എമ്പുരാന്: പ്രദര്‍ശനം തടയാതെ കോടതി
കൊച്ചി: എമ്പുരാന് സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്നത് എന്തിനാണെന്നായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ ചോദ്യം.
സിനിമയില്‍ രാജ്യവിരുദ്ധത ഉണ്ടെന്നും വര്‍ഗീയ കലാപത്തിനടക്കം കാരണമാകും എന്നും ആരോപിച്ച് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സിനിമ കണ്ടോ എന്ന് ഹര്‍ജിക്കാരനോടു ചോദിച്ച കോടതി, പോലീസ് സംസ്ഥാനത്ത് ഇതുവരെ എഫ്ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലലോ എന്നും പറഞ്ഞു. ഇതുവരെയും അത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വിശദീകരിച്ച സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയില്‍ ഇടപെടാനാകില്ലെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവും ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് പ്രദര്‍ശനം തടയണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കിയത്.
പബ്ലിസിറ്റിക്കായാണോ ഹര്‍ജി നല്‍കിയതെന്നു കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യത്തെ സംശയിക്കുന്നുവെന്നു പറഞ്ഞ കോടതി ആവശ്യമില്ലാതെ വിഷയത്തെ വഷളാക്കാനാണു ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാല്‍ പ്രദര്‍ശനം തടയാന്‍ ഉത്തരവിടണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയടക്കം സിനിമയില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയയ്ക്കാൻ നിര്‍ദേശിച്ച കോടതി, ഹര്‍ജി അവധിക്കാലത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജിയില്‍ എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഗോകുലം ഗോപാലന് അടക്കമുള്ളവര്‍ക്കു കോടതി നോട്ടീസ് അയച്ചില്ല.
ഹർജി നൽകിയ ബിജെപിക്കാരനു സസ്പെൻഷൻ
തൃശൂർ: എന്പുരാൻ സിനിമയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയ തൃശൂർ സ്വദേശിയായ ബിജെപി പ്രവർത്തകൻ വി.വി. വിജീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് നടപടി.
പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്പെൻഡ് ചെയ്യുന്നതെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്കു ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണു ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹർജിനൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
ബിജെപിയുടെ അറിവോടെയല്ല, വ്യക്തിപരമായാണ് താൻ ഹർജി നൽകിയതെന്ന് വിജീഷ് മാധ്യമങ്ങളോടു പറഞ്ഞു. താൻ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയിലെ മുൻ അംഗമാണ്. ഇപ്പോൾ ബംഗളൂരുവിലാണുള്ളത്.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പട്ടികവർഗ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ ചന്ദ്രൻ-ഓമന ദന്പതികളുടെ മകൻ ഗോകുലാണ്(18)മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ശുചിമുറിയിലെ ഷവറിൽ ഷർട്ടിൽ കെട്ടിത്തൂങ്ങുകയായിരുന്നു.
ആദിവാസികളിലെ പണിയ വിഭാഗത്തിൽപ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വനിതാ സെൽ ജീവനക്കാർ തിങ്കളാഴ്ച രാത്രി കണ്ടെത്തി കൽപ്പറ്റ പോലീസിനു കൈമാറി.
രാത്രി വൈകി മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാൻ കഴിയാത്തതിനാൽ പെണ്‍കുട്ടിയെ "സഖി’യിലേക്കു മാറ്റി. യുവാവിനെ സ്റ്റേഷനിൽ നിർത്തി.
രാവിലെ 7.45ന് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിൽ പോയ യുവാവ് പത്ത് മിനിറ്റായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.
കെട്ടഴിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. യുവാവ് സ്റ്റേഷനിലുള്ള വിവരം കുടുബത്തെ അറിയിച്ചിരുന്നതായി പോലീസ് അവകാശപ്പെട്ടു.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അച്ഛനെയും സഹോദരങ്ങളെയും മര്‍ദിക്കുന്നതു കണ്ട് അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു
പത്തനംതിട്ട: ഉത്സവം കണ്ടു മടങ്ങുന്ന വഴി അച്ഛനും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് പാലത്തില്‍നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങിമരിച്ചു.
അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. പത്തനംതിട്ട അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ആവണി പ്രകാശാണ് മരിച്ചത്.
അഴൂര്‍ തെക്കേതില്‍ വലിയവീട്ടില്‍ ശരത്തും സംഘവും അച്ഛനെ മർദിക്കുന്നതു കണ്ടതിലുള്ള മനോവിഷമത്തിൽ പെണ്‍കുട്ടി ആറ്റിലേക്കു ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പ്രതി ചേര്‍ക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെങ്കിലും കസ്റ്റഡിയിലെടുത്തശേഷം വിട്ടയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം.
ആവണി, അച്ഛൻ പ്രകാശ്, അമ്മ ബീന, സഹോദരന് അശ്വിന്, പ്രകാശിന്റെ സഹോദര പുത്രന് അനു എന്നിവര്‍ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനുപോയി മടങ്ങുംവഴി വലഞ്ചുഴി താത്കാലിക പാലത്തില്‍വച്ചാണ് സംഘട്ടനമുണ്ടായത്. ശരത് നേരത്തേ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പ്രകാശ് പറയുന്നത്.
ശരത്തുമായി വാക്കുതര്‍ക്കം ഉണ്ടായ പ്രകാശ് കൈയേറ്റത്തിനു മുതിര്‍ന്നതായി പറയുന്നു. ആവണിയുടെ പേര് പറഞ്ഞായിരുന്നു സംഘട്ടനം.
ആവണിക്കു നേരേ ശരത് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പ്രകാശിന്റെ മൊഴി.
വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസ് ; മഹാരാഷ്ട്ര സ്വദേശിക്കായി അന്വേഷണം
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കണ്ടെത്താനായി അന്വേഷണം.
പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത പണം ആദ്യം എത്തിയത് മഹാരാഷ്ട്ര സ്വദേശിയുടെ അക്കൗണ്ടിലേക്ക് ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പണ്ടികശാല വീട്ടില്‍ ഫായിസ് ഫഹാദ് (21), കൊണ്ടോട്ടി അരിമ്പ്ര പൂളക്കുന്നന്‍ വീട്ടില്‍ അസിമുള് മുജാസിന് (21) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിലാണ് പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് തേവര സ്വദേശിയായ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി പ്രതികള്‍ പണം കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു പ്രതികളുടെ അക്കൗണ്ടിലേക്കു പിന്നീട് പണം കൈമാറുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ; നഷ്ടപരിഹാരം നൽകണം: കോടതി
കാടുകുറ്റി(തൃശൂർ): അനുവാദമില്ലാതെ അപകീർത്തിപ്പെടുത്തുംവിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാപ്രവർത്തകർക്കെതിരേ നഷ്ടപരിഹാരം നൽകാൻ മുനിസിഫ് കോടതി വിധി. ആന്റണി പെരുന്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനംചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചത്.
കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി. നാരായണൻകുട്ടി മുഖേന ഫയൽചെയ്ത കേസിലാണ് പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 1,68,000 രൂപയും നൽകാൻ ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനി വിധിച്ചത്.
മോഹൻലാൽ നായകനായി അഭിനയിച്ച "ഒപ്പം' സിനിമയിലെ 29-ാം മിനിറ്റിലെ രംഗത്തിൽ പോലീസ് ക്രൈംഫയൽ മറിക്കുന്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോയായിട്ടാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ കാണിച്ചത്. തന്റെ ബ്ളോഗിൽനിന്ന് അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയായിരുന്നുവെന്നു പരാതിക്കാരി പറഞ്ഞു.
"എമ്പുരാൻ' വ്യാജ പതിപ്പ് പിടികൂടി
കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്ത് കോപ്പികൾ ജനങ്ങൾക്ക് വിതരണം ചെയ്ത കണ്ണൂരിലെ സ്ഥാപനം പോലീസ് പൂട്ടിച്ചു. പാപ്പിനിശേരിയിലെ തന്പുരു കമ്യൂണിക്കേഷൻ എന്ന ഇന്റർനെറ്റ് സ്ഥാപനമാണ് പോലീസ് പൂട്ടി സീൽ ചെയ്തത്.
കണ്ണൂർ സിറ്റി പോലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിനിടെ വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം വളപട്ടണം എസ്എച്ച്ഒ ബി.ഐ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്ഐ മധുസൂദനൻ, എസ്ഐ ഷമീർ, എഎസ്ഐ മധു പണ്ടാരൻ, സിപിഒമാരായ സന്ദീജ്, നീതു, അതുൽ, ജിതിൻ എന്നിവരും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമയുടെ പതിപ്പ് കണ്ടെടുത്തത്.
നിരാഹാരത്തിലും പോരാട്ടവീര്യം ചോരാതെ ആശാ വർക്കർമാർ
തിരുവനന്തപുരം: നിരാഹാര സമരം നടത്തിയും, മുടിമുറിച്ചു പ്രതിഷേധിച്ചും ആശാവർക്കർമാരുടെ സമരം ഒന്നരമാസം പിന്നിട്ടിട്ടും സമരം പരിഹരിക്കാൻ നടപടി കൈക്കൊള്ളാതെ കേന്ദ്രസംസ്ഥാന സർക്കാരുകൾ.
തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാനുള്ള നടപടി കൈക്കൊണ്ട് ഭരണാധികാരികൾ ഇടപെട്ട് സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടി ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം.
ഇതിനിടെ ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ ഉടനെ ചർച്ച നടത്തുമെന്ന സംസ്ഥാന ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന ആശാസമരം സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരുടെയും അടിയന്തര അവകാശങ്ങൾക്ക് വേണ്ടിയാണ്.
എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കുന്നതിൽ തെറ്റില്ല. ആശാവർക്കർമാരുടെ ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കൃത്യമായി സർക്കാരിന് എഴുതി സമർപ്പിച്ചിട്ടുണ്ട്.
ഇനിയുള്ള ചർച്ചയിലും ആവശ്യങ്ങൾ കൃത്യമായി ഉന്നയിക്കും. സംസ്ഥാന ആരോഗ്യമന്ത്രി മുൻപ് വിളിച്ചു ചേർത്ത രണ്ട് ചർച്ചകളിൽ നിന്നും വ്യത്യസ്തമായി ആശാവർക്കർമാരുടെ അടിയന്തര ആവശ്യങ്ങളായ ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇൻസെന്റീവ് വർധന കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതിൽ കൂടുതലൊന്നും കാണുന്നില്ലെന്നു സമര സമിതി പ്രതികരിച്ചു.
ഇതു സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്. ഓണറേറിയം വർധിപ്പിക്കുമോയെന്ന് ചോദിച്ചപ്പോൾ ഇൻസെന്റീവ് വർധിപ്പിക്കുന്നുണ്ടല്ലോ എന്നാണ് മന്ത്രി മറുപടി നൽകിയത്.
ആശാവർക്കർമാരെ വോളണ്ടിയർ എന്നതിന് പകരം വർക്കർ ആക്കി മാറ്റണം എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 18 വർഷത്തിലേറെയായി സ്ഥിര സ്വഭാവത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക എന്നതാണ് സംഘടന നിരന്തരമായി ഉയർത്തുന്ന ആവശ്യമെന്നും കെഎഎച്ച്ഡബ്ലിയുഎ പ്രസ്താവയിൽ ചൂ ണ്ടിക്കാട്ടി.
ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
സിഎസ്ആർ ഫണ്ട് കിട്ടിയോ എന്നു പോലും പരിശോധിക്കാതെയാണോ പാതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പുമൊക്കെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായതെന്ന് ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് പി.വി.കുഞ്ഞിക്കൃഷ്ണന് ചോദിച്ചു.
സിഎസ്ആര്‍ ഫണ്ട് കിട്ടിയിട്ടില്ലെന്നു മനസിലായത് പിന്നീടാണെന്നും അതോടെ പിന്മാറിയെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. എന്നാല്‍, എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പരിപാടികളിലെല്ലാം ഹര്ജിക്കാരന് പങ്കെടുത്തിട്ടുണ്ടല്ലോ എന്ന് കോടതി പറഞ്ഞു. മറ്റുള്ളവരും പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വിശദീകരണം.
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
1868 കാലഘട്ടത്തിൽ ചാവറയച്ചൻ ഇടവകക്കാർക്കു നൽകിയ "ചാവരുൾ'' അല്ലെങ്കിൽ "മരണശാസനം'' എന്ന കുടുംബചട്ടത്തിൽ നല്ല കുടുംബത്തെ സ്വർഗരാജ്യത്തിനു തുല്യമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ മനോഹരമായ ഒരു വിടവാങ്ങൽ രംഗമുണ്ട്.
സ്നേഹത്തിനു വിശുദ്ധ ഭാഷ്യം നൽകുന്ന ഒരു "ചാവരുൾ'' നാമിവിടെ കാണുന്നു. "ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.''
രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന ഫ്രാൻസിസ് അസീസിയും ഒരു ചാവരുൾ നൽകുന്നുണ്ട്: "നിങ്ങൾ സഹോദര സ്നേഹത്തിലും വിനയത്തിലും വസിക്കണം.' ചാവറയച്ചന്റെ ചാവരുളിൽ ഒരു കുടുംബം ആചരിക്കേണ്ട കടമകളെല്ലാം വിവരിക്കുന്നു. താൻ മരിച്ചാലും ഈ കൈയെഴുത്ത് മരിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ടാണ് ചാവറയച്ചൻ "മരണശാസനം' നൽകുന്നത്.
അതിവേഗം ഈ ചാവരുൾ കേരള ക്രൈസ്തവരുടെ മാത്രമല്ല മറ്റു മതസ്ഥരുടെയും കുടുംബങ്ങളുടെയും പൊതുസ്വത്തായി മാറി. സുകൃത ജീവിതത്തിലേക്കുള്ള ഒരു വിളിയായി, ക്രിസ്തീയത നിറഞ്ഞ ആദർശഭദ്രമായ കുടുംബങ്ങളിലേക്കുള്ള വഴിയായി ഈ "കുടുംബചട്ടം' പ്രകീർത്തിക്കപ്പെട്ടു. "ഒരു നല്ല കുടുംബം സ്വർഗരാജ്യത്തിനു തുല്യമാകുന്നു.
ഒരു കുടുംബത്തിന്റെ ന്യായം ഇതാകുന്നു, ചോരയാലും സ്നേഹത്താലും തമ്മിൽത്തമ്മിൽ ബന്ധിക്കപ്പെട്ട പല ആളുകൾ കാരണവന്മാരുടെ നേരെ ആദരവും അനുസരണവും ഉള്ളവരായി ദൈവം തന്പുരാനോടും മനുഷ്യരോടും സമാധാനത്തിൽ നടക്കുകയും ഓരോരുത്തരുടെയും ജീവിതാന്തസ് എന്താണെങ്കിലും അതിനു തക്കതിൻവണ്ണം നിത്യരക്ഷയെ പ്രാപിക്കുന്നതിനു പ്രയത്നം ചെയ്തുകൊണ്ട് കൂട്ടമായി ജീവിക്കുകയും ചെയ്യുന്നതാകുന്നു.' ഇതാണ് ഒരു കുടുംബത്തിനു ചാവറയച്ചൻ നൽകുന്ന വ്യാഖ്യാനം.
സ്നേഹമുള്ള കുടുംബം
ഈ ലോകത്തിൽ ജീവിക്കുന്പോൾ ഓരോരോ ബുദ്ധിമുട്ടുകളും സഹനങ്ങളും സങ്കടങ്ങളും നമുക്കുണ്ടാകും. എന്നാൽ, ഇതിന്റെയെല്ലാം നടുവിൽ നമ്മുടെ കുടുംബം സ്നേഹമുള്ളതാണെങ്കിൽ നമുക്കു സമാധാനവും സന്തോഷവും ലഭിക്കും. കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പ്രാർഥിക്കുകയും ഒന്നിച്ചിരുന്നു സംസാരിക്കുകയും ഒന്നിച്ചിരുന്നു ഭക്ഷിക്കുകയും ചെയ്യുന്പോൾ മനസിൽ കെട്ടിനിൽക്കുന്ന സങ്കടങ്ങളും ദുഃഖങ്ങളും വേദനകളും അഴിഞ്ഞുപോകും. കാരണം, പരസ്പരം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടൊപ്പം ജീവിക്കുക എന്നതുതന്നെ വലിയ സന്തോഷത്തിനു വക നൽകും.
സ്നേഹത്തിൽ ഒരാൾ
നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹമായിരിപ്പിൻ എന്ന ഉപദേശത്തോടെയാണ് ചാവറയച്ചന്റെ ചാവരുൾ ആരംഭിക്കുന്നത്. യേശുവിന്റെ ചാവരുളിലും ഫ്രാൻസിസ് അസീസിയുടെ ചാവരുളിലും പ്രതിപാദിക്കുന്ന പരസ്പര സ്നേഹം തന്നെയാണ് ചാവറയച്ചനും ഓർമിപ്പിക്കുന്നത്. സ്നേഹം എന്നതിനു നിർവചനം എഴുതാനോ പറയാനോ അറിയാത്തവരുടെ ഹൃദയത്തിലും സ്നേഹമുണ്ട്. സ്നേഹത്തിൽ ഒരാളേയുള്ളൂ രണ്ടുപേർ ചേർന്ന ഒരാൾ. പലയാളുകൾ ചേർന്ന ഒരാൾ. ഒന്നിനോടൊന്നു ചേർന്നു വളരുകയും പെരുകുകയും വലുതാവുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ.
നീയും ഞാനും നമ്മളും. ഞാനും നീയും നമ്മളായി ആർക്കും വേർപ്പെടുത്താനാവാത്ത വിധം അവിഭാജ്യമായി മാറുന്ന കുടുംബം. ഒരു കുടുംബത്തിൽ ഒരാൾ എല്ലാവർക്കും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും ജീവിക്കുന്ന ഒരു കൊച്ചു സ്വർഗം. അതാണ് ചാവറയച്ചന്റെ സ്വപ്നത്തിലെ സ്വർഗം.
(തുടരും).
എടൂർ കാരാപറന്പിൽ കപ്പേള ആക്രമിച്ചു; കൽക്കുരിശ് തകർത്തു
ഇരിട്ടി: എടൂർ കാരാപറന്പിൽ വിശുദ്ധ അന്തോണീസിന്റെ കപ്പേളയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കപ്പേളയുടെ മുന്നിലെ കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തു. കൽക്കുരിശിന്റെ ഭാഗങ്ങളും മെഴുകുതിരി സ്റ്റാൻഡും ഉൾപ്പെടെ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്.
കുരിശ് പൂർണമായി തകർന്ന നിലയിലാണ്. ഇന്നലെ രാവിലെ ദിവ്യബലിക്ക് എത്തിയവരാണ് കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തനിലയിൽ കാണുന്നത്. ഉടൻതന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് ആക്രമണം നടന്നതെന്നാണു കരുതുന്നത്.
രാത്രി 11 വരെ കപ്പേളയ്ക്കു സമീപത്തെ വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷമാണ് സാമൂഹ്യവിരുദ്ധർ കപ്പേളയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടതെന്നാണു നിഗമനം. വികാരി ഫാ. ആന്റണി അറക്കൽ നൽകിയ പരാതിയിൽ ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടൗണിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ പ്രവർത്തിക്കാത്തതിനാൽ ആക്രമികളുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്.
വെള്ളരിവയൽ വ്യാകുല മാതാ ഇടവകയുടെ കീഴിലുള്ള കാരാപറമ്പിലെ കപ്പേളയ്ക്കു നേരേ മൂന്നാം തവണയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടാകുന്നത്. 2009ൽ കപ്പേളയിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി ഉൾപ്പെടെ കവർന്നിരുന്നു.
40 ദിവസത്തിനുശേഷം കപ്പേളയ്ക്കു സമീപത്തെ കൃഷിയിടത്തിൽ ഒളിപ്പിച്ച രീതിയിലാണു തിരുവോസ്തി ഉൾപ്പെടെ കണ്ടെത്തിയത്. പിന്നീട് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്ന സംഭവവും ഉണ്ടായിരുന്നു.
രണ്ട് കവർച്ചാ കേസുകളിലെ പ്രതികളെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . 25 വർഷമായി എടൂർ-കീഴ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്ന കപ്പേളയ്ക്കു നേർക്കു നടന്ന ആക്രമണത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ആന്റണി ജോണിന്റേത് ഇരട്ടത്താപ്പെന്ന് ഡീൻ കുര്യാക്കോസ്
കോതമംഗലം: രാജപാത വിഷയത്തിൽ ആന്റണി ജോണ്‍ എംഎൽഎയുടേത് ഇരട്ടത്താപ്പെന്ന് ഡീൻ കുര്യാക്കോസ് എംപി.
ആലുവ - മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനമുന്നേറ്റ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
വിഷയവുമായി ബന്ധപ്പെട്ട് എംപി വിളിച്ചുചേർത്ത സർവകക്ഷിയോഗം കോതമംഗലം എംഎൽഎ ബഹിഷ്കരിക്കുകയായിരുന്നു. ജനങ്ങൾ ഒന്നടങ്കം ഈ വിഷയത്തിൽ സംഘടിച്ചപ്പോൾ മാത്രമാണ് എംഎൽഎ തിരിഞ്ഞുനോക്കിയത്. വനം വകുപ്പ് എടുത്തിട്ടുള്ള കേസുകൾ പിൻവലിച്ച് രാജപാത തുറക്കുംവരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകുമെന്നും എംപി പറഞ്ഞു.
ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു. പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയ് ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, അപു ജോണ്‍ ജോസഫ്, ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ ഉടനടി മാറ്റാൻ കെഎസ്ഇബി നിർദേശം
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ ഉടനടി മാറ്റാൻ നിർദേശിച്ച് കെഎസ്ഇബി.
വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ ഏപ്രിൽ 15നകം നീക്കം ചെയ്തില്ലെങ്കിൽ അവരിൽ നിന്നു പിഴ സഹിതം തുക ഈടാക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വൈദ്യുതി പോസ്റ്റുകളിലെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചവർ തന്നെ മാറ്റാത്തപക്ഷം കെഎസ്ഇബി ഇവ മാറ്റും. അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കും.
പരസ്യ ബോർഡുകൾ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പു നൽകി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകേണ്ടി വരുമെന്നും കെഎസ്ഇബി അറിയിച്ചു.
സിപിഐ സംസ്ഥാന പ്രവര്‍ത്തക കണ്വന്ഷന് അഞ്ചിന് തൃശൂരിൽ
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കുമെതിരേ ദേശവ്യാപക കാന്പയിന്റെ ഭാഗമായി പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 68-ാം വാര്‍ഷികദിനമായ അഞ്ചിനു സിപിഐ സംസ്ഥാന പ്രവര്‍ത്തക കണ്വന്ഷന് ചേരുന്നു.
കൗസ്തുഭം ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യും. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ. പ്രകാശ്ബാബു അധ്യക്ഷത വഹിക്കും. ഭഗത് സിംഗ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23 മുതല്‍ അംബേദ്കര്‍ ജന്മദിനമായ ഏപ്രിൽ 14 വരെയാണു കാന്പയിൻ നടക്കുന്നത്.
ജബൽപുരിൽ ക്രൈസ്തവരെ ആക്രമിച്ചവർക്കെതിരേ നടപടി വേണം: ജോസ് കെ. മാണി
കോട്ടയം: മധ്യപ്രദേശിലെ ജബൽപുരിൽ തീർഥാടകരായ ക്രൈസ്തവ വിശ്വാസികളെയും വൈദികരെയും ആക്രമിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പ്രധാനമന്തിയോട് ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അക്രമകാരികൾക്ക് നേരെ യാതൊരു തുടർ നടപടികളും സ്വീകരിക്കാതിരിക്കുന്നതിനാലാണ് ഇത് വീണ്ടും ആവർത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മത ന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സുരക്ഷിതരായി ജീവിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിനും പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വഖഫ് നിയമഭേദഗതി ബിൽ ഇന്നു പാർലമെന്റിൽ ; പ്രതീക്ഷയോടെ മുനന്പം
കൊച്ചി: ഏറെ നാളത്തെ ചർച്ചകൾക്കും രാഷ്ട്രീയവിവാദങ്ങൾക്കുമൊടുവിൽ വഖഫ് നിയമഭേദഗതി ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്പോൾ, മുനന്പം തീരജനത പ്രതീക്ഷയിലാണ്.
നിലവിലെ വഖഫ് നിയമത്തിന്റെ ഇരകളാണു തങ്ങളെന്നു കരുതുന്ന അവർ, പാർലമെന്റിൽ ഭേദഗതി ബിൽ പാസാകുന്നതു ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾക്കു സഹായകമാകുമെന്നു കണക്കുകൂട്ടുന്നു.
അറുനൂറോളം കുടുംബങ്ങളുടെ കിടപ്പാടവും ഉപജീവനമാർഗങ്ങളും ഉൾപ്പെട്ട 404 ഏക്കർ ഭൂമി വഖഫാണെന്ന അവകാശവാദമാണു മുനന്പം നിവാസികൾക്കു തിരിച്ചടിയായത്. ഇവർ വിലകൊടുത്തു വാങ്ങുകയും വർഷങ്ങളോളം താമസിക്കുകയും ഉപയോഗിക്കുകയും ചെയ്ത ഭൂമിയിൽ 2019ലാണ് വഖഫ് അവകാശവാദം ഉയർന്നത്. നിലവിലുള്ള വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകളുടെ മറപിടിച്ചാണു തെറ്റായ അവകാശവാദമെന്നു മുനന്പം നിവാസികൾ ചൂണ്ടിക്കാട്ടുന്നു.
വഖഫ് അവകാശവാദം ഉയർന്ന ശേഷം ഇവിടത്തെ ഭൂവുടമകൾക്കു സ്ഥലത്തിന്റെ നികുതിയടയ്ക്കാനോ ക്രയവിക്രയം നടത്താനോ സാധിക്കുന്നില്ല. ഇതു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുനന്പം ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹാര സമരം 171 ദിവസം പിന്നിടുന്പോഴാണു പാർലമെന്റിൽ നിയമഭേദഗതി അവതരിപ്പിക്കുന്നത്.
താത്കാലികമായ പരിഹാര നിർദേശങ്ങളല്ല, നിലവിലുള്ള വഖഫ് നിയമത്തിന്റെ കൃത്യമായ ഭേദഗതിയിലൂടെ തങ്ങളുടെ ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ ശാശ്വതമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യമെന്നു സമരസമിതി കൺവീനർ ബെന്നി ജോസഫ് ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ വഖഫ് നിയമഭേദഗതി അവതരിപ്പിക്കുന്ന ദിനം തങ്ങളെ സംബന്ധിച്ചു നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഭേദഗതി ബിൽ അവതരണത്തിലും ചർച്ചകളിലും കേരളത്തിലെ എംപിമാരുടെ നിലപാടുകളെയും ഇടപെടലുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് മുനന്പം നിവാസികൾ. തങ്ങൾക്ക് അനുകൂലമായി ജനപ്രതിനിധികൾ പാർലമെന്റിൽ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുനന്പം ജനത.
ഭേദഗതിക്കു മുൻകാല പ്രാബല്യം പ്രധാനം
1995ലെ വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്തും ചിലത് ഒഴിവാക്കിയും 44 ക്ലോസുകളോടെയാണു ബിൽ അവതരിപ്പിക്കുന്നത്. ഇതിൽ പത്താമത്തെ ഭേഗഗതി നിർദേശം മുനന്പത്തേതു പോലെയുള്ള ഭൂമി വിഷയങ്ങളെ ജനോന്മുഖമായി പരിഹരിക്കുന്നതിനുള്ള സാധ്യതയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ ജനങ്ങളുടെ ആവശ്യങ്ങൾക്കു മുൻകാല പ്രാബല്യത്തോടെ പരിഹാരമുണ്ടാക്കാനാകുന്ന ഭേഗദതി നിർദേശമാണിത്. നിയമഭേദഗതി സംബന്ധിച്ചു പഠിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയും (ജെപിസി) സമാനമായ നിർദേശം മുന്നോട്ടുവച്ചിരുന്നു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷൻ പുരസ്കാരം ഫാ. ഡേവിസ് ചിറമ്മലിന്
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് പുരസ്കാരം കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിന്.
ആറിന് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കുന്ന ഹൃദയസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.
സ്വന്തം വൃക്ക ദാനം ചെയ്തത് ഉള്‍പ്പെടെ ഫാ. ചിറമ്മല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണു ഹൃദയ സംഗമം. ഹൃദയാരോഗ്യത്തെ സംബന്ധിച്ചു വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്, പാനല്‍ ചര്‍ച്ച എന്നിവയും ഉണ്ടാകും.
കർദിനാൾ മാർ വിതയത്തിലിന്റെ ചരമവാർഷിക അനുസ്മരണം നടത്തി
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ ചരമവാർഷിക അനുസ്മരണം നടത്തി.
അദ്ദേഹത്തിന്റെ കബറിടമുള്ള എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന അനുസ്മരണപ്രാർഥനകളിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, വികാരി ജനറാൾ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കാക്കനാട് മൗണ്ട് സെന്റ് തോമസിലെയും അതിരൂപത കൂരിയയിലെയും വൈദികർ, സമർപ്പിതർ തുടങ്ങിയവർ പങ്കെടുത്തു.
എസ്ഐയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
ഒറ്റപ്പാലം: മീറ്റ്നയിൽ ഗ്രേഡ് എസ്ഐ രാജ് നാരായണനെ മൂർച്ചയുള്ള ഓടുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
മീറ്റ്ന സ്വദേശികളായ താഴത്തേതിൽ വിവേക് (32), വടക്കെ പുത്തൻവീട്ടിൽ ഷിബു (35) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി നടന്ന സംഘർഷത്തിൽ പ്രദേശവാസിയായ അക്ബറെന്ന യുവാവിനും വെട്ടേറ്റിരുന്നു. അക്ബറിന്റെ വീട്ടിൽ ഷിബു അടക്കമുള്ളവർ തിങ്കളാഴ്ച പകൽ മദ്യപിക്കാനെത്തിയിരുന്നു. ഇവിടെവച്ചുണ്ടായ വാക്കുതർക്കം രാത്രിയോടെ അടിപിടിയിലും കല്ലേറിലുമെത്തി. തുടർന്നാണ് അർധരാത്രിതന്നെ പോലീസെത്തിയത്. സംഘർഷ സ്ഥലത്തുനിന്നു അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് ഇയാൾക്കുനേരെ ആക്രമണം ഉണ്ടായത്. ഇതിനിടെ എസ്ഐക്കും കുത്തേറ്റു.
സംഘർഷവുമുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ഒറ്റപ്പാലം സ്റ്റേഷൻ എസ്ഐ രാജ് നാരായണൻ. അക്ബറിനെ കസ്റ്റഡിയിലെടുത്തു മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പോലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്റെ കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ ഇരുവരെയും മറ്റു പോലീസുകാർ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന സിനിമകള്‍ നിരോധിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരികയാണെന്നും ഇതിന്റെ പിന്നിലുള്ള സംഘടിത ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അവ നിരോധിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം. ഇവയുടെ ഫണ്ടിംഗ് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി അന്വേഷിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘എമ്പുരാന്’എന്ന സിനിമയിലുടനീളം ദൈവത്തിനു മുകളില്‍ സാത്താനെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
എംപിമാര്‍ മുനമ്പം ജനതയോടു നീതിപുലര്‍ത്തണമെന്നു സിഎല്‍സി
കൊച്ചി: വഖഫ് നിയമത്തിലെ ജനാധിപത്യ, ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു സിഎല്‍സി സംസ്ഥാന സമിതി.
വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ത്ത് അവരോടു നീതിപുലര്‍ത്താനുള്ള മനുഷ്യത്വം കാണിക്കണം.
സംസ്ഥാന പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷോബി കെ. പോള്‍ പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ നിതീഷ് ജസ്റ്റിന്, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്ലോറിന്‍ ജോയ്, ഭാരവാഹികളായ സിനോബി ജോയ്, റീത്ത ദാസ്, ഡോണ ഏണസ്റ്റിന്, സി.കെ. ഡാനി എന്നിവര്‍ പ്രസംഗിച്ചു.
ആക്ട്സ് പ്രാർഥനാ ദിനാചരണം
കൊച്ചി : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന്, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രാർഥനാദിനമായി ആചരിക്കും.
ഇതിന്റെ ഭാഗമായി ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ മുനമ്പത്ത് ഉപവാസമനുഷ്ഠിക്കുമെന്നും സെക്രട്ടറിമാരായ കുരുവിള മാത്യൂസും അഡ്വ. ചാർളി പോളും അറിയിച്ചു.
ജനദ്രോഹവ്യവസ്ഥകള്‍ റദ്ദാക്കണം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്ചെയ്ത് ഭരണസംവിധാനങ്ങള്‍ മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
വഖഫ് നിയമത്തിന്റെ ഇരകളായ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു പൗരന്മാര് നേരിടുന്ന അനീതിക്കെതിരേ പാര്‍ലമെന്റില്‍ ഉറച്ചനിലപാടെടുക്കാന്‍ ജനപ്രതിനിധികള്‍ തയാറാകണം. വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദുചെയ്യണമെന്ന ഭാരതസഭയുടെ ആവശ്യത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് രാപകൽ സമരം: സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാല്, അഞ്ച് തിയതികളിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിലും യുഡിഎഫ് രാപകൽ സമരം നടത്തും.
സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈൻഡ്രൈവ് വഞ്ചി സ്ക്വയറിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും കൺവീനർ ഷിബു തെക്കുംപുറവും അറിയിച്ചു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം.
ഇലന്തൂര്‍ കൊലക്കേസ്: ഹര്‍ജി എട്ടിനു പരിഗണിക്കാന്‍ മാറ്റി
കൊച്ചി: പത്തനംതിട്ട ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ പ്രതിഭാഗത്തിന്റെ ഹര്‍ജി എട്ടിനു പരിഗണിക്കാനായി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി.
തമിഴ്നാട്ടുകാരി പത്മയെ കൊന്ന കേസിലെ ഹര്‍ജിയാണു പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ കുറ്റം ചുമത്തല്‍ നടപടികള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചിരുന്നു. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച ശേഷമേ കുറ്റം ചുമത്തല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന പ്രതിഭാഗം ഹര്‍ജിയാണ് പരിഗണിക്കാന്‍ മാറ്റിയത്.
പത്മയുടെ കൊലപാതക കേസില്‍ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണു സമര്‍പ്പിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3,070 കൊലപാതകങ്ങൾ
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 3,070 കൊലപാതകങ്ങൾ നടന്നതായ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. കൊലപാതകങ്ങളിൽ പകുതിയോളമെങ്കിലും ലഹരി ഉപയോഗത്തെ തുടർന്നുള്ളതാണെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, കൊല നടന്നു ദിവസങ്ങൾ കഴിഞ്ഞു മാത്രം പ്രതികൾ അറസ്റ്റിലാകുന്നതിനാലാണ് മദ്യവും മയക്കു മരുന്നും അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കേസിൽ ഉൾപ്പെടാത്തതത്രേ.
ഔദ്യോഗിക കണക്ക് പ്രകാരം ഇത്രയും കൊലപാതകങ്ങളിൽ ലഹരി ഉപയോഗം മൂലം 52 എണ്ണം മാത്രം നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡിനു ശേഷമാണ് ലഹരി ഉപയോഗിച്ച ശേഷമുള്ള അരുംകൊലകൾ കേരളത്തിൽ ഇത്രയധികം വ്യാപകമായതത്രേ.
2016 മേയ് മാസം മുതൽ 2025 മാർച്ച് 16 വരെയുള്ള കാലയളവിലാണ് കേരളത്തിൽ 3,070 കൊലപാതകങ്ങൾ നടന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച മറുപടിയിൽ പറയുന്നത്.
കേരളത്തിലെ വൻ നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ റൂറൽ പോലീസ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. ഇതിൽ തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ മാത്രം 287 കൊലപാതകങ്ങൾ ഇക്കാലയളവിൽ നടന്നു. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ഒൻപതു വർഷമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടക്കുന്നതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ 131 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാകെ 418 കൊലപാതകങ്ങൾ.
എറണാകുളം റൂറൽ പോലീസ് ജില്ലാ പരിധിയിൽ 219 കൊലപാതകങ്ങളും സിറ്റിയിൽ 130 എണ്ണവും അടക്കം 349 കൊലപാതകങ്ങളാണ് എറണാകുളം ജില്ലയിൽ നടന്നത്. കൊല്ലം റൂറലും കൊലപാതകങ്ങളുടെ കാര്യത്തിൽ മോശമല്ല. ഇവിടെ 190 കൊലപാതകങ്ങളാണ് നടന്നത്. കൊല്ലം സിറ്റിയിൽ 148 എണ്ണവും. കൊല്ലം ജില്ലയിലാകെ 338 കൊലപാതകങ്ങൾ. തൃശൂർ ജില്ലയിൽ 315 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂർ സിറ്റിയിൽ 165, റൂറലിൽ 150.
ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങൾ, കുടുംബകലഹം, പ്രണയപ്പക, സാന്പത്തികതർക്കങ്ങൾ, രാഷ്ട്രീയ വിരോധം, മാനസികപ്രശ്നം, മുൻ വൈരാഗ്യം തുടങ്ങിയവയാണ് കൊലപാതകങ്ങളിലേക്കു നയിച്ച പ്രധാന കാരണങ്ങൾ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് 18 കൊലപാതകം നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇക്കാലയളവിലെ കൊലപാതക കേസുകളിലെ 78 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. കൊലപാതകങ്ങളിൽ ഉൾപ്പെട്ട 476 പ്രതികളെ ശിക്ഷിച്ചിരുന്നു. ഇവരിൽ 168 പേർക്ക് പലപ്പോഴായി വിവിധ ജയിലുകളിൽ നിന്ന് പരോളും നൽകി.
നേരത്തേ ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തോളം ദിവസം പരോൾ നൽകിയതു വിവാദമായിരുന്നു. കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവു നൽകാനും രണ്ടു മാസം മുൻപു ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കണക്കാണിത്.
മറ്റു ജില്ലകളിലെ കൊലപാതകങ്ങളുടെ എണ്ണം ചുവടെ:
പാലക്കാട്- 233, മലപ്പുറം-200, ഇടുക്കി-198, കോട്ടയം-180, ആലപ്പുഴ-180, കോഴിക്കോട്- 157, കണ്ണൂർ-152, പത്തനംതിട്ട-140, കാസർഗോഡ്-115, വയനാട്-90.
എഡിറ്റിംഗ് ആരുടെയും നിര്‍ബന്ധപ്രകാരമല്ല: ആന്റണി പെരുമ്പാവൂര്‍
കൊച്ചി: എമ്പുരാന് സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാന്‍ തീരുമാനിച്ചത് ആരെയും ഭയന്നിട്ടല്ലെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സ്വന്തം ഇഷ്ടപ്രകാരമാണ് എഡിറ്റിംഗ് നടത്തിയത്. മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവരെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഏതെങ്കിലും ആളുകള്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം നിര്‍മാതാവ് എന്ന നിലയിലും സംവിധായകന് എന്ന നിലയിലും അതില്‍ പ്രവര്‍ത്തിച്ചവരെന്ന നിലയിലും തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എഡിറ്റിംഗ് നടത്തിയത്.
മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സിനിമയുടെ കഥ അറിയാം. ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ. എല്ലാവരും ഈ സിനിമയെ മനസിലാക്കിയതാണ്. അതില്‍ കൂടുതല്‍ ഒന്നും പറയാന്‍ താത്പര്യമില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സംസ്ഥാന കേരളോത്സവം എട്ടു മുതൽ 11 വരെ
കോതമംഗലം: സംസ്ഥാന കേരളോത്സവം എട്ടുമുതൽ 11 വരെ കോതമംഗലത്ത് നടക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയായാണു മത്സരങ്ങൾ നടക്കുന്നത്. ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
59 കലാ മത്സരങ്ങളും 118 കായിക മത്സരങ്ങളുമാണ് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ആറിന് വൈകുന്നേരം ആറിന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള പുസ്തകശാല, ചിത്രപ്രദർശനം, ടൂറിസം തുടങ്ങിയ എക്സിബിഷൻ സെന്ററുകളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിക്കും. ഏഴിന് വൈകുന്നേരം നാലിന് ‘നോ പറയാം മയക്കുമരുന്നിനോട്: ചേർത്തു പിടിക്കാം നമ്മുടെ നാടിനെ’ എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന കൂട്ടയോട്ടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
എട്ടിന് വൈകുന്നേരം നാലിന് നഗരസഭ ജംഗ്ഷനിൽ നിന്ന് മാർ ബേസിൽ ഗ്രൗണ്ടിലേക്ക് സാംസ്കാരിക ഘോഷയാത്ര. തുടർന്ന് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് പങ്കെടുക്കും.
സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയില്ല; മൃഗസംരക്ഷണ വകുപ്പില്‍ അതൃപ്തി
എം. ജയതിലകന്‍
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന്മാരുടെയും സീനിയര്‍ വെറ്ററിനറി സര്ജന്മാരുടെയും സ്ഥലംമാറ്റത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും പട്ടിക പുറത്തിറങ്ങിയില്ല.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് നാലുമാസമായിട്ടും പട്ടിക പുറത്തിറക്കുന്നതു നീളുകയാണ്. വര്‍ഷങ്ങളായി വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വന്തം നാട്ടിലേക്കു നിയമനം കിട്ടാന്‍ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ്. പട്ടിക പുറത്തിറക്കുന്നതു വൈകുന്നതു ഡോക്ടര്‍മാരില്‍ അതൃപ്തിക്കു കാരണമായി.
കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഓണ്‍ലൈന്‍ മുഖേന ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിനു അപേക്ഷിക്കാന്‍ അവസരമൊരുക്കിയത്. അതിനുമുമ്പുതന്നെ വകുപ്പ് സ്പഷ്ടീകരണ ഉത്തരവ് എന്ന പേരില്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. അതില്‍ സ്ഥലംമാറ്റത്തിനു അപേക്ഷിക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
ഒരു സ്ഥലത്ത് മൂന്നുവര്‍ഷത്തില്‍ താഴെ കാലമായി ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന് ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. മൂന്നു വര്‍ഷമായവരെ നിര്‍ബന്ധമായി മാറ്റുമെന്നും മൂന്നു പോസ്റ്റില്‍ കൂടുതല്‍ അപേക്ഷിക്കാന്‍ പാടില്ലെന്നും ഇതില്‍ പറഞ്ഞിരുന്നു.
നിലവിലുള്ള ഓപ്പണ്‍ തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. വരാനിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. ഇത്തരം വ്യവസ്ഥകള്‍ ഡോക്ടര്‍മാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.
സ്പാര്‍ക്ക് വഴി അപേക്ഷിക്കുമ്പോള്‍ എല്ലാവര്ക്കും അപേക്ഷ സമര്‍പ്പിക്കാം എന്നിരിക്കേ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് രാഷ്ട്രീയ താത്പര്യം പരിഗണിച്ചാണെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിന്റെ പേരില്‍ 90 ഡോക്ടര്‍മാരെ സ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
അവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് ഇതിനെതിരേ അഡ്മിനിസ്േട്രറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
സ്ഥലംമാറ്റം കുറ്റമറ്റ രീതിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ നടത്തണമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ. സജീവ്കുമാര്‍ ആവശ്യപ്പെട്ടു. മൂന്നുമാസം കഴിഞ്ഞുവരുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ കുറവ് സംസ്ഥാനത്തെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ അമ്പതിലേറെ വെറ്ററിനറി സര്ജന്മാരുടെ ഒഴിവാണുള്ളത്.മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഒഴിവുകള്‍ ഏറെയുള്ളത്.
തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് മലബാറില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏറെയും. അവര്‍ സ്ഥലംമാറി പോകുമ്പോള്‍ പുതിയ ഒഴിവുകള്‍ വരികയാണ്. മേയ് മാസത്തില്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്ന അവസ്ഥയുണ്ട്. അതോടെ ഡോക്ടര്‍മാരുടെ ഒഴിവുകളുടെ എണ്ണം നൂറുകടക്കും.
വെറ്ററിനറി ഡോക്ടര്‍മാരുടെ പിഎസ്സി പട്ടിക നിലവിലില്ല. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു എഴുത്തുപരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ഇറങ്ങിയശേഷം ഇന്‍ര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വരാന്‍ മാസങ്ങള്‍ പിടിക്കും.
നിലവില്‍ ഒരു ഡോക്ടര്‍ക്ക് ഒന്നില്‍ കൂടുതല്‍ മൃഗാശുപത്രികളുടെ അധിക ചുമതലയുള്ള അവസ്ഥയും നിലനില്ക്കുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനു നിലവിലുള്ള ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ കരാര്‍ അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വടാട്ടുപാറയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് ബന്ധുക്കള്‍ക്കു ദാരുണാന്ത്യം
കോതമംഗലം: വടാട്ടുപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു.
ആലുവ വടക്കേ എടത്തല വടക്കേതോലക്കര വി.എസ്. അഹമ്മദിന്റെ മകൻ സിദ്ദിഖ് (42), ഇയാളുടെ സഹോദരീപുത്രൻ കാലടി മറ്റൂര്‍ തുറവുംകര പിരാരൂര്‍ മല്ലശേരി അബു ഫായിസ് (21) എന്നിവരാണു മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇരുവരും.
വടാട്ടുപാറ പലവന്‍പുഴയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മൂന്നു കാറുകളിലായി കുടുംബാംഗങ്ങളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 പേരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. പുഴയില്‍ നീന്തുന്നതിനിടെ അബു ആദ്യം ഒഴുക്കില്‍പ്പെടുകയായിരുന്നു. അബുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിദ്ദിഖിനും ജീവന് നഷ്ടപ്പെട്ടത്.
ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് ഏതാനും കിലോമീറ്റര്‍ മാത്രം താഴെയാണ് അപകടം. പവര്‍ ഹൗസില്‍ ഉത്പാദനം നടക്കുന്ന സമയമായതിനാൽ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. അധികൃതര്‍ ഇടപെട്ട് പവര്‍ ഹൗസിലെ ഉത്പാദനം ക്രമീകരിച്ച് ഒഴുക്ക് നിയന്ത്രിച്ച ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്കു മൃതദേഹം കണ്ടെടുക്കാനായത്.
സിദ്ധിക്കിന്റെ മൃതദേഹം ഇന്ന് നാലിന് പോങ്ങാട്ടുശേരി ജുമാ മസ്ജിജിദിലും അബു ഫായിസിന്റെ മൃതദേഹം മറ്റൂര്‍ തുറവുംകര ജുമാ മസ്ജിദിലും കബറടക്കും.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം വിവാദം: ബാലു രാജിവച്ചു
ഇരിങ്ങാലക്കുട: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച കൊല്ലം ആര്യനാട് സ്വദേശി ബാലു ജോലി രാജിവച്ചു. ശാരീരികമായ പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
പാരമ്പര്യ അവകാശികളെ മാറ്റി പുതിയ നിയമനം നടത്തിയതിനെതിരേ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്തുവന്നതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മുടങ്ങുമെന്ന സാഹചര്യത്തിൽ ദേവസ്വം ഫെബ്രുവരി 24നു ജോലിയില്‍ പ്രവേശിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് വര്‍ക്ക് അറേഞ്ച്മെന്റ് എന്ന പേരില്‍ മാറ്റിയിരുന്നു. തുടര്‍ന്ന് ബാലു അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ദേവസ്വത്തിനോടു വിശദീകരണം ആവശ്യപ്പെട്ടു.
ഓഫീസ് ജോലിയില്‍ തുടരാൻ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ബാലു ദേവസ്വത്തിന് അപേക്ഷ നല്‍കിയെങ്കിലും നിയമാനുസൃതമല്ലാത്ത കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അവധി നീട്ടിയ ബാലു തന്റെ ലീവ് കഴിയുന്ന ഇന്നലെ ബന്ധുക്കളോടൊപ്പം എത്തിയാണ് രാജിക്കത്ത് നല്‍കിയത്.
കാർ ട്രാവലറുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
കൊണ്ടോട്ടി: പെരുന്നാൾ ആഘോഷിക്കാൻ മൈസൂരുവിലേക്കു പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ കർണാടക നഞ്ചൻകോട് വച്ച് ട്രാവലറുമായി കൂട്ടിയിടിച്ച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശികളായ സഹോദരങ്ങൾക്കു ദാരുണാന്ത്യം.
മൊറയൂർ അരിന്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്.
അപകടത്തിൽ ഏഴു പേർക്കു പരിക്കേറ്റു. കൊണ്ടോട്ടിക്കടുത്ത് മൊറയൂർ അരിന്പ്രയിലെ വീട്ടിൽനിന്നു ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നതിനിടെ രാവിലെ എട്ടിനായിരുന്നു അപകടം.
കാർ ഓടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഷഹ്സാദ് വിദേശത്തുനിന്നു പെരുന്നാളിന് അവധിക്കെത്തിയതായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ട്രാവലറുമായാണു കാർ കൂട്ടിയിടിച്ചത്.
അബ്ദുൾ അസീസ് (50), അസീസിന്റെ മറ്റു മക്കളായ മുഹമ്മദ് അദ്നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്ദിയയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ട് മാസം), അബ്ദുൾ അസീസിന്റെ സഹോദരൻ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷാനിജ് (15) എന്നിവരാണു പരിക്കേറ്റു ചികിത്സയിലുള്ളത്. ഇവരെ ഗുണ്ടൽപേട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അബ്ദുൾ അസീസിന്റെ ആദ്യഭാര്യയിലെ മകനാണു മരിച്ച മുഹമ്മദ് ഷഹ്സാദ്. കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറന്പ് സ്വദേശിയും ആശാ പ്രവർത്തകയുമായ ഫാത്തിമയാണ് അമ്മ. മൈസൂരു കൊപ്പ സ്വദേശിയായ രേഷ്മയാണു മരിച്ച മുസ്കാനുൽ ഫിർദൗസിന്റെ അമ്മ.
വിദേശത്തുള്ള സൽമാനുൽ ഫാരിസ് സഹോദരനാണ്. മൈസൂരുവിൽ താമസിച്ച് കച്ചവട സ്ഥാപനം നടത്തുകയാണ് രേഷ്മ. അബ്ദുൾ അസീസ് കുടുംബമായി മൊറയൂർ അരിന്പ്രയിലാണ് താമസം.
പൂരം അലങ്കോലമായ സംഭവം: അനീഷ്കുമാറിന്റെ മൊഴിയെടുത്തു
തൃശൂർ: പൂരം അലങ്കോലമായ സംഭവത്തിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ്കുമാറിന്റെ മൊഴിയെടുത്തു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞെന്ന് അനീഷ്കുമാർ അറിയിച്ചു.
പോലീസിന്റെ ഇടപെടലാണു പൂരം അലങ്കോലമാക്കിയത്. ഇത്രയധികം പ്രശ്നമുണ്ടായിട്ടും മന്ത്രി കെ. രാജനോ വി.എസ്. സുനിൽ കുമാറോ സ്ഥലത്ത് എത്തിയില്ല. ഇതു ബോധപൂർവമാണെന്നു സംശയിക്കുന്നു.
പൂരം കലക്കാൻ ഇടതുപക്ഷം ശ്രമിച്ചെന്ന സംശയമുണ്ട്. പോലീസ് പൂരം നടത്തുന്നതു തെറ്റായ കീഴ്വഴക്കമാണെന്നും അനീഷ്കുമാർ പറഞ്ഞു.
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി ‘സര്‍വേശ’
തൃശൂര്‍: രാജ്യാന്തര ആത്മീയസംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്വന് കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്കിയ പാടുംപാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന് മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്.
ബെസ്റ്റ് കംപോസിഷന്, ബെസ്റ്റ് പ്രൊഡക്ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചലസ് ഓര്‍ക്കസ്ട്രയെയും പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് ’സര്‍വേശ’ ആല്‍ബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍, ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.
നാലു മാസം മുമ്പ് മനോജ് ജോര്‍ജും ഫാ. പോള്‍ പൂവത്തിങ്കലും ചേര്‍ന്ന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ആല്‍ബം ഇതിനകം 11 ലക്ഷത്തിലേറെ പേര് ആസ്വദിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആല്‍ബം പ്രകാശനം ചെയ്തത്.
റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്‍കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യുന്നതിനുള്ള അവസരം നല്കുന്നു.
റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ www.cee. kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024 Candidate Potal’എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ് എന്നിവ നല്കി പ്രവേശിച്ച് ‘Submitt Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഏഴിന് വൈകുന്നേരം അഞ്ച്വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്കാത്തവരുടെ തുക ഇനിയൊറിയിപ്പില്ലാതെ തന്നെ സര്‍ക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ :0471 2525300.
അവധിക്കാലം: കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
കോഴിക്കോട്: അവധിക്കാലത്ത് കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശവുമായി കേരള പോലീസ്.
അവധിക്കാലമായതിനാൽ കുട്ടികൾ സമയം കളയുന്നതിനു ഗെയിമുകളും മറ്റുമായി സ്മാർട്ടുഫോണുകളുടെ മുന്നിൽത്തന്നെയായിരിക്കും. പണ്ടുകാലത്തെപോലെ പുറത്തുപോയി കളിക്കുന്ന ശീലം വളരെ കുറവായതിനാൽ കുട്ടികളുടെ ഫോൺ ഉപയോഗവും അമിതമാണ്.
അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കണമെന്ന നിർദേശവുമായാണു കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പരീക്ഷക്കാലമൊക്കെ കഴിഞ്ഞതിനാൽ ഇനി കുട്ടികൾ അവധി ആഘോഷിക്കേണ്ട സമയാണ്. സ്വാഭാവികമായും കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകണം.
വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ് ലൈനില്എന്ന പോലെതന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പാസ്വേഡുകളും സ്വകാര്യ വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ എന്നിവ അപരിചിതനിൽനിന്നു ലഭിച്ചാൽ രക്ഷിതാക്കളെ അറിയിക്കണമെന്ന തരത്തിൽ അവരെ പഠിപ്പിക്കണം.
അപരിചിതരിൽനിന്നു സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കാതിരിക്കാനും അനാവശ്യ ചാറ്റിംഗിന് അവസരം ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നു പോലീസ് പറയുന്നു.
ഉത്തരക്കടലാസ് കളഞ്ഞുപോയ സംഭവം: എംബിഎ പുനഃപരീക്ഷ ഏപ്രിൽ ഏഴിന്
തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല. ഈ മാസം ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്നു വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കി.
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. എന്നാൽ സർവകലാശാലയുടെ പുനഃപരീക്ഷ നീക്കത്തിൽ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞു പോയത്.
2024 മേയിൽ നടന്ന പരീക്ഷയിലെ വീഴ്ചയിൽ ഇപ്പോഴാണ് സർവകലാശാല നടപടി സ്വീകരിച്ചത്. 71 വിദ്യാർഥികൾക്ക് ഏപ്രിൽ ഏഴിന് പുനഃപരീക്ഷ നടത്തും. അന്ന് വരാൻ അസൗകര്യമുള്ളവർക്ക് 22ന് വീണ്ടും അവസരം ഉണ്ടാകും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കും.
കടൽ പ്ലാസ്റ്റിക് മുക്തമാക്കാൻ ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതി
തിരുവനന്തപുരം: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.
2022 ജൂൺ മാസം എട്ടിന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ, കലാപരിപാടികൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ, മെഴുകുതിരി ജാഥ, കടലോര നടത്തം, കുടുംബയോഗങ്ങൾ, വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, സോഷ്യൽമീഡിയ, എഫ്എം റേഡിയോ വഴിയുള്ള പ്രചാരണം എന്നിവയാണ് പ്രധാന ബോധവത്കരണ പരിപാടികൾ.
ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 11ന് ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തി, ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 483 ആക്ഷൻ ഗ്രൂപ്പുകളെ സജ്ജമാക്കും.
ഓരോ ആക്ഷൻഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടർകാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പു കൂടാതെ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, പരിസ്ഥിതി, ഹാർബർ എൻജിനിയറിംഗ് വകുപ്പുകളുടെയും മത്സ്യഫെഡ് എന്നിവയിലെ ജില്ലാതല, പഞ്ചായത്ത് / വില്ലേജ്തല ഉദ്യോഗസ്ഥർക്കാണ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ചുമതല.
കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും. ഒന്‍പത് മറൈൻ ജില്ലകളിൽനിന്നും മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും.
11ന് ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം രാവിലെ ഏഴുമുതൽ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള കടൽത്തീരത്ത് 483 ആക്ഷൻ ക്രേന്ദ്രങ്ങളിലായി നടക്കും. പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമ സംഘടനകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.
ആശയറ്റവർ അൻപതാം നാളിൽ മുടി മുറിച്ചു
തിരുവനന്തപുരം: അൻപത് നാളായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർ സമരം കൂടുതൽ കടുപ്പിച്ച് മുടി മുറിച്ച് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിലാണ് മുടി മുറിച്ച് സമരം നടത്തിയത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും മുടിമുറിക്കൽ പ്രതിഷേധ സമരം നടന്നു.
വിശ്രമമില്ലാത്ത ജോലിയും വളരെക്കുറഞ്ഞ വേതനവുമായി ജീവിച്ചു പോകാനാകാത്ത സാഹചര്യത്തിലാണ് വേതനവർധനയും വിരമിക്കൽ ആനുകൂല്യവും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ ഉയർത്തി തങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിച്ചതെന്നു സമരസമിതി വ്യക്തമാക്കി. സംസ്ഥാന ബജറ്റിനു മുമ്പ് ആരോഗ്യമന്ത്രിയെ മന്ത്രിയെ നേരിട്ടു കണ്ട് ആശാ വർക്കർമാർ നിവേദനം സമർപ്പിച്ചിരുന്നു.
ഈ ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരം ആരംഭിച്ചത്. എന്നാൽ രാപകൽ സമരം 50 ദിവസവും നിരാഹാരസമരം 12 ദിവസവും പിന്നിടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ജില്ലകളിൽ ഒറ്റയ്ക്കും കൂട്ടായും ആശാ വർക്കർമാർ പ്രതിഷേധിച്ച് മുടി മുറിച്ചു.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും മുടിമുറിക്കൽ സമരത്തിൽ പങ്കാളികളായി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ എത്തിയ മാർത്തോമ സഭ വൈദികൻ രാജു പി. ജോർജ് ആശാവർക്കർമാർക്കൊപ്പം സമരവേദിയിൽ മുടി മുറിച്ചു.
മാർത്തോമ സഭാ പരിസ്ഥിതി സമിതി അംഗം ഫാ വി. എം. മാത്യു, ഫാ.ഡി. സുനിൽ എന്നിവരും അദ്ദേഹത്തോടൊപ്പം സമരവേദിയിൽ എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ നായരും സമരവേദിയിൽ എത്തി ആശാവർക്കർമാർക്കൊപ്പം മുടി മുറിച്ചു.
പ്രഫ.എം. കെ. സാനു, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സാമൂഹ്യ പ്രവർത്തകരായ കുസുമം ജോസഫ്, കെ. അജിത, മാധ്യമപ്രവർത്തക എം. സുചിത്ര തുടങ്ങി നിരവധി പേർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രതികരണങ്ങളിലൂടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നുമുതൽ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനുമുൾപ്പെടെ വില വർധിക്കും.
പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റിന് അഞ്ച് മുതൽ 15 പൈസ വരെയാണ് ഏപ്രിൽ മുതൽ അധികമായി നൽകേണ്ടിവരിക.
ഡിസംബറിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്കുവർധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്.
ഫിക്സഡ് ചാർജിൽ അഞ്ച് മുതൽ 15 രൂപ വരെയുള്ള വർധനയും ഈ മാസം മുതലുണ്ടാകും. ഇതിനു പുറമേഏപ്രിലിൽ ഏഴ് പൈസ സർചാർജും ഉപയോക്താക്കൾ നൽകേണ്ടതുണ്ട്.
പ്രതിമാസം 250 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് ആദ്യ യൂണിറ്റ് മുതൽ ഒരേ നിരക്കാണ് നൽകേണ്ടിവരിക. ഈ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വർധന.
നിരക്കുവർധനയിലൂടെ 357.28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതിക്കു പുറമേ വെള്ളത്തിനും വില കൂടും. വെള്ളക്കരത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായേക്കും. കേന്ദ്രസർക്കാർ വ്യവസ്ഥ പ്രകാരമാണ് ഈ വർധന.
ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ ഇതൊഴിവാക്കിയിരുന്നു. ഇക്കുറി ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും വന്നിട്ടില്ല. അതിനാൽ നിരക്കു വർധനയുണ്ടായേക്കുമെന്ന വിവരമാണ് അധികൃതർ നൽകുന്നത്. ഇതിനു പുറമെ ടോൾ, ഭൂനികുതി, കോടതി ഫീസ് തുടങ്ങിയവയും വർധിക്കും. ഭൂമിയുടെ പാട്ടനിരക്കും പരിഷ്കരിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണവും ഈ മാസമുണ്ടാകും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാൽ ടൂറിസ്റ്റ് ബസുകളുടെ നിരക്കിലും വർധനയുണ്ടാകും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിക്കും. ടോൾ നിരക്കും വർധിക്കും.
കാറുകൾക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങൾക്ക് 15 രൂപയും എന്ന നിരക്കിലാണ് ദേശീപാതാ അഥോറിറ്റി ടോൾ നിരക്ക് വർധിപ്പിച്ചിട്ടുള്ളത്.
സ്കൂട്ടർ കിണറ്റിലേക്കു വീണ് അച്ഛനും മകനും ദാരുണാന്ത്യം
കോട്ടയ്ക്കൽ: പെരുന്നാൾദിനത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് കിണറ്റിലേക്കു മറിഞ്ഞ് അച്ഛനും മകനും മരിച്ചു.
രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ കാടാന്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മാറാക്കര പഞ്ചായത്ത് കീഴ്മുറിയിലായിരുന്നു അപകടം.
പെരുന്നാൾ പ്രമാണിച്ച് മസ്ജിദിൽനിന്നു നിസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും.
ഇതിനിടെ ഇറക്കത്തിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ സമീപത്തെ വീടിന്റെ മതിലും കിണറിന്റെ ആൾമറയും തകർത്ത് കിണറ്റിലേക്കു വീഴുകയായിരുന്നു. തുടർന്ന് മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സോനാംഗങ്ങൾ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഖദീജയാണ് ഹുസൈന്റെ ഭാര്യ. മുസ്തഫ, സുബൈദ, നാസർ, കുഞ്ഞിമുഹമ്മദ് എന്നിവരാണു മറ്റു മക്കൾ. ഹസീനയാണ് ഹാരിസ് ബാബുവിന്റെ ഭാര്യ. ഹനാൻ മകനാണ്.
വേനൽമഴ കരുത്താർജിക്കും; വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വേനൽമഴ കരുത്താർജിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്റീ മീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും എറണാകുളം, തൃശൂർ ജില്ലകളിൽ വെള്ളിയാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ വരെ 91 ശതമാനം അധികമഴ ലഭിച്ചു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 34.4 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 65.7 മില്ലീ മീറ്റർ മഴയാണു പെയ്തത്. മിക്ക ജില്ലകളിലും മാർച്ച് മാസത്തിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ അധികം മഴ ലഭിച്ചു.
കണ്ണൂരിൽ ഇക്കാലയളവിൽ 270 ശതമാനം അധിക മഴ പെയ്തപ്പോൾ വയനാട്ടിൽ 226 ശതമാനവും കോഴിക്കോട്ട് 219 ശതമാനവും മലപ്പുറത്ത് 184 ശതമാനവും തിരുവനന്തപുരത്ത് 188 ശതമാനവും കോട്ടയത്ത് 121 ശതമാനവും അധിക മഴ ലഭിച്ചു.
മുനമ്പം ജനതയ്ക്കുവേണ്ടി എംപിമാർ വോട്ട് ചെയ്യണം: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: സ്വന്തം പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ഭൂമിയായി മുദ്ര കുത്തപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയുടെ കണ്ണീരിന് അറുതിവരുത്താൻ പുതിയ വഖഫ് നിയമ ഭേദഗതിയെ കേരളത്തിൽനിന്നുള്ള എംപിമാർ പിന്തുണയ് ക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.
വഖഫ് നിയമ ഭേദഗതി നടപ്പാക്കാതെ മുനമ്പത്തെ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകില്ല.അതുകൊണ്ടുതന്നെ മുനമ്പത്തെ 600 ൽ പരം കുടുംബങ്ങൾക്ക് വേണ്ടി നില കൊള്ളുവാൻ കേരളത്തിലെ ജനപ്രതിനിധികൾക്ക് ബാധ്യത ഉണ്ട് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. അവർ നീതിക്കുവേണ്ടി നിലകൊള്ളണം.ഈ വിഷയത്തിൽ സഭാ നിലപാടിന് പൂർണപിന്തുണ അറിയിക്കുന്നു.
വഖഫ് നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമുദായനിലപാടിനൊപ്പം നിൽക്കുന്നവർക്കെതിരേ ഭീഷണി മുഴക്കാനും പിന്തിരിപ്പിക്കാനുമാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
വഖഫ് ബോർഡിനുള്ള അനിയന്ത്രിതമായ അവകാശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇല്ലാതാക്കണമെന്നും സിവിൽ നിയമപരിധിയിൽ വഖഫ് ബോർഡിനെ കൊണ്ടുവരുന്ന വിധത്തിൽ നിലവിലെ നിയമം പരിഷ്കരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ യുട്യൂബറെ വിശദമായി ചോദ്യംചെയ്യും
തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും.
എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരേയാണു മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുന്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംഗ്ഷനിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം.
പൈലറ്റ് വാഹനം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാൾ വാഹനവ്യൂഹത്തിനു മുന്നിൽ കാർ നിർത്തി.
മണ്ണുത്തി എസ്ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം മാറ്റാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനോടു തട്ടിക്കയറി. വാഹനവ്യൂഹത്തിലേക്കു മനഃപൂർവം കാർ ഇടിച്ചുകയറ്റി ജീവാപായം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണു കേസ്.
ക്ഷേത്ര കലശഘോഷയാത്രയിൽ കൊലക്കേസ് പ്രതികളായ സിപിഎമ്മുകാരുടെ ചിത്രങ്ങളടങ്ങിയ കൊടിയും
കണ്ണൂർ: കായലോട് പറമ്പായിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശഘോഷയാത്രയ്ക്കിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി ആഘോഷം.
പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണു ഞായറാഴ്ച രാത്രി കലശഘോഷയാത്ര നടന്നത്. ഈ ഘോഷയാത്രയിലാണു ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി നൃത്തം ചെയ്തും മുദ്രാവാക്യ ഗാനങ്ങളുമായി ഒരു സംഘം അണിചേർന്നത്.
ഈ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവരികയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
ചാവറയച്ചന്റെ നാലു സ്നേഹിതരുടെ കഥയിൽ, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ ആദ്യ മൂന്നുപേർക്കും കഴിയില്ലെന്ന് അയാൾക്കു മനസിലായി. ദുഃഖിതനായി നിൽക്കവേ അതാ, നാലാമതൊരാൾ വരുന്നു.
നാലാമൻ ചോദിച്ചു: "അല്ലയോ സ്നേഹിതാ, എന്താണിത്? നിന്റെ മുഖത്ത് ഒരു വിഷാദഭാവം. നിനക്ക് എത്ര ദുഃഖം ഉണ്ടായാലും അത് എന്നേക്കും ഇല്ലാതാക്കാൻ എനിക്കു കരുത്തുണ്ട്. മനുഷ്യർക്കു വിവിധങ്ങളായ ദുഃഖങ്ങൾ വന്നു ഭവിക്കാറുണ്ട്. എങ്കിലും മരണത്തിനു തുല്യമായ ദുഃഖം ഈ ലോകത്തു വേറെയില്ല. എന്റെ പേര് മരണത്തെ ജയിച്ചവൻ എന്നാണ്.ശത്രുക്കൾക്ക് എന്നെ തോൽപ്പിക്കാനാവില്ല.
നിന്റെ എതിരാളികൾ രാജാവിന്റെ സന്നിധിയിൽ നിന്റെ മരണത്തിനായി ശ്രമിച്ചെങ്കിൽ നീ വ്യാകുലപ്പെടേണ്ടതില്ല. നിന്റെ പ്രാണനാശത്തിനുള്ള ഈ വിധി സ്നേഹത്തിന്റെ വിധിയാക്കി മാറ്റാനും ഞാൻ ശക്തനാണ്. നീ സ്വസ്ഥമായിരിക്കുക. ദുഃഖഭാവം വെടിയുക. ദൈവസന്നിധിയിലേക്ക് എന്നോടൊന്നിച്ചു പോരുക.'
നാലാമത്തെ സ്നേഹിതൻ പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു. കാര്യങ്ങളെല്ലാം ശുഭമായി. അവൻ അത്യധികമായി സന്തോഷിച്ചു. ഇനി നാലാമത്തെ സ്നേഹിതൻ ആരാണെന്നല്ലേ? ജീവിതകാലത്തു ചെയ്തിട്ടുള്ള സുകൃതങ്ങൾ, പുണ്യങ്ങൾ, നന്മകൾ. ഇവ മാത്രമേ മരണത്തിലേക്കു പ്രവേശിക്കുന്നവന്റെ ഒപ്പം ഒരു സുഹൃത്തായി ഉണ്ടാവൂ.
ചതുരന്ത്യം
പുണ്യമാകുന്ന സ്നേഹിതൻ പരേതാത്മാവിനെ അടുത്തിരുത്തിക്കൊണ്ട് മനുഷ്യന്റെ ചതുരന്ത്യത്തെക്കുറിച്ച് (മരണം, വിധി, മോക്ഷം, നരകം എന്നീ നാല് അന്ത്യങ്ങൾ) അയാളെ ഓർമപ്പെടുത്തി. ആ സ്നേഹിതന്റെ വാക്കുകൾ അയാൾക്കു സ്വീകാര്യമായി, ശ്രദ്ധാപൂർവം കേട്ടു. അവയെക്കുറിച്ചു ധ്യാനിച്ചു. സ്നേഹിതൻ തുടർന്നു പറഞ്ഞു: "വളരെ ശ്രേഷ്ഠമായ ഒരു തത്വം ഞാൻ പറഞ്ഞു തരാം, മരണത്തെ ജയിക്കാൻ നാം ഈ ലോകത്തിലായിരിക്കുന്പോൾ നല്ല പ്രവൃത്തികളിൽ മുഴുകണം. ആ സുകൃതങ്ങൾ നമ്മെ അമർത്യരാക്കും. അവ മാത്രമേ ആത്മാവിനോടൊപ്പം മറ്റൊരു ലോകത്തിലേക്കു യാത്ര ചെയ്യാൻ കൂടെയുണ്ടാകൂ. മരണം, വിധി, സ്വർഗം, നരകം എന്നിവ മനുഷ്യന്റെ ബുദ്ധിയിലും ഓർമയിലും സദാസമയവും ഉണ്ടായിരിക്കണം. ഇക്കാര്യം ഉരുവിട്ടുകൊണ്ട് ജീവിക്കാൻ എന്റെ മൃതശരീരം പ്രിയ ജനമേ, നിങ്ങളെ ഓർമിപ്പിക്കുന്നു' - പരേതാത്മാവ് ബന്ധുമിത്രാദികളെ ഉപദേശിക്കുന്നു.
സുകൃതങ്ങൾ
സ്നേഹിതൻ ഒാർമിപ്പിക്കുന്നത്, നന്മകൾ രണ്ടു തരത്തിൽ രക്ഷയായി എത്താറുണ്ടെന്നാണ്. ശരീരം വിട്ടുപോയെങ്കിലും ആത്മാവിനു പുതിയ ജീവിതം തുടങ്ങുന്നു. രണ്ടാമതായി മർത്യശരീരം വിടുന്ന ആത്മാവിന് അവ നിത്യജീവിതത്തിലേക്കു കൂട്ടുകാരാകുന്നു.
കാട്ടിലും യുദ്ധത്തിലും അഗ്നിബാധയിലും കടൽക്കോളിലും പർവതശിഖരത്തിലും ഉറക്കത്തിലും ഉന്മാദത്തിലും ഏതു ദുർഘടഘട്ടത്തിലും ഈ സുകൃതങ്ങൾ നമ്മെ രക്ഷിക്കാനെത്തുന്നുവെന്ന സത്യം മനുഷ്യൻ ഓർത്തുവയ്ക്കണം. മരണമുണ്ടായാലും സുകൃതങ്ങൾ മനുഷ്യന് അമരത്വം നേടിക്കൊടുക്കുന്നു. സഹോദരങ്ങൾക്കു നന്മവരുത്തുന്നതേ ചെയ്യൂ എന്ന നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നവർ, അവരുടെ സ്മൃതിയിൽ മരണമില്ലാതെ വർത്തിക്കുന്നു.
നമ്മുടെ വാക്കും മനസും പെരുമാറ്റങ്ങളും നന്മയുടെയും ഉണ്മയുടെയും ജീവിതമേന്മയുടെയും പാളങ്ങളിൽനിന്നു വഴുതിപ്പോകാതിരിക്കണം.
കോഴിക്കോട്: മയക്കുമരുന്നിനെതിരേ സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ മയക്കുമരുന്നു കച്ചവടക്കാരെക്കൊണ്ടും ഉപയോഗിക്കുന്നവരെക്കൊണ്ടും നിറയുന്നു.
എക്സൈസും പോലീസും നടത്തുന്ന വേട്ടയില്‍ ഓരോ ജില്ലയിലും നിരവധി പേരാണ് കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്നത്. ഇതില്‍ ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചവരെ മാത്രമാണു ജാമ്യത്തില്‍ വിടുന്നത്. മറ്റുള്ളവരെയെല്ലാം ജയിലിലേക്കു റിമാന്‍ഡ് ചെയ്യുകയാണ്. ജയിലിനകത്ത് എത്തുന്നവര്‍ അവിടെ മയക്കുമരുന്ന് കച്ചവട കേന്ദ്രമാക്കി മാറ്റുന്നതായാണ് ആരോപണം. സമാന്തര മയക്കുമരുന്ന് വില്പനകേന്ദ്രമായി തടവറകള്‍ മാറുകയാണ്.
