടതാണു പദ്ധതി.
എയര് ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിന് ഇളവ്
കൊച്ചി: എയര് ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് കാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാം. എയര് ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല് ആപ്പിലൂടെയും ടിക്കറ്റുകള് ബുക്ക് ചെയ്യുന്നവര്ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക.
ആപ്പിലൂടെ ബുക്ക് ചെയ്താല് കണ്വീനിയന്സ് ഫീയും ഒഴിവാക്കാം. വിമാന കമ്പനിയുടെ വെബ്സൈറ്റില് airindiaexpress.com നെറ്റ് ബാങ്കിംഗ് പേമെന്റ് നടത്തുന്നവര്ക്കും കണ്വീനിയന്സ് ചാര്ജില്ല. എയര് ഇന്ത്യ എക്സ്പ്രസിന് വിമാന സര്വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്.
വിദ്യാര്ഥികള്ക്കും മുതിര്ന്ന പൗരന്മാര്ക്കും ആറുശതമാനം അധിക കിഴിവ് ലഭിക്കും. സായുധസേനാംഗങ്ങള്, അവരുടെ ആശ്രിതര് എന്നിവര്ക്ക് 50 ശതമാനം അധിക കിഴിവും ഉള്പ്പെടെ 70 ശതമാനം വരെ കിഴിവില് ടിക്കറ്റ് ബുക്ക് ചെയ്യാന് സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്സ്റ്റാമാര്ട്ടില് ക്വിക്ക് ഇന്ത്യ മൂവ്മെന്റ്
കൊച്ചി: ഇന്ത്യയിലെ മുന്നിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്സ്റ്റാമാര്ട്ട്, തങ്ങളുടെ ആദ്യ വാര്ഷിക മെഗാ സെയില് (ഇന്സ്റ്റാമാര്ട്ട് ക്വിക്ക് ഇന്ത്യ മൂവ്മെന്റ് 2025) തുടങ്ങി. ക്വിക്ക് ഡെലിവറിയോടെ ഉപഭോക്താക്കള്ക്കു നിരവധി ഓഫറുകള് സെയിലിലുണ്ട്.
ഇലക്ട്രോണിക്സ്, കിച്ചന്, ഡൈനിംഗ്, ബ്യൂട്ടി, പേഴ്സണല് കെയര്, ടോയ്സ് തുടങ്ങിയവയ്ക്ക് പത്തു മിനിറ്റിനുള്ളില് ഡെലിവറി സൗകര്യമുണ്ട്. 28 വരെ ഇന്സ്റ്റാമാര്ട്ട്, സ്വിഗ്ഗി ആപ്പുകളില് ഓഫറുകള് ലഭിക്കും.
ലാറി എലിസൺ ലോക സന്പന്നൻ; പദവി ഏതാനും മണിക്കൂറുകൾ മാത്രം
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ് മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ് ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ് ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ് ഡോളറിന്റെ വർധനയാണ് ഉണ്ടായത്.
ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ് തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ് നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ് ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ഇൻട്രാഡേ ട്രേഡിംഗിൽ ഒറാക്കിളിന്റെ ഓഹരികൾ 43 ശതമാനം വരെ കുതിച്ചുയർന്നു, ദിവസാവസാനത്തോടെ ഉയർച്ച 36 ശതമാനമായി. 1992ന് ശേഷമുള്ള ഒറാക്കിളിന്റെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ശക്തമായ ത്രൈമാസ ഫലങ്ങളും വരും വർഷങ്ങളിൽ നിക്ഷേപകർ ഒരു പ്രധാന വളർച്ചാ മേഖലയായി കാണുന്ന എഐ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ പോസിറ്റീവ് വീക്ഷണവുമാണ് ഈ കുത്തനെയുള്ള ഉയർച്ചയ്ക്ക് കാരണമായത്.
ഈ മികച്ച പ്രകടനം ഒറാക്കിളിന്റെ വിപണിമൂല്യം ഏകദേശം 244 ബില്യണ് ഡോളർ ഉയർത്തി, മൊത്തം വിപണി മൂലധനം ഏകദേശം 922 ബില്യണ് ഡോളറായി. ഇതോടെയാണ് ഒറാക്കിളിലെ ഏറ്റവും വലിയ ഓഹരി ഉടമയായ എലിസണിന്റെ വ്യക്തിഗത ആസ്തി മസ്കിനെ മറികടന്നത്.
എന്നാൽ ബുധനാഴ്ച വിപണി വ്യാപാരം അവസാനിച്ചപ്പോൾ, എലിസണിനെക്കാൾ 1 ബില്യണ് ഡോളർ മുന്നിലായി 384.2 ബില്യണ് ഡോളറിന്റെ ആസ്തിയുമായി മസ്ക് വീണ്ടും ലീഡ് നേടി. ലാറി എലിസണിന്റെ ആസ്തി 383.2 ബില്യണ് ഡോളറായി.
2021ലാണ് മസ്ക് ആദ്യമായി അതിസന്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച ഏതാനും മണിക്കൂർ ഒന്നാം സ്ഥാനം നഷ്ടപ്പെടും മുന്പ് 2021ൽ എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ടും 2024ൽ ആമസോണ് സ്ഥാപകൻ ജെഫ് ബെസോസും മസ്കിനെ മറികടന്നിട്ടുണ്ട്.
2024ൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ടെസ്ല സിഇഒയും സ്പേസ് എക്സ് സ്ഥാപകനുമായ മസ്ക് ബുധനാഴ്ച വരെ 300 ദിവസത്തിലധികം ഒന്നാം നന്പറിൽ തുടർന്നു.
ടെസ്ലയ്ക്ക് ഇന്ത്യയിൽ സംഭവിക്കുന്നതെന്ത്?
മുംബൈ: വളരെ വർഷങ്ങളായി ഇന്ത്യൻ വാഹന വിപണി ജാപ്പനീസ്, കൊറിയൻ, ഇന്ത്യൻ നിർമാതാക്കളുടെ കൈപ്പിടിയിലാണ്. ആറ് മുൻനിര കാർനിർമാതാക്കൾക്കാണ് 90 ശതമാനം വിപണി വിഹിതവും. ഇവരാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യം പൂർത്തീകരിക്കുന്നത്.
ഇതിനിടെ വൈദ്യുത വാഹനങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ തുടങ്ങി. ഇതിൽ ഇന്ത്യൻ നിർമാതാക്കൾക്കൊപ്പം വിദേശ കന്പനികളും ഇന്ത്യൻ നിരത്ത് ഭരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യയുടെ വൈദ്യുത കാർ വിപണിയിൽ ഏവരും കാത്തിരുന്നത് അമേരിക്കൻ കന്പനി ടെസ്ലയുടെ വരവായിരുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ, ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ നേട്ടം ഇതുവരെ കൊയ്യാൻ ഇലോണ് മസ്കിന്റെ കന്പനിക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ പകുതിയിൽ ബുക്കിംഗ് ആരംഭിച്ച ശേഷം വെറും 600 ഓർഡറുകൾ മാത്രമാണ് കന്പനിക്ക് നേടാനായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോള തലത്തിൽ ഓരോ നാലു മണിക്കൂറിലും ടെസ്ല ഈ വർഷം ആദ്യ പകുതിയിൽ ഇതിലധികം കാറുകൾ ഡെലിവറി ചെയ്തിട്ടുണ്ട്.
ടെസ്ല ഈ വർഷം 350 മുതൽ 500 വരെ കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഈ മാസം ആദ്യം ഷാങ്ഹായിൽനിന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഇതിന്റെ വില്പനകൾ മുംബൈ, ഡൽഹി, പൂന, ഗുരുഗ്രാം എന്നീ നഗരങ്ങളിലായി പരിമിതപ്പെടുത്തും. കാറുകൾക്ക് ലഭിച്ച മുഴുവൻ പേമെന്റുകളുടെയും അടിസ്ഥാനത്തിലാകും ഇറക്കുമതി ചെയ്യുക. ഈ വർഷം ഇന്ത്യയിൽ 2,500 കാറുകൾ വില്ക്കാനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്.
പ്രതീക്ഷിച്ചൊരു നേട്ടം കൊയ്യാൻ ടെസ്ലയ്ക്ക് സാധിക്കാത്തതിന് പിന്നിൽ പ്രധാന കാരണം വിലയാണ്. ഉയർന്ന ഇറക്കുമതി തീരുവ മൂലം എൻട്രി ലെവൽ മോഡൽ വൈക്ക് 60 ലക്ഷത്തിനു മുകളിലാണ് വില.
