തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി സമൻസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണന്. ഇഡിയുടെ സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ നിന്നും താൻ വ്യാഴാഴ്ചയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. വ്യാഴാഴ്ച ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്. പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.