മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ ശുചിത്വമിഷൻ കാന്പയിനിൽ 2020-21 വർഷത്തെ ഗ്രീൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ജോയൽ ജോസഫിന് ഉജ്വലബാല്യം പുരസ്കാരം. സമ്മാനത്തിനു പുറമെ 25,000 രൂപയുടെ സ്കോളർഷിപ്പും ഇതോടൊപ്പം ലഭിക്കും.
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പു നൽകുന്ന പുരസ്കാരമാണ് മൂലമറ്റം എസ്എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജോയൽ നേടിയത്. ആറുമുതൽ 11 വയസു വരെയുള്ളവരുടെ വിഭാഗത്തിലാണ് ഈ അപൂർവ നേട്ടം.
കല, കായികം, സാമൂഹികം, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, യോഗ എന്നീ മേഖലകളിലുള്ള ജോയലിന്റെ മികവാണ് അവാർഡിന് അർഹനാക്കിയത്. മൂലമറ്റം സ്നേഹഭവനിലെ ആകാശപ്പറവകൾക്ക് പൊതിച്ചോറ് നൽകുന്ന പദ്ധതിയിൽ സജീവ പങ്കാളിയായിരുന്നു ഈ കൊച്ചുമിടുക്കൻ.
യോഗയിലും കുങ്ഫുവിലും മൂന്നുവർഷമായി പരിശീലനം നേടിവരുന്നു. യോഗയിൽ ജില്ലാതലത്തിൽ ഈവർഷം ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഗ്രൂപ്പ് പ്രീ ക്ലോയിൽ മൂന്നാംസ്ഥാനവും നേടിയിരുന്നു.
പ്രസംഗം, പദ്യംചൊല്ലൽ, ചിത്രരചന എന്നിവയിലും നിരവധിസമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രകൃതി ദൃശ്യങ്ങളുടെ അഴകാർന്ന ചിത്രങ്ങൾ വരയുടെ ലോകത്ത് ഈ കുരുന്നിന്റെ സർഗഭാവന വിളിച്ചോതുന്നു. മൂലമറ്റം കാലായിൽ ജോസഫ്- ജിജി ദന്പതികളുടെ മകനാണ്. സഹോദരൻ ജൂവൽ ഇതേ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്.