സംസ്ഥാനത്തെ ജയിലുകളില്‍ മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ കുറവാണ്. ഇതാണ് മയക്കുമരുന്ന് ലോബിക്ക് അനുകൂലമാകുന്നത്. ജയിലില്‍ എത്തുന്നവരെ പരിശോധിക്കാന്‍ ബാഗേജ് സ്കാനറുകളാണു നിലവിലുള്ളത്. ഇതിലൂടെ മയക്കുമരുന്നുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ സാധിക്കില്ല.
മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനായി ജയില്‍ ജീവനക്കാര്‍ക്ക് സംശയമുള്ള പ്രതികളുടെ ദേഹപരിശോധന നടത്തണം. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വരെ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുമ്പോള്‍ ഇവ കണ്ടെത്തുക പ്രയാസമാണ്. നിലവിലെ സാഹചര്യത്തില്‍ മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനം ജയിലുകളില്‍ ഒരുക്കണമെന്നാണു ജയില്‍വകുപ്പിന്റെ ആവശ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിനു ജയില്‍വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് മയക്കുമരുന്ന് കണ്ടെത്തുന്നതിനു പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗുകളുള്ളത്. മറ്റു ജയിലുകളിലൊന്നും ഈ സംവിധാനമില്ല. പോലിസും എക്സൈസും പിടികൂടുന്ന പ്രതികളെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുമ്പോഴും മറ്റും ജയിലുകളില്‍നിന്നു കോടതിയിലേക്കു കൊണ്ടുപോകേണ്ടതുണ്ട്.
ചികിത്സാര്‍ത്ഥം ആശുപത്രികളിലേക്കും കൊണ്ടുപോകണം. ഈ അവസരത്തില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരി സംഘങ്ങള്‍ പ്രതികള്‍ക്ക് മയക്കുമരുന്ന് കൈമാറുകയാണു ചെയ്യുന്നത്. ഇപ്രകാരം കൈമാറുന്ന മയക്കുമരുന്ന് ശുചിമുറികളില്‍ വച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് ജയിലുകളില്‍ എത്തിക്കും. ജയിലുകളിലെത്തിച്ച മയക്കുമരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാനും ആവശ്യക്കാരേറെയാണ്. ഇതോടെ ജയിലുകളെ സമാന്തര വിപണനകേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
പുറത്തുനിന്നാണ് ഇതിനായുള്ള പണമിടപാടുകള്‍ ഏകോപിപ്പിക്കുന്നത്. പണം ഏജന്റുമാര്‍ക്ക് ലഭിച്ചാല്‍ ജയിലിനുള്ളിലെ ആവശ്യക്കാര്‍ക്ക് മയക്കുമരുന്നു ലഭിക്കും. ജയില്‍ ജീവനക്കാര്‍ വരെ തടവുകാര്‍ക്കു ലഹരി എത്തിച്ചുകൊടുത്ത സംഭവമുണ്ടായിട്ടുണ്ട്.
മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ ജയിലിനുള്ളില്‍ കാണിക്കുന്ന പരാക്രമങ്ങള്‍ തടയാന്‍ പോലും ജീവനക്കാരില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2,415 ജീവനക്കാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 2,308 പേര് മാത്രമാണുള്ളത്. 107 ജീവനക്കാരുടെ കുറവവാണുള്ളത്. ലഹരി വ്യാപനം കൂടിയതോടെ പോലിസും എക്സൈസും സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനയാണ് തുടരുന്നത്. ഇങ്ങനെ പിടികൂടുന്ന പ്രതികളെ ജയിലുകളിലേക്കു റിമാന്‍ഡ് ചെയ്യും.
നിലവില്‍ ജയിലിലെ കെട്ടിടങ്ങളുടെ ശേഷിയേക്കാള്‍ 63 ശതമാനം തടവുകാരാണു കൂടുതലായുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഏജന്റുമാരും നിറയുന്നതോടെ അഴിക്കുള്ളിലെ സ്ഥിതി നിയന്ത്രണാതീതമാവുകയാണ്.
ജയിലുകളിലേക്കു ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടിയും ജയില്‍ അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പുഞ്ചിരിമട്ടം പുനരധിവാസം; എൽസ്റ്റൻ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത പുൽപ്പാറ ഡിവിഷനിൽ ഭവനപദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം.
ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മാർച്ച് 27ന് എൽസ്റ്റൻ എസ്റ്റേറ്റിൽ മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബന്ധ നിർമിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗത്തുള്ളവർ പറയുന്നു. എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64.4075 ഹെക്ടർ ഭൂമിക്കു നഷ്ടപരിഹാരമായി മന്ത്രിസഭ തീരുമാനിച്ചത് 26.56 കോടി രൂപയാണ്.
ഈ തുക സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുമുണ്ട്. എന്നാൽ, ഇത്രയും ഭൂമിക്കു വിലയും കുഴിക്കൂറുകൾക്ക് (ആസ്തി) നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്മെന്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏപ്രിൽ മൂന്നിനു പരിഗണിക്കാനിരിക്കയാണ്.
ഭൂമിവിഷയത്തിൽ ഹൈക്കോടതിയിൽനിന്നു ഇച്ഛിക്കുന്ന വിധത്തിൽ ഉത്തരവ് ഉണ്ടാകുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് തീരുമാനം. ഭൂമി സർക്കാരിനു കൈമാറിയിട്ടില്ലെന്നും ശിലാസ്ഥാപനത്തിനു മുന്‍പ് പ്രതീകാത്മക കൈമാറ്റം മാത്രമാണ് നടത്തിയതെന്നും എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികളിൽ ഒരാൾ പറഞ്ഞു. മാനേജ്മെന്റിന്റെ ആവശ്യത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതുവരെ പുനരധിവാസം തടസപ്പെടാൻ ഇടയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം എങ്ങനെയാണു കണക്കാക്കിയതെന്നു മാനേജ്മെന്റിനെ സർക്കാർ അറിയിച്ചിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കിയതു സംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യത്തിന് അഡ്വക്കറ്റ് ജനറൽ മറുപടി നൽകിയിട്ടുമില്ല.
2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിന്റെയും ഹാരിസണ്‍സ് മലയാളം കന്പനിയുടെ കൈവശത്തിൽ നെടുന്പാലയിലുള്ള തോട്ടത്തിന്റെയും ഭാഗം സർക്കാർ ഏറ്റെടുത്തത്.
പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 430ൽ അധികരിക്കില്ലെന്നു കണ്ട സാഹചര്യത്തിൽ ടൗണ്‍ഷിപ്പ് എൽസ്റ്റൻ എസ്റ്റേറ്റിൽ മാത്രമാക്കാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെതിരേ എൽസ്റ്റൻ, ഹാരിസണ്‍ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2013ലെ എൽഎആർആർ നിയമം അനുസരിച്ച് ഭൂമി വില നൽകി ഏറ്റെടുക്കണമെന്നായിരുന്നു തോട്ടം മാനേജ്മെന്റുകളുടെ ആവശ്യം. എന്നാൽ, ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത നടപടി കോടതി ശരിവയ്ക്കുകയും 2013ലെ നിയമവ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരത്തിനു നിർദേശം നൽകുകയുമായിരുന്നു.
ഭൂമിയുടെ ഉടമാവകാശത്തിൽ സർക്കാർ സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽ വിധി തോട്ടം ഉടമകൾക്ക് എതിരായാൽ തുക തിരികെ നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. നഷ്ടപരിഹാരം പര്യാപ്തമല്ലെങ്കിൽ അധിക തുകയ്ക്കു നിയമത്തിന്റെ വഴി തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദുരന്ത നിവാരണ നിയപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരായ അപ്പീലുകളാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്‍പാകെയുള്ളത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവഹാരം തുടർന്നാലും പുനരധിവാസത്തെ ബാധിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവർ പൊതുരംഗത്തുണ്ട്.
ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി സർക്കാരിന്റേതാണെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ മാത്രമാണു തർക്കമുള്ളതെന്നും പുനരധിവാസം തടസപ്പെടരുതെന്നു കോടതി പരാമർശം ഉള്ളതായും അവർ ചൂണ്ടിക്കാട്ടുന്നു.
തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിക്ക് അഭിവാദ്യങ്ങൾ: സാംസ്കാരിക മന്ത്രി
തിരുവനന്തപുരം: എന്പുരാൻ സിനിമ തന്റേടത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പൃഥ്വിരാജിനും കൂട്ടുകാർക്കും അഭിവാദ്യങ്ങൾ നേർന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ഇന്നലെ തിരുവനന്തപുരം കൈരളി തിയറ്ററിലെത്തി സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമയിലെ ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ട കാര്യമില്ല.
ആവിഷ്കാര സ്വാതന്ത്ര്യം ഭാവിയിൽ എന്തായി മാറുമെന്നതിന്റെ ഉദാഹരണമാണ് എന്പുരാൻ വിവാദം. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കലയുടെ ഭാഗമാകുന്പോൾ അതിനെ അസഹിഷ്ണുതയോടെ കാണേണ്ട കാര്യമില്ല. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ട് സിനിമ വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്.
സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമല്ല. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആവിഷ്കാര സ്വാതന്ത്ര്യത്തെ അവർ ചോദ്യംചെയ്യുകയാണ്. സിനിമയുടെ 17 ഭാഗങ്ങൾ വെട്ടിമാറ്റുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നും അതിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രിയ അർബൻ നക്സൽ, മല്ലിക നിലയ്ക്കുനിർത്തണം: അധിക്ഷേപവുമായി ബി. ഗോപാലകൃഷ്ണൻ
തൃശൂർ: നടിയും നടൻ പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കും എതിരേ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.
എന്പുരാൻ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ അർബൻ നക്സൽ ആണെന്നു ഗോപാലകൃഷ്ണൻ ആരോപിച്ചു.
കഴിഞ്ഞദിവസം എന്പുരാൻ വിവാദത്തിൽ പോസ്റ്റിട്ട മല്ലിക സുകുമാരൻ, ആദ്യം മരുമകളെ നിലയ്ക്കുനിർത്തണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
മല്ലിക സുകുമാരനോടു ബിജെപിക്ക് ഒന്നേ പറയാനുള്ളൂ. വീട്ടിലെ അർബൻ നക്സലൈറ്റായ മരുമകളെ നേരേ നിർത്തണം.
ചിത്രത്തിനനുകൂലമായി പ്രതികരിച്ച മന്ത്രി ശിവൻകുട്ടിയും സിപിഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്രപ്രവർത്തകരുടെ ബുദ്ധിമുട്ടല്ല കാണേണ്ടതെന്നും ആശാ വർക്കർമാരുടേതാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
എംപിമാർ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കണമെന്നു കെസിവൈഎം
കൊച്ചി: വഖഫ് നിയമത്തിലെ ജനാധിപത്യ, ഭരണഘടനാ വിരുദ്ധ നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നു കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി.
മുനമ്പം ജനതയുടെ റവന്യു അവകാശം സംരക്ഷിക്കുന്നതിനുളള ഇടപെടലുകളിൽ പ്രധാന വെല്ലുവിളിയായി തീർന്നിരിക്കുന്നത് വഖഫ് നിയമത്തിലെ ചില വ്യവസ്ഥകളാണ്.
നിലവിലെ വഖഫ് ഭേദഗതി ബില്ലിലെ എല്ലാ ഭേദഗതികളോടും യോജിക്കാനാവില്ലെങ്കിലും 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ ചില വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണ്.
ഇതു ഭേദഗതി ചെയ്യുന്നില്ലെങ്കിൽ മുനമ്പത്തും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം അസാധ്യമാകും.
വഖഫ് നിയമം പാർലമെന്റ് പരിഗണിക്കുമ്പോൾ ജനപ്രതിനിധികൾ എന്ന നിലയിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ജനാധിപത്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും എംപിമാർ ശ്രദ്ധിക്കണമെന്നും കെസിവൈഎം ലാറ്റിൻ സമിതി ആവശ്യപ്പെട്ടു.
എംപിമാർക്ക് മുനമ്പത്തോട് നീതിപുലർത്താനുള്ള അവസരമെന്നു കെഎൽസിഎ
കൊച്ചി: വഖഫ് നിയമഭേദഗതി പാർലമെന്റിൽ ചർച്ചയ്ക്കുവരുമ്പോൾ മുനമ്പത്തെ ജനങ്ങളോട് നീതിപുലർത്താനുള്ള വലിയ അവസരമാണ് എംപിമാർക്കു ലഭിക്കുന്നതെന്നു കെഎൽസിഎ വരാപ്പുഴ അതിരൂപത.
ഭരണഘടനാനുസൃതമല്ലാത്ത അന്യായമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി കേരളത്തിലെ ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നു.
മുനമ്പത്തെ 610 കുടുംബങ്ങൾ തീറുവാങ്ങി നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടാൻ ആവശ്യമായ വഖഫ് നിയമഭേദഗതിയിലെ പരാമർശങ്ങൾക്ക് കേരളത്തിലെ പാർലമെന്റ് അംഗങ്ങൾ മനഃസാക്ഷി വോട്ട് ചെയ്യണം.
അതിനായി രാഷ്ട്രീയ നേതൃത്വത്തോടും മുന്നണിയോടും ചർച്ചചെയ്ത് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും കെഎൽസിഎ അതിരൂപത പ്രസിഡന്റ് സി.ജെ. പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു.
ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കുഞ്ഞ, ബാബു ആന്റണി, എം. എൻ. ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
നാളെ ലോക ഓട്ടിസം ദിനം : ഓട്ടിസം ബാധിതരുടെ രക്ഷിതാക്കള്‍ക്കായി പരിചരണ ഗൈഡ്
കൊച്ചി: ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സ്വയം പരിചരണ ഗൈഡ് പുറത്തിറക്കി.
‘സെലിബ്രേറ്റ് ഡിഫറന്‍സസ്’ ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയത്തെ ആധാരമാക്കിയാണു ‘ഐസീയു, ഐ ഗെറ്റ് യു: ദി സെല്‍ഫ്-കെയര്‍ ഗൈഡ് ഫോര്‍ സ്പെഷല്‍ നീഡ്സ് പേരന്റ്സ്’ എന്ന ഗൈഡ് തയാറാക്കിയത്.
ഓട്ടിസം രംഗത്തു സന്നദ്ധ ഇടപെടലുകളും സേവന പ്രവർത്തനങ്ങളും നടത്തുന്ന മുഗ്ധ കല്‍റ തയാറാക്കിയ ഗൈഡ് ബംഗളൂരുവില്‍ നടത്തിയ ഇന്ത്യ ഇന്‍ക്ലൂഷന്‍, ഇന്ത്യന്‍ ന്യൂറോ ഡൈവേഴ്സിറ്റി ഉച്ചകോടിയിലാണ് അവതരിപ്പിച്ചത്.
രക്ഷിതാക്കൾക്കെന്ന പോലെ മറ്റു കുടുംബാംഗങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും ജീവനക്കാര്‍ക്കും സഹായകമായ രീതിയിലാണു പുസ്തകം തയാറാക്കിയിട്ടുള്ളത്.
ന്യൂറോ ഡൈവേര്‍ജന്റ് ആയ കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് പുസ്തകം വിശദീകരിക്കുന്നുണ്ട്. പ്രായോഗികമായ രീതികളും ഉള്‍ക്കാഴ്ചകളും സംയോജിപ്പിച്ചുള്ള പുസ്തകം, ഓട്ടിസം ബാധിതരെ പരിചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു മുഗ്ധ കല്‍റ പറഞ്ഞു.
ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റും, ബിബിസി 100 വുമണ്‍ 2021 പുരസ്കാര ജേതാവും, നോട്ട് ദാറ്റ് ഡിഫറെന്റിന്റെ സഹസ്ഥാപകയുമാണു മുഗ്ധ. 2014-ല്‍ മകന് ഓട്ടിസം നിര്‍ണയിക്കപ്പെട്ടതിനു ശേഷം ഈ രംഗത്തെ സന്നദ്ധപ്രവർത്തനങ്ങളിൽ മുഗ്ധ സജീവമാണ്.
ഓട്ടിസം ബാധിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ രീതിയില്‍ സാമൂഹിക ഇടപെടലുകള്‍ ആഴത്തില്‍ നടത്തുന്നതിനെ കുറിച്ച് അവബോധം വളര്‍ത്തുന്ന രീതിയിലാണ് ഐക്യരാഷ്ട സഭയുടെ അംഗീകാരത്തോടെ ഏപ്രില്‍ രണ്ടിന് ലോക ഓട്ടിസം ദിനം ആചരിക്കുന്നത്.
തൃശൂർ: കേരളത്തിന്റെ ക്രൈം റിക്കാർഡുകളിൽ കഴിഞ്ഞ ഒന്പതുവർഷത്തിനിടെ ബലാത്സംഗം, കൊലപാതകശ്രമങ്ങൾ, മോഷണം, വഞ്ചന, ലൈംഗികഅതിക്രമം എന്നിങ്ങനെയുള്ള കേസുകൾ ഏറ്റവുമധികം രജിസ്റ്റർ ചെയ്തതു പോയ വർഷം.
2024ൽ 2901 ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകളിൽ പറയുന്നു. 2016 മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ 2024ലാണ് ഏറ്റവുമധികം കേസുകൾ.
ഈ വർഷം ജനുവരി വരെ 295 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 -1656, 2017 -2003, 2018 -2005, 2019 -2023, 2020 -1880, 2021 - 2339, 2022 - 2518, 2023 -2562 എന്നിങ്ങനെയാണു ബലാത്സംഗ കേസുകളുടെ കണക്ക്. ഒന്പതുവർഷത്തിനിടെ കൊലപാതകശ്രമങ്ങൾ ഏറ്റവുമധികം നടന്നതും 2024ൽ തന്നെ. 1101 കേസുകൾ. ഈ വർഷം 102 കേസുകളും രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
2016 മുതൽ 2024 വരെയുള്ള യഥാക്രമം 622, 583, 672, 729, 610, 600, 700, 991 എന്നിങ്ങനെയാണു കൊലപാതകശ്രമ കേസുകൾ.
