അവിശ്വാസനീക്കവുമായി സഖ്യകക്ഷി; ട്രൂഡോ സർക്കാർ വീണേക്കും
ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ വീഴാൻ സാധ്യതയെന്ന് റിപ്പോർട്ട്. ട്രൂഡോ സർക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് ജനുവരി 27ന് പാർലമെന്റ് ചേരുന്പോൾ അവിശ്വാസപ്രമേയം അവതരിപ്പിച്ചേക്കും. പ്രതിപക്ഷ പാർട്ടികളെല്ലാം പിന്തുണച്ചാൽ അവിശ്വാസം പാസാകും.
ഒന്പതു വർഷത്തിലധികമായി പ്രധാനമന്ത്രിപദം വഹിക്കുന്ന ട്രൂഡോ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്.
വിലക്കയറ്റം അടക്കമുള്ള കാര്യങ്ങളാൽ ജനം സർക്കാരിൽ തൃപ്തരല്ല. അവിശ്വാസത്തിനു പിന്നാലെ തെരഞ്ഞെടുപ്പുണ്ടായാൽ ട്രൂഡോയുടെ ലിബറൽ പാർട്ടി വൻ പരാജയം രുചിക്കാനാണ് സാധ്യത.
നിലവിൽ ജഗ്മീത് സിംഗിന്റെ പിന്തുണയാണ് ട്രൂഡോ സർക്കാരിനെ നിലനിർത്തുന്നത്. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷസഖ്യത്തിനു നേതൃത്വം നല്കുന്ന ബ്ലോക് ക്യുബെകോയിസ് പാർട്ടി അറിയിച്ചിട്ടുണ്ട്.
പാർലമെന്റ് നേരത്തേ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. എന്നാൽ ഗവർണർ ജനറൽ ഇക്കാര്യം അനുവദിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പുണ്ടായാൽ ട്രൂഡോ മാത്രമല്ല, പാലം വലിക്കുന്ന ജഗ്മീത് സിംഗിന്റെ പാർട്ടിയും പരാജയം ഏറ്റുവാങ്ങുമെന്നാണു സൂചന.
അധ്യാപകന്റെ തലയറത്ത സംഭവം; വിദ്വേഷ പ്രചാരണത്തിന് എട്ടു പേർക്ക് തടവുശിക്ഷ
പാരീസ്: ഫ്രാൻസിൽ അധ്യാപകനെ തലയറത്തു കൊല്ലാൻ കാരണമായ വിദ്വേഷ പ്രചാരണം നടത്തിയ എട്ടു പേർക്ക് കോടതി ഒന്നു മുതൽ 16 വരെ വർഷം തടവുശിക്ഷ വിധിച്ചു.
ക്ലാസിൽ പ്രവാചകന്റെ കാർട്ടൂണ് പ്രദർശിപ്പിച്ച സാമുവൽ പാറ്റി എന്ന അധ്യാപകൻ 2020 ഒക്ടോബറിലാണ് പാരീസിനടുത്തുള്ള സ്കൂളിൽ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ പതിനെട്ടുകാരനായ ചെച്ചൻ വംശജനെ പോലീസ് വെടിവച്ചു കൊന്നു.
വിദ്വേഷപ്രചാരണം നടത്തിയ വിദ്യാർഥിനിയുടെ പിതാവ് അടക്കമുള്ളവരാണ് വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ടത്. വിദ്യാർഥിനി അടക്കം അഞ്ചു പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞവർഷം കോടതി മറ്റൊരു ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അധ്യാപകൻ കാർട്ടൂൺ കാണിച്ച സമയത്ത് വിദ്യാർഥിനി ഇല്ലായിരുന്നു. എന്നാൽ വിദ്യാർഥിനിയുടെ പിതാവ് സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്റ്റുകൾ അധ്യാപകനെ തിരിച്ചറിയാൻ സഹായിച്ചതായി കോടതി കണ്ടെത്തി.
യുക്രെയ്ൻ മിസൈൽ ആക്രമണം; റഷ്യയിൽ ആറു പേർ കൊല്ലപ്പെട്ടു
മോസ്കോ: യുക്രെയ്ൻ സേന റഷ്യയിലെ കുർസ്ക് പ്രദേശത്തു നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി അടക്കം ആറു പേർ കൊല്ലപ്പെട്ടു; പത്തു പേർക്കു പരിക്ക്.
അമേരിക്കൻ നിർമിത ഹിമാർസ് റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യ ആരോപിച്ചു. കുർസ്ക് പ്രദേശത്തിന്റെ ഒരു ഭാഗം ഓഗസ്റ്റ് മുതൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലാണ്.
കസാനിൽ വിമാനത്താവളം അടച്ചു
മോസ്കോ: യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ നഗരമായ കസാനിൽ വിമാനത്താവളം താത്കാലികമായി അടച്ചു.
നഗരത്തിലെ പാർപ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മൂന്നു തവണ ഡ്രോൺ ആക്രമണം ഉണ്ടായി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇമ്രാൻ അനുകൂലികൾക്ക് തടവുശിക്ഷ
കറാച്ചി: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികൾ സൈനിക ആസ്ഥാനങ്ങൾ ആക്രമിച്ച കേസിൽ സൈനിക കോടതി 25 സിവിലിയന്മാർക്ക് രണ്ടു മുതൽ പത്തുവരെ വർഷം കഠിനതടവ് വിധിച്ചു.
ഇമ്രാൻ 2023 മേയ് ഒന്പതിന് അറസ്റ്റിലായതിനു പിന്നാലെയുണ്ടായ കലാപത്തിനിടെയാണ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടത്.
ഇസ്രയേലിൽ ഹൂതി മിസൈൽ പതിച്ച് 14 പേർക്ക് പരിക്ക്
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ ഇസ്രയേലിൽ പതിച്ച് 14 പേർക്കു നിസാര പരിക്കേറ്റു. ടെൽ അവീവിലെ ജാഫ മേഖലയിലാണ് മിസൈൽ വീണത്. മിസൈൽ വെടിവച്ചിടാൻ കഴിഞ്ഞില്ലെന്ന് ഇസ്രേലി സേന പറഞ്ഞു.
ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇസ്രേലി സേനാ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.
വ്യാഴാഴ്ച ഇസ്രേലി വ്യോമസേന യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും വൈദ്യുതിവിതരണ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിരുന്നു.
തീവ്രവാദി ആക്രമണം; പാക്കിസ്ഥാനിൽ 16 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു
കറാച്ചി: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാൻ മേഖലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 16 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. എട്ടു പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച അർധരാത്രിയാണ് ആക്രമണമുണ്ടായത്.
മേഖലയിൽ സജീവമായ തെഹ്രിക് ഇ താലിബാൻ (പാക് താലിബാൻ) ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, 35 സുരക്ഷാഭടന്മാരെ വധിച്ചതായി പാക് താലിബാൻ അവകാശപ്പെട്ടു.
ന്യുയോർക്ക്: തബല മാന്ത്രികൻ സാക്കിർ ഹുസൈനു യുഎസിലെ സാൻഫ്രാൻസിസ്കോയിൽ അന്ത്യനിദ്ര. സാൻഫ്രാൻസിസ്കോയിലെ ഫേൻവുഡ് സെമിത്തേരിയിൽ വ്യാഴാഴ്ചയായിരുന്നു സംസ്കാരമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
ഡ്രമ്മർ ശിവമണി ഉൾപ്പെടെ സംഗീതജ്ഞരുടെ കണ്ണീരഞ്ജലി അന്ത്യയാത്രയെ വേറിട്ട അനുഭവമാക്കി. നൂറുകണക്കിന് ആരാധകരും സാക്കീർ ഹുസൈനു വിടനൽകാനെത്തിയിരുന്നു.
സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സാക്കിർഹുസൈൻ അന്തരിച്ചത്. ഇന്ത്യൻ ജനതയ്ക്കുവേണ്ടി യുഎസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.കെ. ശ്രീകാർ റെഡ്ഡി അന്ത്യാഞ്ജലി അർപ്പിച്ചു.
മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചതിനൊപ്പം സംഗീതപ്രതിഭയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
യുഎസ് പ്രതിനിധികൾ ഡമാസ്കസിൽ
ഡമാസ്കസ്: സിറിയയിൽ ഭരണംപിടിച്ച ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) സംഘടനയുടെ നേതൃത്വവുമായി നേരിട്ടു ചർച്ച നടത്താൻ ഉന്നത യുഎസ് പ്രതിനിധി സംഘം ഡമാസ്കസിലെത്തി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ പശ്ചിമേഷ്യാ നയതന്ത്ര പ്രതിനിധി ബാർബറ ലീഫ് ആണു യുഎസ് സംഘത്തെ നയിക്കുന്നത്.
ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഭരണമാണു പ്രതീക്ഷിക്കുന്നതെന്ന് എച്ച്ടിഎസ് നേതൃത്വവുമായുള്ള ചർച്ചയിൽ യുഎസ് സംഘം അറിയിക്കും. അസാദ് ഭരണകൂടത്തിന്റെ കാലത്ത് സിറിയയിൽ അപ്രത്യക്ഷരായ അമേരിക്കൻ പൗരന്മാരുടെ കാര്യവും അന്വേഷിക്കും.
അസാദ് ഭരണകൂടം വീണതിൽ സന്തോഷമുണ്ടെങ്കിലും തീവ്രവാദ ബന്ധമുള്ള എച്ച്ടിഎസ് സിറിയയിൽ യാഥാസ്ഥിതിക ഭരണം അടിച്ചേൽപ്പിക്കുമോ എന്ന ആശങ്ക യുഎസിനും മറ്റു പാശ്ചാത്യശക്തികൾക്കുമുണ്ട്.
എച്ച്ടിഎസുമായും അതിന്റെ നേതാവ് അഹമ്മദ് അൽ ഷാരയുമായും പാശ്ചാത്യശക്തികൾ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ ബ്രിട്ടനും ഫ്രാൻസും എച്ച്ടിഎസുമായി ബന്ധപ്പെട്ടിരുന്നു. എച്ച്ടിഎസിനെ തീവ്രവാദപട്ടികയിൽനിന്നു നീക്കംചെയ്യുന്നതിനെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. യുഎസ് 2012ൽ സിറിയയുമായി നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
കീവിൽ റഷ്യൻ മിസൈൽ ആക്രമണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു ആക്രമണം.
അമേരിക്കൻ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിച്ചതിനുള്ള മറുപടിയാണിതെന്നും യുക്രെയ്ൻ ഇന്റലിജൻസ് സംഘടനയായ എസ്ബിയുവിന്റെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
മയോട്ടിൽ കൊടുങ്കാറ്റ് ദുരന്തമേഖല സന്ദർശിച്ച മക്രോണിനെതിരേ ജനകീയ പ്രതിഷേധം
പാരീസ്: ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച മയോട്ടിൽ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനോടു പ്രതിഷേധിച്ച് ജനം.
ദുരന്തബാധിത പ്രദേശങ്ങൾ കാണാനിറങ്ങിയ പ്രസിഡന്റിനോട് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്നു ജനങ്ങൾ പരാതിപ്പെട്ടു. കുടിവെള്ളത്തിനു സൗകര്യമുണ്ടാക്കുമെണു മക്രോൺ ഉറപ്പു നല്കി.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ഭരണപ്രദേശമായ മയോട്ടിൽ ഈ മാസം 14നാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. 31 പേരുടെ മരണമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ മരണസംഖ്യ ആയിരത്തിനു മുകളിൽ വരുമെന്നാണു ചില വൃത്തങ്ങൾ അവകാശപ്പെട്ടത്.
ദുരന്തമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഫ്രാൻസിനു കീഴിലെ ഏറ്റവും ദരിദ്രപ്രദേശമാണ് മയോട്ട്.
വ്യാഴാഴ്ച മയോട്ടിലെത്തിയ മക്രോൺ സന്ദർശനം ഇന്നലത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിഷേധിച്ച ജനം മക്രോൺ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പ ഫോണിൽ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഗോള ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി മാർപാപ്പ നടത്തിയ പരിശ്രമങ്ങളെയും പ്രതിബദ്ധതയെയും ബൈഡൻ കൃതജ്ഞതയോടെ അനുസ്മരിച്ചു. അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം ജോ ബൈഡൻ സ്വീകരിച്ചു.
ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത്.
നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്ക് എതിരേയുള്ള മതനിന്ദാക്കുറ്റം റദ്ദാക്കി
അബുജ: നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്കെതിരേ ചുമത്തിയ മതനിന്ദാക്കുറ്റം കോടതി അസാധുവാക്കി. വടക്കുകിഴക്കൻ ബൗചി സംസ്ഥാനത്തെ റോഡ ജാതോ(47) എന്ന സ്ത്രീയാണു രണ്ടര വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ കുറ്റവിമുക്തയാക്കപ്പെട്ടത്.
ശരിയത്ത് നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് റോധയെ അറസ്റ്റ് ചെയ്തത്. എഡിഎഫ് ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയാണ് ഇവർക്കു നിയമസഹായം നൽകിയത്.
റോഡയെ കുറ്റവിമുക്തയാക്കിയതിനും ഏറെക്കാലമായി അവൾ അനുഭവിച്ച ദുരിതങ്ങൾ അവസാനിച്ചതിനും ദൈവത്തിനു നന്ദി പറയുന്നതായി എഡിഎഫ് ഇന്റർനാഷണലിന്റെ നിയമോപദേശകൻ സീൻ നെൽസൺ പറഞ്ഞു.
മതനിന്ദക്കുറ്റം ചുമത്തപ്പെട്ട് നൈജീരിയയിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിയമപോരാട്ടം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
വിവാദ ഹിജാബ് നിയമം പിന്വലിച്ച് ഇറാന്
ടെഹ്റാന്: വിവാദമായ ഹിജാബ് നിയമം പിന്വലിച്ച് ഇറാന് ഭരണകൂടം. നിയമത്തിനെതിരേ വലിയതോതിലുള്ള പ്രതിഷേധങ്ങള് ഉയര്ന്ന സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല് സെക്യൂരിറ്റി കൗണ്സിലിന്റെ തീരുമാനം.
സ്ത്രീകളും പെണ്കുട്ടികളും മുടി, കൈകാലുകള് എന്നിവ പൂര്ണമായി മറയുംവിധത്തില് ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്ന നിയമം കഴിഞ്ഞ വെള്ളിയാഴ്ച പ്രാബല്യത്തില് വരുമെന്നായിരുന്നു ഇറാന് അറിയിച്ചിരുന്നത്.
യുഎസുമായി മിസൈൽ അങ്കത്തിനു തയാർ: പുടിൻ
മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാർഷിക ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഒറെഷ്നിക്കിനു കഴിയും. അമേരിക്കൻ മിസൈലുകളാൽ സംരക്ഷിതമായ ലക്ഷ്യത്തിലേക്ക് ഒറെഷ്നിക്ക് തൊടുത്ത് ഇക്കാര്യം തെളിയിക്കാമെന്നും അത്തരം പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ പറഞ്ഞു.
റഷ്യ നവംബർ 21ന് യുക്രെയ്നിലെ നിപ്രോ നഗരത്തിലാണ് ഒറെഷ്നിക് മിസൈൽ ആദ്യം പ്രയോഗിച്ചത്. യുക്രെയ്ൻ സേന അമേരിക്കൻ മിസൈലുകൾ റഷ്യൻ ഭൂമിയിൽ പ്രയോഗിച്ചതിനുള്ള മറുപടിയായിരുന്നു ഇത്.
യുക്രെയ്നിലെ ലക്ഷ്യങ്ങളിലേക്കു റഷ്യ കൂടുതൽ അടുത്തുവെന്നും പുടിൻ അവകാശപ്പെട്ടു. യുദ്ധമുന്നണിയിൽ റഷ്യൻ സേന മികച്ച മുന്നേറ്റം നടത്തുന്നു. കാര്യങ്ങളെല്ലാം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. ദിവസം ഒരു ചതുരശ്ര കിലോമീറ്റർ ഭൂമിയെങ്കിലും റഷ്യൻ സേന പിടിച്ചെടുക്കുന്നുണ്ട്. റഷ്യയിലെ കുർസ്ക് പ്രദേശത്ത് അധിനിവേശം നടത്തുന്ന യുക്രെയ്ൻ സേനയെ തുരത്തും.
