തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധനയ്ക്ക് പൂട്ട്
സീനോ സാജു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ സിസിടിവി തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് ഇനി പരിശോധിക്കാൻ അനുവാദമില്ല. തെരഞ്ഞെടുപ്പ് രേഖകൾ പൊതുപരിശോധനയ്ക്കു നൽകിയിരുന്ന തെരഞ്ഞെടുപ്പു ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തതോടെയാണു പുതിയ നിയന്ത്രണം.
കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ രേഖകൾ ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടതിനു പിന്നാലെയാണ് ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വിട്ടുനൽകാൻ അനുവദിച്ചിരുന്ന 1961ലെ നിയമമാണു കേന്ദ്രം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള രേഖകൾ മാത്രമേ പൊതുപരിശോധനയ്ക്ക് വിട്ടുനൽകൂ.
ഇതുപ്രകാരം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പത്രിക, തെരഞ്ഞെടുപ്പ് ഏജന്റുമാരുടെ വിവരം, തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്പോൾ സ്ഥാനാർഥികളുടെ സിസിടിവി കാമറ, വെബ്കാസ്റ്റിഗ് വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളിലാണു കേന്ദ്രസർക്കാർ പൂട്ടിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്പതിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ഉത്തരവിട്ടിരുന്നു.
തെരഞ്ഞെടുപ്പിലെ സിസിടിവി ദൃശ്യങ്ങളും എത്ര വോട്ടുകൾ പോൾ ചെയ്തുവെന്നുള്ള 17സി രേഖയും ഇവിഎം രേഖകളുമെല്ലാം പരിശോധനയ്ക്കായി നൽകണമെന്നാവശ്യപ്പെട്ട് മെഹമൂദ് പ്രാച എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രാച ഹരിയാന സ്വദേശിയല്ലെന്നും തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിയമമനുസരിച്ച് രേഖകൾ ആവശ്യപ്പെടുന്ന ആർക്കും പരിശോധനയ്ക്കായി നൽകണമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കം.
അതിനിടെ നിയമഭേദഗതിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്ന നീക്കമാണിതെന്നു എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ എന്തൊക്കെയോ ചില വലിയ തെറ്റുകളുണ്ടെന്നായിരുന്നു എഎപി ദേശീയ കണ്വീനർ അരവിന്ദ് കേജരിവാളിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം
പോളിംഗ് സമയത്തെ സിസിടിവി വീഡിയോകൾ വോട്ട് ചെയ്തയാളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് അധികൃതർ സൂചിപ്പിച്ചു.
ഇത്തരം ദൃശ്യങ്ങൾ നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകളാക്കി മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും എന്നാൽ ഭേദഗതിക്കുശേഷം ഇലക്ട്രോണിക് ദൃശ്യങ്ങൾ ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടിവരുമെന്നു മാത്രമാണ് വ്യത്യാസമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസിൽ ലഫ്.ഗവർണർ കേജരിവാളിനെ കുറ്റവിചാരണ ചെയ്യാം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി ദേശീയ കണ്വീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ കുറ്റവിചാരണ ചെയ്യാൻ ലഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
കേജരിവാളിനെതിരേയുള്ള കുറ്റവിചാരണയ്ക്ക് അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ അഞ്ചിന് ഡൽഹി ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന്റെ തുടർനടപടിയായാണു ലഫ്. ഗവർണർ വിചാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജരിവാളിനെതിരേയുള്ള നീക്കങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഎപി നേതാക്കൾ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നേരത്തെ കേജരിവാളിനെതിരേ കേസെടുത്തിരുന്നെങ്കിലും ജനപ്രതിനിധികളെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങണമെന്ന് നവംബർ ആറിന് സുപ്രീംകോടതി ഉത്തരവിട്ടതിനാൽ വിചാരണ തുടങ്ങിയിരുന്നില്ല.
ഇതോടെയാണു കേജരിവാളിനെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി ഡൽഹി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഡൽഹി സർക്കാരിന്റെ മദ്യനയ രൂപീകരണത്തിലും നിർവഹണത്തിലും വലിയ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇഡി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേജരിവാളിനെ കുറ്റവിചാരണ ചെയ്യാൻ ലഫ്. ഗവർണർ അനുമതി നൽകിയെന്ന വാർത്തകൾ എഎപി നേതാവ് മനീഷ് സിസോദിയ തള്ളി. ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് എവിടെയെന്ന് സിസോദിയ ചോദിച്ചു.
വാർത്തകൾ തെറ്റാണെന്നും അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും സിസോദിയ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമിക്കാൻ ഇന്ത്യ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമിക്കാൻ തയാറെടുത്ത് ഇന്ത്യ. രാജ്യതലസ്ഥാനത്ത് രാഷ്ട്രപതിഭവന് അടുത്തുള്ള റെയ്സിന കുന്നിലാണ് ഫ്രാൻസിന്റെ സഹായത്തോടെ മ്യൂസിയം നിർമിക്കുന്നത്. ഇതിനായി ഇന്ത്യൻ ദേശീയ മ്യൂസിയം അഥോറിറ്റിയും ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റും (എഫ്എംഡി) കരാറിൽ ഒപ്പിട്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
‘യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം’ എന്നു പേരിട്ടിരിക്കുന്ന മ്യൂസിയത്തിൽ ഇന്ത്യയുടെ 5000 വർഷത്തെ ചരിത്രം പ്രദർശിപ്പിക്കാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 950 മുറികളോടെ മൂന്നു നിലകളായി പടുത്തുയർത്തുന്ന മ്യൂസിയം നിർമാണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമെന്ന ഖ്യാതി നേടുമെന്ന് അധികൃതർ അവകാശപ്പെട്ടു.
ലൂവ്ര് മ്യൂസിയം പോലുള്ള ഐതിഹാസിക നിർമിതികളുടെ സ്രഷ്ടാക്കളായ ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ രാഷ്ട്രപതിഭവന് മുന്നിലുള്ള ചരിത്രനിർമിതികൾ സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ മ്യൂസിയം നിർമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ബംഗളൂരുവിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ കണ്ടെയ്നർ ലോറി കാറിനും ഇരുചക്രവാഹനത്തിനും മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം.
ബംഗളൂരു റൂറലിൽ തലേകേരയ്ക്കു സമീപം ദേശീയപാത 48 ൽ ഇന്നലെ രാവിലെ 11 ഓടെയുണ്ടായ അപകടത്തിൽ വ്യവസായിയായ വിജയപുര സ്വദേശി ചന്ദ്രാം യോഗപ്പ (48), ഭാര്യ ഗൗരഭായ് (42), മക്കളായ ഗാന് (16), ദീക്ഷ (12), ആര്യ (6), ഭാര്യാസഹോദരി വിജയലക്ഷ്മി (36) എന്നിവരാണു മരിച്ചത്.
വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ ഇവർ സഞ്ചരിച്ച വോള്വോ കാറാണ് കണ്ടെയ്നറിന് അടിയിലായത്. രണ്ടുമാസം മുന്പാണ് കുടുംബം പുതിയ കാർ സ്വന്തമാക്കിയത്.
ബംഗളൂരുവിൽനിന്ന് തുമകുരുവിലേക്കു പോകുകയായിരുന്നു ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര് ലോറി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല് കണ്ടെയ്നര് ലോറി കാറിനു മുകളിലേക്കാണ് മറിഞ്ഞത്.
കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണു വിവരം. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര് ലോറി മാറ്റിയത്. മൃതദേഹങ്ങള് നെലമംഗല സര്ക്കാര് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മൂന്നു കിലോമീറ്ററോളം ദൂരത്തിൽ വാഹനക്കുരുക്ക് രൂപപ്പെട്ടു.
സിനിമാ പ്രചാരണം: അല്ലു അർജുൻ എത്തിയത് അനുമതിയില്ലാതെയെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഢി
ഹൈദരാബാദ്: പുഷ്പ-2 സിനിമയുടെ പ്രചാരണത്തിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്കു സൂപ്പർതാരം അല്ലു അർജുനെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഢി. പോലീസിന്റെ അനുമതിയില്ലാതെയാണു അല്ലു അർജുൻ തീയറ്ററിലെത്തിയതെന്ന് രേവന്ത് റെഡ്ഢി.
തിക്കിലും തിരക്കിലുംപെട്ടു 35കാരിയായ സ്ത്രീ മരിച്ചതിനുശേഷവും നടൻ തിയേറ്ററിനുള്ളിൽ തുടർന്നതിനാൽ പോലീസിന് നടനെ നിർബന്ധിച്ചു പുറത്തിറക്കേണ്ടിവന്നുവെന്നും നിയമസഭയിൽ അക്ബറുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണാതീതമായ തിരക്കുണ്ടായിട്ടും റോഡ് ഷോ നടത്തുകയും ആരാധകർക്ക് നേരേ കൈവീശുകയും ചെയ്ത നടന്റെ ഭാഗത്താണ് തെറ്റ്. നഗരത്തിലെ സന്ധ്യാ തിയേറ്ററിന്റെ മാനേജ്മെന്റ് പോലീസ് സുരക്ഷയാവശ്യപ്പട്ടു ഡിസംബർ രണ്ടിനു കത്ത് നൽകിയെങ്കിലും തിരക്ക് നിയന്ത്രിക്കുന്നത് ശ്രമകരമായതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു.
അറസ്റ്റിന്ശേഷം നടനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയ സിനിമാ പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എട്ടു വയസുകാരനെ സന്ദർശിക്കാൻ കൂട്ടാക്കിയില്ല-മുഖ്യമന്ത്രി പറഞ്ഞു.
പുഷ്പയുടെ ആദ്യപ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ സ്ത്രീയുടെ മകനാണു ആശുപത്രിയിൽ കഴിയുന്ന എട്ടു വയസുകാരൻ.
ജസ്റ്റീസ് മദൻ ലോക്കൂർ യുഎൻ ഇന്റേണൽ ജസ്റ്റീസ് കൗണ്സിൽ അധ്യക്ഷൻ
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് മദൻ ബി. ലോക്കൂറിനെ ഐക്യരാഷ്ട്രസഭയുടെ ഇന്റേണൽ ജസ്റ്റീസ് കൗണ്സിൽ അധ്യക്ഷനായി നിയമിച്ചു. 2028 നവംബർ 12 വരെയാണു നിയമനം.
