ഐസിന് ചൂടുണ്ടോ? ഈ ചോദ്യം ഒരു തമാശയായി തോന്നുന്നുണ്ടോ? ഇത് തമാശയല്ല. ഗൗരവതരമായ ഒരു ചോദ്യമാണിത്.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് താപം, താപനില എന്നിവ എന്താണെന്ന് നോക്കാം.
എല്ലാ പദാര്‍ഥങ്ങളും അതിസൂക്ഷ്മകണികകളാല് (തന്മാത്രകളാല്‍) നിര്‍മിതമാണ്. ഈ കണികകളാകട്ടെ നിദാന്ത ചലനത്തിലും. ചലനാവസ്ഥയിലുള്ള വസ്തുവിന് ഗതികോര്ജമുണ്ടാകുമല്ലോ. അതിനാല്‍ പദാര്‍ഥത്തിലെ തന്മാത്രകള്ക്കെല്ലാം ഗതികോര്ജമുണ്ടാകും. ഒരു പദാര്‍ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്ജത്തെയാണ് താപം എന്നു പറയുന്നത്. അതിനാല്‍ ഒരു പദാര്‍ഥത്തിലെ തന്മാത്രകള് ചലനാവസ്ഥയിലാണെങ്കില് ആ വസ്തുവില്‍ താപോര്‍ജം സംഭരിക്കപ്പെട്ടിട്ടുണ്ടെന്ന് പറയാം.
വിശിഷ്ട താപധാരിത
ഒരേ വലുപ്പമുള്ള രണ്ടു ബീക്കറുകളിലൊന്നില് 100 g ജലവും രണ്ടാമത്തേതില്‍ 100g വെളിച്ചെണ്ണയുമെടുത്ത് നല്ല വെയിലുള്ള ഒരു സ്ഥലത്ത് 30 മിനിറ്റുനേരം വച്ചതിനുശേഷം തിരിച്ചെടുക്കുക.
ചോദ്യം 1:
വെളിച്ചെണ്ണയ്ക്കാണോ ജലത്തിനാണോ കൂടുതല്‍ താപം ലഭിച്ചിട്ടുണ്ടാകുക?
വെളിച്ചണ്ണയ്ക്കെന്ന് പറഞ്ഞ് ഉത്തരം തെറ്റിക്കല്ലേ. രണ്ടിനും ലഭിച്ച താപം തുല്യമാകാനേ തരമുള്ളൂ. രണ്ടും ഒരേ സാഹചര്യത്തില്‍ തുല്യസമയം ഒരേപോലുള്ള വെയിലേറ്റ പദാര്‍ഥങ്ങളാണെന്ന് ഓര്‍ക്കുക.
ചോദ്യം 2:
ഏതാണ് കൂടുതല്‍ ചൂടായിട്ടുണ്ടാകുക?
ഉത്തരം തെറ്റാതെ തന്നെ പറയും. വെളിച്ചെണ്ണതന്നെ.
അതായത് ഒരേ താപമാണ് ലഭിച്ചതെങ്കിലും ജലത്തേക്കാള്‍ കൂടുതല്‍ ചൂടായത് വെളിച്ചെണ്ണയാണ്. ഇതിന് കാരണം വെളിച്ചെണ്ണയുടെ താഴ്ന്ന വിശിഷ്ടതാപധാരിതയാണ്. അതായത് വിശിഷ്ടതാപധാരിത കുറവുള്ള പദാര്‍ഥങ്ങളെ എളുപ്പത്തില്‍ ചൂടാക്കാനാകും. എന്നാല്‍, ജലത്തിന് വിശിഷ്ടതാപധാരിത കൂടുതലാണ്. അതിനാല്‍ അതിനെ ചൂടാക്കല്‍ അല്പം ദുഷ്കരമാണ്.
ജലത്തിന്റെ വിശിഷ്ടതാപധാരിത 4186J/kgK ആണ്. എന്താണിതിനർഥം? നിങ്ങളുടെ കൈയിൽ 250C താപനിലയിലുള്ള ഒരു ലിറ്റർ (ഒരു കിലോഗ്രാം) ജലമുണ്ടെന്നു കരുതുക. ഇതിന്റെ താപനില 260Cൽ എത്തിക്കാൻ (താപനില 10C ഉയർത്താൻ) 4186J താപോർജം നല്‍കേണ്ടിവരും. ഒരു കിലോഗ്രാം ജലത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് താഴുന്പോൾ ജലത്തിൽനിന്ന് നഷ്ടപ്പെടുന്ന താപവും 4186 തന്നെ ആയിരിക്കും.
