ഇന്ത്യയിൽ ചാവേർ ആക്രമണത്തിനു ഐഎസ് ശ്രമിച്ചെന്ന് യുഎസ്
Thursday, November 7, 2019 1:38 AM IST
വാഷിംഗ്ടൺ: ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തെക്കൻ ഏഷ്യൻ വിഭാഗം ശ്രമിച്ചുവെന്ന് യുഎസ് രഹസ്യാന്വേഷണവിഭാഗം. ഐഎസിന്റെ ഖുറാസാൻ ഗ്രൂപ്പ് നടത്തിയ നീക്കം പരാജയപ്പെട്ടുവെന്നും യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഐഎസിന്റെ എല്ലാ വിഭാഗങ്ങളും ഭീഷണിയാണെങ്കിലും തെക്കനേഷ്യയിലെ ഐഎസ്ഐഎസ് -കെ എന്നറിയപ്പെന്ന ഖുറാസാൻ ഗ്രൂപ്പാണ് കടുത്ത ആശങ്ക വിതയ്ക്കുന്നതെന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഭീകരവിരുദ്ധ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ റസൽ ട്രാവേഴ്സ് പറഞ്ഞു. അഫ്ഗാനിസ്ഥാനു പുറത്ത് ആക്രമണത്തിന് അവർ ശ്രമം നടത്തിയിരുന്നുവെന്നും ഇന്ത്യൻ വംശജയായ സെനറ്റർ മാഗ്ഗി ഹസന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം ഇന്ത്യയിൽ ചാവേറാക്രമണം നടത്താൻ ഐഎസ്-കെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. ലോകമെന്പാടുമായി ഐഎസിന്റെ ഇരുപതോളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ചില വിഭാഗങ്ങൾ ഡ്രോൺ ഉൾപ്പെടെ അന്ത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.