രാജ്യത്ത് വില്ക്കപ്പെടുന്ന കാറുകളുടെ ശരാശരി വില 22 ലക്ഷത്തിനടുത്താണ്. മൊത്തം കാർ വില്പനയിൽ അഞ്ചു ശതമാനം മാത്രമുള്ള ഇവി വിപണിയിൽ വൈ മോഡലുകൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ഉപഭോക്താക്കളെയും പരിധിക്കു പുറത്താക്കുന്നു.
ഇന്ത്യയുടെ ഉയർന്ന വിലയുള്ള ഇലക്ട്രിക് വാഹന വിപണി കണക്കിലെടുക്കന്പോൾ ടെസ്ലയ്ക്കു ലഭിച്ച ഓർഡർ ഭേദപ്പെട്ടതാണ്. രാജ്യത്ത് 45-70 ലക്ഷത്തിനിടയ്ക്ക് വിലയുള്ള 2,800 കാറുകൾ മാത്രമാണ് ആദ്യ ആറുമാസത്തിനിടെ വിറ്റുപോയത്.
ഇന്ത്യൻ വിപണിയിലേക്കുള്ള വരവിൽ ടെസ് ല എന്ന ബ്രാൻഡും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദവും മസ്ക് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപുമായി തെറ്റിയതും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം വഷളായതും മസ്കിന്റെ പ്രതീക്ഷകളെ താളംതെറ്റിച്ചു.
വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നൂറു ശതമാനത്തിനു മുകളിലാണ് നികുതി. ഇതിനാൽ ഇന്ത്യയിൽ ടെസ്ല മോഡൽ വൈ കാറുകൾക്ക് ലോകത്ത് ഏറ്റവുമധികം വില കൊടുക്കേണ്ടി വരുന്നു. യുഎസിൽ 44,900 ഡോളറും ചൈനയിൽ 36,700 ഡോളറും ജർമനിയിൽ 45,970 ഡോളറുമാണ് വില വരുന്നത്.
ഇന്ത്യയിലെ ഉയർന്ന നികുതികളെത്തുടർന്ന് പൂർണമായും നിർമിച്ച കാറിന് 15 മുതൽ 30 ലക്ഷം രൂപ വരെ വിലയിൽ വ്യത്യാസമുണ്ടു. ടെസ്ല വൈ മോഡലിന്റെ വില ഇന്ത്യയിൽ 70 ലക്ഷം രൂപ വരെ എത്തിക്കുന്നു.
ഇന്ത്യയിൽ നിർമാണ യൂണിറ്റ് നിർമിക്കാൻ ടെസ്ലയ്ക്കു പദ്ധതിയുണ്ടെങ്കിലും നിലവിൽ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
വാട്ടര് എക്സ്പോ ഇന്നും നാളെയും
കൊച്ചി: ജലശുദ്ധീകരണ സംരംഭകരുടെ സംഘടനയായ വാട്ടര് ട്രീറ്റ്മെന്റ് പ്ലാന്റ് ഓൺട്രപ്രണേഴ്സ് രജിസ്ട്രേഡ് സൊസൈറ്റി (വാട്ടര് കേരള) സംഘടിപ്പിക്കുന്ന മൂന്നാമത് വാട്ടര് എക്സ്പോ ഇന്നും നാളെയുമായി നെടുമ്പാശേരി ഇന്നാറ്റെ കണ്വന്ഷന് സെന്ററില് നടക്കുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് പറഞ്ഞു.
മന്ത്രി കെ. കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാന് എംപി, അന്വര് സാദത്ത് എംഎല്എ എന്നിവര് പങ്കെടുക്കും.
ഓണവിപണിയിൽ തിളങ്ങി കൈത്തറി; 130.39 കോടിയുടെ വിറ്റുവരവ്
കൊച്ചി: ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്പനയില് മിന്നും നേട്ടം. കൈത്തറി സഹകരണ, ഇതര മേഖലകളില് ഓണം കാലയളവുവരെ ഏകദേശം 138.93 കോടി രൂപയുടെ തുണിത്തരങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതില്നിന്ന് 130.39 കോടിയുടെ വിറ്റുവരവ് ലഭിച്ചതായി ഹാന്ഡ്ലൂം ആന്ഡ് ടെക്സ്റ്റൈല്സ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാര് പറഞ്ഞു.
ഓഗസ്റ്റ് നാലു മുതൽ സെപ്റ്റംബർ നാലുവരെയുള്ള കണക്കാണിതെന്നും ഉത്രാടം, തിരുവോണം ദിവസങ്ങളിലെ വില്പനയുടെ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ഓണം കളറാക്കാന് വൈവിധ്യമാര്ന്ന കൈത്തറി വസ്ത്ര ശേഖരമായിരുന്നു വിപണിയില് എത്തിയത്. കസവുമുണ്ടുകള്, സാരികള്, സെറ്റ് സാരികള്, പ്രിന്റഡ് സാരികള്, കാവി മുണ്ടുകള് ഇവയെല്ലാം ഓണവിപണിയില് കൈത്തറിയുടെ തിളക്കം കൂട്ടി.
തീര്ത്തും പ്രകൃതിദത്ത ചായങ്ങള് ഉപയോഗിച്ചു നിര്മിച്ച പ്രിന്റഡ് സാരികളും ഇത്തവണ ഓണവിപണിയിലെ താരമായിരുന്നു. ബാലരാമപുരം, കൂത്താമ്പുള്ളി, ചേന്ദമംഗലം, കണ്ണൂര് കൈത്തറി വസ്ത്ര ബ്രാന്ഡുകള്ക്കും നല്ല ഡിമാന്ഡായിരുന്നു.
15 ക്ലസ്റ്ററുകള് രൂപീകരിച്ച് ഡിസൈനര്മാരുടെ സഹായത്തോടെ പ്രത്യേക കളര് പാറ്റേണുകളിലുള്ള കൈത്തറി വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയത്. നൂലിന്റെ കനമനുസരിച്ചാണ് കൈത്തറി വസ്ത്രങ്ങളുടെ വില നിശ്ചയിക്കുന്നത്.
കുതിച്ച് സ്വർണം ; പവന് 81,040 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും റിക്കാര്ഡ് വര്ധന. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്ധിച്ച് സര്വകാല റിക്കാര്ഡില് തുടരുകയാണ്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി.
അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3640 ഡോളറാണ്. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 15 രൂപ വര്ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണിവില.
സ്വര്ണവിലയിലെ റിക്കാര്ഡ് വര്ധനവ് കേരള വിപണിയെയാണു കാര്യമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവാഹസീസണ് ആരംഭിച്ചതോടെ സ്വര്ണവിലയിലെ കുതിച്ചുകയറ്റം വിവാഹപാര്ട്ടികളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം, നിക്ഷേപം എന്നനിലയില് സ്വര്ണം വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്ക്ക് സ്വര്ണവില വര്ധന സന്തോഷം പകരുന്നു.
ഐഫോണ് 17 സീരീസ് ; സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി
മുംബൈ: ഐഫോൺ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് നിരവധി അപ്ഗ്രേഡുകളും പുതിയ എയർ മോഡലുമായി ഐഫോണ് 17 സീരിസ് ലോഞ്ച് ചെയ്തു.
കഴിഞ്ഞദിവസം ഇന്ത്യൻ സമയം രാത്രി 10.30ന് കലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ നടന്ന ആപ്പിൾ ഇവന്റിലാണ് ഐഫോണ് 17 സീരീസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.
ആപ്പിളിന്റെ ‘Awe dropping’ ഇവന്റിൽ ഐഫോണ് 17 സീരീസിൽ അടുത്ത തലമുറ ഐഫോണ് മോഡലുകളായ ഐഫോണ് 17, ഐഫോണ് 17 എയർ, ഐഫോണ് 17 പ്രോ, ഐഫോണ് 17 പ്രോ മാക്സ് എന്നീ നാലു ഫോണുകളാണ് പുറത്തിറക്കിയത്. ഇവയിൽ ഐഫോണ് 17 എയർ 5.6 മില്ലിമീറ്റർ മാത്രം കട്ടിയുമായി ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ് എന്ന ഖ്യാതിയുമായാണ് അവതരിച്ചിരിക്കുന്നത്. 16 സീരീസിലെ പ്ലസ് മോഡലിനു പകരക്കാരനായാണ് ഐഫോണ് 17 എയർ എത്തിയിരിക്കുന്നത്.
ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇ3, എയർപോഡ്സ് പ്രോ 3 ഉൾപ്പെടെയുള്ള ഡിവൈസുകളും ലോഞ്ച് ചെയ്തിട്ടുണ്ട്. എ19 ചിപ്, എ19 പ്രോ ചിപ്, കാമറ, ബാറ്ററി അപ്ഗ്രേഡുകൾ തുടങ്ങി ഏറെ പുതുമ ഐഫോണ് 17 സീരീസിലെ മോഡലുകൾക്ക് അവകാശപ്പെടാനുണ്ട്. കൂടാതെ എല്ലാ മോഡലുകളും 256 ജിബി സ്റ്റോറേജിലാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 12ന് വൈകുന്നേരം 5.30 മുതൽ ഐഫോണ് 17 സീരീസിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കും, സെപ്റ്റംബർ 19 മുതലാണ് വിൽപന ആരംഭിക്കുക.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് അഞ്ചാം പതിപ്പ്: നാമനിർദേശങ്ങൾ ക്ഷണിച്ചു
ദുബായ്: നഴ്സിംഗ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു.