ഐക്യരാഷ്ട്രസഭയുടെ നീതിന്യായ സംവിധാനത്തിന്റെ ഭരണനിർവഹണത്തിൽ സ്വതന്ത്രതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കുന്ന ഇന്റേണൽ ജസ്റ്റീസ് കൗണ്സിലിന്റെ അധ്യക്ഷനായി മദൻ ലോക്കൂറിനെ നിയമിച്ച വിവരം പുറത്തുവിട്ടത് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ്.
ഇന്റേണൽ ജസ്റ്റീസ് കൗണ്സിലിലേക്ക് ലോക്കൂറിനോടൊപ്പം ഓസ്ട്രേലിയ, അമേരിക്ക, ഓസ്ട്രിയ, ഉറുഗ്വെ തുടങ്ങിയ രാജ്യങ്ങളിൽനിന്നും പുതുതായി അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 2012 ജൂണ് നാലിന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ലോക്കൂർ 2018ലാണ് വിരമിച്ചത്.
രാജ്യത്തിന്റെ ഹരിതകവചം 25 ശതമാനത്തിൽ
ന്യൂഡൽഹി: വനങ്ങളും മരങ്ങളുമടങ്ങുന്ന രാജ്യത്തിന്റെ ഹരിതകവചം 25 ശതമാനത്തിലേക്ക് എത്തിയെന്നു കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്എഫ്ആർ) പ്രകാരം 2021 മുതൽ 2023 വരെയുള്ള കാലയളവിൽ രാജ്യത്തെ ആകെ വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി 1,445 ചതുരശ്ര കിലോമീറ്റർ വർധിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്തെ മുഴുവൻ ഭൂവിസ്തൃതിയുടെ 25.17 ശതമാനവും വനങ്ങളും മരങ്ങളുമടങ്ങുന്ന ഭൂമിയായി മാറിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ ഹരിതകവചത്തെക്കുറിച്ചുള്ള 2023ലെ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണു പുറത്തിറക്കിയത്.
2021ൽ 7,13,789 ചതുരശ്രകിലോമീറ്ററായിരുന്നു വനഭൂമിയെങ്കിൽ 2023ൽ അത് 7,15,343 ആയി വർധിച്ചു. ഇതേ കാലയളവിൽ മരങ്ങളുടെ എണ്ണം 1289 ചതുരശ്ര കിലോമീറ്റർ വർധിച്ചു. രാജ്യത്തിന്റെ 21.76 ശതമാനം വനപ്രദേശവും 3.41 ശതമാനം മരങ്ങളുമാണെന്നാണ് റിപ്പോർട്ടിലൂടെ അടിവരയിടുന്നത്.
അതിനിടെ 2023ലെ കണക്കനുസരിച്ചു കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയായ 38,852 ചതുരശ്ര കിലോമീറ്ററിൽ 11,522 ചതുരശ്ര കിലോമീറ്ററും റിസർവ് വനങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിന്റെ മുഴുവൻ ഭൂവിസ്തൃതിയുടെ 29.66 ശതമാനവും വനങ്ങളാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2013 മുതൽ 2023 വരെയുള്ള ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ 19.99 ശതമാനം വനഭൂമിയുടെ വർധനവും ഉണ്ടായിട്ടുണ്ട്. 2013ൽ കേരളത്തിൽ 18,383 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ടായിരുന്നത് 2023ൽ 22,059.36 ചതുരശ്ര കിലോമീറ്റർ വനഭൂമിയായി വർധിച്ചു. ഒരു പതിറ്റാണ്ടിനിടെ 3675 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണു കേരളത്തിൽ വർധിച്ചത്.
അതിനിടെ കേരളത്തിലെ കണ്ടൽക്കാടുകളുടെ എണ്ണത്തിൽ ഒരു പതിറ്റാണ്ടിനിടെ 1.56 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2013ൽ 11.01 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽക്കാടുകളുണ്ടായിരുന്നെങ്കിലും 2013ൽ അത് 9.45 ആയി കുറഞ്ഞു.
എറണാകുളം കാസർഗോഡ്, കൊല്ലം ജില്ലകളിൽ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ നേരിയ വർധന ഉണ്ടെങ്കിലും കണ്ണൂർ ജില്ലയിലുണ്ടായ 2.21 ശതമാനം കുറവാണ് സംസ്ഥാനത്തിന്റെയും കണക്കുകളെ ബാധിച്ചത്. ഒരു പതിറ്റാണ്ടിനിടെ മരങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ് കേരളത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2013ൽ 3146 ചതുരശ്ര കിലോമീറ്ററുകളിൽ മരങ്ങൾ കേരളത്തിലുണ്ടായിരുന്നെങ്കിലും 2023ൽ അത് 2905 ആയി കുറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ 7.63 ശതമാനം മരങ്ങളാണു കേരളത്തിലില്ലാതായത്.
വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത് മധ്യപ്രദേശിലാണ്. റിപ്പോർട്ട് തയാറാക്കിയ ഫോറസ്റ്റ് സര്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഒരു ഹെക്ടറിൽ കൂടുതൽ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും പത്തു ശതമാനത്തിലധികം സാന്ദ്രതയിലും തിങ്ങിനിൽക്കുന്ന മരങ്ങളെയാണ് റിപ്പോർട്ടിൽ വനപ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്.
ജയ്പുർ എൽപിജി ടാങ്കർ അപകടം; മരണം 14 ആയി
ജയ്പൂർ: രാജസ്ഥാനിലെ ജയ്പുരിൽ എൽപിജി ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനാലുപേർ മരിച്ചതായി സ്ഥിരീകരിച്ചു. കത്തിക്കരിഞ്ഞ നിലയിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. എട്ടുപേർ നേരത്തെ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ 27 പേരാണു ചികിത്സയിലുള്ളത്. ഇതിൽ ഏഴുപേർ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു തുടരുന്നത്.
വിവിധ കാരണങ്ങളാണ് അപകടത്തിലേക്കു നയിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.റോഡിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും വലിയ വളവുകളും മാത്രമല്ല ട്രാഫിക് നിയമത്തിലെ അജ്ഞതയും അപകടത്തിനു കാരണമായി. ശരിയായ ദിശാസൂചികകൾ ഇല്ലാത്തതാണു മറ്റൊരു കാരണം.
ജയ്പൂർ-അജ്മീർ ഹൈവേയിൽ ദുരന്തമേഖലയിൽ അപകടങ്ങൾ പതിവാണ്. വലിയ ടാങ്കർ ലോറികൾ ഇവിടെ യു ടേൺ എടുക്കുന്നതു തടയാനുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നു രാജസ്ഥാൻ ചീഫ് സെക്രട്ടറിയുടെ ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റിയിലെ മുൻ അംഗം ജോർജ് ചെറിയാൻ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റിംഗ് സംവിധാനമോ റിഫ്ലക്ടറുകളോ മാർക്കറുകളോ റോഡിൽ ഇല്ല.
ആറുവർഷങ്ങൾക്കു മുൻപുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കുപിടിച്ചു ഉദ്ഘാടനം ചെയ്ത റിംഗ് റോഡും അപകടത്തിലേക്കു വഴിതെളിച്ചുവെന്നാണു വിലയിരുത്തൽ. ഏതെങ്കിലും കണ്ടെയ്നർ ലോറി ഇവിടേക്ക് പ്രവേശിച്ചാൽ റോഡിൽ ഗതാഗത കുരുക്കുണ്ടാകുന്ന സ്ഥിതിയാണുള്ളത്.
ഓം പ്രകാശ് ചൗതാലയുടെ സംസ്കാരം നടത്തി
സിർസ: അന്തരിച്ച ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ സംസ്കാരച്ചടങ്ങുകൾ പൂർണ സംസ്ഥാന ബഹുമതികളോടെ സിർസയിലെ ജന്മഗ്രാമമായ തേജ ഖേരയിൽ നടത്തി.
അഞ്ചുതവണ ഹരിയാനയിൽ മുഖ്യമന്ത്രിയായിരുന്ന 89 കാരനായ ചൗതാല വെള്ളിയാഴ്ച ഗുരുഗ്രാമത്തിൽവച്ചാണ് അന്തരിച്ചത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി, ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിംഗ് ബാദൽ തുടങ്ങിയ പ്രമുഖർ തേജ്ഖേരയിൽ എത്തി അന്തരിച്ച നേതാവിന് അന്ത്യാഭിവാദ്യങ്ങൾ നേർന്നു.
നേരത്തേ ചൗതാലയുടെ മൃതദേഹം തേജഖേരയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
പിഎഫ് ക്രമക്കേട്: ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട്
ബംഗളുരു: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ക്രമക്കേടു നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരേ അറസ്റ്റ് വാറണ്ട്.
ബംഗളുരുവിൽ ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ സെന്റോറസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡിലെ ക്രമക്കേടിന്റെ പേരിൽ പിഎഫ് റീജനല് കമ്മിഷണര് എസ്. ഗോപാല് റെഡ്ഡിയാണു നടപടി സ്വീകരിച്ചത്.
കന്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്നിന്ന് പിഎഫ് പെന്ഷന് പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കിയെങ്കിലും അതു പിഎഫ് പദ്ധതിയില് നിക്ഷേപിക്കാതെ 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
കഴിഞ്ഞ നാലാംതീയതിയാണു ഉത്തപ്പയ്ക്കെതിരേ അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ ഇത് കൈപ്പറ്റാതെ പിഎഫ് ഓഫിസില് തിരിച്ചെത്തുകയായിരുന്നു. ഇതേത്തുടർന്നാണു വീണ്ടും നോട്ടീസ് നല്കിയത്.
പഞ്ചാബില് ആറുനില കെട്ടിടം തകര്ന്നുവീണു
മൊഹാലി: പഞ്ചാബിലെ മൊഹാലില് ആറുനില കെട്ടിടം തകര്ന്നുവീണു. മൊഹാലിയിലെ സൊഹാനയില് ഇന്നലെ വൈകുന്നേരമാണ് അപകടം. നിരവധിപേര് കെട്ടിടാവശിഷ്ടങ്ങളില് കുടുങ്ങിക്കിടക്കുന്നതായാണു സംശയം.
കുറഞ്ഞത് പതിനൊന്നുപേരെങ്കിലും അപകടത്തില്പ്പെട്ടതായാണു പ്രാഥമിക നിഗമനം. രക്ഷാപ്രവര്ത്തനത്തിനായി ജില്ലാ ഭരണകൂടത്തിന് നിര്ദേശം നല്കിയതായി മുഖ്യമന്ത്രി ഭഗ വന്ത് സിംഗ് മാന് അറിയിച്ചു.
