ചൈനയുടെ ശിക്ഷ: തായ്വാനെ വളഞ്ഞ് സൈനികാഭ്യാസം
Friday, May 24, 2024 3:43 AM IST
തായ്പെയ്: ചൈനീസ് സേന തായ്വാനെ വളഞ്ഞ് സൈനികാഭ്യാസം ആരംഭിച്ചു. തായ്വാന്റെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയാണു രണ്ടു ദിവസത്തെ അഭ്യാസമെന്ന് ചൈനീസ് സേന പറഞ്ഞു.
ചൈനാവിരുദ്ധനായ വില്യം ലായി തായ്വാൻ പ്രസിഡന്റായി അധികാരമേറ്റ് മൂന്നാം ദിനമാണ് ചൈന സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. ലായി ഒരു കുഴപ്പക്കാരനാണെന്നു ചൈന നേരത്തേ മുദ്രകുത്തിയിട്ടുള്ളതാണ്.
തായ്വാൻ ദ്വീപിനെ മുഴുവനായി വളഞ്ഞാണ് അഭ്യാസം. ഇത്തരമൊരു നീക്കം ചൈന നടത്തുന്നത് ആദ്യമാണ്. തായ്വാന്റെ സൈനികസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കിഴക്കൻ മേഖലയെയും തായ്വാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകളെയും ചൈനീസ് സേന വളഞ്ഞിട്ടുണ്ട്. തായ്വാനിൽ സന്പൂർണ അധിനിവേശം നടത്താനുള്ള പരിശീലനമാണു ചൈന നടത്തുന്നതെന്ന് സൈനികവിദഗ്ധർ അഭിപ്രായപ്പെട്ടു.
ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളുമെല്ലാം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത വ്യോമ-നാവിക സേനകളുടെ യുദ്ധക്ഷമത അടക്കമുള്ളവ വിലയിരുത്തുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്നു ചൈന പറഞ്ഞു.
ഒരു കാര്യവുമില്ലാതെ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും തായ്വാന്റെ പരമാധികാരം ഉറപ്പാക്കാനായി കര, നാവിക, വ്യോമ സേനകളെ വിന്യസിച്ചുവെന്നും അവിടുത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്ന തായ്വാനെ വിഘടിത പ്രവിശ്യയായിട്ടു മാത്രമാണു ചൈന പരിഗണിക്കുന്നത്. 2022 ഓഗസ്റ്റിൽ മുൻ യുഎസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചതു മുതലാണ് ചൈന സൈനികാഭ്യാസങ്ങൾ ശക്തിപ്പെടുത്തിയത്.
ചൈന തായ്വാനെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു തിങ്കളാഴ്ച പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ വില്യം ലായി ആവശ്യപ്പെട്ടിരുന്നു.