തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെ വിട്ടത്.
കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചതിൽ അമ്മാവൻ കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇരുവർക്കുമുള്ള ശിക്ഷ കോടതി ശനിയാഴ്ച പ്രഖ്യാപിക്കും.
ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയായിരുന്നു. 2022 ഒക്ടോബർ 14നായിരുന്നു ഷാരോണ്‍ കഷായം കുടിച്ചത്.
ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിനുശേഷം ഷാരോണ്‍ മരിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്.
95 സാക്ഷികളെയാണ് വിസ്തരിച്ചത്. പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.