കരുവാരകുണ്ട്: പ്ലാസ്റ്റിക് ബോട്ടിലും ടിഷ്യൂ പേപ്പറും ഉപയോഗിച്ച് ഫിഫ ലോകകപ്പിന്റെ മാതൃക തീർത്ത കരുവാരകുണ്ട് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി അബ്ദുൽ ബായിസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കരുവാരകുണ്ട് കുട്ടത്തി കോട്ടപ്പറന്പിൽ മുഹമ്മദ് - സലീന ദന്പതികളുടെ ഇളയ മകനാണ് ബായിസ്. ദേശീയ, അന്തർദേശീയ മത്സരങ്ങളെല്ലാം ഏത് സമയത്താണെങ്കിലും ടിവിയിലൂടെ കാണും. ഇതിനിടയിലാണ് സ്കൂളിൽ ലോകറെക്കോർഡുകളെ സംബന്ധിച്ച് റോഡ് ടു റെക്കോർഡ്സിലൂടെ എന്ന പരിപാടി നടന്നത്.
വിവിധതലങ്ങളിൽ ലോക റെക്കോഡുകൾ നേടിയ വിവിധ ആളുകളുടെ അനുഭവങ്ങളും റെക്കോഡിനുള്ള വഴികളും വിവരിക്കുന്നതായിരുന്നു പരിപാടി. ഇതിൽ നിന്ന് പ്രചോദനം മുൾക്കൊണ്ടാണ് ബാസിൽ ലോക റെക്കോഡിനായി പരിശ്രമം തുടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ കെ.കെ.ശുഹൈബും അധ്യാപകരും പൂർണപിന്തുണയും മാർഗനിർദേശവും നൽകി. തന്റെ ഇഷ്ട ഹോബിയായ ഫുട്ബാളുമായി ബന്ധപ്പെട്ട വിഷയം തന്നെ ബാസിൽ തിരഞ്ഞെടുക്കുകയായിരുന്നു. പഴയ വെള്ളക്കുപ്പികൾ, ടിഷ്യൂ പേപ്പറുകൾ, കളർ എന്നിവ ഉപയോഗിച്ചായിരുന്നു ലോകകപ്പ് മാതൃക നിർമിച്ചത്.
ആദ്യശ്രമം ജൂലൈ മാസത്തിൽ പരാജയപ്പെട്ടെങ്കിലും ഉമ്മയുടെ പിന്തുണയിൽ രണ്ടാം ശ്രമത്തിലാണ് റെക്കോർഡ് ബുക്കിൽ ഇടം നേടാനായത്.
ഓഗസ്റ്റ് 13നാണ് റെക്കോർഡ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ഇമെയിൽ സന്ദേശം ലഭിച്ചത്. ഫുട്ബോളിന് പുറമെ കേക്ക് നിർമാണം. ക്രാഫ്റ്റ് വർക്ക് എന്നിവയിലും പ്രത്യേക താത്പര്യമുണ്ട് ബായിസിന്. അവാർഡ് നേടിയ ബായിസിനെ സ്കൂൾ സ്റ്റാഫ് കൗണ്‍സിൽ അനുമോദിച്ചു.