തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നു രാവിലെ ഉണ്ണിക്കൃഷ്ണനെ റാന്നി കോടതിയിൽ ഹാജരാക്കും.
കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് അറിയുന്നത്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർച്ച, ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് പോറ്റിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കിയത്. പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്, നാഗേഷ് എന്നിവർ ഇപ്പോഴും കാണാമറയത്താണ്.