2024ൽ മോഷണക്കേസുകൾ 5249 എണ്ണമുണ്ടായി. ഇക്കഴിഞ്ഞ ജനുവരി വരെ 384 കേസുകളും.2016 മുതൽ 2023 വരെ മോഷണക്കേസുകളുടെ കണക്ക് യഥാക്രമം 3936, 3844, 3651, 3401, 2418, 3119,3943, 4686 എന്നിങ്ങനെയാണ്. വഞ്ചനക്കേസുകളുടെ എണ്ണവും വൻതോതിൽ കുതിച്ചുയർന്നതു പോയവർഷത്തിലാണ്. 13,449 കേസുകൾ. ഈ വർഷം ആദ്യമാസത്തിൽമാത്രം 850 കേസുകളും രജിസ്റ്റർ ചെയ്തു. 4623, 3930, 4643, 6347, 8993, 5214, 8307, 11029 എന്നിങ്ങനെയാണ് 2016 മുതൽ 2023 വരെയുള്ള ഇത്തരം കേസുകളുടെ കണക്ക്.
2024 ലൈംഗിക അതിക്രമ കേസുകളുടെ കാര്യത്തിലും മുന്നിലാണ്. 695 കേസുകൾ. 328, 421, 461, 435, 442, 504, 572, 678 എന്നിങ്ങനെ 2016 മുതൽ ഉയർന്നുവന്ന കണക്കാണ് 695 ആയത്.
വെര്‍ച്വല്‍ അറസ്റ്റ്: 36 ലക്ഷം തട്ടിയ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.
മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പണ്ടികശാല വീട്ടില്‍ ഫായിസ് ഫഹാദ് (21), കൊണ്ടോട്ടി അരിമ്പ്ര പൂളക്കുന്നന്‍ വീട്ടില്‍ അസിമുള് മുജാസിന് (21) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് തേവര സ്വദേശിയായ വയോധികനു പണം നഷ്ടമായത്. പണം ആദ്യം എത്തിയത് മഹാരാഷ്ട്ര സ്വദേശിയുടെ അക്കൗണ്ടിലേക്കായിരുന്നു.
അതില്‍നിന്നാണ് പ്രതികളുടെ അക്കൗണ്ടിലേക്കു കൈമാറിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നവീൻ ബാബുവിനെതിരേ റിട്ട. അധ്യാപകൻ പരാതി നൽകിയെന്ന അവകാശവാദവും വ്യാജം
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരേ കണ്ണൂർ വിജിലൻസിനു പരാതി നൽകിയെന്ന റിട്ട. അധ്യാപകന്റെ വാദവും വ്യാജം. സ്ഥലത്തെ മണ്ണുനീക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എഡിഎമ്മിൽനിന്നു നീതി കിട്ടിയില്ലെന്നു കാണിച്ച് വിജിലൻസ് യൂണിറ്റിനു പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു റിട്ട. അധ്യാപകൻ ഗംഗാധരൻ വെളിപ്പെടുത്തിയിരുന്നത്.
ഈ അവകാശവാദമാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യാജമാണെന്നു തെളിഞ്ഞത്. പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ അപേക്ഷയിലാണ് റിട്ട. അധ്യാപകന്റെ പരാതി വെളിപ്പെടുത്തൽ വ്യാജമാണെന്ന് വ്യക്തമായത്. മണ്ണു നീക്കുന്നതിന് എതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ട് എഡിഎമ്മിനെ കണ്ടിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടില്ലെങ്കിലും ഇടപെടലിൽ തനിക്ക് അതൃപ്തി തോന്നി.
ഇക്കാരണം ചൂണ്ടിക്കാട്ടി ആറു പേജുള്ള പരാതി വിജിലൻസ് കണ്ണൂർ യൂണിറ്റിൽ നൽകിയിട്ടുണ്ടെന്നായിരുന്നു ഗംഗാധരൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. നവീൻ ബാബു എഡിഎം ആയി ജോലി ചെയ്ത വേളയിൽ ഇദ്ദേഹത്തിനെതിരേ പൊതുജനങ്ങളിൽനിന്ന് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ ? നവീൻ ബാബുവിനെതിരേ ഏതെങ്കിലും പരാതികൾ അന്വേഷിക്കാൻ സർക്കാർ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളായിരുന്നു കുളത്തൂർ ജയ്സിംഗ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.
എന്നാൽ പൊതുജനങ്ങളിൽനിന്ന് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിനെതിരേഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താൻ സർക്കാർ നിർദേശം ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണു വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നൽകിയ മറുപടി. നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പ്രതിചേർത്തു പോലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി പി.പി. ദിവ്യ സമർപ്പിച്ച ഹർജിയിൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും ഇതു സംബന്ധിച്ച് ഗംഗാധരൻ പരാതി നൽകിയിട്ടുണ്ടെന്നും പരാമർശിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചതോടെ മുൻകൂർജാമ്യ ഹർജിയിൽ പി.പി. ദിവ്യ ചൂണ്ടിക്കാണിച്ച കാര്യം തെറ്റാണെന്നും തെളിഞ്ഞിരിക്കുകയാണ്.
ദിവ്യ ഇന്ന് അപേക്ഷേ നൽകും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാനായി ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഇന്നു കോടതിയിൽ അപേക്ഷ നൽകും. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ച ശേഷം ഇതു സംബന്ധിച്ച് പ്രതികരിക്കാമെന്ന് പി.പി. ദിവ്യ പറഞ്ഞു.
കേസിലെ ഏക പ്രതിയാണു പി.പി.ദിവ്യ. നവീൻ ബാബുവിന്റെ യാത്രയയപ്പ് വേളയിൽ ക്ഷണിക്കാതെ കടന്നുചെന്ന് നവീൻ ബാബുവിനെ സഹപ്രവർത്തകരുടെ മുന്നിൽ അധിക്ഷേപിച്ച് പ്രസംഗിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യം ദിവ്യതന്നെ പ്രചരിപ്പിച്ചതിലുമുള്ള മനോവിഷമത്താലാണ് നവീൻ ബാബു ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്തതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്.
2024 ഒക്ടോബർ 15ന് കണ്ണൂർ കളക്ടറേറ്റിൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിലേക്കു കടന്നുചെന്നായിരുന്നു ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചു പ്രസംഗിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം രാവിലെയാണു നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈല്‍ ഷോപ്പിൽ വൻ കവര്‍ച്ച; 30 ലക്ഷം രൂപയുടെ ഫോണുകളും ടാബുകളും കവര്‍ന്നു
തലോര്‍ (ചാലക്കുടി): തലോർ സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു. അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചുതകര്ത്താണു കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
വെള്ളനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി കാമറ നശിപ്പിച്ചശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയത്.
മുഖം മറച്ച രണ്ടുപേര്‍ അകത്തു കയറി ഷെല്‍ഫില്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും രണ്ടു ചാക്കുകളിലാക്കി കൊണ്ടുപോകുന്നതു ഷോപ്പിനുള്ളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.
സംസ്ഥാനപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്നിലേക്കു മോഷ്ടാക്കളുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണകാമറയില്‍ പതിഞ്ഞു.
ഏതാണ്ട് ഒന്നരമണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തിവച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. ഈ സമയത്തു മൊബൈല്‍ ഷോപ്പിനു സമീപത്തെ കടയിലേക്കു പച്ചക്കറിയുമായി വാഹനം വരുന്നതുകണ്ട് മോഷ്ടാക്കള്‍ കാറെടുത്തു രക്ഷപ്പെടുകയായിരുന്നു. തൈക്കാട്ടുശേരി റോഡിലേക്കു തിരിഞ്ഞുപോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനനടത്തി.
പാറമടകളിലെ ജലം കൃഷിക്ക് ; ആദ്യഘട്ടത്തില്‍ അഞ്ചിടങ്ങളില്‍ പദ്ധതിയുമായി ഹരിതകേരള മിഷന്
ബിനു ജോര്‍ജ്
കോഴിക്കോട്: സംസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട പാറമടകളില്‍ കെട്ടിക്കിടക്കുന്ന ജലം ഉപയോഗിച്ച് കൃഷി ചെയ്യാനായി ഹരിതകേരള മിഷന് തയാറാക്കിയ പദ്ധതിയുടെ ഭാഗമായി അഞ്ചിടങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി സര്‍ക്കാര്‍ അരക്കോടി രൂപ അനുവദിച്ചു.
‘പാറമടകളിലെ ജലം കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ജില്ലകളിലെ കുളങ്ങളിലാണ് ഒഴുകി നടക്കുന്ന (ഫ്ളോട്ടിംഗ്) സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുക. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലേക്കു മോട്ടോര്‍ ഉപയോഗിച്ച് പാറമടകളിലെ വെള്ളം പമ്പ് ചെയ്ത് എത്തിച്ചു കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഇതുവഴി, വലിയ തോതില്‍ പാഴായിപ്പോകുന്ന ജലം കൃഷിക്കുപയുക്തമാക്കാന്‍ കഴിയും.
കൊല്ലം ജില്ലയിലെ ഏഴൂര്‍, വിളക്കുടി എന്നിവിടങ്ങളിലെയും എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഓരോ പാറമടയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ പാറമടയിലും 10 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏകദേശം 10 ലക്ഷം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാറമടകളില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തി ഇവിടങ്ങളിലെ ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
10 എച്ച്പി സബ്മേഴ്സബിള്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ 10 കിലോവാട്ട് പീക്ക് സൗരോര്‍ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനാണു പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട 286 പാറമടകളിലെ ജലം കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഹരിതകേരള മിഷന് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും അനുയോജ്യമെന്നു കണ്ടെത്തിയത് 30 പാറമടകളാണ്.
ഈ ലിസ്റ്റിലുള്‍പ്പെട്ട അഞ്ച് ക്വാറികളില്‍ അനര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമെന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
കെഎസ്ആർടിസിയുടെ സൂപ്പർ ഹിറ്റ് കൊറിയർ സർവീസ് സ്വകാര്യവത്കരിക്കുന്നു
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിക്ക് വൻ വരുമാനം നേടിക്കൊടുത്തുകൊണ്ടിരിക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് സ്വകാര്യവത്കരിക്കുന്നു. ഈ സർവീസ് നടത്തിപ്പിനായി സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചു. അടുത്ത 21നാണ് ടെൻസർ സമർപ്പിക്കേണ്ട അവസാന ദിവസം.
2023 ജൂണിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. കുറഞ്ഞ കാലംകൊണ്ടുതന്നെ ഇത് സൂപ്പർഹിറ്റ് ആവുകയും ചെയ്തു. ഈ സാമ്പത്തിക വർഷം ഏഴുകോടിയോളം രൂപയാണ് കൊറിയർ സർവീസിൽനിന്നുള്ള വരുമാനം.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. കേരളത്തിലെ 44 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് രണ്ടു സ്ഥലങ്ങളിലുമാണ് കൊറിയർ സർവീസ് കേന്ദ്രങ്ങളുള്ളത്. വിരമിച്ച ജീവനക്കാരും താത്കാലിക ജീവനക്കാരുമായ 100 ഓളം പേരാണ് പ്രതിദിന വേതനമായി 7 15 രൂപ നിരക്കിൽ ജോലി ചെയ്തുവരുന്നത്.
കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് കരാർ അടിസ്ഥാനത്തിൽ നടത്താനാണു ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. നിലവിലെ കെഎസ്ആർടിസിക്കുള്ള എല്ലാ സംവിധാനങ്ങളും കരാറുകാർക്ക് ഉപയോഗിക്കാം. ഓഫീസായി നിലവിലെ യൂണിറ്റ് ഓഫീസുകളിലെ സംവിധാനം, പാഴ്സൽ നീക്കത്തിനു കെഎസ്ആർടിസിയുടെ ബസ് സർവീസുകൾ എല്ലാം പ്രയോജനപ്പെടുത്താം.
കരാർ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം കെഎസ്ആർടിസിക്ക് കമ്മീഷൻ നല്‍കണം. കമ്മീഷൻ കൂടുതൽ നല്കുന്ന സ്ഥാപനത്തിനായിരിക്കും കരാർ നല്‍കുന്നത്. കമ്മീഷന്റെ ശതമാനമാണു ടെൻഡറിൽ പ്രധാനമായും രേഖപ്പെടുത്തേണ്ടത്.
കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിന്റെ വരുമാനം ഇരട്ടിയായി വർധിപ്പിക്കാനാണ് കരാർ സംവിധാനം നടപ്പാക്കുന്നതെന്ന് ഇതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ഉല്ലാസ് ബാബു പറഞ്ഞു. അഞ്ചു വർഷത്തേക്കാണു കരാർ നല്‍കുക.
പ്രതിമാസം 55 ലക്ഷത്തോളം രൂപ നേടിക്കൊടുക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് കരാർ നല്‍കുന്നതിലൂടെ സ്വകാര്യവത്കരിക്കാനാണു നീക്കമെന്നു ജീവനക്കാർ ആരോപിച്ചു. കെഎസ്ആർടിസിയുടെ വരുമാനം നഷ്ടമാവുകയും നൂറോളം പേർക്ക് തൊഴിൽ ഇല്ലാതാവുകയും ചെയ്യും.
ഇപ്പോൾ കമ്മീഷൻ വ്യവസ്ഥയിൽ കരാർ നല്‍കുകയും ഭാവിയിൽ സ്വകാര്യവത്കരിക്കുകയുമാണു ലക്ഷ്യമെന്നു ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് ആരോപിച്ചു. ഈ നീക്കത്തിൽനിന്നു കെഎസ്ആർടിസി പിന്മാറണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
ജൽ ജീവൻ മിഷനിലും കേരളം കടക്കെണിയിൽ; കരാറുകാർ പദ്ധതി ഉപേക്ഷിക്കുന്നു
ബിജു കുര്യൻ
പത്തനംതിട്ട: എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജൽജീവൻ മിഷനിലും കേരളം കടക്കെണിയിൽ. പദ്ധതിയുടെ പകുതി ജോലികൾ പോലും പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള കുടിശിക 4,000 കോടി രൂപയാണ്. കടം കയറിയതോടെ കരാറുകാരും പദ്ധതി ഉപേക്ഷിച്ച മട്ടാണ്.ഇതോടെ ജലവിതരണ പദ്ധതികളും പലയിടത്തും പാതിവഴിയാണ്.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും പ്രതിദിനം 55 ലിറ്റർ ശുദ്ധ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ജൽ ശക്തി മന്ത്രാലയം 2019-ലാണ് ജൽ ജീവൻ മിഷനു രൂപം നൽകുന്നത്. പദ്ധതി നടത്തിപ്പിൽ കേരളം ഇപ്പോൾ 31-ാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നിലെത്തിയിട്ടും കേരളത്തിൽ പൈപ്പ്ലൈൻ സ്ഥാപിക്കൽ പാതി വഴി മന്ദീഭവിച്ച അവസ്ഥയിൽ.
70, 80,541 വീടുകളിൽ 37, 17, 974 വീടുകളിൽ മാത്രമാണു പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണക്ക്. ഇതിലാകട്ടെ 40 ശതമാനം വീടുകളിലും വെള്ളം എത്തിയിട്ടില്ല. പ്രവൃത്തി ചെയ്ത വകയിൽ കരാറുകാർക്ക് നൽകാനുള്ളത് 18 മാസത്തെ കുടിശികയാണ്. ഇതിൽ 500 കോടിരൂപ കഴിഞ്ഞയിടെ അനുവദിച്ചു. 951 കോടി രൂപയാണ് ജല അഥോറിറ്റി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ചതാകട്ടെ കേവലം 560 കോടി രൂപമാത്രമാണ്. കേന്ദ്ര സർക്കാർ പദ്ധതിക്കായി അനുവദിച്ച തുക ഉപയോഗിച്ചാണ് പൈപ്പിടീൽ ജോലികൾ നടത്തിയതെന്നു പറയുന്നു. 50 : 50 അനുപാതത്തിലാണ് തുക മുടക്കേണ്ടത്. എന്നാൽ സംസ്ഥാനം ഇതു പാലിക്കുന്നില്ലെന്നാണ് ആരോപണം. സംസ്ഥാന സർക്കാർ 25 ശതമാനം തുകയും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
പദ്ധതി പൂർത്തീകരണത്തിന് ഇനി വേണ്ടത് 34,000 കോടി രൂപയാണ്. 44,500 കോടി രൂപയാണു പദ്ധതിക്കു മൊത്തത്തിൽ ചെലവു പ്രതീക്ഷിച്ചിരുന്നത്. ഇതിൽ 11000 കോടി രൂപ ചെലവഴിച്ചു. കേന്ദ്രത്തോടൊപ്പം കേരളവും പദ്ധതിക്കായി തുല്യ തുക ചെലവാക്കിയിട്ടുണ്ടെന്നാണു സർക്കാർ പറയുന്നത്.
ജലസ്രോതസുകൾ കണ്ടെത്തുന്നതടക്കമുള്ള ജോലികളും ടാങ്കുകളും നിർമാണവുമൊക്കെ പലയിടത്തും പൂർത്തീകരിച്ചതിനു സംസ്ഥാന വിഹിതം ചെലവഴിച്ചതായി പറയുന്നു. കരാറുകാർക്കുള്ള കുടിശിക നൽകണമെങ്കിൽ കേന്ദ്ര വിഹിതമായ 17,000 കോടിയും ലഭിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുഴുവൻ പണവും കേന്ദ്രം ഒന്നിച്ചു തരില്ല.
ഓരോ ഘട്ടത്തിലും കേരളത്തിന്റെ വിഹിതം കൂടി ചെലവഴിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. 950 കോടി രൂപ ഇപ്പോൾ അനുവദിച്ചിരുന്നെങ്കിൽ കേന്ദ്രം അത്രയും തുക കൂടി നൽകുകയും തത്കാലം പിടിച്ചു നിൽക്കാനും കഴിയുമായിരുന്നുവെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി പറഞ്ഞു.
പൈപ്പ് വാങ്ങിയതിന്റെ പണം കന്പനികൾക്ക് കരാറുകാർ നൽകാനുണ്ട്. ബാങ്കുകളിൽ നിന്നും കടമെടുത്ത പണത്തിനു നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടി.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല: വിൻസി അലോഷ്യസ്
കൊച്ചി: ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്നു നടി വിൻസി അലോഷ്യസ്. കെസിവൈഎം എറണാകുളം - അങ്കമാലി അതിരൂപത പ്രവർത്തനവർഷോദ്ഘാടനം നിർവഹിക്കുകയായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവു കൂടിയായ വിൻസി.
ലഹരിക്കെതിരേ പരസ്യമായ നിലപാടെടുക്കുന്നതിന്റെ പേരിൽ തനിക്കു സിനിമാമേഖലയിൽ വെല്ലുവിളികൾ ഉണ്ടായേക്കും. അതിനെ ഭയക്കുന്നില്ലെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി.
പള്ളിപ്പുറം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് ജെറിൻ പാറയിൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ കാമ്പയിന്റെ ലോഗോ പ്രകാശനം ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ ഇ.പി. സിബി പ്രകാശനം ചെയ്തു.