എന്താണ് താപനില?
ഒരു പദാര്‍ഥത്തിലെ ഓരോ തന്മാത്രയിലും ശരാശരി എത്രവീതം താപോര്‍ജം സംഭരിക്കപ്പെട്ടിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരളവാണ് താപനില. അതായത് പദാര്‍ഥത്തിലെ താപോര്‍ജത്തിന്റെ ഗാഢത അഥവാ തീവ്രതയാണ് താപനില എന്ന് പറയാം. താപനില കൂടിയ വസ്തുവില്‍നിന്നും താപനില കുറഞ്ഞ വസ്തുവിലേക്കാണ് താപോര്‍ജം പ്രവഹിക്കുന്നത്.
നമ്മുടെ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ ചൂട്, തണുപ്പ് എന്നിവ എന്താണെന്നുകൂടി അറിയണം.
തണുപ്പ് എന്നത് ഒരു അനുഭൂതി (തോന്നല്‍) മാത്രമാണ്. എന്നാല്‍, ചൂട് എന്നത് ഒരു അനുഭൂതിയും അതേസമയം അതൊരു വസ്തുതയുമാണ്.
ഇതിലെ ഒന്നാം ഭാഗം, അതായത് അനുഭൂതി എന്താണെന്ന് നമുക്ക് ആദ്യം പരിശോധിക്കാം.
നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ശരീരത്തില്‍നിന്നും താപം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഒരനുഭവമാണ് തണുപ്പ്. ശരീരത്തിലേക്ക് താപം പ്രവേശിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭവമാണ് ചൂട്. ഇതൊന്ന് കൂടി വ്യക്തമാക്കാം.
നാം ഐസ് വാട്ടറില്‍ സ്പര്‍ശിക്കുമ്പോള്‍ താപനില കൂടിയ നമ്മുടെ ശരീരത്തില്‍നിന്ന് താപനില കുറഞ്ഞ വെള്ളത്തിലേക്ക് താപം ഒഴുകും. അഥവാ നമ്മുടെ ശരീരത്തിന് താപം നഷ്ടപ്പെടും. അപ്പോള്‍ നമുക്കുണ്ടാകുന്ന തോന്നലാണ് തണുപ്പ്. അതേസമയം, കുടിക്കാനായി കൊണ്ടുവന്ന ചായയില്‍ നമ്മുടെ കൈയൊന്ന് തൊട്ടുനോക്കിയാല്‍ ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്?
ഉയര്‍ന്ന താപനിലയിലുള്ള ചായയില്‍നിന്ന് നമ്മുടെ ശരീരത്തിലേക്കു താപം പ്രവഹിച്ചു. അതായത് നമ്മുടെ ശരീരത്തിലേക്കു താപം വന്നു. അപ്പോള്‍ നമുക്ക് ചൂട് എന്ന അനുഭവമുണ്ടായി.
ഇനി ചൂട് എന്നത് ഒരു വസ്തുത ആകുന്നതെങ്ങനെയന്ന് നോക്കാം. താപോര്‍ജം ശേഖരിക്കപ്പെട്ടിട്ടുള്ള (തന്മാത്രകള് ചലനാവസ്ഥയിലുള്ള) ഏതൊരു വസ്തുവിനും ചൂടുണ്ട് എന്നു പറയാം. ഇത് ഒരു തോന്നലല്ല. യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ ചൂട് ഒരാള്‍ക്ക് അനുഭവപ്പെടണമെങ്കില്‍ സ്പര്‍ശിക്കുന്ന ആളുടെ ശരീരതാപനില വസ്തുവിന്റെ താപനിലയേക്കാള്‍ കുറവായിരിക്കണം.
ഇനി നമ്മുടെ ചോദ്യത്തിലേക്ക് വരാം.
ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
ഐസിന് ചൂടുണ്ടോ?