അംബേദ്കർ പരാമർശം: പാർലമെന്റ് സമ്മേളനത്തിന് ‘അടിച്ചുപിരിഞ്ഞ്’ അവസാനം
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തെത്തുടർന്ന് ശീതകാല സമ്മേളനത്തിന്റെ അവസാനദിവസവും സഭ പ്രക്ഷുബ്ധമായി. പാർലമെന്റിനു പുറത്തെ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്കുള്ളിലും വ്യാപിച്ചതോടെ ആദ്യം ലോക്സഭയും പിന്നീട് രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കു വിടാനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് സഭ പിരിച്ചുവിട്ടതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ 11ന് രാജ്യസഭ ചേർന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് സഭാധ്യക്ഷൻ നടത്തിയ പ്രസ്താവന ബഹളത്തിൽ കലാശിക്കുകയും 12 വരെ സഭ നിർത്തിവയ്ക്കുകയും ചെയ്തു. വീണ്ടും സഭ ചേർന്നപ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
ലോക്സഭാ വളപ്പിലെ വ്യാഴാഴ്ചത്തെ പ്രതിഷേധത്തിന്റെ ബാക്കിയെന്നോണമായിരുന്നു ‘ഇന്ത്യ’സഖ്യം ഒറ്റക്കെട്ടായി അംബേദ്കർ വിഷയത്തിൽ ഇന്നലെ പ്രതിഷേധിച്ചത്. പാർലമെന്റ് കവാടത്തിലെ പ്രതിഷേധങ്ങൾക്കു സ്പീക്കർ വിലക്കേർപ്പെടുത്തിയതോടെ പാർലമെന്റിനു സമീപം വിജയ് ചൗക്കിൽനിന്നാണ് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം പാർലമെന്റിലേക്ക് എത്തിയത്. ‘ഐ ആം അംബേദ്കർ’ എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയതു ഗുണ്ടായിസമാണെന്ന് ആരോപിച്ച് ബിജെപി എംപിമാരും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.
കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു
ന്യൂഡൽഹി: അടുത്ത വർഷത്തേക്ക് കൊപ്രയുടെ താങ്ങുവില കേന്ദ്രസർക്കാർ വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് താങ്ങുവിലയ്ക്ക് അംഗീകാരം നല്കിയത്.
ശരാശരി നിലവാരമുള്ള മില് കൊപ്ര ക്വിന്റലിന് 422 രൂപ വര്ധിപ്പിച്ച് 11,582 രൂപയായി ഉയർത്തി.ഉണ്ടക്കൊപ്രയ്ക്ക് 100 രൂപ വര്ധിപ്പിച്ച് 12,100 രൂപയുമാക്കി.
2014 ലെ വിപണനകാലയളവിനെ അപേക്ഷിച്ച് കൊപ്രയുടെ താങ്ങുവിലയിൽ യഥാക്രമം 121ഉം 120ഉം ശതമാനം വർധനയുണ്ടായെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാകുന്നത്.
ഉയർന്ന താങ്ങുവില നാളികേര കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുക മാത്രമല്ല, ആഭ്യന്തരമായും അന്തർദേശീയമായും നാളികേര ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൃഷി വ്യാപിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഗ്യാസ് ടാങ്കർ മറ്റു വാഹനങ്ങളിലിടിച്ചു കത്തി 11 പേർ വെന്തുമരിച്ചു
ജയ്പുർ: രാജസ്ഥാനിൽ ഗ്യാസ് ടാങ്കർ മറ്റു വാഹനങ്ങളിലിടിച്ചു കത്തി 11 പേർ വെന്തുമരിച്ചു. അന്പതോളം പേർക്കു പരിക്കേറ്റു. ഇവരിൽ പകുതിയോളം പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ജയ്പുർ-ആജ്മീർ ഹൈവേയിൽ ഇന്നലെ വെളുപ്പിന് 5.45നു സംഭവിച്ച അപകടത്തിൽ 37 വാഹനങ്ങൾ കത്തിനശിച്ചു. വാതകച്ചോർച്ചയുണ്ടായതോടെ വൻ തീപിടിത്തമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരിൽ ഏഴു പേർ വെന്റിലേറ്ററിലാണ്.
അപകടത്തിൽ എൽപിജി ടാങ്കറിന്റെ ഔട്ട്ലെറ്റ് നോസിലിനു കേടുപാടുണ്ടായതിനെത്തുടർന്ന് വാതകച്ചോർച്ചയുണ്ടായെന്നും അതു വൻ തീപിടിത്തത്തിനു കാരണമായെന്നും ജയ്പുർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.
ടാങ്കറിനു പിറകിലുണ്ടായിരുന്ന വാഹനങ്ങളും എതിർദിശയിൽനിന്നു വന്ന വാഹനങ്ങളും തീപിടിച്ചു കത്തി. വാഹനങ്ങളിലുണ്ടായവർ ഓടി രക്ഷപ്പെട്ടു. വാഹനങ്ങളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവരാണ് വെന്തുമരിച്ചത്.
അപകടമുണ്ടാകുന്പോൾ ഒരു സ്വകാര്യ സ്ലീപ്പർ ബസ് ഗ്യാസ് ടാങ്കറിനു പിറകിലുണ്ടായിരുന്നു. ഈ ബസിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. കത്തിനശിച്ച വാഹനങ്ങൾ ഹൈവേയിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു
ന്യൂഡൽഹി: ഇരുമുന്നണികളും തമ്മിലുള്ള തുടർച്ചയായ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ അവസാനിപ്പിച്ചു.
മൂന്നാം മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. വ്യാഴാഴ്ച പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിൽ ഇരുപക്ഷവും പരസ്പര ആരോപണങ്ങളുമായി രംഗത്തുണ്ട്. അമിത് ഷായുടെ അംബേദ്കർ പരാമർശം ‘ഇന്ത്യ’ മുന്നണി ആയുധമാക്കുന്പോൾ രാഹുൽ ഗുണ്ടായിസം നടത്തിയെന്നാണ് ബിജെപി തിരിച്ചാരോപിക്കുന്നത്.
നവംബർ 25ന് ആരംഭിച്ച ശീതകാല സമ്മേളനത്തിൽ സുപ്രധാന വിഷയങ്ങളാണു ചർച്ചയായത്. ചരിത്രത്തിലാദ്യമായി രാജ്യസഭാധ്യക്ഷനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനു ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചു. എന്നാൽ കാലാവധി പാലിക്കാത്തതും പ്രമേയത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടി ഇതു തള്ളുകയായിരുന്നു.
ഇരു സഭകളിലും നടന്ന ഭരണഘടനാ സംവാദത്തിൽ ഭരണഘടന തകർത്തത് നെഹ്റുവും കോണ്ഗ്രസുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയിലും ആവർത്തിച്ചപ്പോൾ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബിജെപി ഭരണഘടനയുടെ അന്തഃസത്ത ഇല്ലാതാക്കിയെന്നും രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും കൊള്ളയടിക്കുകയാണു ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ലോക്സഭയിൽ പറഞ്ഞു.
വയനാട് എംപി പ്രിയങ്കയുടെ കന്നി പ്രസംഗവും ഭരണഘടനാചർച്ചയിൽ നടന്നു. എന്തു പറഞ്ഞാലും നെഹ്റുവിനെയും കോണ്ഗ്രസിനെയും ആക്രമിക്കുന്ന മോദിസർക്കാർ ഇപ്പോൾ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മടിക്കുന്നതെന്തിനാണെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
പ്രതിപക്ഷം അദാനി- മോദി കൂട്ടുകെട്ട് ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ സൊറോസ്- ഗാന്ധി കൂട്ടുകെട്ടാണ് ഭരണപക്ഷം ഉയർത്തിയത്. അദാനി വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തയാറാകാതിരുന്നതിനെത്തുടർന്ന് ബഹളംമൂലം ഇരുസഭകളും പിരിയേണ്ട സാഹചര്യം പലപ്പോഴുമുണ്ടായി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടതും ശീതകാല സമ്മേളനത്തിലാണ്.
അമിത് ഷായുടെ അംബേദ്കർ പരാമർശം ‘ഇന്ത്യ’ സഖ്യം ഏറ്റെടുത്തതോടെ പാർലമെന്റ് വളപ്പിലെ അസാധാരണ സംഭവങ്ങൾക്കാണു രാജ്യം സാക്ഷ്യം വഹിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഉന്തിലും തള്ളിലും പരിക്കേറ്റ രണ്ട് ബിജെപി എംപിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി.
അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ബിജെപി ഇതിനെ ആയുധമാക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ അദാനി- മോദി കൂട്ടുകെട്ട് മറയ്ക്കാനുള്ള ബിജെപിയുടെ മനഃപൂർവമുള്ള ശ്രമമാണിതെന്നാണ് കോണ്ഗ്രസിന്റെ ആരോപണം.
ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു
ഗുരുഗ്രാം: അഞ്ചു തവണ ഹരിയാന മുഖ്യമന്ത്രിയായ ഓംപ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) പ്രസിഡന്റായ ചൗട്ടാല മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മൂത്ത മകനാണ്. ചൗട്ടാലയുടെ നിര്യാണത്തിൽ ഹരിയാന മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാന മുഖ്യമന്ത്രിയായിരുന്ന ദേവിലാൽ ഉപപ്രധാനമന്ത്രിയായതോടെയാണ് 1989 ഡിസംബറിൽ ഓംപ്രകാശ് ചൗട്ടാല ആദ്യമായി മുഖ്യമന്ത്രിയായത്. അധ്യാപക റിക്രൂട്ട്മെന്റ് കേസിൽ 2013ൽ പത്തുവർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ചൗട്ടാല കോവിഡ് മഹാമാരിയെത്തുടർന്ന് 2021ൽ ജയിൽമോചിതനായി.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ 2022ൽ ചൗട്ടാലയെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. തിഹാർ ജയിലിലെ ഏറ്റവും പ്രായംകൂടിയ തടവുകാരനായിരുന്നു ചൗട്ടാല.
ചൗട്ടാലയുടെ ഇളയ മകനായ അഭയ് സിംഗ് ഐഎൻഎൽഡിയുടെ മുതിർന്ന നേതാവാണ്. മൂത്ത മകൻ അജയ് സിംഗ് ജനനായക് ജനതാ പാർട്ടി (ജെജെപി) അധ്യക്ഷനാണ്. കുടുംബത്തിലുണ്ടായ ഭിന്നതയെത്തുടർന്ന് 2018ലാണ് അജയ് ജെജെപി രൂപവത്കരിച്ചത്.
