വയനാട്: പുൽപ്പള്ളിയിലെ അമരക്കുനിയിൽ നാടിനെ മുൾമുനയിൽ നിർത്തിയ കടുവയെ കൂട്ടിലാക്കി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്.
തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. അഞ്ച് കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്.
ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.