തീര്‍ച്ചയായും ചൂടുണ്ട്. ഒന്നാമത്തെ കാരണം ഐസിലെ തന്മാത്രകള് നിശ്ചലാവസ്ഥയിലല്ല. രണ്ടാമത്തെ കാരണം ഐസിനെ വീണ്ടും തണുപ്പിച്ച് മൈനസ് ഡിഗ്രി താപനിലയിലേക്ക് താഴ്ത്താന്‍ കഴിയുന്നുണ്ട്. ചൂടുള്ള വസ്തുവിനെ മാത്രമല്ലേ തണുപ്പിക്കാന്‍ കഴിയൂ. അപ്പോള്‍ ഐസിന്റെ താപനില പിന്നെയും താഴ്ത്താന്‍ (അതായത് തണുപ്പിക്കാന്‍) പറ്റുമെന്ന് പറയുമ്പോള്‍ അതിന് ചൂടുണ്ടെന്നത് പച്ചയായ ഒരു യാഥാര്‍ഥ്യമാണല്ലോ.
അപ്പോള്‍ സ്വാഭാവികമായും അടുത്ത ചോദ്യം:
ഐസിന്റെ താപനില പൂജ്യമാണോ?
ഒരു വസ്തുവില്‍ താപം ഇല്ലാതാകുമ്പോഴാണ് (തന്മാത്രകള് നിശ്ചലാവസ്ഥയിലാകുമ്പോള് മാത്രമാണ് ) ആ വസ്തുവിന്റെ താപനില ശരിയായ അര്‍ഥത്തില്‍ പൂജ്യമാകുകയുള്ളൂ. ഐസിലെ തന്മാത്രകള് നിശ്ചലാവസ്ഥയിലെത്താത്തതിനാല് ഐസിന്റെ താപനില പൂജ്യമാണെന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണ്. അതിനാല്‍ ഐസിന്റെ താപനില യഥാര്‍ഥ പൂജ്യമല്ല. അതിനെ നമുക്ക് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് എന്നു മാത്രം വിളിക്കാം.
അപ്പോള്‍ യഥാര്‍ഥ പൂജ്യം താപനിലയേത്?
ഒരു വസ്തു തണുക്കാവുന്നതിന്റെ പരമാവധി തണുക്കുമ്പോള്‍ (അതായത് പദാര്‍ഥത്തിലെ തന്മാത്രകള് നിശ്ചലാവസ്ഥയിലാകുമ്പോള്) താപനില യഥാര്‍ഥ പൂജ്യമായി എന്നു പറയാം. ആ താപനില എങ്ങനെയാണ് കണ്ടെത്തിയതെന്ന് നോക്കാം.
ഏറ്റവും ലളിതമായി ഈ കണ്ടെത്തല്‍ ഒന്നു വിശദീകരിക്കാം.
ഒരു വാതകത്തിന്റെ മര്‍ദം അതിന്റെ താപനിലയ്ക്കു നേര് അനുപാതത്തിലായിരിക്കുമെന്ന വസ്തുത ഉപയോഗപ്പെടുത്തിയാണ് ഈ താപനില കണ്ടെത്തിയത്.
ഭദ്രമായി അടച്ച ഒരു ബോട്ടിലില്‍ ശേഖരിച്ച വാതകത്തിന്റെ താപനിലയും മര്‍ദവും യഥാക്രമം തെര്‍മോമീറ്ററും ബാരോമീറ്ററും ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ വാതകത്തെ ചൂടാക്കി താപനില വര്‍ധിപ്പിച്ച് പുതിയ താപനിലയും മര്‍ദവും അളക്കുന്നു. ഈ പ്രവര്‍ത്തനം രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ച്, താപനിലകളും മര്‍ദവും കണ്ടെത്തി അതുപയോഗിച്ച് ചിത്രത്തിലേതുപോലെ ഒരു ഗ്രാഫ് വരയ്ക്കുന്നു.
ഇതിലെ BCD എന്ന ഗ്രാഫ് നാം അളന്നെടുത്ത താപനിലയും മര്‍ദവും ഉപയോഗിച്ച് വരച്ചതാണ്. ഇത് ഒരു നേര്‍രേഖയായതിനാല്‍ ഈ ഗ്രാഫ് നമുക്ക് വലിച്ചുനീട്ടാം. അപ്പോള്‍ ലഭിക്കുന്ന ഗ്രാഫാണ് ABCD. ഇനി ഈ ഗ്രാഫ് ഉപയോഗിച്ച് ഈ വാതകത്തിന്റെ ഏതൊരു താപനിലയിലെയും മര്‍ദം കണക്കാക്കാം.