അജയിന്റെ മകൻ ദുഷ്യന്ത് ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്നു. അധ്യാപക റിക്രൂട്ട്മെന്റ് കേസിൽ അജയ് സിംഗിനെയും ശിക്ഷിച്ചിരുന്നു.
മുന്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഐഎൻഎൽഡി 2005 മുതൽ ഹരിയാനയിൽ അധികാരത്തിനുപുറത്താണ്. 2005-2014 കാലത്ത് കോൺഗ്രസാണ് അധികാരത്തിലെത്തിയത്. 2014 മുതൽ ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്.
രാഹുലിനെതിരായ കേസ് ശ്രദ്ധ തിരിക്കാനെന്നു പ്രിയങ്ക
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരേ കോൺഗ്രസ് രംഗത്ത്. രാഹുൽ ആക്രമണം നടത്തിയെന്ന ബിജെപി എംപിമാരുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു.
ശ്രദ്ധ തിരിക്കാനുള്ള നടപടികളാണു ബിജെപി സ്വീകരിക്കുന്നത്. അവർ വളരെ നിരാശരായതുകൊണ്ട് തെറ്റായ എഫ്ഐആറുകൾ ഇടുന്നു. രാഹുലിന് ഒരിക്കലും ആരേയും ആക്രമിക്കാൻ കഴിയില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അംബേദ്കർ വിഷയത്തിൽ ബിജെപി സർക്കാരിന്റെ വികാരം എന്താണെന്നത് പുറത്തുവന്നിരിക്കുകയാണെന്നും ഈ വിഷയം ഉന്നയിക്കുന്പോൾ അവർ പ്രതിപക്ഷത്തെ ഭയപ്പെടുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്കെതിരേ കേസ് ഫയൽ ചെയ്തതു ബഹുമതിയായി കാണുന്നുവെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തങ്ങളെ ശാരീരികമായി ആക്രമിച്ച ബിജെപി നേതാക്കൾക്കെതിരേ കോണ്ഗ്രസ് വനിതാ എംപിമാർ നൽകിയ പരാതികളിൽ എന്തുകൊണ്ടാണു ഡൽഹി പോലീസ് നടപടിയെടുക്കാത്തത്. പ്രതിഷേധങ്ങൾ വഴിതിരിച്ചുവിടാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണ് രാഹുലിനെതിരായ കേസ്.
എന്തൊക്കെ വന്നാലും ആർഎസ്എസ് -ബിജെപി ഭരണത്തിനെതിരേ നിലകൊള്ളുന്നതിൽനിന്ന് ഒരടി പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളടക്കം ചുമത്തിയാണ് രാഹുലിനെതിരേ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുലിനെതിരേയുള്ള കേസ് ക്രൈംബ്രാഞ്ചിലേക്ക്
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുൽ ഗാന്ധിക്കെതിരേയുള്ള കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
ബിജെപി എംപി ഹേമാംഗ് ജോഷി നൽകിയ പരാതിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണമാണ് ക്രൈംബ്രാഞ്ചിനു നൽകിയത്.
ഡോ.ബി.ആർ. അംബേദ്കറെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പരാമർശത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു സംഭവം.
സഭയിൽ കൂടുതലും സംസാരിച്ചത് രാജ്യസഭാധ്യക്ഷൻ: ആരോപണവുമായി ഡെറിക് ഒബ്രിയാൻ
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ രാജ്യസഭയിൽ 30 ശതമാനം സമയവും സംസാരിച്ചത് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറാണെന്ന് തൃണമൂൽ കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.
നവംബർ 25 ന് ആരംഭിച്ച സമ്മേളനത്തിൽ ആകെ 43 മണിക്കൂറാണ് രാജ്യസഭ പ്രവർത്തിച്ചത്. ഇതിൽ പത്തു മണിക്കൂർ ബില്ലുകൾ ചർച്ച ചെയ്തു. 17 മണിക്കൂർ ഭരണാഘടനാ ചർച്ചയ്ക്കായി നീക്കിവച്ചു. ബാക്കിയുള്ള 16 മണിക്കൂറിൽ നാലു മണിക്കൂറും സംസാരിച്ചതു രാജ്യസഭാധ്യക്ഷനാണ്.
പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ ധൻകർ അനുവദിക്കുന്നില്ല. അദ്ദേഹം പാർലമെന്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചെന്നും ഒബ്രിയാൻ പരിഹസിച്ചു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: ജെപിസിയിൽ 39 അംഗങ്ങൾ
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ല് പരിശോധിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗങ്ങളുടെ എണ്ണം 39 ആയി വർധിപ്പിച്ചു. ലോക്സഭയിൽനിന്ന് 21 അംഗങ്ങളെയും രാജ്യസഭയിൽനിന്ന് പത്ത് അംഗങ്ങളെയുമായിരുന്നു ആദ്യം സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടു സിപിഎം അടക്കമുള്ള ഏതാനും പാർട്ടികളും ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതോടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 29 ആയും രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 12 ആയും ഉയർത്തുകയായിരുന്നു. മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീറിനെ സമിതിയിൽ ക്ഷണിതാവായും ഉൾപ്പെടുത്തി.
ബില്ല് ജെപിസിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ സഭ പ്രമേയം പാസാക്കി. കേരള എംപിമാരായ പ്രിയങ്ക ഗാന്ധിയും കെ. രാധാകൃഷ്ണനും ജെപിസിയിൽ അംഗങ്ങളാണ്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലും നിയമഭേദഗതി ബില്ലും പ്രതിപക്ഷം എതിർത്തതോടെ ബില്ല് കൂടുതൽ പരിശോധിക്കാൻ ജെപിസിക്കു വിടാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
രാഹുലിനെതിരേ അവകാശലംഘന നോട്ടീസ് നൽകി ബിജെപി
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശലംഘന നോട്ടീസ് നൽകി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ രാഹുൽ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുവെന്നാരോപിച്ചാണു ദുബെ ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയത്.
ജനവികാരം ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണു രാഹുൽ വീഡിയോ പങ്കുവച്ചതെന്നും സഭയുടെയും രാജ്യത്തിന്റെയും അന്തസിന് കളങ്കം വരുത്തിയതിനാൽ രാഹുലിനെ സഭയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു.
അമിത് ഷായ്ക്കെതിരേ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രാഹുലിനെതിരേ ബിജെപിയും നോട്ടീസ് നൽകിയിരിക്കുന്നത്.
പുതിയ ‘മസ്ജിദ് തർക്കങ്ങൾ’ അംഗീകരിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി
പൂന: ‘ക്ഷേത്ര-മസ്ജിദ് തർക്കങ്ങൾ’ വ്യാപിക്കുന്നതിൽ ആശങ്കയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
അയോധ്യ രാമക്ഷേത്ര നിർമാണത്തിനു ശേഷം ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാൽ ഹിന്ദുക്കളുടെ നേതാവാകാമെന്നു ചിലർ വിശ്വസിക്കുന്നതായും മോഹൻ ഭാഗവത് പറഞ്ഞു. പൂനയില് ഇന്ത്യ-വിശ്വഗുരു എന്ന വിഷയത്തിൽ പ്രഭാഷണപരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ വളരെക്കാലമായി നമ്മൾ സാഹോദര്യത്തിലാണു ജീവിക്കുന്നത്. ഈ സാഹോദര്യം ലോകത്തിന് നൽകണമെങ്കിൽ അതിൽ മാതൃകയാവേണ്ടതുണ്ട്. രാമക്ഷേത്ര നിർമാണത്തിനു ശേഷം പുതിയ സ്ഥലങ്ങളിൽ സമാന തർക്കം ഉയർത്തിക്കൊണ്ടു വന്നാൽ ഹിന്ദുക്കളുടെ നേതാവാകാമെന്നാണു ചിലർ കരുതുന്നത്. ഇത് അംഗീകരിക്കാനാവില്ല.
എല്ലാ ഹിന്ദുക്കളുടെയും വിശ്വാസപ്രശ്നമായതിനാലാണു രാമക്ഷേത്രം നിർമിച്ചത്. ഓരോ ദിവസവും പുതിയ വിഷയം (തർക്കം) ഉയർന്നുവരുന്നു. ഇത് എങ്ങനെ അനുവദിക്കും? ഇത് തുടരാനാവില്ല. നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് ഇന്ത്യ കാണിക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.
അടുത്തകാലത്ത് ഉയർന്നുവന്ന ക്ഷേത്ര-മസ്ജിദ് തർക്കങ്ങളെയൊന്നും പേരെടുത്ത് പറയാതെയായിരുന്നു ഭാഗവതിന്റെ പ്രഭാഷണം. രാജ്യം പ്രവർത്തിക്കുന്നതു ഭരണഘടനാനുസൃതമായാണ്. ജനങ്ങളുടെ പ്രതിനിധികളാണ് സർക്കാരിനെ ചലിപ്പിക്കുന്നത്. സമഗ്രാധിപത്യത്തിന്റെ നാളുകൾ കഴിഞ്ഞുപോയെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ഇന്ത്യയിൽ മതസ്പർധ ഉണ്ടാക്കിയതു ബ്രിട്ടീഷുകാരാണെന്ന വിചിത്രവാദവും ഭാഗവത് ഉയർത്തി.
അയോധ്യ രാമക്ഷേത്രം ഹിന്ദുക്കൾക്ക് നൽകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാർ രണ്ട് സമുദായങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കുകയായിരുന്നു. അന്നുമുതലാണ് ഈ സ്പർധ ഉടലെടുത്തത്. അതിന്റെ ഫലമായാണു പാക്കിസ്ഥാൻ നിലവിൽ വന്നത്- അദ്ദേഹം പറഞ്ഞു.
ആരാണ് ന്യൂനപക്ഷം, ആരാണ് ഭൂരിപക്ഷം? ഇവിടെ എല്ലാവരും തുല്യരാണ്. എല്ലാവർക്കും അവരവരുടെ ആരാധനാരീതികൾ പിന്തുടരാം എന്നതാണ് ഈ രാജ്യത്തിന്റെ പാരമ്പര്യം. യോജിപ്പിൽ ജീവിക്കുകയും ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്യുക എന്നതാണ് ആവശ്യമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
കാർഷിക വിപണന നയം: കിസാൻസഭ രാജ്യവ്യാപക പ്രതിഷേധത്തിന്
ന്യൂഡൽഹി: കാർഷിക വിപണനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഓൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്).