2,50,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അനുകമ്പയും പുതുമയും നേതൃത്വഗുണവും പ്രകടമാക്കിയ ആരോഗ്യസംരക്ഷണരംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്കാരവേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ്.
ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് 2025 നവംബർ 10നകം അവരുടെ ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ നവംബർ 10നകം സമർപ്പിക്കാം. രോഗീപരിചരണം, നഴ്സിംഗ് രംഗത്തെ നേതൃപാടവം, നഴ്സിംഗ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണരംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾവരെ തെരഞ്ഞെടുക്കാം.
തുടക്കം മുതൽ ഇരുനൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിനു നഴ്സുമാരുടെ പങ്കാളിത്തം നേടിയ ഈ അവാർഡ് ധൈര്യം, പരിചരണം, പരിവർത്തനം എന്നിവയുടെ കഥകൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു ആഗോളവേദി കൂടിയാണ്. കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽനിന്നായി 100,000ലധികം നഴ്സുമാരിൽനിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്.
മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനുകളിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തി. വ്യത്യസ്തഘട്ടങ്ങളുള്ള മൂല്യനിർണയ പ്രക്രിയ ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപി (EY) യാണ് കൈകാര്യം ചെയ്യുക. പ്രശസ്തരും അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണരംഗത്തെ വിദഗ്ധരുമായ വിശിഷ്ട ഗ്രാൻഡ് ജൂറി മൂല്യനിർണയഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും.
കർശനമായ വിലയിരുത്തലിനൊടുവിൽ മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടർന്ന് 2026 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡുദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും. 2025 മേയിൽ ദുബായിൽ നടന്ന അവാർഡിന്റെ നാലാം പതിപ്പിൽ ഘാനയിലെ നഴ്സ് നവോമി ഒഹെനെ ഓട്ടിയാക്കായിരുന്നു പുരസ്കാരം.
ഏതൊരു ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെയും ശക്തി അവിടത്ത നഴ്സുമാരാണെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പുരസ്കാരത്തിലൂടെ നഴ്സുമാരെ ആദരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്മൂപ്പനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പനും പറഞ്ഞു.
48 ദിവസം കൊണ്ട് 1,000 കോടി രൂപയുടെ സ്വർണപ്പണയ വായ്പ വിതരണം ചെയ്ത് കേരള ബാങ്ക്
തിരുവനന്തപുരം: 2025 ജൂലൈ 24 മുതൽ ഒക്ടോബർ 31 വരെ കേരള ബാങ്ക് നടപ്പാക്കുന്ന പ്രത്യേക 100 ദിന സ്വർണപണയ വായ്പ കാമ്പയിൻ 48 ദിവസം പിന്നിട്ടപ്പോൾ 823 ശാഖകൾ വഴി 1,000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
13 സ്വർണപണയ വായ്പാ പദ്ധതികളുള്ള ബാങ്കിൽ കാമ്പയിൻ സമയത്ത് 9.25% പലിശയ്ക്ക് ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പ്രത്യേക സ്കീം ആരംഭിച്ചിട്ടുണ്ട്.
1,000 കോടി രൂപയുടെ നേട്ടത്തിന്റെ ഭാഗമായുള്ള അനുമോദന ചടങ്ങ് കേരള ബാങ്ക് ഹെഡ് ഓഫീസിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷം വരെയുള്ള സ്വർണപണയ വായ്പകൾക്ക് മാർക്കറ്റ് വിലയുടെ 85% വരെ അനുവദിക്കുന്നുണ്ട്.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ്. ഷാജഹാൻ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ബി.പി. പിള്ള, ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് ഏബ്രഹാം, എ.ആർ. രാജേഷ്, എ. അനിൽകുമാർ, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.
ലോട്ടറി ജിഎസ്ടി വർധന: ധനമന്ത്രി ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി
തിരുവനന്തപുരം: ലോട്ടറിയുടെ ചരക്കു സേവന നികുതി വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി.
വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികൾ ലോട്ടറിയുടെ ജിഎസ്ടി വർധന മൂലം തൊഴിൽ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.
പുതിയ ജിഎസ്ടി നിരക്ക് പരിഷ്കരണ തീരുമാനത്തിൽ കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിതരണക്കാരും ടിക്കറ്റ് വിൽപനക്കാരുമായി രണ്ട് ലക്ഷം പേരുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്.
തിടുക്കത്തിലുള്ള നികുതി മാറ്റം കേരള ലോട്ടറിയുടെ അച്ചടിയിലും വിതരണത്തിലുമടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അതിനാൽ തീരുമാനം നടപ്പാക്കുന്നതിൽ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും പരിഗണിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് ലോട്ടറിയിലൂടെ ഉപജീവനം നടത്തുന്ന വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുമായി ധന മന്ത്രി ചർച്ച നടത്തിയത്. ലോട്ടറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും പങ്കെടുത്തു.
ഫെഡറല് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് കെ.എന്. സുനില്കുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ്
മുംബൈ: ഫിനാന്ഷല് ക്രൈം കംപ്ലയന്സ് രംഗത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് ഫെഡറല് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് കംപ്ലയന്സ് ഓഫീസറുമായ കെ.എന്. സുനില്കുമാര് കരസ്ഥമാക്കി. മുംബൈയില് നടന്ന ചടങ്ങില് കേന്ദ്ര ധനമന്ത്രാലയം എഫ്എടിഎഫ് സെല് ജോയിന്റ് ഡയറക്ടര് കനിക വാധവന് പുരസ്കാരം സമ്മാനിച്ചു.
കംപ്ലയന്സ് മേഖലയിൽ 26 വര്ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള സുനില്കുമാര് റിസര്വ് ബാങ്ക് ഉള്പ്പെടെ നിരവധി പ്രമുഖ ബാങ്കുകളില് ഉന്നതസ്ഥാനങ്ങള് അലങ്കരിച്ചിട്ടുണ്ട്.
ഇന്ത്യയെ എഫ്എടിഎഫ് മൂല്യനിര്ണയത്തില് പ്രതിനിധീകരിച്ച അഞ്ച് ബാങ്കുകളില് ഒന്നായി ഫെഡറല് ബാങ്കിനെ ഉയര്ത്താന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഫലമായാണ്.
കാനറ ബാങ്ക് പ്രോപ്പര്ട്ടി എക്സ്പോ ഇന്നു സമാപിക്കും
കൊച്ചി: കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖാ പരിസരത്തു സംഘടിപ്പിച്ചിരിക്കുന്ന പ്രോപ്പര്ട്ടി എക്സ്പോ പൊതുജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഇന്നത്തേക്കുകൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.
വീട് വാങ്ങാന് ആഗ്രഹിക്കുന്നര്ക്കും നിക്ഷേപകര്ക്കും ഇതൊരു മികച്ച അവസരമാണെന്ന് കാനറ ബാങ്ക് എആര്എം ചീഫ് മാനേജര് പി. ഷിജു അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖയുമായി ബന്ധപ്പെടുക. ഫോണ്: 8281991413.