രണ്ടുവർഷത്തെ കർമപദ്ധതി പ്രകാശനം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നിർവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഫൊറോന വികാരി ഫാ. പീറ്റർ കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
എമ്പുരാന് വിവാദം: മോഹൻലാലിനെയും പൃഥ്വിരാജിനെയും പിന്തുണച്ചു ഫെഫ്ക
കൊച്ചി: എമ്പുരാന് വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും സംവിധായകന് പൃഥ്വിരാജിനും നടന് മോഹന്‍ലാലിനുമെതിരേ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന ആക്രമണങ്ങളും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നു ഫെഫ്ക പത്രക്കുറിപ്പില്‍ അറിയിച്ചു.
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുത്.
സാര്‍ഥകമായ ഏതു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ഫെഫ്ക ചേര്‍ത്തു നിര്‍ത്തുന്നുവെന്നും ഫെഫ്ക പത്രക്കുറിപ്പില്‍ പറഞ്ഞു.
കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി ഭാരവാഹികൾ
കൊച്ചി: കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റായി പോൾ ജോസ് പടമാട്ടുമ്മൽ (കോട്ടപ്പുറം), ജനറൽ സെക്രട്ടറിയായി കെ.ആർ. ഷെറിൻ (കോഴിക്കോട് ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അക്ഷയ് അലക്സ് (വരാപ്പുഴ)- വൈസ് പ്രസിഡന്റ്, അലീന ജോർജ് ( സുൽത്താൻപേട്ട്), വിജിൻ എം. വിൻസെന്റ് (തിരുവനന്തപുരം) -സെക്രട്ടറി, എൽ.എസ്. അനീഷ്- ട്രഷറർ. പാലാരിവട്ടം പിഒസിയിൽ നടന്ന വാർഷിക അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.
വനമേഖലയിലെ എല്ലാ ആദിവാസി ഊരുകളിലും വരും, സഞ്ചരിക്കുന്ന റേഷന്‍ കട
റെജി ജോസഫ്
കോട്ടയം: ചിന്നക്കനാലിലെ റേഷന്‍കട പതിനൊന്നു തവണ കുത്തിപ്പൊളിച്ച് അരിയും ആട്ടയും തിന്ന അരിക്കൊമ്പനെപ്പോലുള്ള കൊലയാനകള്‍ കാരണം അന്നം മുടങ്ങുന്ന ആദിവാസികള്‍ക്ക് ഇനി ആശങ്ക വേണ്ട. അരിക്കൊമ്പന് കാരണം ചിന്നക്കനാലില്‍ പല മാസം റേഷന്‍ മുടങ്ങിയതു നാല് ഊരുകളിലെ 513 കുടുംബങ്ങള്‍ക്കാണ്.
വന്യമൃഗശല്യം രൂക്ഷമായ എല്ലാ ജില്ലകളിലെയും ഗോത്രവാസി കോളനികളില്‍ അരിയും ആട്ടയും പഞ്ചസാരയും മണ്ണെണ്ണയുമായി സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ഏറെ വൈകാതെ എത്തും. വനമേഖയില്നിന്നു റേഷന്‍കടകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടവര്ക്കും ധാന്യങ്ങള്‍ കൊണ്ടുപോകാന്‍ ടാക്സികളെ ആശ്രയിക്കേണ്ടിവരുന്നവര്ക്കും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ സേവനം ഉറപ്പാക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ആദ്യഘട്ടം വിതരണം. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ വന്യമൃഗശല്യം കൂടുതലായ ഗോത്രവാസി മേഖലയില്‍ അടുത്ത ഘട്ടം റേഷന്‍ വണ്ടി കടന്നുവരും. സംസ്ഥാനത്തെ വനവാസികളും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുമായ പന്തീരായിരം ഗോത്രവാസി കുടുംബങ്ങള്‍ ഏറ്റവും ദരിദ്ര വിഭാഗത്തില്‍പ്പെടുന്ന (എഎവൈ)വരും മഞ്ഞ റേഷന്‍ കാര്‍ഡുടമകളുമാണ്.
ഇവര്‍ക്ക് മാസം 35 കിലോ ധാന്യങ്ങള്‍ ഉറപ്പാക്കും. എട്ടു കിലോമീറ്റര്‍ വനത്തിലൂടെയും വനാതിര്ത്തിയിലൂടെയും നടന്ന് റേഷന്‍ കടകളില്‍നിന്നു സൗജന്യഭക്ഷണസാധനങ്ങള് വാങ്ങേണ്ടവരും ഇവരില്‍പ്പെടും. ഗോത്രമേഖലയില്‍ റേഷന്‍ വാങ്ങാന്‍ പോകുന്നതേറെയും സ്ത്രീകളാണ്.
മഴക്കാലത്ത് തോടുകളും പുഴകളും നിറയുമ്പോള്‍ യാത്ര ദുഷ്കരമാണ്. കാട്ടുമൃഗങ്ങളെ ഭയന്ന് റേഷന്‍ വാങ്ങാതെ പട്ടിണിയില്‍ കഴിയുന്നവരുടെ ദുരിതത്തിന് പരിഹാരമാവുകയാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍. മാസത്തില്‍ രണ്ടു തവണ ഭക്ഷ്യ ഉത്പന്നങ്ങളുമായി വനവും മലയും പുഴയും താണ്ടി വാഹനമെത്തും.
റോഡില്ലാത്ത കോളനികളില്‍ പരമാവധി അടുത്തുള്ള ജംഗ്ഷനുകളില്‍ നിശ്ചിതസമയത്ത് വാഹനം എത്തും. രാവിലെ പത്തിന് തുടങ്ങി ഉച്ചയ്ക്ക് രണ്ടിന് വിതരണം പൂര്‍ത്തിയാക്കും.
ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ട സൗജന്യ ധാന്യം ഉറപ്പാക്കാന്‍ വാഹനത്തില്‍ റേഷന്‍ ഇന്‍സ്പെക്ടറും വിതരണക്കാരുമുണ്ടാകും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വാഹനങ്ങള്‍ വാടകയ്ക്കെടുത്താണു സഞ്ചരിക്കുന്ന റേഷന്‍ പദ്ധതി നടപ്പാക്കുന്നത്.
കുറുവ സംഘത്തലവന് കട്ടുപൂച്ചന് റിമാന്‍ഡില്‍
ആലപ്പുഴ: ഭീതിയിലാഴ്ത്തിയ കുറുവ സംഘത്തലവന് അറസ്റ്റിലായതിന്റെ ആശ്വാസത്തിൽആലപ്പുഴ. ജില്ലയില്‍ രണ്ടു കേസുകളില്‍ പ്രതിയാണ് കട്ടുപൂച്ചന്. ആലപ്പുഴയിലെ ഒരു കേസില്‍ കട്ടുപുച്ചന് 18 വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. ആലപ്പുഴയില്‍ മാത്രമല്ല, കേരളത്തില്‍ മറ്റു ജില്ലകളിലും കട്ടുപൂച്ചന്റെ പേരില്‍ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.
കൊടും കുറ്റവാളിയായ തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആര്‍ നഗറില്‍ കട്ടൂച്ചനെന്ന കട്ടുപൂച്ചനാണ് പിടിയിലായത്. 2013ല്‍ മാരാരിക്കുളത്ത് അമ്മയും മകളും മാത്രമുള്ള വീട്ടില്‍ കയറി അവരെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ കട്ടുപൂച്ചനെ 18 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, കോവിഡ് കാലത്തു ജയില്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി 2020 കട്ടുപൂച്ചനെ വിട്ടയച്ചു. പുറത്തിറങ്ങിയ കട്ടുപൂച്ചന് വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. ആലപ്പുഴയിലെ പുന്നപ്ര, പുളിങ്കുന്ന്, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, വടക്കേക്കര എന്നിവിടങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി നിലവില്‍ കേസുകളുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എം.ആര്. മധുബാബുവിന്റെ മേല്‍നോട്ടത്തില്‍ മണ്ണഞ്ചേരി സിഐ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റി കുറുവ സംഘമാണു തമിഴ്നാട്ടിലെ താമസസ്ഥലത്തുനിന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 12ന് രാത്രി ഒരു മണിയോടെ കോമളപുരം സ്പിന്നിംഗ് മില്ലിനു പടിഞ്ഞാറ് നായ്ക്കംവെളി വീട്ടില്‍ ജയന്തിയുടെ വീട്ടില്‍നിന്ന് സ്വര്‍ണ മാലയും സ്വര്‍ണക്കൊളുത്തും പുലര്‍ച്ചെ രണ്ടിന് റോഡ് മുക്കിനു സമീപം മാളിയേക്കല്‍ ഹൗസില്‍ ഇന്ദുവിന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൂന്നര പവന് മാലയും താലിയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ മണ്ണഞ്ചേരിയിലെത്തിച്ചു. ഡിവൈഎസ്പി എം. ആര്. മധുബാബുവിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നാലു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണു രാമനാഥപുരത്ത് കട്ടുപൂച്ചനുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നു മണിക്കൂറുകള്‍ക്കകം ഇയാളുടെ താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ കട്ടൂച്ചന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ച പോലീസ് നീക്കത്തില്‍ കീഴടങ്ങേണ്ടിവന്നു.
ജീപ്പില്‍ കയറ്റുന്നതിനിടെ കട്ടുപൂച്ചനു കാലിന് ഒടിവു സംഭവിച്ചിരുന്നു. കൈയിലും നെഞ്ചിലും പച്ചകുത്തിയ ഇവര്‍, മുഖം മറച്ചും വിരലടയാളം ഒഴിവാക്കാന്‍ ഗ്ലൗസ് ധരിച്ചുമാണു കവര്‍ച്ച നടത്തിയിരുന്നത്.
സ്വാഭാവികമായി പ്രതിയെ തിരിച്ചറിയുക പോലീസിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കൈയുറ ധരിക്കുകയും തോര്‍ത്തു വച്ചു മുഖം മറയ്ക്കുകയും ചെയ്തിരുന്ന കട്ടുപൂച്ചനെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചതു കൈയിലെ പച്ചകുത്തിയ പാട്.
ചുരുക്കം സാഹചര്യങ്ങളില്‍ മാത്രമാണു മുഖം വ്യക്തമായി സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുള്ളത്. അടിവസ്ത്രം മാത്രം ധരിച്ചു മോഷണത്തിനിറങ്ങുന്ന കുറുവ കൊള്ളക്കാരുടെ രീതി പിന്തുടര്ന്നിരുന്നതിനാല് മുഖം മറച്ചാലും കട്ടുപൂച്ചന് കൈകള്‍ മറച്ചിരുന്നില്ല. ഈ പാട് മോഷ്ടാക്കള്‍ക്കിടയില്‍ കട്ടുപൂച്ചനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചു. അല്പവസ്ത്രധാരികളായ ഇവര്‍ അടുക്കളവാതില്തകര്ത്താണ് മോഷണം നടത്തിയിരുന്നത്.
ഇതെല്ലാം മനസിലാക്കിയ പോലീസ് സംഘം വ്യാപക തെരച്ചിലിനൊടുവിലാണ് എറണാകുളം കുണ്ടന്നൂരിനു സമീപം പാലത്തിനടിയില്‍ കുട്ടവഞ്ചി സംഘത്തിനൊപ്പം തമ്പടിച്ചിരുന്ന സന്തോഷ് ശെല്‍വവും മണികണ്ഠനും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണു കട്ടൂച്ചനുള്‍പ്പെടെയുള്ള പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ രാജപാത തുറക്കും: പി.ജെ.ജോസഫ്
കോതമംഗലം: യുഡിഎഫ് അധികാരത്തിലെത്തിയാൽ പഴയ ആലുവ- മൂന്നാർ രാജപാത പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് . വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി കോതമംഗലത്തു നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജപാതയിലെ യാത്രയുടെ പേരിൽ ബിഷപ്പിനും ജനപ്രതിനിധികൾക്കുമെതിരേ കേസെടുത്തതു ജനാധിപത്യമര്യാദയ്ക്കു നിരക്കുന്നതല്ല. കേസ് പിൻവലിക്കുന്നതുവരെ ശക്തമായ തുടർസമരത്തിന് നേതൃത്വംനൽകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും എതിരേ വനംവകുപ്പ് ചുമത്തിയ വ്യാജ കേസ് പിൻവലിക്കുക, കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതുക, രാജപാത തുറന്നുനൽകുക, വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മുൻമന്ത്രി ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയ് ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, അപു ജോൺ ജോസഫ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എംഎൽഎ, എം.ജെ. ജേക്കബ്, ജെയ്സൺ ജോസഫ്, പി.എം. ജോർജ്, റോജൻ സെബാസ്റ്റ്യൻ, മാത്യു വർക്കി, ജോബി ജോൺ, കെ.എഫ്. വർഗീസ്, എം.പി. ജോസഫ്, ജോസഫ് എം. പുതുശേരി, കുഞ്ഞു കോശി പോൾ, തോമസ് എം. മാത്തുണ്ണി, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ഷീല സ്റ്റീഫൻ, കെ.വി. കണ്ണൻ, ജോൺസ് ജോർജ് കുന്നപ്പള്ളി, വർഗീസ് വെട്ടിയാങ്കൽ, എ.ടി. പൗലോസ്, ജോമി തെക്കേക്കര, സി.കെ. സത്യൻ ,റോയി സ്കറിയ , സിറിയക് കാവില്‍, സന്തോഷ് കാവുകാട്ട്, ബേബി മുണ്ടാൻ, ഷൈസന്‍ പി. മാങ്കുഴ, റാണിക്കുട്ടി ജോർജ്, ജോസ് വെള്ളമറ്റം ,ജോയ് കോഴിപ്പിള്ളി, കെ.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.
കാഷ്മീരിലേക്ക് ട്രെയിൻ 19 മുതൽ
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കാഷ്മീർ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമായി മാറുന്നു.
കാഷ്മീരിലേക്കു നേരിട്ട് റെയിൽ സൗകര്യം എന്ന സ്വപ്നം ഏപ്രിൽ 19ന് സാക്ഷാത്കരിപ്പെടും.അന്ന് ജമ്മു റെയിൽ ഡിവിഷനിലെ കത്ര റെയിൽവേ സ്റ്റേഷനിൽനിന്ന് കാഷ്മീരിലേക്കുള്ള ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സംബന്ധിക്കും.
ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കാഷ്മീർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെടും. ചരിത്രപ്രസിദ്ധമായ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി വൈഷ്ണോദേവീ ക്ഷേത്രവും സന്ദർശിക്കും.
ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കത്രയിൽ നടക്കുന്ന റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണു റിപ്പോർട്ട്.കത്ര - ബാരാമുള്ള സെക്ഷനിൽ ട്രാക്കിലെ പരീക്ഷണ ഓട്ടങ്ങൾ ഇതിനകം പൂർത്തിയായി.
ജനുവരിയിൽ നടത്തിയ പരിശോധനകൾക്കുശേഷം കത്രയ്ക്കും കാഷ്മീരിനും ഇടയിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനു റെയിൽവേ സുരക്ഷാ കമ്മീഷണർ അന്തിമ അനുമതിയും നൽകിക്കഴിഞ്ഞു.
തുടക്കത്തിൽ കത്ര - ശ്രീനഗർ റൂട്ടിൽ ഒരു ട്രെയിൻ സർവീസ് മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നാണു റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ.
യാത്രക്കാരുടെ പ്രതികരണവും ആവശ്യവും കണക്കിലെടുത്ത ശേഷം കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതു പരിഗണിക്കും.
മറ്റു സ്ഥലങ്ങളിൽനിന്നു ജമ്മു കാഷ്മീരിലേക്കു പോകാൻ എത്തുന്നവർ കത്ര സ്റ്റേഷനിൽ ഇറങ്ങണം. സുരക്ഷാ പരിശോധനകൾക്കു ശേഷമായിരിക്കും കത്രയിൽനിന്നു കാഷ്മീരിലേക്കുള്ള ട്രെയിൻ പുറപ്പെടുക. തിരിച്ചുള്ള സർവീസിൽ കത്രയിൽ ഇറങ്ങുമ്പോഴും സുരക്ഷാ പരിശോധനയുണ്ടാകും.
ട്രെയിനിനു നേരേ കല്ലേറ്; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
ബേക്കല്‍: ട്രെയിന്‍ യാത്രയ്ക്കിടെ പെൺസുഹൃത്തിനെ മോശമായ അര്‍ഥത്തില്‍ നോക്കിയതിൽ ചോദ്യംചെയ്യപ്പെട്ടതിന്റെ വിരോധത്തില്‍ ട്രെയിനിനു നേരേ കല്ലെറിഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി കാസര്‍ഗോഡ് റെയില്‍വേ പോലീസ്. ചെമ്മനാട് തെക്കില്‍ മയിലാട്ടി സ്വദേശി എസ്. അനില്‍കുമാര്‍ (41) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 7.30ഓടെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലാണ് അനില്‍കുമാര്‍ അതിക്രമം കാട്ടിയത്. മംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസിലെ ജനറല്‍ കോച്ചിലെ യാത്രക്കാരായിരുന്നു അനില്‍കുമാറും പരാതിക്കാരനായ മലപ്പുറം സ്വദേശിയും.
തന്റെ പെൺസുഹൃത്തിനെ മോശമായി നോക്കിയത് പരാതിക്കാരന് ചോദ്യംചെയ്യുകയും ഇതു വാക്കുതര്‍ക്കത്തിനിടയാക്കുകയും ചെയ്തിരുന്നു.
മദ്യലഹരിയിലായിരുന്ന അനില്‍കുമാറും സുഹൃത്തും ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ ഇറങ്ങിയശേഷം പരാതിക്കാരന്റെ മുഖത്തടിക്കുകയും പരാതിക്കാരനെ ആക്രമിക്കാനായി ട്രെയിനിനു നേരെ കല്ലെറിയുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തിനുശേഷം പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പൊയിനാച്ചിയില്‍ വച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്എച്ച്ഒ എം.റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ എം.വി.പ്രകാശന്, എസ്സിപിഒ സുനീഷ്, സിപിഒ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വിശുദ്ധ ചാവറയച്ചന് ക്രാന്തദര്‍ശിയായ സാമൂഹ്യപരിഷ്കര്‍ത്താവ്: സച്ചിദാനന്ദന്
കൊച്ചി: ക്രാന്തദര്‍ശിയായ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്.
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിശുദ്ധ ചാവറയച്ചന് , ജീവിതവും സാഹിത്യ കൃതികളും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനുംമുമ്പേ കേരളത്തില്‍ നവോഥാനത്തിന് ചാവറയച്ചന് നേതൃത്വം നല്കി.