അമേരിക്കയിലെ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഏതു സമയത്തും തയാറാണ്. നാലുവർഷത്തിനിടെ ട്രംപുമായി സംസാരിച്ചിട്ടില്ല.
യുക്രെയ്നുമായും റഷ്യ ചർച്ചയ്ക്കു തയാറാണ്. റഷ്യയെ ദുർബലമാക്കാമെന്നു പാശ്ചാത്യ ശക്തികൾ ധരിക്കേണ്ട. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിൽ റഷ്യ ശക്തിപ്പെടുകയാണുണ്ടായത്.
പ്രതിസന്ധികൾക്കിടയിലും റഷ്യൻ സാന്പത്തികരംഗം വികസിക്കുന്നു. എന്നാൽ പണപ്പെരുപ്പം വർധിക്കുന്നതു പ്രശ്നമാണെന്നു പുടിൻ സമ്മതിച്ചു.
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് അരക്കോടി ഡോളർ. ഇന്ന് ഇസ്രയേലിലുള്ള സ്ഥലത്തുനിന്ന് 1913ൽ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതൽ 800വരെ പഴക്കം അനുമാനിക്കുന്നു.
ബൈബിളിലെ കല്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയിൽപാത നിർമിക്കാൻ ഖനനം നടക്കുന്നതിനിടെയാണു ഫലകം കണ്ടെത്തുന്നത്. ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്പതു കല്പനകളേ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പറയുന്നു. അമേരിക്കയിൽ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു.
20 ലക്ഷം ഡോളറാണു വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കന്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാർജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.
ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
പാരീസ്: ഫ്രാൻസിനെ ഞെട്ടിച്ച ഗിസേൽ പെലികോട്ട്(72) കൂട്ടമാനഭംഗക്കേസിൽ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട്(72) അടക്കം 51 പ്രതികളും കുറ്റക്കാരാണെന്ന് അവിഞ്ഞോണിലെ കോടതി വിധിച്ചു. അഞ്ചു ജഡ്ജിമാർ ഉൾപ്പെട്ട കോടതി ഡൊമിനിക്കിന് 20 വർഷം തടവുശിക്ഷ വിധിച്ചു.
ഗിസേലിനെ ഡൊമിനിക്ക് മയക്കുമരുന്നു നല്കി ഉറക്കിയശേഷം ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടവർക്കു കാഴ്ചവച്ചുവെന്നാണു കേസ്. ഒരു പതിറ്റാണ്ടോളം ഇതു തുടർന്നു. പീഡനങ്ങളെല്ലാം ഡൊമിനിക് പകർത്തിയിരുന്നു.
2020ൽ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് ഡൊമിനിക് അറസ്റ്റിലായി. ഇയാളുടെ കംപ്യൂട്ടറിലുണ്ടായിരുന്ന 20,000 ഫോട്ടോകളും വീഡിയോകളും പരിശോധിച്ചപ്പോഴാണു ഗിസേൽ നേരിട്ട പീഡനം വെളിച്ചത്തുവന്നത്. ഡൊമിനിക് കോടതിയിൽ കുറ്റം സമ്മതിച്ചു.
ഭർത്താവിനെതിരേ കേസുമായി മുന്നോട്ടു പോയ ഗിസേൽ ഇരയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് തുറന്ന വിചാരണയിൽ നേരിട്ടു പങ്കെടുത്ത് അതിജീവനത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായി മാറി. ദന്പതികളുടെ മക്കൾ അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ഗിസേലിനെ പിന്തുണയ്ക്കുന്നവർ കോടതിക്കു പുറത്ത് കരഘോഷത്തോടെയാണു വിധിപ്രസ്താവം സ്വീകരിച്ചത്. 72 പേർ ഗിസേലിനെ പീഡിപ്പിച്ചുണ്ടെന്നാണു പോലീസ് കരുതുന്നത്. ഇതിൽ തിരിച്ചറിയാൻ കഴിഞ്ഞവർക്കെതിരേ മാത്രമാണു കേസെടുത്തത്. ചിലരെ പിടികൂടാനായിട്ടില്ല.
മൂന്നു മുതൽ 15 വരെ വർഷം തടവാണ് ഇവർക്കു ലഭിച്ചത്. കോടതിക്കു പുറത്തെത്തിയ ഗിസേൽ പിന്തുണച്ചവർക്കു നന്ദി പറഞ്ഞു.
ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണം
ടെൽ അവീവ്: യെമനിലെ ഹൂതി വിമതകേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമസേന നടത്തിയ ആക്രമണങ്ങളിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രേലി സേന വെടിവച്ചിട്ടതിനു പിന്നാലെയാണ് യെമനിൽ ആക്രമണമുണ്ടായത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളും വൈദ്യുതിവിതരണ സംവിധാനങ്ങളുമാണ് ഇസ്രയേൽ ആക്രമിച്ചത്. 14 ഇസ്രേലി യുദ്ധവിമാനങ്ങൾ രണ്ടു ഘട്ടമായി ഹുദെയ്ദ പ്രവിശ്യയിലെ സാലിഫ്, റാസ് ഈസ തുറമുഖങ്ങളിലും തലസ്ഥാനമായ സനായിലെ വൈദ്യുതി സ്റ്റേഷനുകളിലും ബോംബിട്ടു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായെന്ന് ഹൂതികൾ പറഞ്ഞു.
നേരത്തേ ഇസ്രേലി സേന വെടിവച്ചിട്ട ഹൂതി മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് സെൻട്രൽ ഇസ്രയേലിലെ റമാത്ത് ഇഫാൽ പട്ടണത്തിലെ സ്കൂൾ കെട്ടിടം തകർന്നു. ആളപായമില്ലെന്നാണു റിപ്പോർട്ട്.
തിങ്കളാഴ്ച അമേരിക്കൻ സേനയും ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ കഴിഞ്ഞവർഷം നവംബർ മുതൽ പലസ്തീനു പിന്തുണ പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകൾ ആക്രമിക്കുന്നുണ്ട്. ഇസ്രയേലിലും ആക്രമണത്തിനു മുതിർന്നിട്ടുണ്ട്.
സർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
പാരീസ്: അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഫ്രാൻസിലെ പരമോന്നത കോടതി ശരിവച്ചു. ഇതോടെ സർക്കോസി ഒരു വർഷം കാലിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ധരിക്കേണ്ടിവരും.
ഫ്രാൻസിൽ മുൻ രാഷ്ട്രത്തലവന് ഇത്തരമൊരു ശിക്ഷ ആദ്യമാണ്. ഉത്തരവ് പാലിക്കുമെന്നറിയിച്ച സർക്കോസിയുടെ അഭിഭാഷകൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നല്കുമെന്നും വ്യക്തമാക്കി.
2007 മുതൽ 2012 വരെയാണു സർക്കോസി പ്രസിഡന്റായിരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ധനവിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ജഡ്ജിയെ സ്വാധീനിച്ച കേസിൽ വിചാരണക്കോടതി 2021ൽ മൂന്നു വർഷത്തെ തടവുശിക്ഷയാണു വിധിച്ചത്.
അപ്പീൽ കോടതി പിന്നീട് ശിക്ഷ ശരിവച്ചെങ്കിലും രണ്ടു വർഷത്തെ തടവ് ഇളവ് ചെയ്യുകയും ശേഷിക്കുന്ന ഒരു വർഷം നിരീക്ഷണസംവിധാനം ശരീരത്തിൽ ധരിച്ച് വീട്ടിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു.
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ആംസ്റ്റർഡാം: നെതർലൻഡ്സിൽ 35 വർഷം പ്രചാരത്തിലുണ്ടായിരുന്ന ‘മിസ് നെതർലൻഡ്സ്’ സൗന്ദര്യമത്സരം നിർത്തുന്നു.
വനിതാ ശക്തീകരണവും മാനസികാരോഗ്യവും ലക്ഷ്യമിട്ട് പുതിയ പരിപാടി ആരംഭിക്കുമെന്നു സൗന്ദര്യമത്സരത്തിന്റെ സംഘാടകർ അറിയിച്ചു. ‘നോ ലോംഗർ ഓഫ് ദിസ് ടൈം’ എന്നായിരിക്കും ഇതിന്റെ പേര്.
അയഥാർഥമായ സൗന്ദര്യ മാനദണ്ഡങ്ങളും സോഷ്യൽ മീഡിയ സമ്മർദവും നേരിടുന്ന സ്ത്രീകൾക്കു പ്രചോദനം നല്കുന്നതും സ്വയംആശ്ലേഷിക്കൻ പ്രേരിപ്പിക്കുന്നതുമായ പരിപാടി ആയിരിക്കും ഇത്.
ഉത്തരകൊറിയൻ ഭടന്മാർ റഷ്യയിൽ കൊല്ലപ്പെടുന്നു
സീയൂൾ: റഷ്യയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങിയ ഉത്തരകൊറിയൻ സൈനികരിൽ നൂറു പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നു ദക്ഷിണകൊറിയ. പരിക്കേറ്റവരുടെ എണ്ണം ആയിരത്തോളം വരും.
ദക്ഷിണകൊറിയൻ എംപി ലീ സിയോംഗ് കീയൂൺ ആണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ദക്ഷിണകൊറിയൻ ചാരസംഘടന പാർലമെന്റിനു നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിച്ചത്.
യുക്രെയ്ൻ സേന അധിനിവേശം നടത്തുന്ന റഷ്യയിലെ കുർസ്ക് പ്രദേശത്താണ് ഉത്തരകൊറിയൻ ഭടന്മാരെ വിന്യസിച്ചിട്ടുള്ളത്. ഡ്രോൺ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങളിൽ പിന്നിലായതും തുറന്ന സ്ഥലങ്ങളിൽ യുദ്ധംചെയ്തു പരിചയമില്ലാത്തതുമാണ് ഉത്തരകൊറിയൻ ഭടന്മാർക്കു വിനയാകുന്നത്.
ഉത്തരകൊറിയ കൂടുതൽ ഭടന്മാരെ റഷ്യയിലേക്ക് അയയ്ക്കാൻ തയാറെടുക്കുകയാണ്. ഇവരുടെ പരിശീലനത്തിന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ നേരിട്ടു വിലയിരുത്തുന്നുണ്ടെന്നും ലീ കൂട്ടിച്ചേർത്തു.
ഡമാസ്കസ്: ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയ അയൽക്കാർക്കോ പാശ്ചാത്യർക്കോ ഭീഷണിയല്ലെന്നു ഭരണം പിടിച്ചെടുത്ത വിമതരുടെ നേതാവ് അഹമ്മദ് അൽ ഷാര. അസാദ് ഭരണകൂടത്തിന്റെ കാലത്ത് സിറിയയ്ക്കെതിരായ ചുമത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നു ബിബിസിക്കു നല്കിയ അഭിമുഖത്തിൽ അൽ ഷാര ആവശ്യപ്പെട്ടു.
ഹയാത് തഹ്രീർ അൽഷാമിനെ (എച്ച്ടിഎസ്) ഭീകരസംഘടനകളുടെ പട്ടികയിൽനിന്നു നീക്കംചെയ്യണം. സിറിയ അഫ്ഗാനിസ്ഥാന്റെ മറ്റൊരു പതിപ്പാവില്ല. സിറിയയിൽ സ്ത്രീകൾക്കു വിദ്യാഭ്യാസം ലഭിക്കും. പുതിയ ഭരണഘടന തയാറാക്കാൻ നിയമവിദഗ്ധരുടെ കമ്മിറ്റി രൂപവത്കരിക്കുമെന്നും അൽ ഷാര പറഞ്ഞു.
തഹാവുര് റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയരുത്: അമേരിക്കൻ സർക്കാർ സുപ്രീംകോടതിയിൽ
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാന് വംശജനായ കനേഡിയന് വ്യവസായി തഹാവുര് റാണയെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്ന് അമേരിക്കൻ സർക്കാർ സുപ്രീംകോടതിയിൽ.
റാണയെ ഇന്ത്യക്ക് കൈമാറണമെന്ന കീഴ്ക്കോടതി ഉത്തർവുകൾക്കെതിരേയാണ് യുഎസ് സുപ്രീംകോടതിയിൽ ഹർജി.
കീഴ്ക്കോടതികളിലും ഫെഡറൽ കോടതികളിലും സാൻഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ട് അപ്പീൽ കോടതിയിലും തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ആവശ്യം നിരസിക്കപ്പെട്ടിരുന്നു. ഇതോടെയാണ് നവംബർ 13ന് പുനഃപരിശോധനാ ഹർജിയുമായി റാണ സുപ്രീംകോടതിയെ സമീപിച്ചത്.
റാണയുടെ ഹർജി തള്ളണമെന്ന് യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രെലോഗർ കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് കൈമാറുന്നത് ഒഴിവാക്കാനുള്ള റാണയുടെ അവസാന നിയമാവസരമാണിത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ലോസ് ആഞ്ചലസിലെ ജയിലിലാണു റാണ. മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി റാണയ്ക്കു ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
ഉഭയകക്ഷി ചർച്ചകൾ ശക്തിപ്പെടുത്താൻ ഇന്ത്യ-ചൈന തീരുമാനം
ബെയ്ജിംഗ്: ഉഭയകക്ഷിചർച്ചകൾ പുനരാരംഭിച്ചും സാന്പത്തിക വ്യാപാര സാംസ്കാരിക മേഖലയിൽ സഹകരിച്ചും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്കു കൊണ്ടുവരുമെന്ന് ചൈനീസ് വൈസ്പ്രസിഡന്റ് ഹാൻ ഷെങ്.
ഉന്നതല ചർച്ചകൾക്കായി ബെയ്ജിംഗിലെത്തിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം.
കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് താറുമാറായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു ചർച്ചകൾ. അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും ഉൾപ്പെടുന്ന സംഘം ഇന്നലെ ചർച്ചകൾക്കു തുടക്കമിട്ടു.
പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലാദേശ് കോടതി ജീവപര്യന്തമാക്കി
ധാക്ക: ആയുധക്കടത്ത് കേസിൽ ഉൾഫ നേതാവ് പരേഷ് ബറുവയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ബംഗ്ലാദേശ് ഹൈക്കോടതി.
ചൈനയിൽ കഴിയുന്ന ബറുവയെ 2014ലാണ് വധശിക്ഷയ്ക്കു വിധിച്ചത്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാളാണ് ബറുവ. ബംഗ്ലാദേശിൽനിന്ന് വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള 2004ലെ ആയുധക്കടത്ത് കേസിൽ മുൻ ജൂണിയർ മന്ത്രിയെയും മറ്റ് അഞ്ചു പേരെയും വെറുതേ വിട്ടു.
കാന്സര് വാക്സിന് വികസിപ്പിച്ചതായി റഷ്യ
മോസ്കോ: കാന്സര് രോഗത്തിനുള്ള പ്രതിരോധ വാക്സിന് വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്സര് രോഗികള്ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റേഡിയോളജി മെഡിക്കല് റിസര്ച്ച് സെന്റര് ജനറല് ഡയറക്ടര് ആന്ദ്രേ കാപ്രിന് പറഞ്ഞു. നിരവധി ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്മിച്ച വാക്സിന് അടുത്തവര്ഷം ആദ്യം പൊതുജനങ്ങള്ക്കായി നല്കും.
സ്വന്തമായി വികസിപ്പിച്ച കാന്സര് പ്രതിരോധ എംആര്എന്എ വാക്സിൻ ഏതുതരം കാൻസറിനുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
വാക്സിന്റെ പരീക്ഷണഘട്ടം വിജയമായിരുന്നെന്ന് ഗമേലിയ നാഷണല് റിസര്ച്ച് സെന്റര് ഫോര് എപ്പിഡെമിയോളജി ആന്ഡ് മൈക്രോബയോളജിയുടെ ഡയറക്ടര് അലക്സാണ്ടര് ഗിന്റസ്ബര്ഗ് പറഞ്ഞു. കാന്സര് മുഴകളുടെ വളര്ച്ച, വീണ്ടും അതു പ്രത്യക്ഷപ്പെടുന്ന പ്രവണത എന്നിവ തടയാൻ വാക്സിനു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കാൻസർ പ്രതിരോധവാക്സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണു രാജ്യമെന്ന് അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു.