വിവാദ കാർഷികനിയമങ്ങൾ തിരികെ കൊണ്ടുവരാനുള്ള നീക്കമാണു കേന്ദ്രം അവതരിപ്പിച്ച കാർഷികവിപണനത്തിനായുള്ള പുതിയ ചട്ടക്കൂടെന്ന് കിസാൻ സഭ ആരോപിച്ചു.
ഈ മാസം 23ന് രാജ്യത്തെ വിവിധ ജില്ലകളിൽ പുതിയ കരട് നയത്തിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കുമെന്ന് എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ അറിയിച്ചു.
നവംബർ 25ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് രാഷ്ട്രീയ നയത്തിനെതിരേ രാജ്യവ്യാപകമായി കർഷകരുടെ വലിയ പ്രതിഷേധമുണ്ടാകുന്പോഴാണ് എഐകെഎസും നിലപാട് വ്യക്തമാക്കി പ്രതിഷേധത്തിനൊരുങ്ങുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നയം കർഷകരുടെ താത്പര്യങ്ങൾ ബലി നൽകി കോർപറേറ്റ് കന്പനികളുടെ ലാഭം വർധിപ്പിക്കാനാണ്. വിവിധ ആവശ്യങ്ങളുയർത്തി കർഷകർ ഉയർത്തുന്ന പ്രതിഷേധങ്ങൾക്കു കേന്ദ്രം ശ്രദ്ധ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കരട് നയം.
പുതിയ കരട് നയം പിൻവലിച്ച് കർഷകസംഘടനകളുമായും സംസ്ഥാന സർക്കാരുകളുമായും കേന്ദ്രം ചർച്ചയ്ക്കു തയാറാകണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.
ബെളഗാവി: വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണത്തെത്തുടർന്നു അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് സി.ടി.രവിക്ക് ഇടക്കാല ജാമ്യം ലഭിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കു വേണ്ടിയുള്ള കോടതിയാണു ജാമ്യം നല്കിയത്. മന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചുവെന്നാണു പരാതി.
മന്ത്രിയുടെ പരാതിയെത്തുടർന്നു വ്യാഴാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
താൻ നിരപരാധിയാണെന്നും രാഷ്ട്രീയപ്രേരിതമായ കേസിന്റെ പേരിൽ ആഹാരം പോലും നൽകാതെ തന്നെ രാത്രി മുഴുവൻ പോലീസ് പീഡിപ്പിച്ചെന്നും സി.ടി.രവി മാധ്യമങ്ങളോടു പറഞ്ഞു.
അജ്ഞാത മൃതദേഹം പാഴ്സലായി ലഭിച്ചു
വെസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ യെണ്ടഗണ്ടി മേഖലയിലെ സ്ത്രീക്ക് 45 വയസു തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം പാഴ്സലായി ലഭിച്ചു.
വ്യാഴാഴ്ച രാത്രി ഇവരുടെ പണിതീരാത്ത വീട്ടിലേക്കാണു ഒരു ഓട്ടോറിക്ഷയിൽ അജ്ഞാത മൃതദേഹം എത്തിച്ചത്. ഇവരോട് 1.35 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും ഇതോടൊപ്പമുണ്ടായിരുന്നു.
സഗി തുൾസി എന്ന സ്ത്രീയുടെ പേരിലാണ് പാഴ്സൽ അയച്ചിരിക്കുന്നത്. പത്തു വർഷം മുൻപ് ഭർത്താവ് മരണപ്പെട്ട ഇവർ അടുത്തകാലത്താണ് മറ്റൊരാളുടെ സഹായത്തോടെയാണു അടുത്തിടെ സ്വന്തം വീട് പണിയാനാരംഭിച്ചത്.
സ്വന്തം ജാതിയിൽപെട്ട ആളായതുകൊണ്ടും വിധവയായതുകൊണ്ടും തുൾസിയെ സഹായിക്കാൻ താത്പര്യമുണ്ട് എന്നവകാശപ്പെട്ടുകൊണ്ടു മുന്നോട്ടു വന്ന വ്യക്തിയാണ് വീട് പണിയാൻ സഹായിക്കുന്നത്.
വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക് സാധനങ്ങൾ എത്തിക്കാമെന്നു ഇയാൾ വാഗ്ദാനം ചെയ്തതിനാൽ അതിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ഈയവസരത്തിലാണ് മൃതദേഹം അടങ്ങിയ പെട്ടി പാഴ്സലായി എത്തിച്ചേർന്നത്.
ഇവരുടെ ഭർത്താവ് 2008ൽ മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഈ തുകയുടെ ഇപ്പോഴത്തെ മൂല്യം 1.35 കോടിയാണെന്നും കത്തിൽ പറയുന്നു. ഇത് തിരിച്ചടച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന ഭീഷണിയും കത്തിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
കാട്ടാന ആക്രമണം: ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഡീൻ കുര്യാക്കോസ്
ന്യൂഡൽഹി: കോതമംഗലം കുട്ടന്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായതിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
സംഭവത്തിൽ മനുഷ്യാവകാശ ലംഘനവും കൃത്യവിലോപവും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡീൻ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി.
ജനവാസമേഖലയിൽ ആന നിൽക്കുന്നതു കണ്ട പ്രദേശവാസികൾ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതാണെന്നും എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറിയെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
കുട്ടന്പുഴയിലെ കാട്ടാന ആക്രമണത്തിന് തൊട്ടുമുന്പ് സമീപപ്രദേശത്ത് എൻജിനിയറിംഗ് വിദ്യാർഥിനി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഈ രണ്ടു സംഭവങ്ങളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ഡീൻ കത്തിൽ പറഞ്ഞു.
മെഡിക്കൽ സീറ്റുകൾ ഒഴിച്ചിടരുതെന്നു സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്നതിനാൽ ഏറെ വിലപ്പെട്ട മെഡിക്കൽ സീറ്റുകൾ ഒഴിച്ചിടരുതെന്നു സുപ്രീംകോടതി.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നിറയ്ക്കാൻ പുതിയ കൗൺസലിംഗ് തുടങ്ങാനും ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.കെ. വിശ്വനാഥനും അടങ്ങുന്ന ബഞ്ച് നിർദേശിച്ചു.
പ്രത്യേക കൗൺസലിംഗ് സംഘടിപ്പിച്ച് മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ മാസം 30 നകം പൂർത്തിയാക്കണം.
അഞ്ച് തവണ കൗൺസലിംഗ് നടന്നുവെങ്കിലും തുടർന്നും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നുകാണിച്ച് സമർപ്പിച്ച ഹർജിയിലാണു കോടതി നിർദേശം.
പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ-ഭരണപക്ഷ കൈയാങ്കളി
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അംബേദ്കറെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പരാമർശത്തെത്തുടർന്നുണ്ടായ പ്രതിപക്ഷ-ഭരണപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്.
പ്രതിപക്ഷത്തിനെതിരേ ഭരണകക്ഷി എംപിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് സംഘർഷഭരിതമായി. ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയിട്ടുവെന്നാരോപിച്ച് ബിജെപി രംഗത്തുവന്നു. ഇരുവരെയും ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയതായും ഇതേത്തുടർന്ന് ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കോണ്ഗ്രസ് ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുത്തതോടെ ഇരുസഭകളും രണ്ടു തവണ ചേർന്നെങ്കിലും പിരിഞ്ഞു.
അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നാടകമാണ് പാർലമെന്റ് വളപ്പിൽ കണ്ടതെന്നാണ് കോണ്ഗ്രസിന്റെ വാദം.കോണ്ഗ്രസ് അംബേദ്കറെ അപമാനിച്ചുവെന്നാരോപിച്ച് ഇന്നലെ രാവിലെ പത്തോടെ എൻഡിഎ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിലെ മകർദ്വാറിൽ പ്രതിഷേധം ആരംഭിച്ചു.
ഇതേസമയം പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ "ഇന്ത്യ’ സഖ്യവും അമിത് ഷായുടെ രാജ്യസഭയിലെ പരാമർശത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. നീല വസ്ത്രം ധരിച്ചാണു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്.
അംബേദ്കർ പ്രതിമയ്ക്കു മുന്നിൽനിന്ന് പ്രതിഷേധമാരംഭിച്ച പ്രതിപക്ഷസഖ്യം എംപിമാർ എൻഡിഎ എംപിമാർ പ്രതിഷേധിക്കുന്ന മകർദ്വാറിലേക്കെത്തി. തുടർന്ന് ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രതിപക്ഷ എംപിമാർ സഭയ്ക്കുള്ളിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് ഭരണപക്ഷം തടഞ്ഞു.
പ്രതിഷേധത്തെത്തുടർന്ന് ആദ്യ നാലു മിനിറ്റ് മാത്രമാണ് ലോക്സഭ ഇന്നലെ കൂടിയത്. രാജ്യസഭയിലും പ്രതിഷേധം കനത്തതോടെ ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുവരെ ഇരുസഭകളും പിരിയുകയായിരുന്നു. ഉച്ചകഴിഞ്ഞ് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിരിഞ്ഞു. സഭയിൽനിന്നു പുറത്തിറങ്ങിയ ലോക്സഭയിലെ പ്രതിപക്ഷ എംപിമാർ മകർദ്വാറിലെ ഭിത്തിയിൽ കയറിനിന്നാണു പ്രതിഷേധിച്ചത്.
രാഹുലിനെതിരേ കേസ്
പാർലമെന്റ് വളപ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി എംപി ഹേമാംഗ് ജോഷി നല്കിയ പരാതിയിലാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കർണാടകയിൽ മലയാളി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ബംഗളൂരു: കര്ണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തില് മലയാളി വയോധികന് മരിച്ചു.
ജില്ലയിലെ നരസിംഹരാജ പുര (എൻആർ പുര) താലൂക്കിൽപ്പെട്ട മദബുരിൽ താമസിക്കുന്ന കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. വർഷങ്ങൾക്കുമുന്പ് എറണാകുളം ജില്ലയിലെ കാലടിയിൽനിന്ന് മദബുരിലേക്ക് കുടിയേറിയതാണ് ഏലിയാസ്.
മേയാന് വിട്ട പശുവിനെ അന്വേഷിച്ച് മകനൊപ്പം ഇന്നലെ രാവിലെ 11ന് വീടിനടുത്തുള്ള വനാതിർത്തിയിലെത്തിയപ്പോഴായിരുന്നു ആക്രമണം.
കാട്ടാനയെ കണ്ടയുടൻ മരത്തിൽ കയറിയതിനാൽ മകൻ രക്ഷപ്പെട്ടു. ഏലിയാസിനെ കാട്ടാന പിന്നില്നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഏലിയാസ് തത്ക്ഷണം മരിച്ചു.
തലയ്ക്കേറ്റ ഗുരുതര പരിക്കാണു മരണകാരണം. ഇതേ സ്ഥലത്ത് 20 ദിവസം മുന്പ് സിതാപുര സ്വദേശി ഉമേഷും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പരാതി നൽകി ബിജെപിയും കോണ്ഗ്രസും
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ നാടകീയ സംഭവവികാസങ്ങൾക്കു പിന്നാലെ പരാതി നൽകി ഭരണപക്ഷവും പ്രതിപക്ഷവും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് എംപിമാരെ കൈയേറ്റം ചെയ്തതുവെന്നും വനിതാ എംപിയെ അപമാനിച്ചുവെന്നും ആരോപിച്ച് വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ബിജെപിയാണ് ആദ്യം പരാതി നൽകിയത്.
പ്രതിഷേധത്തിനിടയിൽ രാഹുൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തനിക്ക് അദ്ദേഹത്തിന്റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപിച്ച് നാഗാലാൻഡിൽനിന്നുള്ള ബിജെപി അംഗം ഫാങ്നോണ് കൊന്യാക് രാജ്യസഭ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
രാജ്യസഭാ പ്രതിപക്ഷ നേതാവും ദളിത് നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ബിജെപി അംഗങ്ങൾ തള്ളിയിടുകയും ദേഹാസ്വാസ്ഥ്യമുണ്ടായെന്നും ആരോപിച്ചാണു കോണ്ഗ്രസിന്റെ പരാതി. ബിജെപി അംഗങ്ങൾ അപമര്യാദയായി പെരുമാറിയെന്നും കോണ്ഗ്രസിന്റെ പരാതിയിൽ ആരോപിക്കുന്നു.
കോണ്ഗ്രസ് എംപിമാരായ പ്രമോദ് തിവാരി, ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക്, ജെബി മേത്തർ തുടങ്ങിയവരാണു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കോണ്ഗ്രസ് എംപിമാർക്കെതിരേയുള്ള ഭരണപക്ഷ ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് “ഇന്ത്യ’’ സഖ്യം എംപിമാർ ഒപ്പിട്ട പരാതി ലോക്സഭാ സ്പീക്കർക്ക് കൈമാറിയിട്ടുണ്ട്.
അംബേദ്കർ പരാമർശത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമമെന്ന് രാഹുൽ
ന്യൂഡൽഹി: ഡോ.ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി അംഗങ്ങൾ പാർലമെന്റ് വളപ്പിൽ സംഘർഷം സൃഷ്ടിച്ചതെന്നു കോണ്ഗ്രസ്.
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള തർക്കത്തിലേക്ക് ഇതു നയിച്ചുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഐഎസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ അദാനിയടക്കമുള്ള സുപ്രധാന വിഷയങ്ങളിൽനിന്നു വ്യതിചലിക്കാനാണ് ബിജെപി ശ്രമിച്ചിരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ ബിജെപി വിസമ്മതിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രം തന്നെ ഭരണഘടനാവിരുദ്ധതയും അംബേദ്കർ വിരുദ്ധതയുമാണെന്ന് ഭരണഘടനയുടെ ചെറുപതിപ്പ് കൈയിലേന്തി രാഹുൽ പറഞ്ഞു. അംബേദ്കർ രാജ്യത്തിനു നൽകിയ പൈതൃകവും സംഭാവനകളും ഇല്ലാതാക്കാനാണു ബിജെപി ശ്രമിക്കുന്നത്.
അംബേദ്കർ വിരുദ്ധ പരാമർശത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഒരു പ്രത്യേക ചിന്താഗതിയാണ് തുറന്നുകാട്ടിയിരിക്കുന്നത്. അദ്ദേഹം മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും അതൊന്നും സംഭവിച്ചില്ല.
ഇപ്പോൾ അതില്നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. സഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തെ ഭരണപക്ഷ എംപിമാർ തടയുകയാണുണ്ടായത്. ഇതോടെ അവരുടെ നിലപാട് വ്യക്തമായെന്നും രാഹുൽ കുറ്റപ്പെടുത്തി.
അമിത് ഷായ്ക്കെതിരേ പ്രധാനമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണു രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ പ്രതിഷേധിച്ചതെന്നും രാഹുലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
ഈ പ്രതിഷേധം രാജ്യവ്യാപകമായി എത്തിക്കാനാണു കോണ്ഗ്രസ് ശ്രമിക്കുന്നത്. കാരണം, അമിത ഷാ അപമാനിച്ചത് അംബേദ്കറെയാണ്. വിഷയങ്ങളിൽനിന്നു വ്യതിചലിപ്പിക്കാനാണു ബിജെപി പുതിയ നാടകവുമായി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു കോണ്ഗ്രസ് അംഗങ്ങളെ ബിജെപി എംപിമാർ ശാരീരികമായി ആക്രമിച്ചെന്നും ഖാർഗെ ആരോപിച്ചു.
അതിനിടെ, രാഹുലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ബിജെപി അദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. അമിത് ഷായെ രക്ഷിക്കാൻ ബിജെപി ഗൂഢാലോചന ആരംഭിച്ചെന്നും പ്രിയങ്ക പറഞ്ഞു.
തന്റെ കൺമുന്നിലാണു കോണ്ഗ്രസ് അധ്യക്ഷനെ ബിജെപി എംപിമാർ തള്ളിയിട്ടത്. അതിനുശേഷം ഒരു സിപിഎം എംപിയെയും ബിജെപി എംപിമാർ തള്ളിയിട്ടതായി പ്രിയങ്ക ആരോപിച്ചു.
അമിത് ഷായ്ക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി ഖാർഗെ
ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്നാരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവകാശലംഘന നോട്ടീസ് നൽകി.
രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനു സമർപ്പിച്ച നോട്ടീസിൽ അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ഭരണഘടനാശില്പിയായ അംബേദ്കറെ അപമാനിക്കുന്നുവെന്നും സഭയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഖാർഗെ ആരോപിച്ചു.
അമിത് ഷായുടെ പ്രസ്താവനകളിൽ ഉപയോഗിച്ച പദങ്ങളും സ്വരശൈലിയും വളരെ മോശം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും ആക്ഷേപിക്കുന്ന തരത്തിലായിരുന്നുവെന്നും ഖാർഗെ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകൾ സഭാ നടപടികളുടെ ലംഘനമാണെന്നും അമിത് ഷായ്ക്കെതിരേ തുടർനടപടികൾ സ്വീകരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
അമിത് ഷാ അംബേദ്കര് ക്കെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സഭയിലും നടപടികൾ വേണമെന്നാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന് ഖാർഗെ നോട്ടീസ് നൽകിയത്.
അമിത് ഷായുടെ പ്രസ്താവനകൾ പാർലമെന്റിന്റെ അന്തസ് കെടുത്തുന്നതാണെന്നാരോപിച്ച് തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രയനും കഴിഞ്ഞ ദിവസം രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു.
അമിത് ഷായുടെ പ്രസംഗം പങ്കുവച്ചതിന് എക്സിൽനിന്നു നോട്ടീസ് ലഭിച്ചെന്ന് കോണ്ഗ്രസ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ വിവാദ പ്രസംഗഭാഗങ്ങൾ പങ്കുവച്ചതിന് സമൂഹമാധ്യമമായ എക്സിൽനിന്ന് നോട്ടീസ് ലഭിച്ചുവെന്ന് കോണ്ഗ്രസ്.
വീഡിയോ ഭാഗങ്ങൾ ഇന്ത്യൻ നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനാലാണു നോട്ടീസ് അയച്ചതെന്നും എക്സ് വ്യക്തമാക്കിയെന്ന് കോണ്ഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
തനിക്കും വീഡിയോ എക്സിൽ പങ്കുവച്ച ജയ്റാം രമേശ് അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾക്കും എക്സിൽനിന്നു നോട്ടീസ് ലഭിച്ചുവെന്ന് കോണ്ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനാതെ പറഞ്ഞു.
വീഡിയോകൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കീഴിൽ വരുന്നതിനാൽ അതു നീക്കംചെയ്യില്ലെന്ന് എക്സ് വ്യക്തമാക്കിയെന്നും സുതാര്യത ഉറപ്പാക്കാൻ എക്സ് ഇത്തരമൊരു നീക്കം തങ്ങളെ അറിയിച്ചതാണെന്നും സുപ്രിയ പറഞ്ഞു.
രാജ്യത്തെ ഏതു നിയമമാണു തങ്ങൾ ലംഘിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. അമിത് ഷാ എന്തിനെയാണു ഭയക്കുന്നത്? ക്ഷമിക്കാൻ കഴിയാത്ത കുറ്റം ചെയ്ത അമിത് ഷാ മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.
ധൻകറിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി
ന്യൂഡൽഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരേ പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസപ്രമേയ നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തള്ളി. 14 ദിവസം മുന്പ് നോട്ടീസ് നൽകിയില്ലെന്നും ധൻകറിന്റെ പേരിലെ സ്പെല്ലിംഗ് തെറ്റിച്ചാണ് എഴുതിയതെന്നും ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയത്.
കൂടാതെ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നയാള്ക്കു നേരേ വ്യക്തിഹത്യ മാത്രം ലക്ഷ്യമിട്ടാണ് അവിശ്വാസപ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയതെന്നും ഹരിവംശ് ചൂണ്ടിക്കാട്ടി. ഇതിന് ആക്കം കൂട്ടാൻ പ്രതിപക്ഷം സംയുക്ത വാർത്താസമ്മേളനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
60 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് കഴിഞ്ഞയാഴ്ചയാണു രാജ്യസഭാ സെക്രട്ടറിക്കു കൈമാറിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരമാണ് അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് സമർപ്പിച്ചത്.
രാജ്യസഭയിൽ ഏകപക്ഷീയ നിലപാടാണ് അധ്യക്ഷൻ സ്വീകരിക്കുന്നതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം അദ്ദേഹത്തെ നീക്കം ചെയ്യാൻ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്.
പ്രമേയം പാസാക്കാനുള്ള അംഗബലം തങ്ങൾക്കില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടിനെതിരേയുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വിശദീകരണം.
