തിരുവനന്തപുരം: കണിയാപുരം ഷാനു വധക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയാണ് അറസ്റ്റിലായത്.
കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രക്ഷപെട്ട പ്രതിയെ തെങ്കാശിയിൽ നിന്നാണ് മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.
തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാളെ പോലീസ് കുടുക്കിയത്. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതാവുകയായിരുന്നു.
യുവതിയുടെ സ്വർണവും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിൽ മൊഴി നൽകി.