സ്വദേശ് സമ്മാൻ ദേശീയപുരസ്കാരം കെഎസ്എഫ്ഇ ഏറ്റുവാങ്ങി
തൃശൂർ: കേന്ദ്രസർക്കാരിന്റെ സ്വദേശ് സമ്മാൻ ദേശീയപുരസ്കാരം കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ ഏറ്റുവാങ്ങി.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആറാമത് സ്വദേശി കോണ്ക്ലേവിൽ കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിൽനിന്നു കെഎസ്എഫ്ഇ ചെയർമാൻ വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എംഎൻബിസി എന്ന നേട്ടത്തിനുപിന്നാലെയാണ് ദേശീയപുരസ്കാരം തേടിയെത്തിയത്. കേന്ദ്ര ഐടി സഹമന്ത്രി ജതിൻ പ്രസാദിന്റെ സാന്നിധ്യത്തിൽ സുപ്രീം കോടതി ജസ്റ്റീസ് കൊടീശ്വർ സിംഗ് കെഎസ്എഫ്ഇക്കു കീർത്തിപത്രം സമ്മാനിച്ചു.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണു സ്വദേശ് സമ്മാൻ പുരസ്കാരം. ദലൈലാമ, രത്തൻ ടാറ്റ, അമർത്യസെൻ, ലത മങ്കേഷ്കർ എന്നിവരും ഐഎസ്ആർഒ, ബ്രഹ്മോസ്, ആകാശവാണി, പ്രസാർ ഭാരതി എന്നിവയും മുൻവർഷങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റീസും പ്രമുഖ വ്യവസായികളും കലാകാരൻമാരും അടങ്ങുന്ന ഒന്പതംഗ പാനലാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഈ നാടിന്റെ ധൈര്യം എന്ന കെഎസ്എഫ്ഇയുടെ പുതിയ മുദ്രാവാചകം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനാണു പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാൻ പുരസ്കാരത്തിലൂടെ ഈ വാചകം അന്വർഥമാക്കുകയാണെന്നു ധനമന്ത്രി കെ. ബാലഗോപാലും പറഞ്ഞു. വിശ്വാസ്യത, സുതാര്യത, കേരള സർക്കാർ നൽകുന്ന ഉറപ്പ് എന്നിവയാണ് കെഎസ്എഫ്ഇയുടെ പ്രധാന ശക്തികളെന്നു ചെയർമാൻ വരദരാജൻ പറഞ്ഞു.
സ്ഥിരമായ ലാഭക്ഷമത, ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾ, നവീകരണശ്രമങ്ങൾ, സാങ്കേതികമുന്നേറ്റങ്ങൾ, ജീവനക്കാരുടെ സംഭാവനകൾ എന്നിവയുടെ ഫലമാണ് പുരസ്കാരമെന്നു മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പറഞ്ഞു. 2024-25 സാന്പത്തികവർഷത്തിൽ 512 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണു സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി ആനുകൂല്യം: കാറുകൾക്ക് വിലകുറയും
മുംബൈ: ജിഎസ്ടി പരിഷ്കരണത്തിലൂടെ ലഭിച്ച ആനുകൂല്യം ഉപഭോക്താക്കളിലേക്ക് എത്തിച്ച് കാർ കന്പനികൾ. ബജറ്റ് ഹാച്ച് ബാക്കുകൾ മുതൽ പ്രീമിയം എസ്യുവികൾ വരെ നിരവധി മോഡലുകൾക്കാണ് വൻ വിലക്കുറവ് വന്നിരിക്കുന്നത്.
വിവിധ കന്പനികളുടെ വിവിധ മോഡലുകൾ പരിഗണിക്കുന്പോൾ ഉപയോക്താക്കൾക്ക് 65,000 മുതൽ 3.5 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായ്, മഹീന്ദ്ര, ടൊയോട്ട, സ്കോഡ, റെനോ, കിയ, നിസാൻ തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കൾ ഈ നികുതി മാറ്റത്തിന്റെ ഗുണം നേരിട്ട് ഉപയോക്താക്കൾക്കു കൈമാറുന്ന തരത്തിൽ വിലകൾ പുതുക്കിയിട്ടുണ്ട്.
ഇതോടെ ഷോറൂമുകളിൽ അന്വേഷണം വർധിച്ചതായും ബുക്കിംഗ് നീട്ടിവച്ചിരുന്ന നിരവധി ഉപയോക്താക്കൾ ഇപ്പോൾ ഉടൻ കരാറുകൾ പൂർത്തിയാക്കാൻ തയാറാകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പിടിതരാതെ പൊന്ന്; പവന് 80,880 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ചരിത്രത്തില് ആദ്യമായി ഇന്നലെ ഗ്രാമിന് 10,000 രൂപ കടന്നു.
ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് ഇന്നലെ വര്ധിച്ചത്. ഇതോടെ ഗ്രാമിന് 10,110 രൂപയും പവന് 80,880 രൂപയുമായി എക്കാലത്തേയും ഉയര്ന്ന വിലനിലവാരത്തില് തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3,645 ഡോളറാണ്. 24 കാരറ്റ് സ്വര്ണം കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 15 ലക്ഷം രൂപയായി. ഒരു പവന് സ്വര്ണാഭരണം വാങ്ങണമെങ്കില് നിലവില് 87,530 രൂപ നൽകണം. 18 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 100 രൂപ വര്ധിച്ച് 8,300 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന്റെ വിപണിവില ഗ്രാമിന് 6,465 രൂപയാണ്. 9 കാരറ്റ് സ്വര്ണം ഗ്രാമിന് 4,165 രൂപയായി.
ഭൗമരാഷ്ട്ര സംഘര്ഷങ്ങള്, അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ അധിക തീരുവകൾ, യുഎസ് ഫെഡറല് റിസര്വ് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകള് തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്ണം സുരക്ഷിതമായ നിക്ഷേപമെന്ന നിലയില് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്ധിപ്പിച്ചു. ഇതുതന്നെയാണ് വിലവര്ധനയ്ക്കുള്ള പ്രധാന കാരണം.
ഓണ്ലൈന് നിക്ഷേപകര് ഇപ്പോഴും ഹോള്ഡ് ചെയ്യപ്പെടുന്നതും വിലവര്ധനയ്ക്കു കാരണമായി. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3800 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര് പറഞ്ഞു.
ധനലക്ഷ്മി ബാങ്കും കുടുംബശ്രീയും തമ്മിൽ ധാരണ
തിരുവനന്തപുരം: കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കു വിവിധ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു.
തിരുവനന്തപുരത്തെ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശനും ധനലക്ഷ്മി ഡെപ്യൂട്ടി ജനറൽ മാനേജർ പി.എച്ച്. ബിജുകുമാറും ധാരണാപത്രം കൈമാറി.
ധാരണപ്രകാരം സേവിംഗ്സ്, കറന്റ് ബാങ്ക് അക്കൗണ്ടുകൾ, അയൽക്കൂട്ടങ്ങൾക്കു ലിങ്കേജ് വായ്പാസേവനങ്ങൾ, സാമൂഹ്യസുരക്ഷാ പദ്ധതികൾ മുതലായവ ധനലക്ഷ്മി ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കു ലഭ്യമാക്കും.
ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ സി. നവീൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ രാജേഷ് കെ. അലക്സ്, മാനേജർ മനു ആർ. നായർ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജി. ലിബിൻ എന്നിവർ പങ്കെടുത്തു.
കണ്സ്യൂമര് ഫെഡ് പെട്രോള് പമ്പുകളും ആരംഭിക്കുന്നു
കൊച്ചി: വിദേശവിപണി ലക്ഷ്യമിട്ടും സംസ്ഥാനത്ത് പെട്രോള് പമ്പുകള് തുറക്കുന്നതിനുമുള്ള നീക്കവുമായും കണ്സ്യൂമര് ഫെഡ്.
വിപണിയും വരുമാനവും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ചുവടുവയ്പ്. പെട്രോള് പമ്പുകള് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില് തൃശൂര്, പാലക്കാട് ജില്ലകളിലാണു പെട്രോള് പമ്പുകള് ആരംഭിക്കുക. തുടർന്ന് മറ്റു ജില്ലകളിലും ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന് ഓയില് കോര്പറേഷനുമായി (ഐഒസി) കണ്സ്യൂമര് ഫെഡ് ധാരണാപത്രം ഒപ്പുവച്ചു.
വൈകാതെ സ്ഥലം ഐഒസിക്ക് വിട്ടുനല്കും. പാലക്കാട് നൂറണിയിലാകും ആദ്യ പമ്പ് ആരംഭിക്കുക. ഇതിനായി പാലക്കാട് കളക്ടറേറ്റില്നിന്നുള്ള എന്ഒസി ലഭ്യമാകുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണ്. തൃശൂരില് കീച്ചേരിയിലാണു പമ്പ് തുടങ്ങുന്നത്.
കണ്സ്യൂമര്ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങളാണ് പമ്പുകള് ആരംഭിക്കുന്നതിന് തെരഞ്ഞെടുക്കുക. മറ്റു ജില്ലകളിലെ സാധ്യതകള് പരിശോധിച്ചുവരികയാണ്.
വ്യാപാര വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിപണി അയല്സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന് ആലോചിക്കുന്നത്. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണു നിലവില് പരിഗണനയിലുള്ളത്. ഇതിനുപുറമെ ഗള്ഫ് രാജ്യങ്ങളുമായും ചര്ച്ചകള് നടക്കുന്നു.
ഫ്രഞ്ചൈസികളാകും ഇവിടങ്ങളില് സ്ഥാപിക്കുക. ത്രിവേണി ഉത്പന്നങ്ങളും പച്ചക്കറികളും ഇതുവഴി ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി എക്സ്പോര്ട്ട്, ഇംപോര്ട്ട് ലൈസന്സുകള് കണ്സ്യൂമര് ഫെഡ് നേടി. ഓണ്ലൈന് വഴിയുള്ള വില്പന വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള് തയാറാക്കിവരികയാണ് കണ്സ്യൂമര് ഫെഡ്.
