ന്യൂഡൽഹി: ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്ന തീരുമാനത്തിൽ വിമർശനവുമായി ശശി തരൂർ എംപി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെയാണ് കേന്ദ്ര സർക്കാർ അയച്ചത്.
20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള മോദിയുടെ തീരുമാനത്തെ എക്സിലൂടെയാണ് തരൂർ വിമർശിച്ചത്.
തന്ത്രപരമായ സംയമനമോ അതോ അവസരം നഷ്ടപ്പെടുത്തിയതോ എന്നും തരൂർ തന്റെ എക്സിലെ കുറിപ്പിൽ ചോദിക്കുന്നു. സുരക്ഷാ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താൻ അമ്പരന്നുപോയെന്നും തരൂർ വ്യക്തമാക്കി.
കീർത്തി വർധൻ സിംഗിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നിലവിലുള്ള ഉന്നതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ നിലപാട് തന്ത്രപരമായ അകലം പാലിക്കാനുള്ള സൂചനയായി കാണാൻ കഴിയുമെന്നും തരൂർ കൂട്ടിച്ചേർത്തു.