രാഹുൽ കാണിച്ചത് ഗുണ്ടായിസം: ബിജെപി
ന്യൂഡൽഹി: ബിജെപി എംപിമാരെ കൈയേറ്റം ചെയ്തു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കാണിച്ചത് ഗുണ്ടായിസമാണെന്ന് ബിജെപി. പാർലമെന്റ് വളപ്പിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ബിജെപി എംപിമാരെ മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
അക്രമം അഴിച്ചുവിടാനാണ് രാഹുൽ എംപിമാരെ കൈയേറ്റം ചെയ്തത്. പാർലമെന്റ് കവാടമായ മകർ ദ്വാറിൽ ബിജെപി എംപിമാർ പ്രതിഷേധിക്കുകയായിരുന്നു. രാഹുൽ അതിലൂടെ അകത്തേക്കു കടക്കാൻ വന്നപ്പോൾ സെക്യൂരിറ്റി ജീവനക്കാർ കടത്തിവിട്ടില്ല. എന്നാൽ മനഃപൂർവം അവിടേക്കെത്തിയ രാഹുൽ എംപിമാർക്കെതിരേ അക്രമം നടത്തുകയായിരുന്നുവെന്നും ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ചൗഹാൻ പറഞ്ഞു.
എംപിമാരെ ശാരീരികമായി ആക്രമിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി കിരണ് റിജിജു ആവശ്യപ്പെട്ടു. എംപിമാരെ ആക്രമിക്കാൻ രാഹുലിന് ആരാണ് അധികാരം നൽകിയത്? ഇതിനായി രാഹുൽ കുങ്ഫുവും കരാട്ടെയും പഠിച്ചിട്ടുണ്ടോ? അക്രമങ്ങളിലൂടെ രാഹുൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നു വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ബോട്ടപകടം: മരണം 14 ആയി
മുംബൈ: നാവികസേനാ ബോട്ടും യാത്രാബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. 43 വയസുള്ളയാളുടെ മൃതദേഹമാണ് ഇന്നലെ ഫെറിക്കു സമീപം കണ്ടെത്തിയത്.
ഏഴു വയസുള്ള കുട്ടിക്കായി തെരച്ചിൽ തുടരുന്നു. നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡ്, നേവി ബോട്ടുകളുമാണു തെരച്ചിൽ നടത്തുന്നത്.
ബുധനാഴ്ചയായിരുന്നു അപകടം. യാത്രാബോട്ടിൽ 113 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 98 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചു.
ബിക്കാനീർ സ്ഫോടനം: ഒരു സൈനികൻകൂടി മരിച്ചു
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീറിൽ ടാങ്കിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി.
ഈശ്വർ താലിയ ആണ് ഇന്നലെ മരിച്ചത്. ബുധനാഴ്ച രണ്ടു സൈനികർ മരിച്ചിരുന്നു. ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിനിടെയായിരുന്നു അപകടം. വെടിമരുന്ന് നിറയ്ക്കുന്നതിനിടെ ചാർജർ പൊട്ടിത്തെറിക്കുകയായിരുന്നു.
കുൽഗാമിൽ അഞ്ച് ഹിസ്ബുൾ ഭീകരരെ വധിച്ചു; രണ്ടു സൈനികർക്കു പരിക്ക്
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിൽ അഞ്ചു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രണ്ടു സുരക്ഷാസൈനികർക്കു പരിക്കേറ്റു.
ബെഹിബാഗ് മേഖലയിലെ കാദ്ദറിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമറിഞ്ഞ് ബുധനാഴ്ച രാത്രിതന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞിരുന്നു. സൈനികർക്കു നേരേ ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഫാറുഖ് അഹമ്മദ് ഭട്ട് അടക്കം അഞ്ചു ഭീകരർ കൊല്ലപ്പെട്ടു.
നിരവധി ഭീകരാക്രമണങ്ങളിൽ ഭട്ട് പങ്കാളിയാണ്. ഇർഫാൻ ലോൺ, ആദിൽ ഹുസൈൻ, മുഷ്താഖ് ഇറ്റൂ, യാസിർ ജാവിദ് എന്നിവരാണു കൊല്ലപ്പെട്ട മറ്റു ഭീകരർ. ഇവരെല്ലാവരും പ്രദേശവാസികളാണ്.
അംബേദ്കർ ഇല്ലായിരുന്നെങ്കിൽ അമിത് ഷാ ചവറുകൾ പെറുക്കി നടന്നേനെ: സിദ്ധരാമയ്യ
ബെലഗാവി: അംബേദ്കർ പരാമർശത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അംബേദ്കർ രൂപം നൽകിയ ഭരണഘടന ഇല്ലായിരുന്നെങ്കിൽ അമിത് ഷാ പാതയോരത്ത് ചപ്പുചവറുകൾ പെറുക്കി ജീവിക്കേണ്ടി വരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഭരണഘടന അനുസരിച്ചിരുന്നെങ്കിൽ അമിത് ഷായെ സഭയിൽനിന്ന് ഉടനടി സസ്പെൻഡ് ചെയ്യുമായിരുന്നു. അമിത് ഷാ പറഞ്ഞതിൽ അദ്ഭുതമില്ല. സംഘപരിവാറിന്റെ മനസിലുള്ളതു പുറത്തേക്കു വരികമാത്രമാണു ചെയ്തത്.
1949ൽ ഭരണഘടന നിലവിൽ വന്ന് നാലുദിവസത്തിനുശേഷം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അതിനെ വിമർശിച്ച് എഡിറ്റോറിയൽ എഴുതിയിരുന്നു.
അംബേദ്കറെക്കുറിച്ചുള്ള യഥാർഥ അഭിപ്രായം ധൈര്യമായി തുറന്നുപറഞ്ഞ അമിത് ഷായെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പുരിൽ നിരോധിത തീവ്രവാദ ക്യാന്പുകൾ സൈന്യം തകർത്തു
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ യവോൾ കന്ന ലുപ്(കെവൈകെഎൽ), കംഗ്ലെയ്പെക് പീപ്പിൾസ് റവലൂഷനറി പാർട്ടി(പിആർഇപിഎകെ) എന്നീ നിരോധിത തീവ്രവാദസംഘടനകളുടെ പരിശീലന ക്യാന്പുകൾ സുരക്ഷാ സേന തകർത്തു.
മാക്കു പൂർബിയിലെ കെവൈകെഎലിന്റെ ക്യാന്പിൽനിന്ന് എയർ ഗൺ, മൊബൈൽ ഫോൺ, ബുള്ളറ്റ്പ്രൂഫ് ഹെൽമറ്റ് എന്നിവ പിടിച്ചെടുത്തു. പിആർഇപിഎകെയുടെ പരിശീലന ക്യാന്പിൽനിന്നു ലൈറ്റ് മെഷീൻ ഗണ്ണിലെ തിരകൾ, തടികൊണ്ടുള്ള ഡപ്പി തോക്കുകൾ, വാക്കി ടോക്കി സെറ്റുകൾ, വെടിയുണ്ടകൾ എന്നിവയാണു പിടിച്ചെടുത്തത്.
രണ്ടു ദിവസത്തിനിടെ ഒന്പതു തീവ്രവാദികളാണു സൈന്യത്തിന്റെ വലയിലായത്.
വനിതാ മന്ത്രിയെ അധിക്ഷേപിച്ച ബിജെപി നേതാവ് സി.ടി. രവിയെ അറസ്റ്റ് ചെയ്തു
ബെളഗാവി: കർണാടകയിലെ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറെ ലെജിസ്റ്റേറ്റീവ് കൗൺസിലിൽവച്ച് അധിക്ഷേപിച്ചതിനു മുതിർന്ന ബിജെപി നേതാവ് സി.ടി. രവിയെ അറസ്റ്റ് ചെയ്തു.
സുവർണ വിധാന സൗദയിൽനിന്നാണു രവിയെ പോലീസ് വാനിൽ കൊണ്ടുപോയത്. ലൈംഗിക ഉപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകളാണു രവിക്കെതിരേ ചുമത്തിയിട്ടുള്ളത്.
ലെജിസ്ലേറ്റീവ് കൗൺസിലിൽ മന്ത്രിയുമായുള്ള വാക്കേറ്റത്തിനിടെ അധിക്ഷേപകരമായ വാക്ക് രവി പലവട്ടം ഉപയോഗിച്ചുവെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ തെറ്റാണെന്നു രവി പറഞ്ഞു.
പി.എസ്. ശ്രീധരന്പിള്ളയ്ക്ക് ഡോക്ടറേറ്റ്
ഡോണാപോള (ഗോവ): സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള് പരിഗണിച്ച് ഗോവ ഗവര്ണര് പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഡോക്ടറേറ്റ്.
ബംഗളൂരു അലയന്സ് യൂണിവേഴ്സിറ്റിയാണ് ഡോക്ടറേറ്റ് നല്കുന്നത്. ഈ മാസം 22നു യൂണിവേഴ്സിറ്റി കാമ്പസില് നടക്കുന്ന ചടങ്ങില് ഡോക്ടറേറ്റ് സമ്മാനിക്കും.
സാഹിത്യ സംഭാവനകള് പരിഗണിച്ച് ഇതു മൂന്നാം തവണയാണ് ഗവര്ണര് പി.എസ്. ശ്രീധരന്പിള്ളയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. രാജസ്ഥാനിലെ ജെജെടി യൂണിവേഴ്സിറ്റി, ഒഡീഷയിലെ എഎസ്ബിഎം യൂണിവേഴ്സിറ്റി എന്നിവയാണ് ഇതിനുമുമ്പ് അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചത്.
കവിത, കഥ, ലേഖന സമാഹാരങ്ങള്, പഠനങ്ങള്, വിവവര്ത്തനങ്ങള്, അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 246 പുസ്തകങ്ങള് അദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീധരന്പിള്ളയുടെ പുസ്തകങ്ങള് ഹിന്ദി, കന്നട, തെലുങ്ക്, കൊങ്കിണി, ആസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിലേക്ക് വിവര്ത്തനം ചെയ്തിട്ടുണ്ട്.
കുഴിബോംബുകൾ പൊട്ടിത്തെറിച്ചു
ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ കാട്ടുതീയിൽ കുഴിബോംബുകൾ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റില്ല. വനം വകുപ്പ്, ഫയർ സർവീസസ്, പോലീസ്, കരസേന എന്നിവർ പ്രദേശവാസികളോടു ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചുവരുന്നു.