നേട്ടം നിലനിർത്താതെ രൂപ
മുംബൈ: വിദേശ നിക്ഷേപകരുടെ പിൻവലിക്കലും ആഗോള വ്യാപാര സംഘർഷങ്ങളും തുടരുന്നതിനാൽ ഡോളറിനെതിരേ രൂപ വീണ്ടും നഷ്ടത്തിലായി. ഇന്നലെ തുടക്കത്തിൽ നേട്ടത്തിലായിരുന്ന രൂപ പിന്നീട് ഇടിയുകയായിരുന്നു.
മൂന്നു പൈസ നഷ്ടത്തിൽ 88.12 (താത്കാലികം) എന്ന നിലയിൽ ക്ലോസ് ചെയ്തു. യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ തീരുവയും ആഗോള വ്യാപാര പ്രതിസന്ധികളുമാണ് രൂപയുടെ തിരിച്ചുവരവിനെ ബാധിക്കുന്നതെന്ന് ഫോറെക്സ് ട്രേഡേഴ്സ് പറഞ്ഞു. കൂടാതെ, തുടർച്ചയായ വിദേശ ഫണ്ടിന്റെ ഒഴുക്ക് നിക്ഷേപകരെ ബാധിക്കുന്നുണ്ട്.
ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ 87.98 രൂപ എന്ന മികച്ച നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഇത് പിന്നീട് ഇൻട്രാഡേയിൽ 88.19 എന്ന നിലയിൽ താഴ്ന്നു. അവസാനമിത് കഴിഞ്ഞ സെഷനേക്കാൾ മൂന്നു പൈസ നഷ്ടത്തിൽ 88.12 (താത്കാലികം) വ്യാപാരം പൂർത്തിയാക്കി.
വെള്ളിയാഴ്ച രൂപ ഇൻട്രാഡേയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന 88.38ലാണ് എത്തിയത്. എന്നാൽ അവസാനം മൂന്നു പൈസ നേട്ടത്തിൽ രൂപ 88.09 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
സെപ്റ്റംബർ രണ്ടിന് രൂപ 88.15 എന്ന ഏറ്റവും താഴ്ന്ന ലെവലാണ് കുറിച്ചത്. ഈദ്-ഇ-മിലാദ് പ്രമാണിച്ച് മഹാരാഷ്ട്ര സർക്കാർ സെപ്റ്റംബർ അഞ്ചിനു പകരം സെപ്റ്റംബർ എട്ടിന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച ഫോറെക്സ് വിപണിക്ക് അവധിയായിരുന്നു.
ആഭ്യന്തര സൂചികകൾക്ക് നേട്ടം
തിങ്കളാഴ്ച നേട്ടത്തിലായിരുന്ന ഓഹരിവിപണി ഇന്നലെയും പ്രകടനം ആവർത്തിച്ചു. ഐടി ഓഹരികളുടെ ചുമലിലേറിയാണ് വിപണി നേട്ടത്തിലെത്തിയത്. അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് നിഫ്റ്റി ഐടി സൂചിക 2.76 ശതമാനം ഉയർന്നു.
യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഐടി സൂചിക ഗണ്യമായ തിരുത്തലിന് വിധേയമായ ശേഷം നിക്ഷേപകർ മൂല്യവർധിത വാങ്ങലിലേക്ക് തിരിഞ്ഞതും വിപണി നേട്ടത്തിലാകാനുള്ള കാരണങ്ങളാണ്. ഈ മാസം 16, 17 തീയതികളിലാണ് യുഎസ് ഫെഡറൽ റിസർവ് യോഗം നടക്കുക.
യോഗത്തിൽ 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
സെൻസെക്സ് 314.02 പോയിന്റ് (0.39%) ഉയർന്ന് 81,101.32ലും നിഫ്റ്റി 95.45 പോയിന്റ് (0.39%) നേട്ടത്തോടെ 24,868.60ലും എത്തി.
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങുന്നു
ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങലിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഓഹരികൾ ഏകദേശം 4.85 ശതമാനം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദേശം പരിഗണിക്കുന്നതിനായി സെപ്റ്റംബർ 11 നാണ് ബോർഡ് യോഗം കന്പനി ചേരുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കന്പനി 2022 ൽ 9,300 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങിയിരുന്നു. 1,850 രൂപയായിരുന്നു ഓഹരിക്ക് നൽകിയ ഏറ്റവും കുറഞ്ഞ വില. ഓഹരി 1,502 രൂപയിലാണ് ക്ലോസ് ചെയ്തത്.
വിപ്രോ ഓഹരികൾ 2.81 ശതമാനം ഉയർന്നു. എംഫാസിസ്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ എച്ച്സിഎൽ ടെക്, എൽടിഐ മൈൻഡ്ട്രീ, കോഫോർജ്, ടാറ്റ കണ്സൾട്ടൻസി സർവീസസ് ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
312 കോടിയുടെ റിക്കാർഡ് വിറ്റുവരവ്
കൊച്ചി: ഓണം വിപണിയില് റിക്കാര്ഡ് വിറ്റുവരവുമായി കണ്സ്യൂമര്ഫെഡ്. നേരിട്ടും അല്ലാതെയും ഓണക്കാലത്ത് കണ്സ്യൂമര്ഫെഡ് നടത്തിയ വില്പനയിലൂടെ 312 കോടി രൂപയാണ് ഇക്കുറി നേടിയത്.
നേരിട്ടുള്ള വില്പനയില് 187 കോടി രൂപയും സഹകരണമേഖലയിലെ സൂപ്പര്മാര്ക്കറ്റുകളിലൂടെ നടത്തിയ ഓണവിപണി വഴി 125 കോടി രൂപയും വിറ്റുവരവുണ്ടായി.
സഹകരണസംഘങ്ങള് നടത്തിയ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര് മാര്ക്കറ്റുകളിലൂടെയുമാണ് നേട്ടം. കണ്സ്യൂമര്ഫെഡ് നേരിട്ടു നടത്തിയ വില്പനയില് കഴിഞ്ഞ വര്ഷത്തേക്കാള് 64 കോടിയുടെ അധികവരുമാനമാണ് ഈ വര്ഷമുണ്ടായത്.
13 ഇനം നിത്യോപയോഗ സാധനങ്ങള് സര്ക്കാര് സബ്സിഡിയോടും മറ്റു നിത്യോപയോഗ സാധനങ്ങള് 10 മുതല് 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്.
സര്ക്കാര് സബ്സിഡിയോടുകൂടിയ സാധനങ്ങളുടെ വില്പനയിലൂടെ 110 കോടിയും മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില്പന വഴി 77 കോടി രൂപയുമാണ് നേരിട്ടുള്ള വില്പനയിലൂടെ നേടിയത്. ഓഗസ്റ്റ് 26 മുതല് കഴിഞ്ഞ നാലു വരെയായിരുന്നു വില്പന.
മദ്യവില്പനയിലൂടെ ഓണക്കാലത്ത് 14.14 കോടി രൂപയുടെ അധികവരുമാനവും കണ്സ്യൂമര്ഫെഡ് നേടി. ഉത്രാടദിനത്തിൽ മാത്രം സംസ്ഥാനത്തെ 49 ഔട്ട്ലറ്റുകളില് 21.64 കോടി രൂപയുടെ വില്പനയാണു നടന്നത്. ഓണത്തോടനുബന്ധിച്ച് 110 കോടി രൂപയുടെ വില്പനയും നടന്നു. ഓഗസ്റ്റ് മാസം മാത്രം 250 കോടി രൂപയാണ് മദ്യ വില്പനയിലൂടെ കണ്സ്യൂമര്ഫെഡ് നേടിയത്.
ജിയോ ഫിനാൻഷൽ-അലയൻസ് സംയുക്തസംരംഭ കരാർ
മുംബൈ: ഇന്ത്യയിൽ റീഇൻഷ്വറൻസ് ബിനിനസ് തുടരുന്നതിനായി ജിയോ ഫിനാൻഷൽ സർവീസസ് ജർമൻ ഇൻഷ്വറൻസ് കന്പനി അലയൻസുമായി സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടതായി എക്സ്ചേഞ്ച് ഫയലിംഗിൽ പ്രഖ്യാപിച്ചു.
റെഗുലേറ്ററി അംഗീകാരങ്ങൾക്കു വിധേയമായിഇന്ത്യയിൽ റീഇൻഷ്വറൻസ് ബിസിനസ് നടത്തുന്നതിനാണ് അലയൻസുമായി ജിയോ ഫിനാൻഷ്യൽ കൈകോർത്തിരിക്കുന്നത്. ഈ സംയുക്ത സംരംഭം അലയൻസ് ജിയോ റീഇൻഷ്വറൻസ് ലിമിറ്റഡ് (എജെആർഎൽ) എന്ന പേരിൽ അറിയപ്പെടും.
എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് കന്പനി 10 രൂപ മുഖവിലയുള്ള 50 ശതമാനം ഓഹരി പ്രതിനിധീകരിക്കുന്ന 25000 ഇക്വിറ്റി ഷെയറുകളുടെ പ്രാരംഭ സബ്സ്ക്രിപ്ഷനായി 2.50 ലക്ഷം രൂപ നിക്ഷേപിക്കും.
ഗ്ലോബല് സെന്റര് ഓഫ് എക്സലന്സ് ഒരുക്കും
കൊച്ചി: ആമസോണ് വെബ് സര്വീസസുമായി ചേര്ന്നു ഗ്ലോബല് സെന്റര് ഓഫ് എക്സലന്സ് ഒരുക്കാന് സോഷ്യല് ഗെയിമിംഗ് സംവിധാനമായ വിന്സൊ.
25 കോടി സജീവ ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രാദേശികഭാഷാ സോഷ്യല് ഗെയിമിംഗ് പരസ്പര വിനോദ സംവിധാനമാണു വിന്സൊ.
വാണിജ്യ മന്ത്രാലയവുമായി ചേര്ന്നാണു വിന്സൊയുടെ അഭിമാനപദ്ധതിയായ ഗ്ലോബല് സെന്റര് ഒഫ് എക്സലന്സ് പ്രവര്ത്തിക്കുക.
യെസ് ബാങ്ക് നാലു ശാഖകൾ തുറക്കും
കൊച്ചി: നടപ്പ് സാമ്പത്തികവര്ഷം കേരളത്തിൽ പുതിയ നാലു ശാഖകള് ആരംഭിക്കുമെന്ന് യെസ് ബാങ്ക്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശാഖകൾ തുടങ്ങുക.
സംസ്ഥാനത്തു നിലവില് 22 ശാഖകളും 22 എടിഎമ്മുകളുമുണ്ട്.ബാങ്കിന്റെ ആകെ നിക്ഷേപങ്ങളില് 2.1 ശതമാനം കേരളത്തില്നിന്നാണ്.
ജെയ്ക്കോ ഡയമണ്ട്സ് തൊടുപുഴയിൽ
തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ ഡയമണ്ട് ഷോറൂമായ ജെയ്ക്കോ ഡയമണ്ട്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു.
ഡയമണ്ട്സിന്റെ വലിയ എക്സ്ക്ലൂസീവ് ശേഖരം ഒരുക്കിയാണ് ഡയമണ്ട് ആഭരണങ്ങളുടെ മാത്രമായിട്ടുള്ള ആദ്യത്തെ ഷോറൂം തൊടുപുഴയിൽ ജെയ്ക്കോ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനദിവസത്തെ കൂപ്പൺ നറുക്കെടുപ്പിൽ അര ലക്ഷം രൂപയുടെ ഭാഗ്യശാലിയായി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ദീപക്, കൗൺസിലർ ജയലക്ഷമി തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ആര്. മോഹനചന്ദ്രന് കെഎല്എം ആക്സിവ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്
കൊച്ചി: സംസ്ഥാനത്തെ മുന്നിര ധനകാര്യ സേവനദാതാക്കളായ കെഎല്എം ആക്സിവ ഫിന്വെസ്റ്റിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി കെ.ആര്. മോഹനചന്ദ്രന് ചുമതലയേറ്റു.
കംപ്ലയന്സ്, റെഗുലേറ്ററി അഫയേഴ്സ് എന്നിവയുടെ ചുമതലയായിരിക്കും മോഹനചന്ദ്രന് നിര്വഹിക്കുക. ഫെഡറല് ബാങ്കില് ചീഫ് ജനറല് മാനേജറും ചീഫ് റിസ്ക് ഓഫീസറുമായിരുന്നു. ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കില് സീനിയര് വൈസ് പ്രസിഡന്റും ചീഫ് റിസ്ക് ഓഫീസറുമായി പ്രവര്ത്തിച്ചിട്ടുണ്ട്.
മൈക്രോ ഫിനാന്സ് സ്ഥാപനമായ ലഹന്തി ലാസ്റ്റ് മൈല് സര്വീസസില് മാനേജിംഗ് ഡയറക്ടറുമായിരുന്നു. ധനകാര്യ സേവന മേഖലയില് ദീര്ഘകാല അനുഭവസമ്പത്തുള്ള കെ.ആര്. മോഹനചന്ദ്രന്റെ സേവനം കൂടുതല് വിപുലീകരണത്തിനു തയാറെടുക്കുന്ന കെഎല്എം ആക്സിവയ്ക്ക് മുതല്ക്കൂട്ടാകുമെന്ന് ചെയര്മാൻ ടി.പി. ശ്രീനിവാസന് പറഞ്ഞു.
മുഹമ്മദ് ഫര്ഹാന് റെഡ് എലിഫന്റ് പുരസ്കാരം
കൊച്ചി: പരസ്യമേഖലയില് അവാര്ഡ് ജേതാക്കളെ കണ്ടെത്തുന്ന ക്യൂറിയസ് ഡിസൈന് യാത്ര 2025ല് ചരിത്രമെഴുതി മൈത്രി അഡ്വര്ടൈസിംഗിലെ ആര്ട്ട് ഡയറക്ടര് മുഹമ്മദ് ഫര്ഹാന്.
ബിങ്കോ ഫെസ്റ്റിവ് പാക്കേജിംഗ് ഡിസൈനിലൂടെയാണ് 22കാരനായ മുഹമ്മദ് പ്രഥമ റെഡ് എലിഫന്റ് പുരസ്കാരം കേരളത്തിലേക്ക് എത്തിച്ചത്.
കുറഞ്ഞ ചെലവില് മോഡേണ് ആന്ഡ് പ്രീമിയം ഗിഫ്റ്റ് പാക്ക് ഒരുക്കുക എന്നതായിരുന്നു മുഹമ്മദ് ഫര്ഹാനു ലഭിച്ച ടാസ്ക്. പരമ്പരാഗത ഗോത്രവര്ഗ ചിത്രകലാരൂപമായ വാര്ലിയില്നിന്നു പ്രചോദനം ഉള്ക്കൊണ്ട് ഗിഫ്റ്റ് പാക്ക് എ, മണ്ഡല ആര്ട്ടില്നിന്നു പ്രചോദനം ഉള്ക്കൊണ്ട് ഗിഫ്റ്റ് പാക്ക് ബി എന്നിവ രൂപകല്പന ചെയ്ത് മുഹമ്മദ് പുരസ്കാരം നേടി. ടിഫിന് ബോക്സുകളുടെ ഘടനയില് രൂപപ്പെടുത്തിയ ഈ പേപ്പര് പാക്കേജിംഗില് ലോക്കിംഗ് സംവിധാനവുമുണ്ട്.
പുരസ്കാരജേതാവിനെ മൈത്രി മാനേജിംഗ് ഡയറക്ടര് രാജു മേനോന്, ക്രിയേറ്റീവ് ഡയറക്ടര് ഫ്രാന്സിസ് തോമസ് എന്നിവര് അഭിനന്ദിച്ചു.
ഐപിടിഐഎഫും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു പാലക്കാട് ഐഐടിയുടെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബായ ഐപിടിഐഎഫും ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്നു ധാരണാപത്രം ഒപ്പുവച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും.
പാലക്കാട് ഐഐടി ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സബിത വർമ ബാലചന്ദ്രൻ, കെ.വി. വിനയരാജൻ, പ്രഫ. ശാന്തകുമാർ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണരംഗത്ത് സാമൂഹിക സ്വാധീനം വർധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.
സംരംഭത്തിന്റെ ഭാഗമായി ഹ്യൂമാനിറ്റേറിയൻ അഡ്വാൻസ്മെന്റിനായുള്ള നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ദിശ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണം, ഗ്രാമീണവികസനം, സുസ്ഥിരത, ഡിജിറ്റൽ ഇൻക്ലൂഷൻ തുടങ്ങിയ നിർണായക മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും ഈ പദ്ധതി പിന്തുണ നൽകുമെന്ന് അധികൃതർ അറിയിച്ചു.
കാനറാ ബാങ്ക് സര്ഫാസി പ്രോപ്പര്ട്ടി എക്സ്പോ
കൊച്ചി: കാനറാ ബാങ്കിന്റെ സര്ഫാസി പ്രോപ്പര്ട്ടി എക്സ്പോ 2025 ഇന്നു രാവിലെ പത്തുമുതല് വൈകുന്നേരം അഞ്ചുവരെ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖാ പരിസരത്ത് നടക്കും.
