വില കുറച്ച് മഹീന്ദ്ര, റെനോ, ടാറ്റ
Saturday, September 6, 2025 10:58 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) വരുത്തിയ മാറ്റങ്ങളെത്തുടർന്ന് വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റെനോ, ടാറ്റ മോട്ടോഴ്സ് എന്നീ കന്പനികൾ കാറുകളുടെ വില ഗണ്യമായി കുറച്ചു.
മഹീന്ദ്ര വിവിധ മോഡലുകൾക്ക് 1.56 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ഈ വിലക്കുറവ് പ്രാബല്യത്തിലായി.
മഹീന്ദ്ര ബൊലേറോയുടെ ടോപ് എൻഡ് മോഡലിന് 1.27 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കും. മഹീന്ദ്ര ബൊലേറോ നിയോയുടെ വിലയിലും 1.27 ലക്ഷം രൂപ കുറയും. മഹീന്ദ്ര എക്സ് യവി 3എക്സ്ഒ പെട്രോൾ വേരിയന്റിന് 1.4 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 1.56 ലക്ഷം രൂപയുമാണ് വിലക്കുറവ്.
മഹീന്ദ്ര ഥാറിന്റെ വിലയും കുറച്ചിട്ടുണ്ട്. ടൂ വീൽ ഡ്രൈവ് ഡീസൽ വേരിയന്റിന് 1.35 ലക്ഷം രൂപയും ഫോർ വീൽഡ്രൈവിന് 1.01 ലക്ഷം രൂപയുമാണ് ഇളവ്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപയുടെയും, മഹീന്ദ്ര സ്കോർപിയോയ്ക്ക് 1.45 ലക്ഷം രൂപയുടെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
റെനോ ഇന്ത്യ 96,395 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. നവരാത്രിയോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ എല്ലാ ഡെലിവറികൾക്കും ഇത് ബാധകമാകും.
ടാറ്റ മോട്ടോഴ്സ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ പാസഞ്ചർ വാഹനനിരയിലുടനീളം 65,000 രൂപ മുതൽ 1.45 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു.