പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.