ഗ്രാഫ്, X – അക്ഷത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന ബിന്ദുവിലെ (Aയിലെ) മര്‍ദം പൂജ്യമാണ്. ഗ്രാഫ് പ്രകാരം ഇവിടത്തെ താപനില -2730C ആണ്. ഒരു വാതകത്തിന്റെ മര്‍ദം പൂജ്യമാകുന്നത് വാതകതന്മാത്രകള് തമ്മിലുള്ള കൂട്ടിമുട്ടലുകള്‍ നിലയ്ക്കുമ്പോഴാണ്. അതായത് താപനില -2730C ആകുമ്പോള്‍ തന്മാത്രകളുടെ കൂട്ടിമുട്ടലുകള്‍ അവസാനിക്കുന്നു അഥവാ തന്മാത്രകള് നിശ്ചലമാകുന്നു. അതിനാല്‍ ഒരു പദാര്‍ഥത്തിന്റെ താപനില -2730C ആകുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജം പൂജ്യമാകുന്നതിനാല് അതിന്റെ താപനില ശരിയായ അര്‍ഥത്തില്‍ പൂജ്യമായതായി കണക്കാക്കാം. അതിനാല്‍ -2730C താപനിലയെ അബ്സല്യൂട്ട് സീറോ അഥവാ കേവല പൂജ്യം എന്ന് വിളിക്കുന്നു.
താപം എങ്ങനെ കണക്കാക്കും?
ഒരു പാത്രത്തിലേക്ക് എത്ര ജലം പകര്ന്നുവെന്നറിയാന് അളവുപാത്രം കൊണ്ട് അളന്നുനോക്കിയാല്‍ മതി. ഒരു പദാര്‍ഥത്തിന്റെ താപനില എത്രയെന്നറിയാന്‍ ഒരു തെര്‍മോമീറ്റര്‍ കൊണ്ട് കഴിയും.
എന്നാല്‍, ഒരു കലത്തില്‍ ജലമെടുത്ത് അടുപ്പത്ത് വച്ച് കുറെ നേരം ചൂടാക്കിയെന്നു കരുതൂ. ജലത്തിലേക്ക് എത്ര താപം എത്തിയെന്നറിയാന്‍ എന്താണ് മാര്‍ഗം. ഉപകരണം വല്ലതുമുണ്ടോ? ഉപകരണം ലഭ്യമാക്കല്‍ അത്ര എളുപ്പമല്ല. പക്ഷേ, ഇത് കണ്ടെത്താന്‍ വളരെ എളുപ്പമാണ്.
ഇതിനൊരു സൂത്രവിദ്യയുണ്ട്. ഇതാണാ സൂത്രം.
പദാര്‍ഥം സ്വീകരിച്ച താപം H = മാസ് x വിശിഷ്ട താപധാരിത x താപനിലയിലെ വ്യത്യാസം = mcθ
രാവിലെ കുളിക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിനു വല്ലാത്ത തണുപ്പ്. താപനില 60C.
5 ലിറ്റർ വെള്ളമെടുത്ത് അടുപ്പത്തുവച്ചു. 760C വരെ ചൂടാക്കി. ഇതിനായി ജലത്തിലേക്ക് എത്ര താപം കൊടുത്തുകാണുമെന്ന് ഈ സൂത്രവിദ്യ ഉപയോഗിച്ച് ഒന്നുകണക്കാക്കിനോക്കൂ.
മിശ്രണ തത്വം
ദ്രാവകങ്ങള്‍ ഒഴുകുന്നത് ഉയരത്തില്‍നിന്ന് താഴേക്ക്. വാതകങ്ങള്‍ പ്രവഹിക്കുന്നത് (കാറ്റുവീശുന്നത്) ഉച്ചമര്ദമേഖലയില്നിന്നു ന്യൂനമര്‍ദമേഖലയിലേക്ക്. വൈദ്യുതി ഒഴുകുന്നത് ഉയര്‍ന്ന വൈദ്യുത പൊട്ടന്ഷ്യലില്നിന്നു താഴ്ന്ന പൊട്ടന്‍ഷ്യലിലേക്ക്. താപം ഒഴുകുന്നതോ? ഉയര്‍ന്ന താപനിലയിലുള്ള വസ്തുവിവില്നിന്നു താഴ്ന്ന താപനിലയിലുള്ള വസ്തുവിലേക്ക്.
