ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഏകീകൃത സിവിൽ കോഡും ആവർത്തിച്ച് മോദി
Friday, November 1, 2024 2:23 AM IST
സനു സിറിയക്
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികദിനമായ ഇന്നലെ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയിൽ ആദരമർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മോദി.
രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താൻ ലക്ഷ്യമിട്ടുള്ള “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’’ എന്ന നിർദേശം ഉടൻ പ്രാവർത്തികമാക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വികസിത ഇന്ത്യ എന്ന സ്വപ്നത്തിന് ആക്കം കൂട്ടുമെന്നും മോദി പറഞ്ഞു. രാജ്യം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. മതേതരത്വ സിവിൽ കോഡാണിത്.
രാജ്യത്തിന്റെ ഐക്യത്തിനായുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ രാജ്യത്ത് വ്യത്യസ്ത നികുതിസന്പ്രദായങ്ങളായിരുന്നു. എന്നാൽ ഇപ്പോഴത് ജിഎസ്ടി എന്ന ഏകീകൃത സംവിധാനത്തിലേക്കു മാറി. "വണ്‍ നേഷൻ വണ്‍ പവർ ഗ്രിഡ്' ഉപയോഗിച്ചു സർക്കാർ രാജ്യത്തിന്റെ ഊർജമേഖലയെ ശക്തിപ്പെടുത്തി.
"വണ്‍ നേഷൻ വണ്‍ റേഷൻ കാർഡ്' വഴി പാവപ്പെട്ടവർക്കു ലഭ്യമായ സൗകര്യങ്ങൾ സംയോജിപ്പിച്ചു. ആയുഷ്മാൻ ഭാരത് എന്നപേരിൽ രാജ്യത്തെ ജനങ്ങൾക്ക് ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷ്വറൻസ് എന്ന സൗകര്യം ഒരുക്കാൻ സാധിച്ചുവെന്നും മോദി പറഞ്ഞു.
ആർട്ടിക്കിൾ 370 എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടുവെന്നും ഇതുമൂലം 70 വർഷമായി നടന്നുകൊണ്ടിരുന്ന കുപ്രചരണം അവസാനിപ്പിക്കാൻ സാധിച്ചുവെന്നും മോദി വ്യക്തമാക്കി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു.
പരസ്പര സംഭാഷണത്തിലൂടെയും വികസനപ്രവർത്തനങ്ങളിലൂടെയും ഇതിനെ മറികടന്നു. ലോകത്തിലെ വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധം വഷളായപ്പോഴും ഇന്ത്യയുമായുള്ള ബന്ധം തുടർന്നുവെന്നും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് ഒരു വിശ്വബന്ധുവായി ഉയർന്നുവരുന്നത് ചരിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികളെയും മോദി പരോക്ഷമായി വിമർശിച്ചു. ചില ശക്തികൾ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വെല്ലുവിളി ഉയർത്തുന്നു. സന്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും നിക്ഷേപങ്ങൾ ഇല്ലാതാക്കാനും അവർ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഈ അർബൻ നക്സലുകളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്നും മോദി പറഞ്ഞു.
സൈനികർക്ക് മധുരം നൽകി പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം
ഭുജ് (ഗുജറാത്ത്): ഇന്ത്യാ-പാക് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് ജില്ലയിലാണ് കര-നാവിക-വ്യോമ സേനാംഗങ്ങൾക്കൊപ്പം മോദി ദീപാവലി ആഘോഷം നടത്തിയത്. ബിഎസ്എഫ് യൂണിഫോമിലെത്തിയ പ്രധാനമന്ത്രി സൈനികർക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.