വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
Friday, August 1, 2025 1:50 AM IST
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്.
ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും.
ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. 1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ.
1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് ദിവംഗതനായത്. കർദിനാൾ ന്യൂമാനെ 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും 2019ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
ലണ്ടനിലെ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ വിദ്യാഭ്യാസരംഗത്ത് വലിയ പണ്ഡിതനായിരുന്നു. ‘ലീഡ് കൈൻഡ്ലി ലൈറ്റ് എമിഡ് ദ എൻസർക്കിളിംഗ് ഗ്ലൂം’ എന്നുതുടങ്ങുന്ന പ്രശസ്തമായ പ്രാർഥനാഗീതം ഉൾപ്പെടെ ന്യൂമാന്റെ സാഹിത്യസംഭാവനകളും ഏറെ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ആത്മകഥയായ അപ്പോളോജിയ പ്രോ വീത്താ സുവാ, ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി, ദി ഗ്രാമർ ഓഫ് അസെന്റ് എന്നീ ഗ്രന്ഥങ്ങൾ അതിപ്രസിദ്ധമാണ്. ലിട്ടൺ സ്ട്രേച്ചിയുടെ എമിനന്റ് വിക്ടോറിയൻസിൽ ഒരാളുമാണ് അദ്ദേഹം.