ഇറാക്ക് സന്ദർശനത്തിനിടെ വധശ്രമം നേരിട്ടു: മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇറാക്ക് സന്ദർശനവേളയിൽ വധശ്രമം നേരിട്ടതായി ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. അടുത്തമാസം പുറത്തിറങ്ങുന്ന ‘ഹോപ്’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
രണ്ടു ചാവേറുകളാണു തന്നെ ലക്ഷ്യമിട്ടതെന്നും ബ്രിട്ടീഷ് ഇന്റലിജൻസാണ് ഇവരെക്കുറിച്ചു മുന്നറിയിപ്പു നല്കിയതെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.
2021 മാർച്ചിലാണ് ഫ്രാൻസിസ് മാർപാപ്പ ഇറാക്ക് സന്ദർശിച്ചത്. ആദ്യമായിട്ടാണ് ഒരു മാർപാപ്പ ഇറാക്കിലെത്തുന്നത്. മൂന്നു ദിവസത്തെ പരിപാടികളാണു മാർപാപ്പയ്ക്കുണ്ടായിരുന്നത്.
ആഭ്യന്തരസംഘർഷങ്ങളും ഐഎസ് പടയോട്ടവും മൂലം ഇറാക്കി ക്രൈസ്തവരിൽ ഭൂരിഭാഗവും പലായനം ചെയ്തിരുന്നു. ഇറാക്കിൽ പോകരുതെന്നാണ് എല്ലാവരും ഉപദേശിച്ചതെന്ന് മാർപാപ്പ പറയുന്നു. എന്നാൽ പോകാൻതന്നെയായിരുന്നു തീരുമാനം.
മൊസൂൾ നഗരത്തിലെ പരിപാടിയിൽ ചാവേർ ആക്രമണം ഉണ്ടാകാമെന്നു ബ്രിട്ടീഷ് ഇന്റലിജൻസ് സംഘടനകൾ ഇറാക്കി പോലീസിനു മുന്നറിയിപ്പു നല്കി. സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച ഒരു യുവതി മൊസൂളിലേക്കു തിരിച്ചുവെന്ന മുന്നറിയിപ്പു ലഭിച്ചു. ഒരു വാനും അതിവേഗത്തിൽ മൊസൂളിലേക്കു തിരിച്ചതായി അറിയിപ്പു വന്നു.
തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്ക് എന്തു സംഭവിച്ചുവെന്നു പിറ്റേന്ന് സുരക്ഷാ ഉദ്യോഗസ്ഥരോടു തിരക്കി. ഇറാക്കി പോലീസ് ഇടപെട്ടെന്നും രണ്ടു ചാവേറുകളും ജീവനോടെയില്ലെന്നുമായിരുന്നു മറുപടിയെന്നു മാർപാപ്പ എഴുതുന്നു. ജനുവരി 14നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമറുടെയും മടക്കം വൈകും.
അടുത്തവർഷം മാർച്ച് അവസാനമേ ഇവരെ ഭൂമിയിൽ മടക്കിയെത്തിക്കൂ എന്ന് നാസ അറിയിച്ചു. ഫെബ്രുവരിയിൽ എത്തിക്കുമെന്നായിരുന്നു മുന്പത്തെ അറിയിപ്പ്.
ജൂണിലാണ് സുനിതയും വിൽമറും ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. എട്ടുദിവസം സ്റ്റേഷനിൽ തങ്ങി മടങ്ങാനായിരുന്നു പദ്ധതി.
എന്നാൽ സ്റ്റാർലൈനർ പേടകം തകരാറിലായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ പേടകം സെപ്റ്റംബറിൽ അളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കി.
റഷ്യൻ ജനറൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്ക് പൗരൻ അറസ്റ്റിൽ
മോസ്കോ: റഷ്യൻ ജനറൽ ഇഗോർ കിറിലോവ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക് പൗരൻ അറസ്റ്റിലായി. യുക്രെയ്നുവേണ്ടി ബോംബ് സ്ഥാപിച്ചതും റിമോട്ട് ഉപയോഗിച്ചു പൊട്ടിച്ചതും ഇയാളാണെന്നു റഷ്യൻ അന്വേഷകർ അറിയിച്ചു.
റഷ്യയുടെ ആണവ-രാസ-ജൈവ ആയുധവിഭാഗം മേധാവി ആയിരുന്ന കിറിലോവ് ചൊവ്വാഴ്ച മോസ്കോയിൽ കൊല്ലപ്പെടുകയായിരുന്നു. വസതിക്കു സമീപം ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിച്ച ബോംബാണു പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ ചാരസംഘടനയായ എസ്ബിയു ഏറ്റെടുത്തിരുന്നു. യുക്രെയ്ന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന റഷ്യൻ ജനറലാണ് കിറിലോവ്.
അറസ്റ്റിലായ ഉസ്ബെക് പൗരന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇയാൾ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. പ്രതിഫലമായി പത്തു ലക്ഷം ഡോളറും യൂറോപ്യൻ രാജ്യത്ത് താമസവും വാഗ്ദാനം ചെയ്തിരുന്നതായി ഇയാൾ പറയുന്നു.
ആക്രമണത്തിൽ പങ്കുള്ള മറ്റു വ്യക്തികൾക്കായി അന്വേഷണം നടത്തുന്നതായി റഷ്യൻവൃത്തങ്ങൾ പറഞ്ഞു. മറ്റൊരാൾകൂടി പിടിയിലായതായി റിപ്പോർട്ടുണ്ട്.
ജനറലിന്റെ വധം നാളെ യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബഹിരാകാശ നടത്തം: അമേരിക്കൻ റിക്കാർഡ് ചൈന തകർത്തു
ബെയ്ജിംഗ്: ബഹിരാകാശ നടത്തത്തിൽ അമേരിക്കയുടെ റിക്കാർഡ് ചൈന തകർത്തു. ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ പേടത്തിലുള്ള ലോംഗ് ലിംഗ്ടോംഗ്, കായി ഷുസെ എന്നീ ബഹിരാകാശ യാത്രികർ ഒന്പതു മണിക്കൂർ പേടകത്തിനു പുറത്തു ചെലവഴിച്ചു.
അമേരിക്കയുടെ ജയിംസ് വോസ്, സൂസൻ ഹെംസ് എന്നീ ബഹിരാകാശ സഞ്ചാരികൾ 2021 ൽ സ്ഥാപിച്ച എട്ടുമണിക്കൂർ 56 സെക്കൻഡ് റിക്കാർഡാണ് ഇവർ മറികടന്നത്.
പോളിയോ പ്രവർത്തകരെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ മൂന്നു മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പോളിയോ വാക്സിൻ വിതരണക്കാരുടെ വാഹനത്തെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ മൂന്നു സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽഖാനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാക്സിൻ പ്രവർത്തകർ കയറിയ സുരക്ഷാഭടന്മാരുടെ വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലുടനീളം, ഒരാഴ്ച നീളുന്ന തുള്ളിമരുന്നു വിതരണം ആരംഭിച്ചത്. അന്നുതന്നെ ഖൈബർ പക്തൂൺഖ്വായിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഒരു വാക്സിൻ പ്രവർത്തകനും പോലീസുകാരനും വെടിയേറ്റു മരിച്ചിരുന്നു.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു.
തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു. ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു.
2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്. 2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു.
അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന. അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല.
നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88-ാം പിറന്നാൾ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88-ാം പിറന്നാൾ. ജന്മദിനത്തിൽ വിവിധ രാജ്യത്തലവന്മാർ ഉൾപ്പെടെ നിരവധി പ്രമുഖർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. വത്തിക്കാനിൽ പ്രത്യേക ജന്മദിനാഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.
റെജീന മരിയ സിവോറി- മാരിയോ ഹൊസേ ബെർഗോളിയോ ദമ്പതികളുടെ മകനായി 1936 ഡിസംബർ 17ന് തെക്കെ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ ബുവെനോസ് ആരിസിലുള്ള ഫ്ലോറെസ് എന്ന സ്ഥലത്താണു ഫ്രാൻസിസ് മാർപാപ്പ ജനിച്ചത്. 1969 ഡിസംബർ 13നായിരുന്നു പൗരോഹിത്യ സ്വീകരണം.