താപനിലയില്‍ വ്യത്യാസമുള്ള രണ്ടു വസ്തുക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വന്നാല്‍ താപനില കൂടിയ വസ്തുവില്നിന്ന് താപനില കുറഞ്ഞവസ്തുവിലേക്ക് അവയുടെ താപനിലകള്‍ തുല്യമാകുന്നതുവരെ (താപം തുല്യമാകുന്നതുവരെയല്ല ) താപം പ്രവഹിക്കും. ചൂടുള്ള വസ്തുവിന് നഷ്ടമായ താപവും തണുത്ത വസ്തുവിന് ലഭിച്ച താപവും തുല്യമായിരിക്കും.
രണ്ടു ടാങ്കുകളില്‍ ജലം ശേഖരിച്ച് അതിനെ ഒരു പൈപ്പുപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചാൽ വെള്ളം എങ്ങോട്ട് ഒഴുകും? അതുപോലെതന്നെയാണ് താപം ഒഴുകുന്നതും. അതായത് ഉയര്‍ന്ന താപനിലയില്‍നിന്നും താഴ്ന്ന താപനിലയിലേക്ക് അവയുടെ താപനിലകള്‍ തുല്യമാകുന്നതുവരെ താപം ഒഴുകും.
ബാഷ്പനവും ബാഷ്പീകരണവും
ഒരു ദ്രാവകം വാതകമായി മാറുന്ന പ്രവര്‍ത്തനമാണ് ബാഷ്പനവും ബാഷ്പീകരണവും.
അപ്പോള്‍ ഒരു സംശയമണ്ടാകാമല്ലോ? ഇത് രണ്ടും ഒന്നുതന്നെയെങ്കില്‍ പിന്നെന്തിനാണിതിന് രണ്ടു പേരുകള്‍. കാരണമുണ്ട്. രണ്ടും ഒന്നല്ല.
നിങ്ങള്‍ ഒരു പരന്ന പാത്രത്തില്‍ അല്പം ജലമെടുത്ത് തുറന്നു വയ്ക്കൂ. കുറെനേരം കഴിയുമ്പോള്‍ പാത്രം ഉണങ്ങിയിരിക്കുന്നത് കാണാറില്ലേ? പാത്രത്തിലെ ജലമെവിടെപ്പോയി. വാതകരൂപത്തില്‍ അന്തരീക്ഷത്തിലേക്കുപോയി. പാത്രത്തിലെ ജലം തിളച്ച് നീരാവിയായിപ്പോയതാണോ? അല്ലല്ലോ. ഈ പാത്രത്തിലെ ജലത്തിന് സംഭവിച്ചതാണ് ബാഷ്പീകരണം. അതായത് ഏതൊരു താപനിലയിലും ചുറ്റുപാടില്‍നിന്നും താപം സ്വീകരിച്ച് ഒരു ദ്രാവകം വാതകമായി മാറുന്ന പ്രവര്‍ത്തനമാണ് ബാഷ്പീകരണം.
പാത്രത്തില്‍ ജലമെടുത്ത് അതിനെ ചൂടാക്കി തിളപ്പിക്കൂ. തിളയ്ക്കുന്നതോടെ നിശ്ചിത താപനിലയില്‍ നിന്നുകൊണ്ട് (1000C ല്‍) വളരെ ദ്രുതഗതിയില്‍ ജലം നീരാവിയായി മാറുന്നതുകാണാം. ഈ പ്രവര്‍ത്തനമാണ് ബാഷ്പനം. അതായത് ഒരു ദ്രാവകം തിളച്ച് വാതകാവസ്ഥയിലേക്ക് മാറുന്നതാണ് ബാഷ്പനം.
ലീനതാപം
ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ മൂന്നവസ്ഥകളില്‍ നമുക്കുചുറ്റും നാം പദാര്‍ഥങ്ങളെ കാണാറുണ്ടല്ലോ? ഉദാഹരണത്തിന് ഖരാവസ്ഥയിലുള്ള ഒരു വസ്തുവാണല്ലോ മെഴുക്. ഇതിനെയൊന്ന് ദ്രാവകരൂപത്തിലാക്കാനെന്താ മാര്‍ഗം? എന്താ സംശയം. ചൂടാക്കിയാല്‍ മതിയല്ലോ. അതായത് മെഴുകിന് താപം കൊടുത്താല്‍ മതി.