ശ്രീനാരായണഗുരുവും ചാവറയച്ചനും ഒരേ വഴിയിലായിരുന്നുവെന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. രണ്ടുപേരും കവികളായിരുന്നു. പള്ളിക്ക് പിന്നാലെ പള്ളിക്കൂടമെന്ന ആശയം ചാവറയച്ചന് മുന്നോട്ടുവച്ചപ്പോള്‍ സമുദായത്തിലൂടെ വിദ്യ നേടാനാണ് ഗുരു ആഹ്വാനം ചെയ്തത്.
പ്രകൃതിസ്നേഹി, ധ്യാനഗുരു, കവി, ചിന്തകന്‍, സമൂഹ്യ പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ചാവറയച്ചന്റേത് അതുല്യമായ സംഭാവനകളാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
നാഷണല്‍ ബെസ്റ്റ് ടീച്ചേഴ്സ് അവാര്‍ഡ് ജേതാവ് ഭരതന് മാസ്റ്റര്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഡോ. വില്‍സണ്‍ തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കഞ്ചാവ് കടത്തു കേസിലെ മുഖ്യപ്രതിയുടെ ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരപരിക്ക്
കാസര്‍ഗോഡ്: പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് കടത്തുകേസിലെ മുഖ്യപ്രതി കുത്തിപരിക്കേല്പിച്ചു.
സംഭവത്തില്‍ കുമ്പള ബംബ്രാണ ചൂരത്തടുക്കയിലെ അബ്ദുള്‍ ബാസിത് (32) അറസ്റ്റിലായി. പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. പ്രജിത്, സിവില്‍ എക്സൈസ് ഓഫീസര്‍ ടി.രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
പ്രതി വീട്ടിലുണ്ടെന്ന വിവരമറിഞ്ഞാണ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളുടെ വീട്ടിലെത്തുന്നത്. ഇതില്‍ പ്രകോപിതനായ ബാസിത് അറ്റം കൂര്‍ത്ത സ്റ്റീല്‍ ദണ്ഡ് കൊണ്ട് പ്രജിത്തിന്റെ കഴുത്തില്‍ കുത്തിപരിക്കേല്പിച്ചു. രാജേഷിന്റെ കൈയില്‍ കുത്തുകയും നടുവിനു ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബാസിത്തിനെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
2024 ഫെബ്രുവരി 26ന് പെര്‍ള ചെക്ക് പോസ്റ്റിനു സമീപം ആന്ധ്രയില്‍നിന്നും കേരളത്തിലേക്കു കടത്തിയ107.18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് അബ്ദുള്‍ ബാസിത്.
കാസര്‍ഗോഡ് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നായിരുന്നു ഇത്. മഹീന്ദ്ര ബൊലേറോ പിക്കപ്പിന്റെ സീറ്റിന്റെ ചാരിയിരിക്കുന്ന ഭാഗത്തിന് പിൻഭാഗം പൂര്‍ണമായും വെല്‍ഡ് ചെയ്ത് 23 സെന്റിമീറ്റര്‍ വീതിയില്‍ ഒരു രഹസ്യഅറയുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
റെക്സിന് ഷീറ്റ് ഉപയോഗിച്ച് ഇതു നന്നായി കവര്‍ ചെയ്തതിനാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയവും തോന്നില്ല. ഇതിനുതാഴെയായി ഒരു ലോഹത്തകിട് കൊണ്ട് സ്ക്രൂ ചെയ്തുവച്ച നിലയിലായിരുന്നു രഹസ്യഅറ.
രണ്ടുകിലോഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്ന 51 പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം (36), പെര്‍ള അമെയ്ക്കള സ്വദേശി ഷെരീഫ് (52) എന്നിവരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും കരിയര്‍മാര്‍ മാത്രമാണെന്നും അബ്ദുള്‍ ബാസിത് ആണ് ഇതിന്റെ സൂത്രധാരനെന്നും വെളിപ്പെടുന്നത്.
ഇയാള്‍ക്കെതിരേ വാറണ്ട് പ്രഖ്യാപിച്ചതിനുപിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. ബാസിതിനെതിരേ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ രണ്ടു കൊലക്കേസ് അടക്കം 12 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.
മണലിപ്പുഴയിലേക്ക് ഓട്ടോ മറിഞ്ഞ് ഏഴംഗകുടുംബം പുഴയില്‍ മുങ്ങി
ചിറ്റിശേരി (തൃശൂർ): എറവക്കാട് ഓടന്‍ചിറ ഷട്ടറിനുസമീപം മണലിപ്പുഴയിലേക്കുമറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് നാലു കുട്ടികള്‍ ഉള്‍പ്പെടെ ഏഴംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചിറ്റിശേരി കുരുതുകുളങ്ങര വിനു ഓടിച്ചിരുന്ന ഓട്ടോയാണ് നിയന്ത്രണംവിട്ട് പുഴയിലേക്കു മറിഞ്ഞത്. വിനുവിന്റെ ഭാര്യ രേഷ്മ, ഇവരുടെ നാലു മക്കള്‍, ഭാര്യാമാതാവ് അജിത, ബന്ധു എന്നിവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തലയ്ക്കു പരിക്കേറ്റ രേഷ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നിസാരപരിക്കേറ്റ മറ്റുള്ളവരെ പ്രാഥമികചികിത്സ നല്കി വിട്ടയച്ചു.
ഊരകത്തുനിന്നു വരുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോ പുഴയിലേക്കു മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഓടന്‍ചിറ ഷട്ടര്‍ താഴ്ത്തിയതുമൂലം പുഴയില്‍ വെള്ളം ഉയര്‍ന്നനിലയിലായിരുന്നു. അപകടത്തില്‍ മുങ്ങിപ്പോയ ഓട്ടോയിലെ യാത്രക്കാരെ രണ്ടു പോലീസുകാരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ക്രെയിന്‍ എത്തിച്ചാണ് ഓട്ടോ ഉയര്‍ത്തിയത്.
രക്ഷകരായി പോലീസുകാര്‍
പുഴയിലേക്കു മറിഞ്ഞ ഓട്ടോ യാത്രക്കാര്‍ക്കു രക്ഷകരായി ജോലികഴിഞ്ഞു മടങ്ങിയ പോലീസുകാര്‍. യാദൃച്ഛികമായി സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുകാരായ ഷാബുവിന്റെയും ശരത്തിന്റെയും നേതൃത്വത്തിലാണ് ഓട്ടോയിലുണ്ടായിരുന്ന ഏഴംഗകുടുംബത്തെ രക്ഷപ്പെടുത്തിയത്. നാലു കുട്ടികളും രണ്ടു സ്ത്രീകളും ഓട്ടോയിലുണ്ടായിരുന്നു.
ഓട്ടോ പുഴയിലേക്കു മറിഞ്ഞ സമയത്തു പുഴയുടെ മറുകരയില്നിന്നിരുന്ന സിപിഒമാരായ മടവാക്കര മാളിയേക്കല്‍ പറമ്പില്‍ ഷാബുവും ചിറ്റിശേരി നടുവില്‍ വീട്ടില്‍ ശരത്തും, കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഊരകം റോഡുപണി നടക്കുന്നതിനാല്‍ കോന്തിപുലംവഴി മടവാക്കരയിലേക്കു പോവുകയായിരുന്നു പോലീസുകാർ. ഓടന്‍ചിറ ഷട്ടറിനുസമീപം ബൈക്കുകള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് മറുകരയില്‍ വലിയ ശബ്ദത്തോടെ ഓട്ടോ പുഴയിലേക്കു മറിഞ്ഞത്. ഓട്ടോ എന്തിലോ ഇടിച്ചു എന്നാണ് പോലീസുകാര്‍ പറയുന്നത്.
കൂടെ ഓട്ടോയില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കൂടിയായതോടെ ഇവര്‍ ബൈക്ക് എടുത്ത് ഷട്ടറിനുമുകളിലൂടെ മറുകരയെത്തി. ഒരാള്‍ പുഴയിലേക്കു ചാടി ഈ സമയത്തു നാട്ടുകാരും സ്ഥലത്തെത്തി. കുട്ടികളെ ഓരോരുത്തരെയായി കരയ്ക്കുകയറ്റി. തുടര്‍ന്നു രണ്ടു സ്ത്രീകളെയും രക്ഷിച്ചു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: കത്തോലിക്ക കോൺഗ്രസ്
കല്ലടിക്കോട് (പാലക്കാട്): ക്രൈസ്തവവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ.
വന്യജീവി ആക്രമണത്തിനു ശാശ്വതപരിഹാരം കാണണമെന്നും ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ നടപടി സ്വീകരിക്കണമെന്നും കാർഷിക വിലത്തകർച്ചയ്ക്കു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തർദേശീയസമ്മേളനത്തിന്റെ ഭാഗമായുള്ള നേതാക്കളുടെ കൺവെൻഷൻ യുവക്ഷേത്രയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫ. രാജീവ്. പാലക്കാട് രൂപത പ്രസിഡന്റ് ബോബി ബാസ്റ്റിൻ പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖപ്രഭാഷണം നടത്തി.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ തോമസ് ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഡോ. കെ.എം. ഫ്രാൻസിസ്, ഡെന്നി തെങ്ങുംപള്ളി, രൂപത ജനറൽ സെക്രട്ടറി ജിജോ ജയിംസ് അറയ്ക്കൽ, ജോസ് മുക്കട, ഫാ. സജി വട്ടുകളത്തിൽ, ജോസ് വടക്കേക്കര, കെ.എഫ്.ആന്റണി, എലിസബത്ത് മസോളിനി, ദീപ ബൈജു, ബെന്നി മറ്റപ്പിള്ളിൽ, ബിജു മലയിൽ, കെ.ടി. തിമോത്തിയോസ് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനം പാലക്കാട്ട് 26, 27 തീയതികളിൽ
കത്തോലിക്ക കോൺഗ്രസ് അന്തർദേശീയസമ്മേളനം ഈ മാസം 26, 27 തീയതികളിൽ പാലക്കാട്ട് നടക്കും. 26 നു വൈകുന്നേരം അഞ്ചിനു പാലയൂർ തീർഥാടനകേന്ദ്രത്തിൽനിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണവും, താമരശേരി കത്തീഡ്രലിൽനിന്നു കത്തോലിക്ക കോൺഗ്രസിന്റെ പതാക വഹിച്ചുകൊണ്ടുള്ള വിളംബരജാഥയും പാലക്കാട് കത്തീഡ്രൽ സ്ക്വയറിലുള്ള മാർ ജോസഫ് ഇരിമ്പൻനഗറിൽ എത്തിച്ചേരും. പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തുകയും ഛായാചിത്രം പ്രതിഷ്ഠിക്കുകയും ചെയ്യും.
27ന് ഉച്ചയ്ക്കു രണ്ടിനു പാലക്കാട് കോട്ടമൈതാനത്തുനിന്നു റാലിയും പൊതുസമ്മേളനവും നടക്കും. കേരളത്തിനുപുറമേ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. ഫ്രാൻസ്, ഓസ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കും.
എമ്പുരാന്: ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നെന്ന് ആസിഫ് അലി
തൊടുപുഴ: സിനിമയെ സിനിമയായി കാണണമെന്നു നടന് ആസിഫ് അലി. എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയിലാണ് കാണേണ്ടത്. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നതു നമ്മള് തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുകയാണ്.
സമൂഹമാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബര്‍ ആക്രമണം അനുഭവിക്കുന്നവര്‍ക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കുമെന്നും ആസിഫ് അലി പറഞ്ഞു.
കുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി
കൊടുങ്ങല്ലൂർ: ഭക്തിപ്രഹർഷത്താൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾക്കൊപ്പം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പതിനായിരങ്ങൾ കാവുതീണ്ടി. ദേവീസ്തുതികളോടെ ചുവടുവച്ചെത്തിയവർ മുളന്തണ്ടുകളാൽ ക്ഷേത്രത്തിന്റെ ചെമ്പോലത്തകിടിൽ ആഞ്ഞടിച്ച് ക്ഷേത്രനഗരിയെ പ്രകമ്പനംകൊള്ളിച്ചു.
ഭരണിമഹോത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടാൻ കോമരങ്ങളും ഭക്തരും അടങ്ങുന്ന വൻജനസഞ്ചയം രാവിലെമുതൽ കാവേറ്റം തുടങ്ങിയിരുന്നു. ഉച്ചയോടെ നൂറുകണക്കിനു പേരടങ്ങുന്ന സംഘങ്ങൾ കൊടിക്കൂറകളും പട്ടുകുടകളുമായി കാവിലേക്കു പ്രവഹിച്ചുതുടങ്ങി. താനാരം ... തന്നാരം ഈണത്തിൽ കോലടിച്ചു പാട്ടുപാടി ചെറുസംഘങ്ങളായെത്തിയവർ കാവേറ്റം തുടർന്നു. അവകാശത്തറകൾ നിണമണിഞ്ഞ കോമരങ്ങളാൽ നിറഞ്ഞു.
ആദിദ്രാവിഡത്തനിമയും ഗോത്രസംസ്കൃതിയും ഒത്തുചേർന്ന ഭരണിയുത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതിനാളിലെ കാവുതീണ്ടലിനു മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് പൂജ ഉച്ചയ്ക്ക് 12 ന് ആരംഭിച്ചു. കുന്നത്ത്, നീലത്ത് മഠങ്ങളിൽനിന്നുള്ള അടികൾമാരാണ് രഹസ്യമന്ത്രങ്ങൾ ഉരുവിടുന്ന ശാക്തേയപൂജയായ തൃച്ചന്ദനച്ചാർത്ത് പൂജ നടത്തിയത്.
ക്ഷേത്രവാതിലുകളെല്ലാം കൊട്ടിയടച്ച് അതീവരഹസ്യമായി നടത്തുന്ന ഈ പൂജ അവസാനിക്കുന്നതുവരെ വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജ ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയിൽ കാവലാളായി നിലകൊണ്ടു. പൂജകഴിഞ്ഞ് അടികൾമാർ നടയടച്ചുപോയശേഷം തമ്പുരാൻ കിഴക്കേനടയിലെ നിലപാടുതറയിലെത്തി ഉപവിഷ്ടനായി. തുടർന്ന് 4.35നു കാവുതീണ്ടാൻ തമ്പുരാൻ അനുമതിനൽകി.
കോയ്മ ചുവന്ന പട്ടുകുട നിവർത്തിയതോടെ ആദ്യം കാവുതീണ്ടാൻ അധികാരമുള്ള പാലയ്ക്കവേലൻ ദേവീദാസൻ കുതിച്ചുപാഞ്ഞു. പിന്നാലെ വിവിധ അവകാശത്തറകളിൽ നിലയുറപ്പിച്ച കോമരങ്ങളും ഭക്തജനങ്ങളും ദേവീ ശരണം വിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ചും വിജയഭേരി മുഴക്കിയും മൂന്നുവട്ടം ക്ഷേത്രം വലംവച്ച് കാവുതീണ്ടി. തുടർന്ന് കുതിരകളി, കാളകളി , മുടിയേറ്റ് , മുടിയാട്ടം, തെയ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രമുറ്റത്തു വിവിധദേശങ്ങളിൽ നിന്നെത്തിയവർ അവതരിപ്പിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, മെംബർ എ.പി. അജയൻ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെയും ഡിവൈഎസ്പി എസ്.വൈ. സുമേഷിന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷ ക്ഷേത്രത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിരുന്നു. ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണസംവിധാനവും ഒരുക്കി. തൃശൂർ റൂറൽ പോലീസിനോടൊപ്പം തൃശൂർ സിറ്റി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽനിന്നും പോലീസിനെ അധികമായി നിയോഗിച്ചിരുന്നു.
ഇന്നു ദേവിക്കു പട്ടും താലിയും സമർപ്പിക്കുന്നതോടെ ഭരണിമഹോത്സവം സമാപിക്കും. അശ്വതികാവു തീണ്ടിക്കഴിഞ്ഞാൽ ഒരാഴ്ചകഴിഞ്ഞാണ് ദർശനത്തിനായി ക്ഷേത്രനട തുറക്കുക.
എന്പുരാനിൽ മോഡിഫിക്കേഷൻ; വിവാദം കത്തുന്നു, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
തിരുവനന്തപുരം: എന്പുരാൻ സിനിമയിലെ വിവാദ ഭാഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. വിവാദ ഭാഗങ്ങൾ ഇന്നു തിയറ്ററിൽനിന്നു ഒഴിവാക്കാനിരിക്കേയാണ് ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ മോഹൻലാൽ പ്രതികരിച്ചത്. ചിത്രത്തിന്റെ സംവിധായകനും അഭിനേതാവുമായ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. സിനിമയിൽനിന്നു മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്.
കുറിപ്പിന്റെ പൂർണ രൂപം:
‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ’എന്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ, സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറെപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എന്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽനിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
-മോഹൻലാൽ
“എല്ലാവര്ക്കും ഉത്തരവാദിത്വം”: മല്ലിക സുകുമാരന്‍
കൊച്ചി: എമ്പുരാന് സിനിമയിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന പ്രചാരണം വേദനയുണ്ടാക്കുന്നതാണെന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍. ചിത്രത്തിന്റെ സംവിധായകന് മകന് പൃഥ്വിരാജ് ആണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും തനിക്കില്ല.
എങ്കിലും സിനിമയുടെ അണിയറയില്‍ എന്താണ് നടന്നതെന്ന് തനിക്ക് നന്നായി അറിയാമെന്നും മല്ലിക ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലാലിന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതില്‍ അതീവ ദുഃഖമുണ്ടെന്ന് മേജര്‍ രവിയുടെ പേരെടുത്ത് പറഞ്ഞ് മല്ലിക വിമര്‍ശിച്ചു. സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന് എല്ലാവര്ക്കും ഉത്തരവാദിത്വമാണെന്നും മല്ലിക കുറിച്ചു.
അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾവരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.
ഈ സമ്മർദത്തിൽപെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾവരെ പുറത്തുവന്നിരിക്കുന്നു. സിനിമകൾ നിർമിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം.
ചരിത്രസത്യങ്ങൾ തെളിഞ്ഞുനിൽക്കും: വി.ഡി. സതീശൻ
സംഘ്പരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്.
-
എന്പുരാൻ കാണില്ല: രാജീവ് ചന്ദ്രശേഖർ
ചരിത്രത്തെ വളച്ചൊടിച്ച സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. അത്തരം സിനിമകളെ ജനം തള്ളും. എന്പുരാൻ സിനിമ ഇനി ഞാൻ കാണില്ല, താൽപര്യം ഉള്ളവർക്കു കാണാം. സിനിമ കണ്ട ആളുകളിൽ ചിലർ അതിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോൾ സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യുന്നതായി നിർമാതാവുതന്നെ വ്യക്തമാക്കി.