കോൽക്കത്ത ബലാത്സംഗം: പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കോൽക്കത്ത: ആർ.ജി. കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓൺ ഡ്യൂട്ടി പിജി ട്രെയിനിയായ ഡോക്ടറുടെ മൃതദേഹം സെമിനാർ റൂമിൽ കണ്ടെത്തിയത്.
മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനും ഈ മാസം പതിമൂന്നിനു ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ സഞ്ജയ് റോയ്ക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
സംബാൽ എംപിക്കെതിരേ വൈദ്യുതിമോഷണത്തിന് കേസ്
സംബൽ: ഉത്തർപ്രദേശ് സംബാലിലെ സമാജ്വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബാർഗിനെതിരേ വൈദ്യുതിമോഷണത്തിനു കേസ്. ദീപ സരായിലെ വസതിയിൽ വൈദ്യുതിമോഷണം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
എംപിയുടെ പിതാവ് മംലുകുർ റഹ്മാൻ ബാർഗിനെതിരേയും കേസെടുത്തിട്ടുണ്ട്. വീട്ടിൽ പരിശോധന നടത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് മംലുക്കുർ റഹ്മാനെതിരേ കേസെടുത്തിരിക്കുന്നത്. മീറ്ററിൽ കൃത്രിമം നടത്തി വൈദ്യുതി മോഷ്ടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച രാവിലെയാണു കനത്ത സുരക്ഷയിൽ എംപിയുടെ വീട്ടിൽ പരിശോധന നടത്തിയത്. സംബലിലെ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിയാവുർ റഹ്മാനെതിരേയും പോലീസ് കേസെടുത്തിരുന്നു.
സംബാൽ സംഘർഷത്തിനു പിന്നാലെയാണ് ഉത്തർപ്രദേശിലെ യോഗിആദിത്യനാഥ് സർക്കാർ കൈയേറ്റം ഒഴിപ്പിക്കലും ഇടിച്ചുനിരത്തലും ആരംഭിച്ചത്.
അംബേദ്കറെ അമിത് ഷാ അവഹേളിച്ചെന്ന് ആരോപണം; മാപ്പു പറയണമെന്ന് കോൺഗ്രസ്
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭരണഘടനാ ശില്പി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചെന്ന ആരോപണം കോളിളക്കമായി.
അമിത് ഷാ മാപ്പു പറയുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നലെ സ്തംഭിച്ചു. ആരോപണത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശദീകരണവുമായി അമിത് ഷായും നേരിട്ട് രംഗത്തിറങ്ങി.
ആരോപണം കടുപ്പിച്ച് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രത്യേക പത്രസമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി അമിത് ഷായും പത്രസമ്മേളനം നടത്തിയത്.
ഇരുവരുടെയും പത്രസമ്മേളനത്തിനു മുന്പായി ഷായെ ന്യായീകരിച്ച് വിശദീകരണങ്ങളുടെ പരന്പരയുമായി പ്രധാനമന്ത്രി മോദി എക്സിൽ രംഗത്തെത്തി. ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിനെതിരേ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ പ്രതികരിച്ചു.
ഡോ. അംബേദ്കറെ അവഹേളിക്കുകയും പട്ടികജാതി വർഗ വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്ത കോണ്ഗ്രസിന്റെ ഇരുണ്ട ചരിത്രം ഷാ തുറന്നുകാട്ടിയെന്ന് മോദി ആരോപിച്ചു. “ഡോ. ബാബാസാഹെബ് അംബേദ്കറുടെ ദർശനം പൂർത്തീകരിക്കാൻ തങ്ങളുടെ സർക്കാർ കഴിഞ്ഞ ദശകത്തിൽ അക്ഷീണം പ്രയത്നിച്ചു.
നമ്മൾ എന്താണോ അത് അംബേദ്കർ മൂലമാണ്. അമിത് ഷാ അവതരിപ്പിച്ച വസ്തുതകൾ അവരെ ഞെട്ടിക്കുന്നു. അതിനാലാണവർ ഇപ്പോൾ നാടകീയതയിൽ മുഴുകുന്നത്! സങ്കടകരമെന്നു പറയട്ടെ, അവരെക്കുറിച്ച് ആളുകൾക്ക് സത്യം അറിയാം’’- മോദി എഴുതി.
ദളിതരോടു വിരോധമുള്ള കോണ്ഗ്രസുകാർ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് വ്യാജപ്രചാരണമാണു നടത്തുന്നതെന്ന് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അമിത് ഷാ ആരോപിച്ചു.
അംബേദ്കറുടെ ഫോട്ടോകളുമായി ഇന്നലെ രാവിലെ നടത്തിയ പ്രതിഷേധ ധർണയിൽ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള ‘ഇന്ത്യ’ മുന്നണിയിലെ പ്രമുഖ നേതാക്കളും ഇരുനൂറോളം എംപിമാരും പങ്കെടുത്തു. തുടർന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഇരുസഭകളും ചർച്ചകളിലേക്കു കടക്കാതെ ഇന്നു ചേരാനായി പിരിയേണ്ടിവന്നു. അമിത് ഷാ മാപ്പു പറയുക (അമിത് ഷാ മാഫി മാംഗോ), സംഘപരിവാറിന്റെ ഭരണം നടക്കില്ല (സംഘ് കാ വിധാൻ നഹി ചലേഗാ), ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു എംപിമാരുടെ പ്രതിഷേധം.
ഇന്ത്യൻ ഭരണഘടനയ്ക്കു പകരം മനുസ്മൃതി നടപ്പാക്കാൻ സംഘപരിവാറിന്റെ ആളുകൾ ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് അംബേദ്കറെ അപമാനിച്ച ഷായുടെ പ്രസ്താവനയെന്ന് കോണ്ഗ്രസ് അധ്യക്ഷൻ ഖാർഗെ ആരോപിച്ചു.
ബിജെപിയും ആർഎസ്എസും ത്രിവർണ പതാകയ്ക്കെതിരാണ്. അവരുടെ പൂർവികർ അശോകചക്രത്തെ എതിർത്തെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും ദേശീയ പ്രതീകവുമായ അംബേദ്കറെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഷായുടെ വിവാദ പരാമർശം
“ബി.ആർ. അംബേദ്കറുടെ പേര് പറയുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ ... ഇത്രയും തവണ ദൈവനാമം ഉരുവിട്ടിരുന്നുവെങ്കിൽ അവർക്കു സ്വർഗത്തിൽ സ്ഥാനം ലഭിക്കുമായിരുന്നു.”
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡൽഹി: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാറിന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
2020ൽ പ്രസിദ്ധീകരിച്ച ‘പിങ്ഗളകേശിനി’ എന്ന കവിതാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പരിഭാഷകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.
കവിതാ സമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലും നാല്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുംബൈയിൽ നാവികസേനാ സ്പീഡ്ബോട്ട് ഇടിച്ചുകയറി യാത്രാബോട്ട് മുങ്ങി 13 പേർ മരിച്ചു
മുംബൈ: മുംബൈയിൽ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന്എലഫന്റാ ഐലൻഡിലേക്കു പോകുകയായിരുന്ന യാത്രാബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.
അപകടമേഖലയിൽനിന്ന് 101 പേരെ രക്ഷപ്പെടുത്തി. എലഫന്റാ ഐലൻഡിലേക്കു പോയ "നീൽകമൽ’എന്ന ബോട്ടാണ് ഇന്നലെ വൈകുന്നേരം നാലോടെ അറബിക്കടലിൽ ഉറാന മേഖലയിൽ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ടുപേർ നാവികസേനാംഗങ്ങളാണ്.
നൂറ്റിപ്പത്തോളം പേർ യാത്രാബോട്ടിലുണ്ടായിരുന്നു. നാവികസേനയുടെ സ്പീഡ്ബോട്ടിൽ രണ്ട് നാവികസേനാംഗങ്ങളും സേനയിലേക്ക് എൻജിനുകൾ വിതരണം ചെയ്യുന്ന കന്പനിയുടെ നാല് ജീവനക്കാരുമാണുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ സ്പീഡ്ബോട്ട് ഇടിച്ചതോടെ യാത്രാബോട്ടിന്റെ ഒരുഭാഗം മുങ്ങി. സ്പീഡ് ബോട്ട് ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടകാരണം വ്യക്തമായത്.
നാവികസേന, തീരസംരക്ഷണസേന, മറൈന് പോലീസ് എന്നിവരുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്ത്തനം. 11 നാവികസേനാ ബോട്ടുകളും മൂന്ന് മറൈന് പോലീസ് ബോട്ടുകളും കോസ്റ്റ്ഗാര്ഡ് കപ്പലും അപകടമേഖലയില് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ നിരീക്ഷണത്തിനും മറ്റുമായി നാല് ഹെലികോപ്റ്ററുകളും സജ്ജമാക്കിയിരുന്നു.
എൻജിൻ പരിശോധനയ്ക്കിടെ സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി നാവികസേന അറിയിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയെ അറിയിച്ചു. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.
മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണീർവാതക പ്രയോഗം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
ഗോഹട്ടി: ആസാമിലെ ഗോഹട്ടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിനിടെ പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലിൽനിന്ന് ശ്വാസതടസം അനുഭവപ്പെട്ട പ്രവർത്തകൻ മരിച്ചു.
കോൺഗ്രസ് ലീഗൽ സെൽ അംഗം മൃദുൽ ഇസ്ലാം ആണ് മരിച്ചത്. ബോധരഹിതനായി വീണ മൃദുലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണകാരണം അറിയാൻ കഴിയൂ എന്ന് ഗോഹട്ടി പോലീസ് കമ്മീഷണർ ദിഗന്ത ബാര പറഞ്ഞു.
പോലീസ് അതിക്രമത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചുവെന്ന് അജയ് റായി
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പ്രഭാത് പാണ്ഡെ(28) ആണു മരിച്ചത്.
പോലീസ് അതിക്രമത്തിലാണ് പാണ്ഡെ മരിച്ചതെന്നു യുപിസിസി അധ്യക്ഷൻ അജയ് റായ് ആരോപിച്ചു. നിയമസഭയ്ക്കു മുന്നിൽ നടന്ന പ്രതിഷേധത്തിലാണു സംഭവം.
അബോധാവസ്ഥയിലായ പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡിസിപി രവീണ ത്യാഗി പറഞ്ഞു. ഡോക്ടർമാരുടെ പാനൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും അതിന്റെ വീഡിയോ പകർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.