തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.