ഇക്കഴിഞ്ഞ 13ന് മാർപാപ്പയുടെ പൗരോഹിത്യത്തിന്റെ 55-ാം വാർഷികമായിരുന്നു. പത്രോസിന്റെ 265-ാമത്തെ പിൻഗാമിയായി 2013 മാർച്ച് 13ന് തെരഞ്ഞെടുക്കപ്പെട്ട അന്നത്തെ കർദിനാൾ ഹൊർഹെ മാരിയോ ബെർഗോളിയോ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയും അതേവർഷം മാർച്ച് 19ന് സഭാഭരണം ആരംഭിക്കുകയും ചെയ്തു.
മോസ്കോ: ഉന്നത റഷ്യൻ സൈനിക മേധാവി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് (54), സഹായി ഇല്യ പോളികാർപോവ് എന്നിവരാണു കൊല്ലപ്പെട്ടത്. മോസ്കോയിലെ വസതിക്കു വെളിയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
കിറിലോവ് ഓഫീസിലേക്കു പോകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ഫോടനം. റിമോട്ട് സംവിധാനത്തിലൂടെയാണു സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ സീക്രട്ട് സർവീസ് ഏറ്റെടുത്തു. യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ പേരിൽ യുകെ, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കിറിലോവിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു. 2017ലാണ് ഇദ്ദേഹം ആണവ, രാസായുധ വിഭാഗം മേധാവിയായി ചുമതലയേറ്റത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രാസായുധം ഉപയോഗിച്ചതിനെതിരേ യുക്രെയ്ന്റെ സെക്യൂരിറ്റി സർവീസ്(എസ്ബിയു) കിറിലോവിനെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചശേഷം 4800 തവണ റഷ്യ യുക്രെയ്നിൽ രാസായുധപ്രയോഗം നടത്തിയിരുന്നതായി ആരോപണമുണ്ട്.
ഒന്നാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച മാരക രാസായുധമായ ക്ലോറോപിക്രിൻ യുക്രെയ്ൻ സൈന്യത്തിനെതിരേ കിറിലോവ് ഉപയോഗിച്ചുവെന്ന് മേയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചിരുന്നു.
യുദ്ധത്തിൽ നേരിട്ട തിരിച്ചടിയിൽനിന്നു ജനശ്രദ്ധ തിരിക്കാൻ യുക്രെയ്ൻ നടത്തിയതാണ് ആക്രമണമെന്നു റഷ്യൻ സുരക്ഷാ കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്വെദേവ് കുറ്റപ്പെടുത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അധ്യക്ഷതയിലാണ് സുരക്ഷാസമിതി യോഗം ചേർന്നത്.യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ പല പ്രമുഖരും ആസൂത്രിത ആക്രമണത്തിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്.
റഷ്യൻ ദേശീയവാദിയായ അലക്സാണ്ടർ ദുഗിന്റെ മകളും മാധ്യമപ്രവർത്തകയുമായ ദാരിയ ദുഗിൻ, സൈനിക ബ്ലോഗർ വ്ലാദ്ലെൻ ടാടാർസ്കി, റഷ്യയിലേക്കു രക്ഷപ്പെട്ട യുക്രയ്ൻ പാർലമെന്റ് അംഗം ഇല്യ കിവ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെല്ലിംഗ്ടൺ (ന്യൂസിലൻഡ്): പസഫിക് മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ വനോതുവിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തീരത്തുനിന്ന് അല്പമകലെ കടലിലാണു ഭൂചലനമുണ്ടായത്. 57 കിലോമീറ്റർ ആഴത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ഇതിന്റെ പ്രകന്പനങ്ങൾ ഇതേ സ്ഥലത്തിനു സമീപമുണ്ടാവുകയും, തുടർചലനങ്ങൾ വൈകുന്നേരം വരെ തുടരുകയും ചെയ്തു.
ഫോൺ ലൈനുകളും സർക്കാർ വെബ്സൈറ്റുകളും തകരാറിലായതിനാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള യഥാർഥ ചിത്രം മണിക്കൂറുകളോളം പുറത്തുവന്നില്ല.
സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ കുറച്ചുവിവരങ്ങൾ അല്പസമയത്തിനുശേഷം പുറത്തുവരികയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ പോർട്ട് വിലയിലെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനത്തിന്റെ ദൃശ്യങ്ങൾ വാനുവാടു ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലിവിഷൻ കോർപറേഷൻ പങ്കുവച്ചിട്ടുണ്ട്. പോലീസിന്റെയും ആശുപത്രികളുടെയും മറ്റു പൊതുസ്ഥാപനങ്ങളുടെയും ഫോൺ നന്പറുകൾ പ്രവർത്തിക്കുന്നില്ല എന്നാണു വിവരം. പോർട്ട് വിലയിലെ തകർന്ന കെട്ടിടങ്ങളുടെയും കാറുകളുടെയും മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കും ഗുരുതരമായ കേടുപാടുകളുണ്ട്. വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റും അഗ്നിപർവത സ്ഫോടനവും പതിവായ രാജ്യമാണ് വനോതു.
സിറിയയിലെ പുതിയ സർക്കാരുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടനും ജർമനിയും
ലണ്ടൻ: സിറിയയിൽ ബഷാർ അൽ അസാദ് ഭരണം അട്ടിമറിച്ച വിമതരുമായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. വിമത സംഘടനയുടെ തലവനെയാണു നയതന്ത്ര ഉദ്യോഗസ്ഥർ കണ്ടത്. സിറിയയിലെ ബ്രിട്ടന്റെ പ്രത്യേക പ്രതിനിധി ആൻ സ്നോയും സംഘത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ച ഡമാസ്കസിൽവച്ചാണ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അൽ-ജുലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചവിവരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സ്ഥിരീകരിച്ചിരുന്നു.
എച്ച്ടിഎസിനെ ബ്രിട്ടനും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഭീകരസംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാമെന്ന് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ സിറിയൻ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നു ജർമനിയും അറിയിച്ചിട്ടുണ്ട്. അമേരിക്കയും എച്ച്ടിഎസുമായി നിരന്തരം ബന്ധംപുലർത്തിവരുന്നുണ്ട്.
യെമൻ തലസ്ഥാനമായ സനയിലെ ഹൂതി സൈനിക കേന്ദ്രത്തിൽ ബോംബിട്ടതായി അമേരിക്ക അറിയിച്ചു. വിമതരുടെ പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ആക്രമണം ഉണ്ടായത്.
ഇസ്രയേലിന് നേരേ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന് ഹൂതികൾ അറിയിച്ചതിനു പിന്നാലെയായിരുന്നു അമേരിക്കൻ ആക്രമണം.
സിറിയയിൽ കൂട്ടക്കുഴിമാടങ്ങൾ
ഡമാസ്കസ്: സിറിയയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തിയതായും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.
ബഷാർ അൽ അസാദ് നാടുവിട്ടതിനു പിന്നാലെ നടന്ന തെരച്ചിലിലാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്.
രണ്ട് ദശാബ്ദം നീണ്ട അസാദ് ഭരണത്തിൽ വ്യാപകമായി മനുഷ്യാവകാശ ധ്വംസനങ്ങൾ നടന്നിരുന്നതായി ആരോപണമുണ്ടായിരുന്നു.
യുഎസ് സ്കൂളിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് സ്കൂളിൽ നടന്ന വെടിവയ്പിൽ ടീച്ചറും രണ്ടു വിദ്യാർഥികളും കൊല്ലപ്പെട്ടു. മരിച്ചവരിലൊരാൾ ആക്രമണം നടത്തിയ പതിനഞ്ചുകാരിയായ വിദ്യാർഥിനിയാണ്.
തിങ്കളാഴ്ച ഉച്ചയോടെ വിസ്കോൺസിന്റെ തലസ്ഥാനമായ മാഡിസണിലെ സ്കൂളിലാണ് വെടിവയ്പുണ്ടായത്.