കുറച്ച് ജലം തന്നാല്‍ അതിനെ എങ്ങനെയാണ് ഖരമാക്കി (ഐസാക്കി) മാറ്റുക. നന്നായി തണുപ്പിച്ചാല്‍ മതി. അതായത് ജലത്തില്‍നിന്നും താപം നീക്കം ചെയ്താല്‍ മതി. ചുരുക്കത്തില്‍ ഒരു പദാര്‍ഥത്തെ ഒരവസ്ഥയില്‍നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റാന്‍ അതിലേക്കു താപം നല്‍കുകയോ അതില്‍നിന്നും താപം നീക്കം ചെയ്യുകയോ വേണം. ഒരു കിലോഗ്രാം പദാര്‍ഥം ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറുമ്പോള്‍ അത് സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്ന താപത്തിന്റെ അളവാണ് ലീനതാപം എന്നറിയപ്പെടുന്നത്.
ജലത്തിന്റെ ബാഷ്പന ലീനതാപം 22,60,000 J/kg ആണ്. അതായത് തിളനിലയിലെത്തിനില്ക്കുന്ന (1000C ലുള്ള) ഒരു കിലോ ജലത്തെ പൂര്‍ണമായും നീരാവിയാക്കിമാറ്റാന് 22,60,000 J താപം ആവശ്യമാണ്. അതുപോലെതന്നെ ഒരു കിലോ നീരാവി സാന്ദ്രീകരിച്ച് ജലമായി മാറുമ്പോള്‍ ഇതേ അളവില്‍ താപം പുറത്തുവിടുകയും ചെയ്യും.
ഐസിന്റെ ദ്രവീകരണ ലീനതാപം 3,35,000 J/kg ആണ്. ഇതിനര്‍ഥം ഒരു കിലോഗ്രാം ഐസിനെ ഉരുക്കിയെടുക്കാന്‍ അതിന് 3,35,000 J താപം നല്‍കണമന്നാണ്. അഥവാ ഒരു കിലോഗ്രാം ജലം ഐസായി മാറുമ്പോള്‍ ജലത്തില്‍നിന്ന് 3,35,000 J താപം പുറന്തള്ളപ്പെടും.
100 ഡിഗ്രി പനിയുണ്ടെങ്കിലും രക്തം തിളയ്ക്കുന്നില്ല!
ഡിഗ്രി സെല്‍ഷ്യസും ഫാരന്‍ഹീറ്റും
100 ഡിഗ്രി പനിയുണ്ടായിട്ടും എന്റെ രക്തം തിളച്ചു നീരാവിയാകാത്തതെന്തെന്ന ചോദ്യത്തിനെന്താണ് നമ്മുടെ മറുപടി?
നീളം പ്രസ്താവിക്കാന്‍ സെന്റിമീറ്റര്‍, മില്ലീമീറ്റര്‍, മീറ്റര്‍, കിലോമീറ്റര്‍ എന്നിങ്ങനെ പല യൂണിറ്റുകളുള്ളതുപോലെ താപനില പ്രസ്താവിക്കാനും ഒന്നിലധികം യൂണിറ്റുകളുണ്ട്. ഡിഗ്രി സെല്‍ഷ്യസ്(C), ഫാരന്‍ഹീറ്റ്(F), കെല്‍വിന്‍(K) എന്നിവയാണവ.
ഇതില്‍ ഫാരന്‍ഹീറ്റും (F) ഡിഗ്രി സെല്‍ഷ്യസും (F) തമ്മിലുള്ള ബന്ധം (F – 32)/180 = C/100 ആണ്.
ഇതനുസരിച്ച് 100 ഡിഗ്രി ഫാരന്‍ഹീറ്റ് എത്ര ഡിഗ്രി സെല്‍ഷ്യസാണെന്ന് കണക്കാക്കിനോക്കാം.
(100 – 32)/180 = C/100
68/180 = C/100
C = 68 x 100/180
= 37.80C
സാധാരണയായി ഡോക്ടര്‍മാര്‍ ശരീരതാപനില പറയുന്നത് ഫാരന്‍ഹീറ്റ് സ്കെയിലിലാണ്. 100 ഡിഗ്രി ഫാരന്ഹീറ്റെന്ന് പറയുന്നത് 37.80C മാത്രമാണ്.
വി.എ. ഇബ്രാഹിം
ജിഎച്ച്എസ്എസ്, സൗത്ത് എഴിപ്പുറം