കൊച്ചി എആര്എം ശാഖയുടെ സര്ഫാസി നിയമപ്രകാരം ബാങ്കിന്റെ കൈവശമുള്ള വസ്തുവകകള് വാങ്ങുന്നതിനും സര്ഫാസി നിയമപ്രകാരമുള്ള വസ്തുക്കള് ബാങ്കില്നിന്ന് എങ്ങനെ വാങ്ങാമെന്ന് അറിയുന്നതിനുള്ള അവസരവും എക്സ്പോയില് ഒരുക്കിയിട്ടുണ്ട്.
അക്കേഷ്യ ഓട്ടോസെക് എക്സ്പോ 12, 13 തീയതികളില്
കൊച്ചി: ഓള് കൈന്ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര് അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ഓട്ടോസെക് എക്സ്പോ 12, 13 തീയതികളില് കലൂര് ഇന്റര്നാഷണല് സ്റ്റേഡിയത്തില് നടക്കുമെന്ന് അക്കേഷ്യ കേരള ചാപ്റ്റര് പ്രസിഡന്റ് എ.ടി. ജോസ്, സെക്രട്ടറി പി.വി. ശ്യാംപ്രസാദ് എന്നിവര് പത്രസമ്മേളനത്തില് പറഞ്ഞു.
ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്ഡ് ഓട്ടോമേഷന് മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷനാണിത്.
ക്യൂറിയസ് ഡിസൈൻ യാത്ര: "റെഡ് എലിഫന്റ്' നേടുന്ന കേരളത്തിലെ ആദ്യ പ്രതിഭയായി മുഹമ്മദ് ഫർഹാൻ
രാജ്യത്തെ ഏറ്റവും മികച്ച അഡ്വർടൈസിംഗ് പുരസ്കാരങ്ങളിലൊന്നായ ക്യൂറിയസ് ഡിസൈൻ യാത്ര 2025-ൽ ചരിത്രമെഴുതി മൈത്രി അഡ്വർടൈസിംഗിലെ ആർട്ട് ഡയറക്ടർ മുഹമ്മദ് ഫർഹാൻ. ബിങ്കോ ഫെസ്റ്റിവ് പാക്കേജിംഗ് ഡിസൈനിലൂടെയാണ് ഈ ഇരുപത്തിരണ്ടുകാരൻ ആദ്യത്തെ റെഡ് എലിഫന്റ് പുരസ്കാരം കേരളത്തിലേക്ക് എത്തിച്ചത്.
കുറഞ്ഞ ചെലവിൽ മോഡേൺ & പ്രീമിയം ഗിഫ്റ്റ് പാക്ക് ഒരുക്കുക എന്നതായിരുന്നു ഐടിസിയുടെ പ്രമുഖ സ്നാക്ക് ബ്രാൻഡായ ബിങ്കോയുടെ ബ്രീഫ്. കലാപരമായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫർഹാൻ ഒരുക്കിയത്.
പരമ്പരാഗത ഗോത്രവർഗ ചിത്രകലാരൂപമായ വാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗിഫ്റ്റ് പാക്ക് എ ഒരുക്കിയത്. ലളിതമായ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ച് ബിങ്കോയുടെ പ്രധാന സ്നാക്ക് ഉത്പന്നങ്ങളായ ചിപ്സ്, നാച്ചോസ്, ടെഡെ മെഡെ എന്നിവയെ ഫെസ്റ്റിവ് ഡിസൈനുകളിലേക്ക് മനോഹരമായി കോർത്തിണക്കി.
സ്നാക്കുകളുടെ അളവ് ഏതായാലും അതിനു അനുയോജ്യമാകുന്ന ലൂപ്പിംഗ് സംവിധാനമുള്ള ഒറ്റ സ്ട്രിപ്പായാണ് ഇത് രൂപകൽപ്പന ചെയ്തത്. മണ്ഡല ആർട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഗിഫ്റ്റ് പാക്ക് ബി രൂപകല്പന ചെയ്തത്.
ബദാം, അണ്ടിപ്പരിപ്പ്, മിക്സ്ചറുകൾ തുടങ്ങിയ ഈ ഡിസൈനിൽ സമന്വയിക്കുന്നു. ഇന്ത്യൻ ടിഫിൻ ബോക്സുകളുടെ ഘടനയിൽ രൂപപ്പെടുത്തിയ ഈ പേപ്പർ പാക്കേജിംഗ്, ഓരോ ഭാഗവും എളുപ്പത്തിൽ കൂട്ടിച്ചേർക്കാനും വേർപെടുത്താനും സാധിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പാക്കിന് കൂടുതൽ സുരക്ഷിതത്വം നൽകുന്ന ലോക്കിംഗ് സംവിധാനവും ഇതിലുണ്ട്.
"യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 18-ാം വയസിലാണ് ഫർഹാൻ ഞങ്ങളോടൊപ്പം ചേരുന്നത്. അന്നുമുതൽ അവന്റെ വളർച്ച ഞങ്ങൾ നോക്കിക്കാണുന്നതാണ്. ഫർഹാനെ ഓർത്തു ഞങ്ങൾ ഏറെ അഭിമാനിക്കുന്നു' - മൈത്രിയുടെ മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.
"ഇങ്ങനെയൊരു നേട്ടം ഫർഹാനിലേക്കെത്തുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ക്യൂറിയസിൽ ഇതിനുമുമ്പ് നാല് ബ്ലൂ എലിഫന്റ് പുരസ്കാരങ്ങൾ നേടിയ ഫർഹാൻ, ഈ വർഷം ഗോവ ഫെസ്റ്റിൽ യംഗ് മാവെറിക്ക് ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഔദ്യോഗികമായി ഒരു ഡിസൈനിംഗ് വിദ്യാഭ്യാസത്തിന്റെ പിൻബലമില്ലാതെയാണ് അവൻ ഈ അംഗീകാരങ്ങൾ നേടിയതെന്നതാണ് ഏറ്റവും ശ്രദ്ധേയം' - മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടറായ ഫ്രാൻസിസ് തോമസ് കൂട്ടിച്ചേർത്തു.
"ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽവച്ച് ക്യൂറിയസ് 25-ലെ ആദ്യത്തെ റെഡ് എലിഫന്റ് പുരസ്കാരം നേടാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. മൈത്രിയെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു വേദിയിലെത്താൻ കഴിഞ്ഞത് മധുരം ഇരട്ടിപ്പിക്കുന്നു. എന്നിൽ വിശ്വാസമർപ്പിച്ച ഫ്രാൻസിസ്, വിൻസെന്റ്, മിറിയം എന്നിവർക്കും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി' - പുരസ്കാരം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ഫർഹാൻ പറഞ്ഞു.
യുവപ്രതിഭകളെ വളർത്തുന്നതിൽ മൈത്രിക്കുള്ള പ്രതിബദ്ധതയുടെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ചരിത്രവിജയം.
ഇന്ത്യൻ സഞ്ചാരികളെ കാത്ത് ശ്രീലങ്ക
മുംബൈ: ഈ വർഷം ശ്രീലങ്ക ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നു. വിവാഹങ്ങൾ, മീറ്റിംഗുകൾ, പ്രദർശനങ്ങൾ, കോണ്ഫറൻസ് ടൂറിസം എന്നിവ കേന്ദ്രീകരിച്ചാകും ഇന്ത്യൻ സഞ്ചാരികളെ എത്തുക്കുകയെന്ന് ശ്രീലങ്കൻ ടൂറിസം വികസന അഥോറിറ്റി ചെയർമാൻ ബുദ്ധിക ഹേവാവാസം പറഞ്ഞു. ഈ നീക്കം ഒരു വിനോദസഞ്ചാരം രാജ്യത്തുണ്ടാക്കുന്ന ചെലവ് വർധിപ്പിക്കുന്നതിനും ശ്രീലങ്കൻ സന്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരം ഉയർത്തുന്നതിനും സഹായം നൽകും.
ലക്ഷ്യം അഞ്ചു ലക്ഷം ഇന്ത്യൻ സഞ്ചാരികൾ
ശ്രീലങ്കയുടെ വിനോദസഞ്ചാര വളർച്ച കൈവരിക്കുന്നതിനായി അവരുടെ ഏറ്റവും വലിയ ഉറവിട വിപണിയായാണ് ഇന്ത്യയെ കാണുന്നത്. 2024ൽ ശ്രീലങ്ക 2.05 മില്യണ് വിദേശ വിനോദ സഞ്ചാരികളെയാണ് സ്വീകരിച്ചത്. ആ വർഷം 4.16 ലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു. 2025ലെ ആദ്യ എട്ട് മാസങ്ങളിൽ 20 ശതമാനത്തിലധികം വിനോദസഞ്ചാരികളും ഇന്ത്യയിൽനിന്നാണ്.