സാമന്ത റുപ്നോ എന്ന വിദ്യാർഥിനി ക്ലാസ് മുറിയിൽ ടീച്ചർക്കും സഹപാഠികൾക്കും നേരേ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിൽ ആറു വിദ്യാർഥികൾക്കു പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൈത്തോക്ക് ഉപയോഗിച്ചാണ് പെൺകുട്ടി നിറയൊഴിച്ചത്.
സംഭവമറിഞ്ഞ് പോലീസ് എത്തുന്നതിന് മുൻപ് സാമന്ത സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.
ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ
ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ എട്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്.
തിങ്കളാഴ്ച രാത്രി ദാർജയിലെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ യുവാവും മൂന്ന് കുട്ടികളും ഇയാളുടെ അമ്മയും ഉൾപ്പെടുന്നു.
കഴിഞ്ഞ 14 മാസത്തിനിടെ 45,000 പലസ്തീനികൾ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
ബെർലിൻ: ചാൻസലർ ഒലാഫ് ഷോൾസിനെതിരേ ജർമൻ പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസം പാസായി.
733 അംഗങ്ങളുള്ള പാർലമെന്റിൽ 207 പേരുടെ പിന്തുണ മാത്രമാണ് ഷോൾസിനു ലഭിച്ചത്. 394 പേർ അവിശ്വാസത്തെ പിന്തുണച്ചു. 116 പേർ വിട്ടുനിന്നു. 367 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്.
ഫെബ്രുവരി 23ന് ജർമനിയിൽ തെരഞ്ഞെടുപ്പ് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നതിൽനിന്ന് ഏഴു മാസം മുന്പേയാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബറിൽ മൂന്നു പാർട്ടികളുടെ സഖ്യം തകർന്നതോടെ ന്യൂനപക്ഷ സർക്കാരിനെയായിരുന്നു ഷോൾസ് നയിച്ചിരുന്നത്.
ജോർജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ
തിബിലിസി: ജോർജിയയിലെ ഇന്ത്യൻ റസ്റ്ററന്റിൽ 11 ഇന്ത്യൻ പൗരന്മാരെയും ഒരു ജോർജിയൻ പൗരനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗുദൗരി മൗണ്ടൻ റിസോർട്ടിലാണ് അപകടം.
മരിച്ചവരെല്ലാം റസ്റ്ററന്റിലെ ജീവനക്കാരാണ്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക വിവരമെന്നു ജോർജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. രണ്ടാംനിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
വൈദ്യുതി നിലച്ചപ്പോൾ ജനറേറ്റർ പ്രവർത്തിച്ചിരുന്നു. ഇതിൽനിന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മരണകാരണമായെന്നാണു പ്രാഥമിക നിഗമനം. െഎന്നാൽ, കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടെന്നു പോലീസ് അറിയിച്ചു.
മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
പാരീസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ടിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ആയിരത്തോളം പേർ മരിച്ചതായി നിഗമനം. ചിഡോ എന്ന ചുഴലിക്കൊടുങ്കാറ്റ് ശനിയാഴ്ച രാത്രിയാണു വീശിയത്.
90 വർഷത്തിനിടെ ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മഡഗാസ്കറിനും ഇടയിൽ രണ്ടു പ്രധാന ദ്വീപുകളായി സ്ഥിതിചെയ്യുന്ന മയോട്ടിലെ മൂന്നേകാൽ ലക്ഷം ജനസംഖ്യയിൽ നാലിൽ മൂന്നും ദരിദ്രരാണ്.
മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ വീശിയ കൊടുങ്കാറ്റിൽ ചേരിപ്രദേശങ്ങൾ ഒട്ടാകെ നശിച്ചുവെന്നാണു റിപ്പോർട്ട്. ഗവൺമെന്റ് കെട്ടിടങ്ങളും ആശുപത്രികളും നശിച്ചു.
മരണസംഖ്യ സംബന്ധിച്ച് കൃത്യതയില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പാരീസിൽ അറിയിച്ചത്. നൂറുകണക്കിനു പേർ, അല്ലെങ്കിൽ ആയിരത്തോളം പേർ മരിച്ചിരിക്കാമെന്ന് മയോട്ടിലെ പ്രീഫെക്റ്റ് ഫ്രാൻസ്വാ സേവ്യർ ബ്യൂവിൽ പറഞ്ഞു.
ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ റെറ്റില്യൂ ഇന്നലെ മയോട്ടിൽ എത്തി. ഫ്രാൻസിൽനിന്നു രക്ഷാപ്രവർത്തകരും സഹായവസ്തുക്കളും എത്തിയിട്ടുണ്ട്.
എന്നാൽ, ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ തെരച്ചിലാരംഭിക്കാൻ ഇന്നലെയും കഴിഞ്ഞില്ല. ഭക്ഷണം, വെള്ളം, ശുചിത്വസാമഗ്രികൾ എന്നിവ എത്തിക്കാൻ ഊർജിത നീക്കം നടക്കുന്നു.
ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പാരീസിൽനിന്ന് 8,000 കിലോമീറ്റർ അകലെയാണ് മയോട്ട്. രേഖകളില്ലാത്ത ഒരു ലക്ഷത്തോളം കുടിയേറ്റക്കാരും ഇവിടെ പാർക്കുന്നുണ്ട്.
റഷ്യയിൽ 30 ഉത്തരകൊറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
കീവ്: റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്ന ഉത്തരകൊറിയൻ സേനയിലെ 30 പേർക്കു ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യുക്രെയ്ൻ അവകാശപ്പെട്ടു.
റഷ്യയിലെ കുർക് പ്രദേശത്തെ ഗ്രാമങ്ങളിലായിരുന്നു ഏറ്റുമുട്ടലുകൾ. അതേസമയം, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
11,000 ഉത്തരകൊറിയക്കാർ റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്നുണ്ടെന്നാണു റിപ്പോർട്ട്. ഉത്തരകൊറിയൻ പട്ടാളക്കാരുടെ സാന്നിധ്യം അംഗീകരിക്കാനോ നിഷേധിക്കാനോ റഷ്യ ഇതുവരെ തയാറായിട്ടില്ല.
ദക്ഷിണകൊറിയ ഇംപീച്ച്മെന്റ്; കോടതി നടപടികൾ തുടങ്ങി
സീയൂൾ: ദക്ഷിണകൊറിയയിൽ പ്രസിഡന്റ് യൂൺ സുക് യോളിനെതിരായ ഇംപീച്ച്മെന്റിൽ ഭരണഘടനാ കോടതിയിൽ നടപടികളാരംഭിച്ചു. യൂൺ പദവിയിൽ തുടരണമോ വേണ്ടയോ എന്ന് ആറു മാസത്തിനുള്ളിൽ കോടതി തീരുമാനിക്കും.
പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിലാണു പ്രതിപക്ഷം യൂണിനെതിരേ പാർലമെന്റിൽ ഇംപീച്ച്മെന്റ് പാസാക്കിയത്. ഭരണഘടാ കോടതിയിലെ ആദ്യവിചാരണ ഡിസംബർ 27നാണ്. അന്ന് യൂൺ ഹാജരാകേണ്ടതില്ല.
2017ൽ പാർമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹ്യുയിയെ മൂന്നു മാസത്തിനുള്ളിൽ ഭരണഘടനാ കോടതി പുറത്താക്കിയിരുന്നു.
പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് യൂണിനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേ അട്ടിമറിശ്രമത്തിനു കേസെടുത്തിട്ടുണ്ട്. പോലീസ്, അഴിമതിവിരുദ്ധ അന്വേഷണ ഏജൻസി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംയുക്ത സംഘം യൂണിനെ ബുധനാഴ്ച ചോദ്യം ചെയ്യും.
ഗോലാനിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: അധിനിവേശ ഗോലാൻ കുന്നുകളിൽ ഇസ്രേലി ജനസംഖ്യ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനായി 1.1 കോടി ഡോളറിന്റെ പദ്ധതി ഇസ്രേലി സർക്കാർ അംഗീകരിച്ചെന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
1967ലെ യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്തതാണ് ഗോലാൻ കുന്നുകൾ. അന്താരാഷ്ട്ര നിയമപ്രകാരം ഇത് സിറിയൻ പ്രദേശമാണ്. സൗദി, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങൾ ഇസ്രേലി നീക്കത്തെ അപലപിച്ചു.