2025ൽ ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൊളംബോയ്ക്കും ബെന്റോട്ടയ്ക്കും അപ്പുറം ഉയർന്ന പ്രദേശങ്ങളിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യാൻ തുടങ്ങി. രാമായണ പാതകളാണ് മറ്റൊരു ആകർഷണം- അദ്ദേഹം പറഞ്ഞു.
വിവാഹ കേന്ദ്രം
ഒരു പ്രധാന വിവാഹ കേന്ദ്രമായി ഇന്ത്യക്കാരെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നതിനായി ശ്രീലങ്ക ഇന്ത്യയിൽ ആദ്യമായി മൾട്ടി സിറ്റി റോഡ് ഷോകൾ നടത്തുന്നു. എളുപ്പത്തിലുള്ള കണക്റ്റിവിറ്റി, സൗജന്യ വീസ, സാംസ്കാരിക ബന്ധം എന്നിവയ്ക്ക് പുറമേ, വിവാഹം നടത്താനോ കോർപറേറ്റ് പരിപാടികൾ സംഘടിപ്പിക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ബജറ്റ് ഫ്രണ്ട്ലി കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ വിവാഹ വിപണികൾക്ക് താങ്ങാനാകുന്നതും എന്നാൽ ആഡംബരപൂർവവുമായ പ്രദേശങ്ങൾ ശ്രീലങ്കയ്ക്കുണ്ട്. അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയും സന്പന്നമായ പൈതൃകവും രാജ്യത്തിന്റെ പ്രത്യേകതകളാണ്.
ചെലവ് വർധിപ്പിക്കലും വിദേശ നാണ്യവും
ഒരു സഞ്ചാരി ചെലവിടുന്ന തുകയിൽ നേരിയ വർധനവ് ശ്രീലങ്ക ലക്ഷ്യമിടുന്നു. നിലവിൽ ഒരു വിനോദ സഞ്ചാരി ഒരു ദിവസം 170 ഡോളർ ചെലവാക്കുന്നുണ്ട്. ക്രമേണ ഇത് 180 ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
ഭാവിയിൽ കൂടുതൽ വിദേശസഞ്ചാരികളെ എത്തിക്കുക
ഇന്ത്യൻ സഞ്ചാരികൾക്കൊപ്പം 2026ൽ മൊത്തത്തിൽ 2.6 മില്യണ് വിദേശ സഞ്ചാരികളെയാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് ഉയർന്നു. കിഴക്കൻ യൂറോപ്പ്, തായ്ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വരവ് അതിവേഗം വർധിക്കുകയാണെന്നും ഹേവാവാസം പറഞ്ഞു.
2022ൽ സാന്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്കയ്ക്ക് തൊഴിലാളികളുടെ പണമയയ്ക്കലിനൊപ്പം വിദേശനാണ്യത്തിന്റെ ഒരു പ്രധാന സ്രോതസാണ് വിനോദസഞ്ചാരം. വസ്ത്രങ്ങളുടെയും തേയിലയുടെയും കയറ്റുമതിയിലെ മത്സരവും വെല്ലുവിളികളും കാരണം രാജ്യത്തിന് വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായി തുടരുന്നു.
സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഇന്നലെ രാവിലെ സ്വര്ണവില നിശ്ചയിക്കുമ്പോള് ഗ്രാമിന് പത്തുരൂപയും പവന് 80 രൂപയും വര്ധിച്ച് ഗ്രാമിന് 9,935 രൂപയും പവന് 79,480 രൂപയും എത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3584 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു.
ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3612 ഡോളറിലേക്കും രൂപയുടെ വിനിമയ നിരക്ക് 88ലേക്കും എത്തിയതിനെ തുടര്ന്നാണ് സ്വര്ണവിലയില് റിക്കാര്ഡ് വര്ധന ഉണ്ടായത്.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്ധിച്ച് സ്വര്ണവില ഗ്രാമിന് 9,985 രൂപയും പവന് 79,880 രൂപയുമായി സര്വകാല റിക്കാര്ഡില് തുടരുകയാണ്. ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താന് 15 രൂപ കൂടി മാത്രം മതി. ഏറ്റവും കുറഞ്ഞ പണിക്കൂലിയില് ഒരു പവന് സ്വര്ണാഭരണം വാങ്ങണമെങ്കില് നിലവില് 87,000 രൂപ നല്കണം.
അയല് സംസ്ഥാനമായ തമിഴ്നാട്ടില് സ്വര്ണവില ഗ്രാമിന് 10,060 രൂപയാണ്. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 40 രൂപ വര്ധിച്ച് 8,200 രൂപയിലെത്തി. 14 കാരറ്റ് സ്വര്ണം ഗ്രാമിന് 6,355 രൂപയാണ് വിപണി വില.
യുഎസ് ഫെഡറല് റിസര്വ് പലിശനിരക്ക് കുറക്കുമെന്ന വാര്ത്തകളാണ് സ്വര്ണവില വര്ധിക്കാന് കാരണം. വരും ദിവസങ്ങളിലും സ്വര്ണവില ഉയരാനാണ് സാധ്യതയെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുല് നാസര് പറഞ്ഞു.
ആമസോണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 22 മുതൽ
ന്യൂഡൽഹി: ഉത്സവ സീസണു മുന്നോടിയായി ആമസോണ് പ്രൈം ഉപഭോക്താക്കൾക്കായി ഈ മാസം 22 മുതലും അല്ലാത്തവർക്കായി 23 മുതലും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് ആമസോണ് ഇന്ത്യ പ്രഖ്യാപിച്ചു.
വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്ക് ഗൃഹ ഉപകരണങ്ങൾ അടക്കമുള്ള നിരവധി സാധനങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണിതെന്ന് ആമസോണ് വ്യക്തമാക്കി. പുതിയ ചരക്ക് സേവന നികുതി സ്ലാബ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആമസോണിന്റെ ആദ്യ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലാണ് 22 ന് ആരംഭിക്കുന്നത്.
സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ ഇളവ് കിട്ടും. ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി, ഗൃഹോപകരണങ്ങൾ എന്നിവയിൽ 80 ശതമാനവും നിത്യോപയോഗ സാധനങ്ങൾക്ക് 70 ശതമാനവും ഇളവ് ലഭിക്കും.
ടെലിവിഷൻ ഹോം അപ്ലയൻസസ് തുടങ്ങിയവയ്ക്ക് 65 ശതമാനവും ആമസോണ് ഫ്രെഷ്, അലക്സ, ഫയർ ടിവി, ആമസോണ് കിൻഡിൽ എന്നിവയ്ക്ക് 50 ശതമാനം വരെയും കിഴിവ് ലഭിക്കുമെന്ന് കന്പനി അറിയിച്ചു.
ടിവിഎസ് എന്ടോര്ക് 150 അവതരിപ്പിച്ചു
കൊച്ചി: ഇരുചക്ര- മുച്ചക്ര വാഹന നിര്മാണ രംഗത്തെ ആഗോള മുന്നിര കമ്പനിയായ ടിവിഎസ് മോട്ടോര് കമ്പനി (ടിവിഎസ്എം) ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഹൈപ്പര് സ്പോര്ട്ട് സ്കൂട്ടറായ ടിവിഎസ് എന്ടോര്ക് 150 വിപണിയില് അവതരിപ്പിച്ചു.
സ്റ്റെല്ത്ത് വിമാനങ്ങളുടെ രൂപകല്പനയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട ഈ സ്കൂട്ടറിന് 149.7 സിസി റേസ് ട്യൂണ് ചെയ്ത എൻജിനാണുള്ളത്.
പുതു തലമുറയിലെ റൈഡര്മാരെ ലക്ഷ്യമിട്ട് ഉയര്ന്ന പ്രകടനവും സ്പോര്ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടിവിഎസ് എന്ടോര്ക് 150 രൂപകല്പന ചെയ്തിരിക്കുന്നത്. 1,19,000 രൂപ എക്സ്ഷോറൂം പ്രത്യേക പ്രാരംഭ വിലയില് പുതിയ എന്ടോര്ക് മോഡല് ലഭ്യമാകും.
മള്ട്ടി-പോയിന്റ് പ്രൊജക്ടര് ഹെഡ്ലാംബുകള്, സ്പോര്ട്ടി ടെയില് ലാംബുകള്, എയ്റോഡൈനാമിക് വിംഗ്ലെറ്റുകള്, സിഗ്നേച്ചര് ശബ്ദത്തോടുകൂടിയ സ്റ്റബ്ബി മഫ്ളര്, കളേര്ഡ് അലോയ് വീലുകള് എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോര് സീനിയര് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്ദര് പറഞ്ഞു.