സിറിയയിൽ വിമത മുന്നേറ്റത്തിൽ അസാദ് ഭരണകൂടം നിലംപൊത്തിയതോടെ ഗോലാനിൽ ഇസ്രേലി സേന സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ സിറിയയിലെ ആയുധഡിപ്പോകൾ ലക്ഷ്യമിട്ട് വ്യോമാക്രമണവും ആരംഭിച്ചു. സിറിയൻ സേനയുടെ ആയുധങ്ങൾ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണിതെന്ന് ഇസ്രയേൽ പറയുന്നു.
ഇസ്രേലി ആക്രമണങ്ങൾ പ്രകോപനപരമാണെന്ന് സിറിയയിലെ വിമത നേതാവ് അഹമ്മദ് അൽ ഷാര പ്രതികരിച്ചിരുന്നു. എന്നാൽ ഇസ്രയേലുമായി സംഘർഷത്തിനു താത്പര്യമില്ലെന്നും ഇയാൾ വ്യക്തമാക്കി.
ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് അടുത്തവർഷം
ധാക്ക: ബംഗ്ലാദേശിൽ അടുത്തവർഷം അവസാനം പൊതു തെരഞ്ഞെടുപ്പു നടന്നേക്കുമെന്ന് ഇടക്കാല ഭരണകൂടം അറിയിച്ചു. തെരഞ്ഞെടുപ്പിനു മുന്പായി ക്രമക്കേടില്ലാത്ത വോട്ടർപട്ടിക തയാറാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
വിദ്യാർഥി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്കു പലായനം ചെയ്ത ഓഗസ്റ്റ് മുതൽ ബംഗ്ലാദേശിൽ പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണു ഭരണം നടത്തുന്നത്.
സിറിയ വിടാൻ പദ്ധതി ഇല്ലായിരുന്നു: അസാദ്
മോസ്കോ: സിറിയ വിടാൻ പദ്ധതിയില്ലായിരുന്നു എന്നും റഷ്യൻ സേനയാണ് തന്നെ ഒഴിപ്പിച്ചതെന്നും മുൻ പ്രസിഡന്റ് ബഷാർ അൽ അസാദ്. റഷ്യയിൽ അഭയം തേടിയശേഷം അസാദിന്റെ ആദ്യ പ്രസ്താവനയാണിത്. സിറിയൻ പ്രസിഡന്റിന്റെ ടെലഗ്രാം ചാനലിലാണ് പ്രസ്താവന വന്നത്.
ഡിസംബർ എട്ടിനു പുലർച്ചെയാണ് ഡമാസ്കസ് വിട്ടതെന്ന് അസാദ് പറയുന്നു. വിമതർ ഡമാസ്കസ് ആക്രമിച്ചപ്പോൾ റഷ്യൻ സേനയാണ് തന്നെ ഒഴിപ്പിച്ചുമാറ്റിയത്.
ലഡാകിയയിലെ റഷ്യൻ സൈനികതാവളത്തിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, റഷ്യൻ താവളത്തിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ റഷ്യൻ സേന തന്നെ വിമാനമാർഗം സിറിയയിൽനിന്നു രക്ഷപ്പെടുത്തുകയായിരുന്നു വെന്ന് അസാദ് പറയുന്നു.
അപകീർത്തിക്കേസ്: എബിസി ചാനൽ ട്രംപിന് ഒന്നരക്കോടി ഡോളർ നല്കും
വാഷിംഗ്ടൺ ഡിസി: അപകീർത്തിക്കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ എബിസി ന്യൂസ് ചാനൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒന്നര കോടി ഡോളർ നല്കാമെന്നു സമ്മതിച്ചു. ട്രംപിന്റെ വക്കീൽ ഫീസിലേക്കു പത്തു ലക്ഷം ഡോളർ വേറെ നല്കും. ചാനൽ ഖേദപ്രസ്താവനയും പ്രസിദ്ധീകരിക്കും.
ചാനൽ അവതാരകനായ ജോർജ് സ്റ്റെഫാനോപൗലോസ് ഈ വർഷം മാർച്ചിൽ ഒരഭിമുഖത്തിനിടെ “ബലാത്സംഗക്കേസിൽ കോടതി ട്രംപിനെ കുറ്റക്കാരനെന്നു കണ്ടെത്തി” എന്നു പറഞ്ഞതാണു കേസിനാധാരം.
മാധ്യമപ്രവർത്തകയായ ഇ. ജീൻ കരോൾ നല്കിയ മാനഭംഗക്കേസിൽ ന്യൂയോർക്ക് കോടതി 2023ൽ ഡോണൾഡ് ട്രംപ് ലൈംഗികാതിക്രമം കാട്ടിയെന്നു കണ്ടെത്തിയിരുന്നു. അതേസമയം, നിയമത്തിന്റെ സാങ്കേതികവശങ്ങൾ കണക്കിലെടുത്ത് ട്രംപ് ബലാത്സംഗം ചെയ്തു എന്നു തെളിയിക്കാനായില്ലെന്നും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോർജ് സ്റ്റെഫാനോപൗലോസ് ട്രംപിനെതിരേ ബലാത്സംഗക്കുറ്റം തെളിഞ്ഞു എന്നാരോപിച്ചത്.
ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ വനിതാനേതാവിനെ അഭിമുഖം ചെയ്യുന്നതിനിടെ പത്തു വട്ടം ഇക്കാര്യം സ്റ്റെഫാനോപൗലോസ് ആവർത്തിക്കുകയുണ്ടായി. ജീൻ കരോൾ കേസിൽ കോടതി ട്രംപിന് 8.83 കോടി ഡോളർ പിഴ വിധിച്ചു. ഇതിൽ അപ്പീൽ നടക്കുകയാണ്.
സംവാദങ്ങളുണ്ടാകണം: ഫ്രാന്സിസ് മാർപാപ്പ
അജാസിയോ: മതേതര സംസ്കാരങ്ങളും ക്രൈസ്തവരും തമ്മിൽ സംവാദങ്ങളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെഡിറ്ററേനിയൻ ഫ്രഞ്ച് ദ്വീപായ കോർസിക്കയുടെ തലസ്ഥാനമായ അജാസിയോയിൽ നടന്ന മതസമ്മേളനത്തിന്റെ സമാപനത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലായ മെഡിറ്ററേനിയൻ, ആശയങ്ങളുടെ സംഗമഭൂമിയായിരുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു.
സമ്മേളനത്തിനുശേഷം കോർസിക്കയിലെ മെത്രാന്മാരുമായും വൈദികരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി.
മെഡിറ്ററേനിയൻ കടലിനോടു ചേർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പരിശുദ്ധ കന്യാമാതാവ് ഈശോയ്ക്കു ജന്മം നല്കിയ വിശുദ്ധഭൂമിയിൽ സമാധാനം പുലരുന്നതിനുവേണ്ടി മാർപാപ്പ പ്രാർഥിച്ചു. പലസ്തീൻ, ഇസ്രയേൽ, ലബനോൻ, സിറിയ, മ്യാൻമർ, റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ സമാധാനമുണ്ടാക്കാൻ ദൈവമാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു.
അജാസിയോയിലെ തുറന്ന വേദിയിൽ വിശുദ്ധ കുർബാനയർപ്പിച്ച മാർപാപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു റോമിലേക്കു മടങ്ങിയത്.
സിറിയ: അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നു
ഡമാസ്കസ്: സിറിയയിൽ ഭരണം പിടിച്ച എച്ച്ടിഎസ് വിമതരുമായി അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിച്ചു. സിറിയയുടെ ഭാവി സംബന്ധിച്ച് ജോർദാനിൽ നടന്ന ഉച്ചകോടിക്കു ശേഷം സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.
അറബ്, യൂറോപ്യൻ, തുർക്കി പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അതേസമയം, അസാദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യ, ഇറാൻ എന്നിവർ പങ്കെടുത്തില്ല. എച്ച്ടിഎസ് പ്രതിനിധികളും ഉണ്ടായിരുന്നില്ല.
ന്യൂനപക്ഷഅവകാശങ്ങൾ സംരക്ഷിക്കുന്ന, തീവ്രവാദം അനുവദിക്കാത്ത ഭരണകൂടമാണ് സിറിയയിൽ വേണ്ടെതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.